പരിശുദ്ധാത്മാവ് ദൈവം നൽകുന്ന സഹായം
“നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.” (സങ്കീർത്തനം 51:11) അത്യന്തം ഗുരുതരമായ ഒരു പാപം ചെയ്തുകഴിഞ്ഞ് ദാവീദുരാജാവ് ഉള്ളുരുകി പ്രാർഥിച്ചതാണിത്.
പരിശുദ്ധാത്മാവിന്റെ സഹായം കാലങ്ങളോളം അനുഭവിച്ചറിഞ്ഞയാളാണ് ദാവീദ്. കൗമാരപ്രായത്തിൽ മല്ലനായ ഗോലിയാത്തിനെ നേരിടേണ്ടിവന്നപ്പോൾ അവനെ തറപറ്റിക്കാൻ പരിശുദ്ധാത്മാവ് ദാവീദിനെ സഹായിച്ചു. (1 ശമൂവേൽ 17:45-50) അതിമനോഹരമായ സങ്കീർത്തനങ്ങൾ രചിക്കാൻ അവനെ പ്രാപ്തനാക്കിയതും പരിശുദ്ധാത്മാവായിരുന്നു. “യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു” എന്ന് ദാവീദ് പറഞ്ഞു.—2 ശമൂവേൽ 23:2.
ദാവീദിന്റെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ സഹായമുണ്ടായിരുന്നുവെന്ന് യേശുക്രിസ്തുവും വെളിപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഒരു സന്ദർഭത്തിൽ അവൻ ഇങ്ങനെ പറഞ്ഞു: “പരിശുദ്ധാത്മാവിനാൽ ദാവീദുതന്നെയും, ‘യഹോവ എന്റെ കർത്താവിനോട്, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴാക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്കുക” എന്ന് അരുളിച്ചെയ്തു’ എന്ന് പറഞ്ഞുവല്ലോ.” (മർക്കോസ് 12:36; സങ്കീർത്തനം 110:1) പരിശുദ്ധാത്മാവിന്റെ മാർഗദർശനത്തോടെയാണ് ദാവീദ് സങ്കീർത്തനങ്ങൾ രചിച്ചതെന്ന് യേശുവിന് അറിയാമായിരുന്നു. ആ പരിശുദ്ധാത്മാവ് ഇന്ന് നമ്മുടെ സഹായത്തിനുണ്ടോ?
“ചോദിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും”
ദാവീദിനെപ്പോലെ നിങ്ങൾ സങ്കീർത്തനങ്ങളൊന്നും രചിക്കുകയില്ലായിരിക്കാം. എന്നാൽ ഭീമാകാരനായ ഗോലിയാത്തിനു സമാനമായ വെല്ലുവിളികൾ നിങ്ങളുടെ ജീവിതത്തിൽ ഉയർന്നുവന്നെന്നുവരാം. ഇസബെൽ എന്ന ഒരു ക്രിസ്ത്യാനിയുടെ കാര്യമെടുക്കുക.a ഭർത്താവ് അവരെ ഉപേക്ഷിച്ച് ചെറുപ്പക്കാരിയായ ഒരു സ്ത്രീയുടെ കൂടെപ്പോയി. വലിയ കടബാധ്യതയും അയാൾ വരുത്തിവെച്ചിരുന്നു. അവർക്കും രണ്ട് പെൺമക്കൾക്കും യാതൊരുവിധ സാമ്പത്തിക സഹായവും അയാൾ കൊടുത്തിരുന്നില്ല. ഇസബെൽ പറയുന്നു: “കടുത്ത വഞ്ചനയായിരുന്നു അത്. എന്നെ ഒരു വിഴുപ്പുഭാണ്ഡമായി കണക്കാക്കിയതുപോലെ എനിക്കു തോന്നി. ഭർത്താവ് എന്നെ ഉപേക്ഷിച്ചുപോയെങ്കിലും ദൈവത്തിന്റെ പരിശുദ്ധാത്മാവ് എനിക്കു താങ്ങായിരുന്നു.”
ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ഇസബെലിന് വെറുതെയങ്ങു കിട്ടുകയായിരുന്നോ? അല്ല. അവർ നിത്യവും ദൈവത്തോട് അവന്റെ ആത്മാവിനായി പ്രാർഥിച്ചിരുന്നു. ധൈര്യത്തോടെ മുന്നോട്ടു പോകാൻ, കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ, നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കാൻ—എല്ലാറ്റിനും ദൈവത്തിന്റെ സഹായം ആവശ്യമാണെന്ന് അവർക്കറിയാമായിരുന്നു. യേശുവിന്റെ ഈ വാക്കുകൾ അവർ എപ്പോഴും മനസ്സിൽപ്പിടിച്ചു: “ചോദിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും; അന്വേഷിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും.”—മത്തായി 7:7.
