രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ളിടത്തു സേവിക്കാൻ നിങ്ങൾക്കാകുമോ?
“ഐക്യനാടുകളിൽ എല്ലാവിധ സുഖസൗകര്യങ്ങളോടുംകൂടെയാണ് ഞങ്ങൾ ജീവിച്ചത്. പക്ഷേ, അവിടത്തെ ഭൗതികത്വ ചിന്താഗതി കാലക്രമത്തിൽ ഞങ്ങളെയും മക്കളെയും പിടികൂടുമോ എന്ന ആശങ്ക ഞങ്ങൾക്കുണ്ടായിരുന്നു. ഞാനും ഭാര്യയും മുമ്പ് മിഷനറിമാരായിരുന്നു. ലളിതമായ ആ ജീവിതത്തിൽനിന്നു ലഭിക്കുന്ന സന്തോഷം വീണ്ടും ആസ്വദിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.”
അങ്ങനെ 1991-ൽ റാൽഫും പാമും കൂടുതൽ രാജ്യഘോഷകരെ ആവശ്യമുള്ള സ്ഥലത്തു സേവിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് പല ബ്രാഞ്ച് ഓഫീസുകളിലേക്കും എഴുതാൻ തീരുമാനിച്ചു. മെക്സിക്കോ ബ്രാഞ്ചിൽനിന്നു ലഭിച്ച മറുപടിക്കത്തിൽ, ആ രാജ്യത്തു താമസിക്കുന്ന ഇംഗ്ലീഷ് ഭാഷക്കാരോടു സാക്ഷീകരിക്കാൻ ഇംഗ്ലീഷ് വശമുള്ള രാജ്യഘോഷകരെ അടിയന്തിരമായി ആവശ്യമുണ്ടെന്ന് അറിയിച്ചിരുന്നു. വാസ്തവത്തിൽ അവിടുത്തെ വയൽ “കൊയ്ത്തിന്നു വെളുത്തിരിക്കു”കയാണെന്ന് കത്തിൽ പറഞ്ഞിരുന്നു. (യോഹ. 4:35) റാൽഫും പാമും ആ ക്ഷണം സ്വീകരിച്ചു. വൈകാതെതന്നെ അവർ 8-ഉം 12-ഉം വയസ്സുള്ള തങ്ങളുടെ ആൺമക്കളുമായി മെക്സിക്കോയിൽ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
ഒരു വലിയ പ്രദേശം
“ഞങ്ങൾ ഐക്യനാടുകൾവിട്ടു പോവുകയാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങളുടെ ക്ഷേമത്തിൽ തത്പരരായ ചില സഹോദരീസഹോദരന്മാർ ഞങ്ങളോടു പറഞ്ഞു: ‘മറുനാട്ടിലെ താമസം അപകടംപിടിച്ചതാണ്!’ ‘രോഗം വന്നാൽ എന്തുചെയ്യും?’ ‘അവിടെയുള്ള ഇംഗ്ലീഷ് ഭാഷക്കാർക്ക് സത്യത്തോടു താത്പര്യമൊന്നും കാണില്ല. പിന്നെന്തിനാണ് അങ്ങനെയൊരു പ്രദേശത്തേക്കു പോകുന്നത്?’ പക്ഷേ, പോകാൻ ഞങ്ങൾ ഉറച്ചിരുന്നു. ഞങ്ങളുടേത് എടുത്തുചാടിയുള്ള ഒരു തീരുമാനം ആയിരുന്നില്ല. വർഷങ്ങളായി ആലോചിച്ചിരുന്ന ഒരു കാര്യമായിരുന്നു അത്. അതുകൊണ്ടുതന്നെ, വലിയ കടങ്ങൾ വരുത്തിവെക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു; കുറച്ചു പണം സ്വരൂപിക്കാനും ഞങ്ങൾക്കു കഴിഞ്ഞു. നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു പലതവണ കുടുംബത്തിൽ ചർച്ചചെയ്യുകയും ചെയ്തു.”
