ദൈവരാജ്യത്തെക്കുറിച്ച് എന്തു പഠിപ്പിച്ചു?
“അവൻ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ഘോഷിച്ചുംകൊണ്ട് . . . പട്ടണന്തോറും ഗ്രാമന്തോറും സഞ്ചരിച്ചു.”—ലൂക്കോസ് 8:1.
ഇഷ്ടപ്പെട്ട വിഷയത്തെക്കുറിച്ച് എത്ര സംസാരിച്ചാലും നമുക്ക് മതിവരില്ല. ‘ഹൃദയത്തിന്റെ നിറവിൽനിന്നാണ് വായ് സംസാരിക്കുന്നത്’ എന്ന് യേശു പറയുകയുണ്ടായി. (മത്തായി 12:34) യേശു തന്റെ ശുശ്രൂഷക്കാലത്ത് ചെയ്തതും പറഞ്ഞതുമായ കാര്യങ്ങൾ നോക്കിയാൽ ദൈവരാജ്യം എന്ന വിഷയം അവന് എത്ര പ്രധാനമായിരുന്നുവെന്ന് നമുക്കു മനസ്സിലാകും.
എന്താണ് ദൈവരാജ്യം? ഒരു രാജാവിന്റെ കീഴിലുള്ള ഭരണകൂടത്തെയാണല്ലോ രാജ്യം എന്നു വിളിക്കുന്നത്. അങ്ങനെയാകുമ്പോൾ ദൈവരാജ്യം എന്നത് ദൈവത്താൽ സ്ഥാപിതമായ ഒരു ഗവണ്മെന്റാണ്. ഈ രാജ്യത്തെക്കുറിച്ച് യേശു ആവർത്തിച്ചാവർത്തിച്ച് സംസാരിച്ചു. അവൻ ഘോഷിച്ച സന്ദേശത്തിന്റെ കാതൽത്തന്നെ ദൈവരാജ്യമായിരുന്നു. നാലുസുവിശേഷങ്ങളിലായി 110-ലധികം പ്രാവശ്യം ദൈവരാജ്യത്തെക്കുറിച്ചുള്ള പരാമർശമുണ്ട്. യേശു പക്ഷേ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുക മാത്രമല്ല ചെയ്തത്; ദൈവരാജ്യം എന്താണ്, അത് എന്തു ചെയ്യും എന്നൊക്കെ പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു.
ആരാണ് രാജാവ്? മനുഷ്യർ വോട്ടുചെയ്ത് തിരഞ്ഞെടുത്തിരിക്കുന്ന ഒരാളല്ല ദൈവരാജ്യത്തിന്റെ രാജാവ്. ദൈവമാണ് ഈ ഭരണാധിപനെ തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവരാജ്യത്തിന്റെ രാജാവായി ദൈവം നിയമിച്ചിരിക്കുന്നത് യേശുവിനെയാണ്. യേശുതന്നെ അതു വെളിപ്പെടുത്തിയിട്ടുണ്ട്.
മിശിഹായുടെ രാജ്യം എന്നേക്കും നിലനിൽക്കുമെന്നു പറയുന്ന പ്രവചനങ്ങൾ യേശുവിന് അറിയാമായിരുന്നു. (2 ശമൂവേൽ 7:12-14; ദാനീയേൽ 7:13, 14; മത്തായി 26:63, 64) താനാണ് മിശിഹായെന്ന് യേശു പരസ്യമായി പറഞ്ഞിട്ടുള്ള കാര്യം ഓർക്കുന്നുണ്ടാകുമല്ലോ. അതുവഴി, ദൈവം അവരോധിച്ചിരിക്കുന്ന രാജാവ് താൻതന്നെയാണെന്ന് വ്യക്തമാക്കുകയായിരുന്നു യേശു. (യോഹന്നാൻ 4:25, 26) അതുകൊണ്ടാണ് യേശു പലപ്പോഴും ദൈവരാജ്യത്തെ “എന്റെ രാജ്യം” എന്നു വിശേഷിപ്പിച്ചത്.—ലൂക്കോസ് 22:28-30.