ദൈവാത്മാവിന്റെ സഹായം ആവശ്യമുണ്ടായിരുന്ന മറ്റൊരാളാണ് റോബർട്ടോ. പുകയിലയ്ക്കും മയക്കുമരുന്നിനും അടിമയായിരുന്നു അദ്ദേഹം. അതിന്റെ പിടിയിൽനിന്നു പുറത്തുവരാൻ രണ്ടുവർഷം അദ്ദേഹം ശ്രമിച്ചെങ്കിലും പലപ്രാവശ്യം പരാജയപ്പെട്ടു. “മയക്കുമരുന്ന് നിറുത്തിക്കഴിയുമ്പോൾ മനസ്സിന് വല്ലാത്ത ഉത്കണ്ഠ തോന്നും. ഓരോ ദിവസവും ശരീരം അത് ആവശ്യപ്പെട്ടുകൊണ്ടിരിക്കും,” റോബർട്ടോ പറയുന്നു.
അദ്ദേഹം തുടരുന്നു: “എന്നാൽ ദൈവത്തെ അവനു സ്വീകാര്യമായ വിധത്തിൽ ആരാധിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് എന്റെ ജീവിതത്തിനു മാറ്റംവരുത്താൻ ഞാൻ തീരുമാനിച്ചു. ബൈബിളിൽനിന്നുള്ള നല്ലനല്ല കാര്യങ്ങൾകൊണ്ട് മനസ്സു നിറയ്ക്കാൻ ഞാൻ ശ്രമിച്ചു. ജീവിതം നേരെയാക്കാനുള്ള ശക്തിക്കായി ഞാൻ നിത്യവും ദൈവത്തോട് മുട്ടിപ്പായി പ്രാർഥിച്ചു. സ്വന്തം കഴിവിനാൽ അതു സാധ്യമല്ലെന്ന് എനിക്കറിയാമായിരുന്നു. യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകി; ദുശ്ശീലങ്ങളിൽനിന്ന് പുറത്തുകടക്കാൻ പരാജയപ്പെട്ട് മനംമടുത്തിരിക്കുന്ന സാഹചര്യങ്ങളിൽ വിശേഷിച്ചും ഞാൻ ദൈവത്തിന്റെ സഹായം അനുഭവിച്ചറിഞ്ഞു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്നെ ശക്തീകരിച്ചു. ദൈവാത്മാവിന്റെ സഹായമില്ലാതെ എനിക്കൊരു മോചനം സാധ്യമല്ലായിരുന്നു.”—ഫിലിപ്പിയർ 4:6-8.
“കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും”
ഇസബെലിനെയും റോബർട്ടോയെയുംപോലെ ലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ പരിശുദ്ധാത്മാവിന്റെ സഹായം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവ്—ഈ മഹാപ്രപഞ്ചത്തെ സൃഷ്ടിക്കാൻ ദൈവം ഉപയോഗിച്ച ശക്തി—നിങ്ങൾക്കും ലഭ്യമാണ്. ദൈവത്തിന്റെ ആത്മാവിനുവേണ്ടി ആത്മാർഥമായി യാചിക്കുന്നവർക്ക് അതു നൽകാൻ ദൈവത്തിന് സന്തോഷമേയുള്ളൂ. എന്നാൽ അതു ലഭിക്കണമെങ്കിൽ നിങ്ങൾ ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുകയും അവന്റെ ഇഷ്ടം ചെയ്യാൻ ആത്മാർഥമായി ശ്രമിക്കുകയും വേണം.—യെശയ്യാവു 55:6; എബ്രായർ 11:6.
പരിശുദ്ധാത്മാവിന്റെ സഹായത്താൽ നിങ്ങൾക്ക് ദൈവത്തെ വിശ്വസ്തമായി സേവിക്കാനും ജീവിതത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുമുള്ള ശക്തി ലഭിക്കും. “(യഹോവ) ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നൽകുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു . . . യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും” എന്ന് ദൈവവചനം ഉറപ്പുനൽകുന്നു.—യെശയ്യാവു 40:28-31.
[അടിക്കുറിപ്പ്]
a ചില പേരുകൾ മാറ്റിയിട്ടുണ്ട്.
[14-ാം പേജിലെ ആകർഷകവാക്യം]
‘ജീവിതം നേരെയാക്കാനുള്ള ശക്തിക്കായി ഞാൻ നിത്യവും ദൈവത്തോട് മുട്ടിപ്പായി പ്രാർഥിച്ചു. സ്വന്തം കഴിവിനാൽ അതു സാധ്യമല്ലെന്ന് എനിക്കറിയാമായിരുന്നു. യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകി.’