റാൽഫും കുടുംബവും ആദ്യം മെക്സിക്കോ ബ്രാഞ്ച് സന്ദർശിച്ചു. സഹോദരന്മാർ അവരെ മെക്സിക്കോയുടെ ഭൂപടം കാണിച്ചിട്ട് പറഞ്ഞു: “ഇതാണ് നിങ്ങളുടെ പ്രദേശം!” മെക്സിക്കോ സിറ്റിയിൽനിന്നു 240 കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സാൻ മീഗൽ ദെ ആയെൻഡേ എന്ന പട്ടണത്തിൽ അവർ താമസമാക്കി. അവിടത്തെ നിവാസികളിൽ നല്ലൊരു ശതമാനവും വിദേശികളായിരുന്നു. അവിടെയെത്തി മൂന്നുവർഷം കഴിഞ്ഞപ്പോഴേക്കും അവിടെ 19 പ്രസാധകരുള്ള ഒരു ഇംഗ്ലീഷ് സഭ സ്ഥാപിക്കപ്പെട്ടു. മെക്സിക്കോയിലെ ആദ്യത്തെ ഇംഗ്ലീഷ് സഭയായിരുന്നു അത്. എന്നാൽ അവിടെ ഇനിയും ഏറെ ചെയ്യാനുണ്ടായിരുന്നു.
മെക്സിക്കോയിൽ ഏതാണ്ട് 10,00,000 അമേരിക്കൻ പൗരന്മാരുണ്ട്. അതുകൂടാതെ മെക്സിക്കോക്കാരായ ഒട്ടനവധി ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും ഇംഗ്ലീഷ് സംസാരിക്കാനറിയാം. “കൂടുതൽ വേലക്കാരെ നൽകാനായി ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു. ‘ദേശം ഒറ്റുനോക്കാൻ’ വരുന്ന സഹോദരീസഹോദരന്മാർക്കായി ഞങ്ങൾ എപ്പോഴും ഒരുമുറി ഒഴിച്ചിടുമായിരുന്നു,” റാൽഫ് പറയുന്നു.—സംഖ്യാ. 13:2.
ശുശ്രൂഷയ്ക്കുവേണ്ടി അവർ ജീവിതം ലളിതമാക്കി
വൈകാതെ, ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കാനുള്ള ആഗ്രഹത്തോടെ കൂടുതൽ സഹോദരീസഹോദരന്മാർ മെക്സിക്കോയിൽ എത്തിച്ചേർന്നു. ഐക്യനാടുകളിൽനിന്നുള്ള ബില്ലും കാത്തിയുമായിരുന്നു അവരിൽ രണ്ടുപേർ. പ്രസാധകരുടെ ആവശ്യം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രവർത്തിച്ച് അവർക്ക് 25 വർഷത്തെ പരിചയമുണ്ടായിരുന്നു. സ്പാനിഷ് പഠിക്കാൻ അവർ ആഗ്രഹിച്ചെങ്കിലും ചാപാലാ തടാകക്കരയിലുള്ള അഹീഹിക്ക് പട്ടണത്തിലേക്കു താമസം മാറിയതോടെ അവരുടെ പദ്ധതികൾക്കു മാറ്റംവന്നു. ഐക്യനാടുകളിൽനിന്നുള്ള പലരും റിട്ടയേർഡ് ജീവിതം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നത് അഹീഹിക്കിലാണ്. ബിൽ വിശദീകരിക്കുന്നു: “അഹീഹിക്കിൽ, സത്യം പഠിക്കാൻ ആഗ്രഹമുള്ള ഇംഗ്ലീഷ് ഭാഷക്കാരെ തിരഞ്ഞുപിടിക്കുന്നതിലായി ഞങ്ങളുടെ ശ്രദ്ധ.” ബില്ലും കാത്തിയും എത്തി രണ്ടുവർഷത്തിനകം അവിടെ ഒരു സഭ സ്ഥാപിക്കപ്പെട്ടു. മെക്സിക്കോയിലെ രണ്ടാമത്തെ ഇംഗ്ലീഷ് സഭയായിരുന്നു അത്.