മറ്റുചിലരും തന്നോടൊപ്പം ഭരിക്കാൻ ഉണ്ടായിരിക്കുമെന്ന് യേശു വെളിപ്പെടുത്തി. (ലൂക്കോസ് 22:28-30) അവരുടെ എണ്ണം പരിമിതമായതിനാൽ അവൻ അവരെ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നാണ് വിളിച്ചത്. അവരെക്കുറിച്ചു പരാമർശിക്കവെ, “നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്കു നൽകാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞു. (ലൂക്കോസ് 12:32) ക്രിസ്തുവിനോടൊപ്പം ഭരിക്കാനുള്ളവരുടെ എണ്ണം 1,44,000 ആണെന്ന് ബൈബിളിലെ അവസാനപുസ്തകം പറയുന്നു.—വെളിപാട് 5:9, 10; 14:1.
ദൈവരാജ്യത്തിന്റെ ആസ്ഥാനം എവിടെയായിരിക്കും? “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്ന് യേശു റോമൻ ഭരണാധികാരിയായ പൊന്തിയൊസ് പീലാത്തൊസിനോടു പറഞ്ഞു. (യോഹന്നാൻ 18:36) ക്രിസ്തുവിന്റെ കീഴിലുള്ള ദൈവരാജ്യം ഏതെങ്കിലും മനുഷ്യ ഏജൻസിയിലൂടെ ആയിരിക്കില്ല ഭരണംനടത്തുന്നത്. യേശു പലപ്പോഴും ദൈവരാജ്യത്തെ “സ്വർഗരാജ്യം” എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.a (മത്തായി 4:17; 5:3, 10, 19, 20) അതുകൊണ്ട് ദൈവരാജ്യം ഒരു സ്വർഗീയ ഗവണ്മെന്റ് ആയിരിക്കും.
ഭൂമിയിലെ ശുശ്രൂഷ തികച്ചശേഷം താൻ സ്വർഗത്തിലേക്കു തിരിച്ചുപോകുമെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ്, തന്നോടുകൂടെ ഭരിക്കാനിരിക്കുന്നവർക്കായി ‘സ്ഥലമൊരുക്കാൻ’ പോകുകയാണെന്ന് യേശു പറഞ്ഞത്.—യോഹന്നാൻ 14:2, 3.
ദൈവരാജ്യം എന്തു കൈവരിക്കും? “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പ്രാർഥിക്കാൻ യേശു ശ്രോതാക്കളെ പഠിപ്പിച്ചു. (മത്തായി 6:9, 10) സ്വർഗത്തിൽ ദൈവത്തിന്റെ ഹിതപ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത്. ഭൂമിയിലും ദൈവഹിതം നിവർത്തിക്കപ്പെടും. അത് ദൈവരാജ്യത്തിലൂടെയായിരിക്കും. ഭൂമിയിൽ വലിയ പരിവർത്തനങ്ങൾ വരുത്തിക്കൊണ്ടായിരിക്കും ദൈവരാജ്യം അതു ചെയ്യുക.
ദൈവരാജ്യം ഭൂമിയിൽ എന്തു ചെയ്യും? ദുഷ്കർമങ്ങൾ ചെയ്യാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരെ നിഗ്രഹിച്ചുകൊണ്ട് ദൈവരാജ്യം ഭൂമിയിൽനിന്ന് തിന്മ തുടച്ചുനീക്കുമെന്ന് യേശു പഠിപ്പിച്ചു. (മത്തായി 25:31-34, 46) സകലവിധത്തിലുള്ള ദുഷ്ടതയും അഴിമതിയും അതോടെ പൊയ്പ്പോകും. യേശു വ്യക്തമാക്കിയതുപോലെ, സൗമ്യരും നീതിനിഷ്ഠരും കരുണയുള്ളവരും ഹൃദയശുദ്ധിയുള്ളവരും സമാധാനപ്രിയരും ആയിരിക്കും ഈ ഭൂമിയിൽ വസിക്കുക.—മത്തായി 5:5-9.