[13-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പരിശുദ്ധാത്മാവിന്റെ പ്രവർത്തനം
ഈ ഭൂമിയെയും പ്രപഞ്ചത്തെയും സൃഷ്ടിക്കാൻ ദൈവം പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു. “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു,” എന്ന് സങ്കീർത്തനക്കാരൻ പാടി. “നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു” എന്നും അവൻ ഉദ്ഘോഷിച്ചു.—സങ്കീർത്തനം 104:24, 30; ഉല്പത്തി 1:2; ഇയ്യോബ് 33:4.
ബൈബിൾ എഴുതാൻ പരിശുദ്ധാത്മാവ് ദൈവഭക്തരായ മനുഷ്യരെ നിശ്വസ്തരാക്കി. “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാണ്.” (2 തിമൊഥെയൊസ് 3:16) ‘ദൈവനിശ്വസ്തം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരാർഥം, “ദൈവത്താൽ ശ്വസിക്കപ്പെട്ടത്” എന്നാണ്. യഹോവയുടെ ശ്വാസം അഥവാ ആത്മാവാണ് ബൈബിൾ രചയിതാക്കളുടെ ചിന്തയെ നയിച്ചത്. അങ്ങനെ അവർക്ക് “ദൈവത്തിന്റെ വചനം” മനുഷ്യർക്ക് കൈമാറാൻ സാധിച്ചു.—1 തെസ്സലോനിക്യർ 2:13.
ഭാവിയെക്കുറിച്ച് കൃത്യമായി പ്രവചിക്കാൻ പരിശുദ്ധാത്മാവ് ദൈവദാസരെ പ്രാപ്തരാക്കി. പത്രോസ് അപ്പൊസ്തലൻ എഴുതി: “തിരുവെഴുത്തിലെ പ്രവചനമൊന്നും ആരുടെയും സ്വന്തമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്ന് ആദ്യംതന്നെ അറിഞ്ഞുകൊള്ളുക. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ ഉണ്ടായതല്ല; പിന്നെയോ പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്താവിച്ചതത്രേ.”—2 പത്രോസ് 1:20, 21; യോവേൽ 2:28.
ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാനും അത്ഭുതപ്രവൃത്തികൾ ചെയ്യാനും പരിശുദ്ധാത്മാവ് യേശുവിനെയും മറ്റ് ദൈവദാസന്മാരെയും സഹായിച്ചു. യേശു ഇപ്രകാരം പറഞ്ഞു: “ദരിദ്രരോടു സുവിശേഷം ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. തടവുകാരോടു മോചനവും അന്ധന്മാരോടു കാഴ്ചയും ഘോഷിക്കാനും മർദിതരെ വിടുവിച്ചയയ്ക്കാനും . . . അവൻ എന്നെ അയച്ചിരിക്കുന്നു.”—ലൂക്കോസ് 4:18, 19; മത്തായി 12:28.
[15-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പരിശുദ്ധാത്മാവ് സഹായിക്കുന്ന വിധങ്ങൾ
പ്രലോഭനങ്ങളെ ചെറുക്കാനും ദുശ്ശീലങ്ങളിൽനിന്നു പുറത്തുകടക്കാനും പരിശുദ്ധാത്മാവ് സഹായിക്കും. പൗലോസ് അപ്പൊസ്തലൻ എഴുതി: “മനുഷ്യർക്കു നേരിട്ടിട്ടില്ലാത്ത ഒരു പ്രലോഭനവും നിങ്ങൾക്ക് ഉണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ. നിങ്ങൾക്കു ചെറുക്കാനാവാത്ത ഒരു പ്രലോഭനം അവൻ അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്ക് അതിനെ അതിജീവിക്കാൻ കഴിയേണ്ടതിന് അവൻ അതോടൊപ്പം പോംവഴിയും ഉണ്ടാക്കും.”—1 കൊരിന്ത്യർ 10:13.
ദൈവികഗുണങ്ങൾ വളർത്താൻ പരിശുദ്ധാത്മാവ് സഹായിക്കും. “ആത്മാവിന്റെ ഫലമോ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിവയാകുന്നു.”—ഗലാത്യർ 5:22, 23.
പരിശോധനകളിന്മധ്യേ പിടിച്ചുനിൽക്കാൻ പരിശുദ്ധാത്മാവ് സഹായിക്കും. “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്തനാണ്.”—ഫിലിപ്പിയർ 4:13.