പ്രസംഗവേലയിൽ കൂടുതൽ സമയം ചെലവഴിക്കാനായി ജീവിതം ലളിതമാക്കാൻ ആഗ്രഹിച്ച മറ്റു രണ്ടുപേരാണ് കാനഡയിൽനിന്നുള്ള കെന്നും ജോവാനും. അവരും മെക്സിക്കോയിൽ താമസമാക്കി. കെൻ പറയുന്നു: “ചൂടുവെള്ളവും വൈദ്യുതിയും ടെലിഫോണും ഇല്ലാതെ ദിവസങ്ങളോളം കഴിയേണ്ട അവസ്ഥയിലായിരുന്നു ഞങ്ങൾ. അവിടത്തെ ജീവിതവുമായി പൊരുത്തപ്പെടാൻ കുറച്ചു സമയം വേണ്ടിവന്നു.” എങ്കിലും പ്രസംഗവേല അവർക്കു വലിയ സന്തോഷം നൽകി. വൈകാതെ കെൻ ഒരു ശുശ്രൂഷാദാസനായി, രണ്ടുവർഷം കഴിഞ്ഞപ്പോൾ ഒരു മൂപ്പനും. ആദ്യമൊക്കെ അവരുടെ മകൾ ബ്രിട്ടനിക്ക് ആ ചെറിയ ഇംഗ്ലീഷ് സഭയുമായി പൊരുത്തപ്പെടാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം ആ സഭയിൽ യുവപ്രായത്തിലുള്ള അധികംപേർ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, രാജ്യഹാൾ നിർമാണ വേലയിൽ പങ്കെടുക്കാൻ തുടങ്ങിയതോടെ അവൾക്ക് രാജ്യമെമ്പാടുനിന്നും ധാരാളം സുഹൃത്തുക്കളെ ലഭിച്ചു.
ഇംഗ്ലീഷ് സംസാരിക്കുന്ന ധാരാളം ആളുകളുള്ള ഒരു മിഷനറി വയൽ അധികം അകലെയല്ലാതെ ഉണ്ടെന്നു മനസ്സിലാക്കിയപ്പോൾ ഐക്യനാടുകളിലെ ടെക്സാസിലുള്ള പാട്രിക്കിനും ഭാര്യ റക്സാനിനും വലിയ സന്തോഷമായി. “വടക്കുകിഴക്കൻ മെക്സിക്കോയിലെ ഒരു പട്ടണമായ മോൺടെറേ സന്ദർശിച്ചപ്പോൾ അവിടെ സേവിക്കാൻ യഹോവ ഞങ്ങളോട് ആവശ്യപ്പെടുകയാണെന്ന് ഞങ്ങൾക്കു തോന്നി,” പാട്രിക്ക് പറയുന്നു. അഞ്ചുദിവസത്തിനകം ടെക്സാസിലുള്ള തങ്ങളുടെ വീടു വിറ്റ്, പ്രവർത്തനത്തിനായി മോൺടെറേയിലേക്കു ‘കടന്നുചെല്ലാൻ’ അവർക്കു കഴിഞ്ഞു. (പ്രവൃ. 16:9) മെക്സിക്കോയിൽ ജീവിച്ചുപോകാൻ വലിയ പ്രയാസമായിരുന്നു. പക്ഷേ, രണ്ടുവർഷംകൊണ്ട് 17 സാക്ഷികളുള്ള ഒരു ചെറിയ കൂട്ടം 40 പ്രസാധകരുള്ള ഒരു സഭയായി വളരുന്നതിനു സാക്ഷ്യംവഹിക്കാൻ അവർക്കായി.
മറ്റൊരു ദമ്പതികളായ ജെഫും ഡെബും ഐക്യനാടുകളിലുള്ള വലിയ വീടു വിറ്റ് മെക്സിക്കോയുടെ കിഴക്കൻ തീരത്തുള്ള കാൻകൂൺ നഗരത്തിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിലേക്കു താമസംമാറി. ഐക്യനാടുകളിൽ ആയിരുന്നപ്പോൾ അവർ വീടിനടുത്തുള്ള ശീതീകരിച്ച ഹാളുകളിലാണ് സമ്മേളനങ്ങൾ കൂടിയിരുന്നത്. എന്നാൽ ഇപ്പോൾ അവർക്ക് എട്ടുമണിക്കൂർ യാത്രചെയ്താലേ ഏറ്റവും അടുത്തുള്ള ഇംഗ്ലീഷ് സമ്മേളനത്തിന് ഹാജരാകാനാകൂ, അതു നടക്കുന്നതോ തുറന്ന സ്റ്റേഡിയത്തിലും. പക്ഷേ, കാൻകൂണിൽ 50-ഓളം പ്രസാധകരുള്ള ഒരു സഭ സ്ഥാപിതമാകുന്നതു കാണാൻ അവർക്ക് അനുഗ്രഹം ലഭിച്ചു.