മലിനീകരിക്കപ്പെട്ട ഒരു ഭൂമിയിലായിരിക്കുമോ വിശ്വസ്തരായ ഈ മനുഷ്യർ ജീവിക്കുന്നത്? ഒരിക്കലുമല്ല! ദൈവരാജ്യ ഭരണത്തിൻകീഴിൽ ഭൂഗ്രഹത്തിൽ വിസ്മയാവഹമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് യേശു പറഞ്ഞു. യേശുവിനോടൊപ്പം സ്തംഭത്തിലേറ്റപ്പെട്ട മനുഷ്യൻ അവനോട്, “യേശുവേ, നീ നിന്റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ” എന്നു പറഞ്ഞപ്പോൾ, യേശു അവനോട് പറഞ്ഞത് ഇങ്ങനെയാണ്: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു: നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.” (ലൂക്കോസ് 23:42, 43) അതെ, ദൈവരാജ്യം ഈ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റും, ആദിയിലെ ഏദെൻ തോട്ടംപോലെ.
ദൈവരാജ്യം മനുഷ്യർക്കുവേണ്ടി മറ്റെന്തുകൂടെ ചെയ്യും? ദൈവരാജ്യം എന്തു ചെയ്യും എന്ന് യേശു പ്രവർത്തനത്തിലൂടെ ആളുകൾക്കു കാണിച്ചുകൊടുത്തു. ഉദാഹരണത്തിന്, യേശു നടത്തിയ അത്ഭുത രോഗശാന്തികൾ തന്റെ വാഴ്ചക്കാലത്ത് ഭൂവ്യാപകമായി അവൻ ചെയ്യാനിരിക്കുന്ന കാര്യങ്ങളുടെ ചെറിയൊരു പ്രതിഫലനം മാത്രമായിരുന്നു. സുവിശേഷത്തിൽ യേശുവിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു: “പിന്നെ അവൻ ഗലീലയിലൊക്കെയും ചുറ്റിസഞ്ചരിച്ച് അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളുടെ സകലതരം രോഗങ്ങളും വ്യാധികളും സൗഖ്യമാക്കുകയും ചെയ്തു.”—മത്തായി 4:23.
പലതരത്തിലുള്ള വ്യാധികൾ യേശു സൗഖ്യമാക്കി. ‘ജന്മനാ അന്ധനായിരുന്ന ഒരുവന്റെ കണ്ണുകൾ അവൻ തുറന്നു.’ (യോഹന്നാൻ 9:1-7, 32, 33) അറപ്പുളവാക്കുന്ന കുഷ്ഠം ബാധിച്ച ഒരു മനുഷ്യനെ യേശു തൊട്ടുസൗഖ്യമാക്കി. (മർക്കോസ് 1:40-42) “ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവനുമായ ഒരു മനുഷ്യനെ” യേശുവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ അവൻ അയാളെയും സുഖപ്പെടുത്തി. അങ്ങനെ, “ബധിരർക്കു കേൾവിശക്തിയും ഊമർക്കു സംസാരശേഷിയും” നൽകാൻ താൻ പ്രാപ്തനാണെന്ന് യേശു തെളിയിച്ചു.—മർക്കോസ് 7:31-37.