മെക്സിക്കോയിൽനിന്നുള്ള ചില സഹോദരീസഹോദരന്മാരും സഹായത്തിനായി മുന്നോട്ടുവന്നു. സാൻ മീഗൽ ദെ ആയെൻഡേയിൽ ആദ്യത്തെ ഇംഗ്ലീഷ് സഭ സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്നും മെക്സിക്കോ മുഴുവൻ സഭയുടെ വയൽസേവന പ്രദേശമാണെന്നും അറിഞ്ഞ ഉടനെ രൂബേനും കുടുംബവും ആ സഭയോടൊത്തു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിനായി അവർ ഒരു പുതിയ ഭാഷ പഠിക്കുകയും ഒരു പുതിയ സംസ്കാരവുമായി പരിചിതരാകുകയും ചെയ്യേണ്ടിയിരുന്നു. കൂടാതെ, യോഗങ്ങളിൽ സംബന്ധിക്കുന്നതിന് ഓരോ ആഴ്ചയും 800 കിലോമീറ്റർ ദൂരം യാത്ര ചെയ്യണമായിരുന്നു. രൂബേൻ പറയുന്നു: “വർഷങ്ങളായി മെക്സിക്കോയിൽ താമസിച്ചിരുന്ന വിദേശികളോട് സാക്ഷീകരിക്കാനുള്ള അവസരം ഞങ്ങൾക്കു ലഭിച്ചു. അതുവരെ സ്വന്തം ഭാഷയിൽ അവർ സുവാർത്ത കേട്ടിട്ടില്ലായിരുന്നു. പലരും നിറകണ്ണുകളോടെ ഞങ്ങളോടു നന്ദി പറഞ്ഞു.” സാൻ മീഗൽ ദെ ആയെൻഡേയിലെ സഭയോടൊത്തു സേവിച്ചശേഷം രൂബേനും കുടുംബവും മധ്യമെക്സിക്കോയിലെ ഗ്വാനഹ്വാറ്റോ പട്ടണത്തിൽ പയനിയർമാരായി പ്രവർത്തിച്ചു. അവിടെ 30-ലധികം പ്രസാധകരുള്ള ഒരു ഇംഗ്ലീഷ് സഭ സ്ഥാപിക്കുന്നതിൽ അവർ ഒരു പങ്കുവഹിച്ചു. ഇപ്പോൾ അവർ ഈ പട്ടണത്തിനടുത്തുള്ള ഇരാപ്വാറ്റോയിൽ ഒരു ഇംഗ്ലീഷ് കൂട്ടത്തോടൊപ്പം സേവിക്കുന്നു.
കണ്ടുമുട്ടാൻ പ്രയാസമുള്ളവരോടു സാക്ഷീകരിക്കുന്നു
വിദേശീയരെ കൂടാതെ ഇംഗ്ലീഷ് സംസാരിക്കുന്ന അനേകം മെക്സിക്കോക്കാരും ഉണ്ട്. എന്നാൽ സമ്പന്ന മേഖലയിൽ താമസിക്കുന്ന അവരോടു സാക്ഷീകരിക്കുക അത്ര എളുപ്പമല്ല. കാരണം വാതിൽ തുറക്കുന്നത് മിക്കപ്പോഴും വീട്ടുവേലക്കാരായിരിക്കും. ഇനി വീട്ടുകാരാണ് വാതിൽക്കൽ എത്തുന്നതെങ്കിൽത്തന്നെ അവർ നമ്മുടെ സന്ദേശം കേൾക്കാൻ താത്പര്യം കാണിച്ചെന്നുവരില്ല. യഹോവയുടെ സാക്ഷികൾ ഏതോ ഒരു ചെറിയ മതവിഭാഗമാണെന്നാണ് അവരുടെ ധാരണ. എന്നാൽ വിദേശികളായ സാക്ഷികളാണ് അവരെ സമീപിക്കുന്നതെങ്കിൽ ചിലപ്പോൾ അനുകൂല പ്രതികരണം ലഭിക്കാൻ ഇടയുണ്ട്.
മധ്യമെക്സിക്കോയിലുള്ള കേരേറ്റാരോ നഗരത്തിലെ ഗ്ലോറിയയുടെ കാര്യമെടുക്കുക. അവർ പറയുന്നു: “സ്പാനിഷ് സംസാരിക്കുന്ന സാക്ഷികൾ എന്നോടു സാക്ഷീകരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഞാൻ ശ്രദ്ധിക്കാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട് എന്റെ കുടുംബക്കാർക്കും കൂട്ടുകാർക്കും ചില പ്രശ്നങ്ങളുണ്ടായപ്പോൾ ഞാൻ വലിയ ദുഃഖത്തിലായി. സഹായത്തിനായി ഞാൻ ദൈവത്തോടു മുട്ടിപ്പായി പ്രാർഥിച്ചു. അധികം വൈകാതെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു സ്ത്രീ എന്റെ വീട്ടിൽ വന്നു. വീട്ടിൽ ആരെങ്കിലും ഇംഗ്ലീഷ് സംസാരിക്കുമോ എന്നവർ ചോദിച്ചു. അവർ ഒരു വിദേശി ആയതിനാൽ അവർക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാൻ എനിക്ക് ആകാംക്ഷ ഉണ്ടായിരുന്നു. എനിക്ക് ഇംഗ്ലീഷ് അറിയാമെന്ന് ഞാൻ അവരോടു പറഞ്ഞു. അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ, ‘ഈ അമേരിക്കക്കാരിക്ക് ഇവിടെ എന്താണ് കാര്യം’ എന്നു ചിന്തിക്കുകയായിരുന്നു. എന്നാൽ ഞാൻ ദൈവത്തോട് ഒരു അടയാളം ചോദിച്ചിരുന്നതുകൊണ്ട്, ഈ സ്ത്രീ ഒരുപക്ഷേ എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമായിരിക്കുമെന്ന് എനിക്കു തോന്നി.” ഗ്ലോറിയ ബൈബിളധ്യയനത്തിനു സമ്മതിച്ചു. കുടുംബത്തിൽനിന്നു വളരെ എതിർപ്പുണ്ടായിട്ടും അവർ സ്നാനമേൽക്കുന്ന ഘട്ടത്തോളം വളരെവേഗം പുരോഗമിച്ചു. ഇന്ന് അവർ ഒരു സാധാരണ പയനിയറാണ്. അവരുടെ ഭർത്താവും മകനും യഹോവയെ സേവിക്കുന്നു.
അവർക്കു ലഭിച്ച പ്രതിഫലങ്ങൾ
മറ്റൊരു നാട്ടിൽ പോയി പ്രസംഗവേല ചെയ്യുന്നതിന് അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പ്രതിഫലം വലുതാണ്. റാൽഫ് പറയുന്നു: “ബ്രിട്ടൻ, ചൈന, ജമെയ്ക്ക, സ്വീഡൻ എന്നിവിടങ്ങളിൽനിന്നുള്ളവരുമായും ഘാനയിലെ രാജകുടുംബാംഗങ്ങളുമായുമൊക്കെ ഞങ്ങൾ ബൈബിൾ അധ്യയനം നടത്തിയിരുന്നു. ഇവരിൽ ചിലർ പിന്നീട് മുഴുസമയ ശുശ്രൂഷകരായി. കാലാന്തരത്തിൽ ഏഴ് ഇംഗ്ലീഷ് സഭകൾ സ്ഥാപിതമാകുന്നതിനു സാക്ഷ്യംവഹിക്കാൻ ഞങ്ങളുടെ കുടുംബത്തിനു കഴിഞ്ഞു. രണ്ട് ആൺമക്കളും ഞങ്ങളോടൊപ്പം പയനിയറിങ് ചെയ്തു. ഇപ്പോൾ അവർ ഐക്യനാടുകളിലെ ബെഥേലിൽ സേവിക്കുന്നു.”