ദൈവത്തിന്റെ നിയുക്ത രാജാവിന്റെ കൈ തടുക്കാൻ മരണത്തിനുപോലും കഴിയുമായിരുന്നില്ല. യേശു മരണത്തിൽനിന്ന് ജീവനിലേക്കു തിരികെ കൊണ്ടുവന്ന മൂന്നുപേരെക്കുറിച്ച് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്—ഒരു വിധവയുടെ ഏക മകൻ, 12 വയസ്സുകാരിയായ ഒരു പെൺകുട്ടി, യേശുവിന്റെ പ്രിയസ്നേഹിതനായ ലാസർ.—ലൂക്കോസ് 7:11-15; 8:41-55; യോഹന്നാൻ 11:38-44.
ദൈവരാജ്യത്തിന്റെ പ്രജകളെ കാത്തിരിക്കുന്ന മഹത്തായ അനുഗ്രഹത്തെക്കുറിച്ച് അപ്പൊസ്തലനായ യോഹന്നാനിലൂടെ യേശു ഇപ്രകാരം പറഞ്ഞു: “ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവൻ അവരോടൊത്തു വസിക്കും. അവർ അവന്റെ ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപാട് 1:1; 21:3, 4) കണ്ണീരും ദുഃഖവും വേദനയും ഒന്നുമില്ലാത്ത ഒരു ലോകം! ദൈവേഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നിവർത്തിക്കപ്പെടേണമേ എന്ന നമ്മുടെ പ്രാർഥനയ്ക്ക് അന്ന് പൂർണമായി ഉത്തരം ലഭിക്കും.
ദൈവരാജ്യം എന്നു വരും? താൻ രാജാവായി ഭരണം ആരംഭിക്കുന്നതു മുതലുള്ള കാലഘട്ടത്തെ തന്റെ ‘സാന്നിധ്യ’കാലം എന്നാണ് യേശു വിശേഷിപ്പിച്ചത്. രാജ്യാധികാരത്തിലുള്ള തന്റെ സാന്നിധ്യം എപ്പോൾ തുടങ്ങുമെന്ന് സൂചിപ്പിക്കുന്ന വിശദമായ ഒരു പ്രവചനവും യേശു നൽകി. യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ, മഹാവ്യാധികൾ, അധർമത്തിന്റെ വർധന എന്നിങ്ങനെയുള്ള ഗോളവ്യാപകമായ പ്രശ്നങ്ങൾ ഈ കാലഘട്ടത്തിന്റെ വിശേഷതയായിരിക്കുമായിരുന്നു. (മത്തായി 24:3, 7-12; ലൂക്കോസ് 21:10, 11) ഇവയും യേശു പറഞ്ഞ മറ്റനേകം കാര്യങ്ങളും 1914 മുതൽ (ഒന്നാം ലോകമഹായുദ്ധം ഉണ്ടായ വർഷം) പ്രത്യേകാൽ ദൃശ്യമാണ്. യേശു രാജാവായി വാഴുന്നു എന്നതിന്റെ തെളിവാണിതെല്ലാം. താമസിയാതെ ദൈവരാജ്യം, ഭൂമിയിൽ ദൈവേഷ്ടം നടപ്പാക്കാനുള്ള പടികൾ സ്വീകരിക്കും.b
ദൈവരാജ്യത്തിന്റെ ആഗമനം നിങ്ങൾക്ക് വ്യക്തിപരമായി എന്തു ഗുണം ചെയ്യും? അത് യേശുവിന്റെ സന്ദേശത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും.
[അടിക്കുറിപ്പുകൾ]
a “സ്വർഗരാജ്യം” എന്ന പ്രയോഗം മത്തായിയുടെ സുവിശേഷത്തിൽ ഏതാണ്ട് 30 തവണ കാണാൻ കഴിയും.
b ദൈവരാജ്യം ഭൂമിയിൽ വരാനുള്ള കാലം സമീപിച്ചിരിക്കുന്നു എന്നതിന്റെ കൂടുതൽ തെളിവുകൾക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിലെ “നാം ജീവിക്കുന്നത് ‘അന്ത്യകാലത്തോ?’” എന്ന 9-ാം അധ്യായം കാണുക.