ഇന്ന് മെക്സിക്കോയിൽ 88 ഇംഗ്ലീഷ് സഭകളും ഒട്ടനവധി കൂട്ടങ്ങളും ഉണ്ട്. ത്വരിതഗതിയിലുള്ള ഈ വളർച്ചയ്ക്കു കാരണമെന്താണ്? മെക്സിക്കോയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന അനേകരും സാക്ഷികളുമായി സമ്പർക്കത്തിൽ വരുന്നത് ഇതാദ്യമായാണ്. മറ്റുപലരും അനുകൂലമായി പ്രതികരിക്കാൻ കാരണം മറ്റൊന്നാണ്. സ്വന്തം നാട്ടിലായിരുന്നെങ്കിൽ ബന്ധുക്കളിൽനിന്നും മറ്റും ഉണ്ടാകുമായിരുന്ന സമ്മർദം സാക്ഷികളുമൊത്ത് ബൈബിൾ പഠിക്കുമ്പോൾ ഇവിടെ അവർക്ക് ഉണ്ടാകുന്നില്ല. ഇനിയും ചിലർക്കാകട്ടെ റിട്ടയർ ചെയ്തതു കാരണം ബൈബിൾ പഠിക്കാൻ വേണ്ടുവോളം സമയമുണ്ടായിരുന്നു. അതുകൊണ്ട് അവർ പെട്ടെന്നുതന്നെ അധ്യയനം സ്വീകരിച്ചു. ഇംഗ്ലീഷ് സഭകളിലെ പ്രസാധകരിൽ മൂന്നിലൊരു ഭാഗത്തിലധികം പയനിയർമാരാണ്. ഇവരുടെ പ്രവർത്തനം സഭയുടെ വളർച്ചയിൽ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. പ്രസാധകർക്കിടയിലെ തീക്ഷ്ണത വർധിപ്പിക്കാനും പയനിയർമാരുടെ പ്രവർത്തനം സഹായിക്കുന്നു.
നിങ്ങളെ കാത്തിരിക്കുന്ന അനുഗ്രഹങ്ങൾ
സ്വന്തം ഭാഷയിൽ രാജ്യസന്ദേശം കേൾക്കുകയാണെങ്കിൽ കൂടുതൽ ആളുകൾ സത്യം സ്വീകരിക്കും എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ കൂടുതൽ രാജ്യഘോഷകരെ ആവശ്യമുള്ള പ്രദേശത്തേക്കു മാറിത്താമസിക്കാൻ സന്നദ്ധരായി ആത്മീയമനസ്കരായ ഒട്ടനവധി സഹോദരീസഹോദരന്മാർ മുന്നോട്ടുവരുന്നത് പ്രോത്സാഹജനകമാണ്. ഇവരിൽ ചെറുപ്പക്കാരും പ്രായമായവരും വിവാഹിതരും അവിവാഹിതരും ഉണ്ട്. അവർക്കു കഷ്ടപ്പാടുകൾ ഉണ്ട് എന്നത് ശരിതന്നെ. പക്ഷേ, സത്യം സ്വീകരിക്കുന്ന ആത്മാർഥഹൃദയരായവരെ കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തോടുള്ള താരതമ്യത്തിൽ അതൊന്നുമല്ല. സ്വന്തം രാജ്യത്തോ വിദേശത്തോ കൂടുതൽ രാജ്യഘോഷകരെ ആവശ്യമുള്ള ഒരു സ്ഥലത്തേക്കു മാറിത്താമസിക്കുന്നതിനു ചില പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നിങ്ങൾക്കാകുമോ?a (ലൂക്കൊ. 14:28-30; 1 കൊരി. 16:9) അങ്ങനെ ചെയ്യുന്നപക്ഷം നിങ്ങൾക്കു വലിയ അനുഗ്രഹങ്ങൾ കൈവരും.
[അടിക്കുറിപ്പ്]
a കൂടുതൽ വിവരങ്ങൾക്കായി യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ പുസ്തകത്തിലെ 111, 112 പേജുകൾ കാണുക.
[21-ാം പേജിലെ ചതുരം]
റിട്ടയർ ജീവിതം സന്തോഷത്തോടെ
ബ്രിട്ടനിൽനിന്നു കാനഡയിലേക്കു കുടിയേറിപ്പാർത്ത ഒരാളായിരുന്നു ബെറിൽ. അവിടെ അവർ പല അന്താരാഷ്ട്ര കമ്പനികളിലും മാനേജരായി ജോലിചെയ്തിരുന്നു. കുതിരസവാരിയിൽ കഴിവു തെളിയിച്ച അവർ 1980-ലെ ഒളിമ്പിക്സിൽ കാനഡയെ പ്രതിനിധീകരിച്ചു. റിട്ടയർ ചെയ്തതിനുശേഷം ബെറിലും ഭർത്താവും മെക്സിക്കോയിലെ ചാപാലായിൽ താമസമാക്കി. ഭക്ഷണം കഴിക്കാൻ റെസ്റ്ററന്റുകളിൽ പോകുമ്പോഴൊക്കെ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രായമായ പലരെയും അവർ അവിടെ കണ്ടിരുന്നു. എപ്പോഴും പ്രസന്നവദനരായി കാണപ്പെട്ട അവരോടു മെക്സിക്കോയിൽ എന്താണു ചെയ്യുന്നതെന്ന് ബെറിൽ ചോദിക്കുമായിരുന്നു. അവരിൽ മിക്കവരും യഹോവയുടെ സാക്ഷികളായിരുന്നു. ദൈവത്തെ അറിയുന്നതിലൂടെ ജീവിതത്തിന് ഒരു ഉദ്ദേശ്യവും സന്തോഷവും ലഭിക്കുമെങ്കിൽ തങ്ങൾക്കും എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ എന്ന് അവർ ചിന്തിച്ചു. ഏതാനും മാസങ്ങൾ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിച്ചശേഷം ബൈബിൾ പഠിക്കാൻ ബെറിൽ തയ്യാറായി. ഒടുവിൽ അവർ യഹോവയുടെ സാക്ഷികളിൽ ഒരാളായി. കുറെ വർഷം സാധാരണ പയനിയറായി സേവിക്കാൻ ബെറിലിനു കഴിഞ്ഞു.
[22-ാം പേജിലെ ചതുരം]
“അവർ ഞങ്ങളോടൊപ്പം ഉള്ളത് ഒരു അനുഗ്രഹമാണ്”
കൂടുതൽ രാജ്യഘോഷകരെ ആവശ്യമുള്ള പ്രദേശത്തേക്കു മാറിത്താമസിക്കുന്നവരെ പ്രാദേശിക സഭകളിലെ സഹോദരങ്ങൾ വളരെയേറെ വിലമതിക്കുന്നു. കരീബ്യൻ ദ്വീപുകളിലെ ഒരു ബ്രാഞ്ച് ഓഫീസ് ഇങ്ങനെ എഴുതി: “ഇവിടെ സേവിക്കുന്ന വിദേശികളായ നൂറുകണക്കിനു സഹോദരങ്ങൾ രാജ്യംവിട്ടു പോകുകയാണെങ്കിൽ സഭകൾക്ക് അത് വലിയൊരു നഷ്ടമായിരിക്കും. അവർ ഞങ്ങളോടൊപ്പം ഉള്ളത് ഒരു അനുഗ്രഹമാണ്.”
“സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു” എന്നു ബൈബിൾ പറയുന്നു. (സങ്കീ. 68:11) വിദേശത്തു സേവിക്കുന്നവരുടെ കൂട്ടത്തിൽ ഏകാകിനികളായ അനേകം സഹോദരിമാരുമുണ്ട്. ആത്മത്യാഗ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഈ സഹോദരിമാർ വലിയൊരു സഹായമാണ്. കിഴക്കൻ യൂറോപ്പിലുള്ള ഒരു ബ്രാഞ്ച് ഓഫീസ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഇവിടുത്തെ മിക്ക സഭകളിലും സഹോദരിമാരുടെ എണ്ണം വളരെ കൂടുതലാണ്. ചില സഭകളിൽ പ്രസാധകരുടെ 70 ശതമാനവും സഹോദരിമാരാണ്; അവരിൽ മിക്കവരും പുതുതായി സത്യം പഠിച്ചവരും. അവരെ പരിശീലിപ്പിക്കുന്നതിൽ വിദേശത്തുനിന്നു വന്ന ഏകാകിനികളായ പയനിയർ സഹോദരിമാർ വിലതീരാത്ത സഹായമാണു നൽകുന്നത്. ഈ സഹോദരിമാർ ഒരു വലിയ അനുഗ്രഹമാണ്!”
വിദേശ രാജ്യങ്ങളിൽ സേവിക്കുന്നതിനെക്കുറിച്ച് ഈ സഹോദരിമാർക്ക് എന്താണ് പറയാനുള്ളത്? “വെല്ലുവിളികൾ ധാരാളമാണ്,” അനേകം വർഷം വിദേശത്ത് പയനിയറായി സേവിച്ചിട്ടുള്ള 35-നടുത്ത് പ്രായമുള്ള ആഞ്ജലിക്ക പറയുന്നു. “ഒരു പ്രദേശത്തു സേവിച്ചുകൊണ്ടിരുന്നപ്പോൾ എല്ലാ ദിവസവും ചെളി നിറഞ്ഞ റോഡിലൂടെ സഞ്ചരിച്ചു വേണമായിരുന്നു എനിക്കു പ്രസംഗവേലയ്ക്കു പോകാൻ. ചുറ്റും ഹൃദയഭേദകമായ കാഴ്ചകളായിരുന്നു. പക്ഷേ, ആളുകളെ സഹായിക്കുന്നതിന്റെ സംതൃപ്തി എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. അവരെ സഹായിക്കാനായി ഞാൻ അവിടെ ചെന്നതിൽ പ്രാദേശിക സഭയിലെ സഹോദരിമാർ വളരെയധികം നന്ദി പ്രകടിപ്പിച്ചു. എനിക്ക് എത്ര സന്തോഷം തോന്നിയെന്നോ! മറ്റൊരു നാട്ടിൽ വന്ന് ഞാൻ പയനിയറായി സേവിക്കുന്നത് മുഴുസമയ സേവനം ഏറ്റെടുക്കാൻ തന്നെയും പ്രചോദിപ്പിച്ചു എന്ന് ഒരു സഹോദരി എന്നോടു പറയുകയുണ്ടായി.”
അമ്പതുവയസ്സിനു മുകളിൽ പ്രായമുള്ള സൂ എന്ന പയനിയർ പറയുന്നു: “ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നു തീർച്ചയാണ്. എന്നാൽ ലഭിക്കുന്ന അനുഗ്രഹങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ അവ ഒന്നുമല്ല. ശുശ്രൂഷ ആനന്ദദായകമാണ്! ഏറിയ സമയവും യുവസഹോദരിമാരോടൊപ്പമാണ് ഞാൻ പ്രവർത്തിക്കുന്നത്. പ്രതിബന്ധങ്ങൾ എങ്ങനെ മറികടക്കാം എന്ന് ബൈബിളിൽനിന്നും പ്രസിദ്ധീകരണങ്ങളിൽനിന്നും മനസ്സിലാക്കിയ കാര്യങ്ങൾ അവരുമായി പങ്കുവെക്കാൻ എനിക്കു സാധിക്കുന്നു. പ്രശ്നങ്ങൾക്കു മധ്യേയും ഇത്രയും വർഷം ഏകാകിനിയായി പയനിയർ വേല ചെയ്യാൻ എനിക്കു കഴിഞ്ഞതു കാണുമ്പോൾ അവർക്കു വളരെ പ്രോത്സാഹനം ലഭിക്കുന്നതായി അവർ പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ വെല്ലുവിളികളെ തരണം ചെയ്യാനാകുമെന്ന് എന്റെ അനുഭവങ്ങൾ അവരെ പഠിപ്പിച്ചിരിക്കുന്നുവത്രേ! ഈ സഹോദരിമാരെ സഹായിക്കുന്നതിൽ എനിക്കു വലിയ ചാരിതാർഥ്യമുണ്ട്.”
[20-ാം പേജിലെ മാപ്പ്]
മെക്സിക്കോ
മോൺടെറേ
ഗ്വാനഹ്വാറ്റോ
ഇരാപ്വാറ്റോ
അഹീഹിക്ക്
ചാപാലാ
ചാപാലാ തടാകം
സാൻ മീഗൽ ദെ ആയെൻഡേ
കേരേറ്റാരോ
മെക്സിക്കോ സിറ്റി
കാൻകൂൺ
[23-ാം പേജിലെ ചിത്രം]
അതുവരെ സുവാർത്ത കേട്ടിട്ടില്ലാത്ത വിദേശികളോട് സാക്ഷീകരിക്കാനുള്ള അവസരം പലർക്കും ലഭിച്ചു