ദൈവവചനത്തിൽനിന്നു പഠിക്കുക
സത്യദൈവം ആരാണ്?
നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവയ്ക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ബൈബിളിൽ എവിടെ കണ്ടെത്താമെന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്. ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്പര്യപ്പെടുന്നു.
1. സത്യദൈവം ആരാണ്?
സകലവും സൃഷ്ടിച്ചവനാണ് സത്യദൈവം. ബൈബിൾ അവനെ ‘നിത്യതയുടെ രാജാവ്’ എന്നു വിശേഷിപ്പിക്കുന്നു. ആരംഭമോ അവസാനമോ ഇല്ലാത്തവൻ എന്നാണ് ആ പ്രയോഗത്തിന്റെ അർഥം. (വെളിപാട് 15:3) ജീവന്റെ ഉറവിടം ആ ദൈവമായതുകൊണ്ട് അവനെ മാത്രമേ നാം ആരാധിക്കാവൂ.—വെളിപാട് 4:11 വായിക്കുക.
2. ദൈവം എങ്ങനെയുള്ളവനാണ്?
ഒരു മനുഷ്യനും ദൈവത്തെ കണ്ടിട്ടില്ല. കാരണം, ദൈവം ഒരു ആത്മരൂപിയാണ്; ഭൂമിയിലെ ഏതെങ്കിലും ജീവരൂപത്തോട് അവനെ താരതമ്യപ്പെടുത്താനാവില്ല. (യോഹന്നാൻ 1:18; 4:24) ദൈവത്തിന്റെ വ്യക്തിത്വം അവന്റെ സൃഷ്ടികളിൽ പ്രതിഫലിച്ചുകാണാം. പ്രകൃതിയിലെ പൂക്കളും പഴങ്ങളുമൊക്കെ നിരീക്ഷിച്ചാൽ അവയിൽ ദൈവത്തിന്റെ സ്നേഹവും ജ്ഞാനവും നമുക്ക് ദർശിക്കാനാകും. പ്രപഞ്ചം ദൈവത്തിന്റെ മഹാശക്തി വിളിച്ചോതുന്നു.—റോമർ 1:20 വായിക്കുക.
ദൈവത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നമുക്കു പഠിക്കാനാകുന്നത് ബൈബിളിലൂടെയാണ്. ഉദാഹരണത്തിന്, ദൈവം ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ കാര്യങ്ങൾ എന്തെല്ലാമാണ്, അവൻ ആളുകളോട് ഇടപെടുന്നത് എങ്ങനെയാണ്, വിവിധ സാഹചര്യങ്ങളിൽ അവൻ പ്രതികരിക്കുന്നത് എങ്ങനെയാണ് എന്നെല്ലാം ബൈബിൾ നമ്മോടു പറയുന്നു.—സങ്കീർത്തനം 103:7-10 വായിക്കുക.
3. ദൈവത്തിന് പേരുണ്ടോ?
“സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന് യേശു പ്രാർഥിക്കുകയുണ്ടായി. (മത്തായി 6:9) ദൈവത്തിന് പദവിനാമങ്ങൾ പലതുണ്ടെങ്കിലും പേര് ഒന്നേയുള്ളൂ. ഓരോ ഭാഷയിലും പലവിധങ്ങളിലാണ് അത് ഉച്ചരിക്കുന്നത്. മലയാളത്തിൽ “യഹോവ” എന്നാണ് സാധാരണ പറയുന്നതെങ്കിലും “യാഹ്വെ” എന്ന ഉച്ചാരണവും നിലവിലുണ്ട്.—സങ്കീർത്തനം 83:18 വായിക്കുക.
പല ബൈബിൾ ഭാഷാന്തരങ്ങളിലും ദൈവനാമം നീക്കിയിട്ട് പകരം കർത്താവ് എന്നോ ദൈവം എന്നോ ഉള്ള സ്ഥാനപ്പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ബൈബിളിന്റെ മൂലകൃതിയിൽ ഏതാണ്ട് 7,000 പ്രാവശ്യം ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തിന്റെ വചനം മറ്റുള്ളവർക്ക് വിശദീകരിച്ചുകൊടുക്കവെ യേശു ദൈവനാമം ഉപയോഗിച്ചു. അങ്ങനെ അവൻ ആ നാമം പ്രസിദ്ധമാക്കി. ദൈവത്തെ അടുത്തറിയാൻ അത് ആളുകളെ സഹായിച്ചു.—യോഹന്നാൻ 17:26 വായിക്കുക.
4. യഹോവയ്ക്ക് നമ്മുടെ കാര്യത്തിൽ താത്പര്യമുണ്ടോ?
തന്നെ വിളിച്ചപേക്ഷിക്കുന്ന ഓരോരുത്തരുടെയും പ്രാർഥനകൾ ദൈവം കേൾക്കുന്നു എന്നത് അവനു നമ്മിലുള്ള വ്യക്തിപരമായ താത്പര്യത്തിന്റെ തെളിവാണ്. (സങ്കീർത്തനം 65:2) ഇനി, ലോകത്തിൽ കഷ്ടപ്പാടുകളുണ്ട് എന്നതുകൊണ്ട് ദൈവത്തിനു നമ്മുടെ കാര്യത്തിൽ താത്പര്യമില്ലെന്നു വരുമോ? നമ്മെ പരീക്ഷിക്കാനാണ് ദൈവം നമുക്ക് കഷ്ടപ്പാടുകൾ വരുത്തുന്നതെന്ന് ചിലർ പറയാറുണ്ട്. എന്നാൽ അതു ശരിയല്ല. കാരണം, ‘ദൈവം ദുഷ്ടത ഒരിക്കലും ചെയ്കയില്ല’ എന്നാണ് ബൈബിൾ പറയുന്നത്.—ഇയ്യോബ് 34:10; യാക്കോബ് 1:13 വായിക്കുക.
സ്വന്തം ഗതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകി ദൈവം മനുഷ്യനെ ആദരിച്ചിരിക്കുന്നു. തന്നെ സേവിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്കു നൽകിയിരിക്കുന്നതിൽ നമുക്ക് അവനോടു നന്ദിയില്ലേ? (യോശുവ 24:15) എന്നാൽ തങ്ങൾക്കു ലഭിച്ചിരിക്കുന്ന ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിക്കൊണ്ട് മറ്റുള്ളവർക്ക് ദ്രോഹം ചെയ്യുകയാണ് പലരും. ലോകത്തിൽ ഇത്രയധികം കഷ്ടപ്പാടുകൾ ഉള്ളത് അതുകൊണ്ടാണ്. ഇതെല്ലാം യഹോവയുടെ ഹൃദയത്തെ വേദനിപ്പിക്കുന്നു.—ഉല്പത്തി 6:5, 6 വായിക്കുക.
എന്നാൽ ഉടൻതന്നെ ഈ ലോകത്തിലെ കഷ്ടപ്പാടുകളും അതിനു കാരണക്കാരായവരെയും യഹോവയുടെ കൽപ്പനപ്രകാരം യേശു ഭൂമുഖത്തുനിന്ന് നീക്കംചെയ്യും. ഇപ്പോൾ യഹോവ ഈ കഷ്ടപ്പാടുകൾ അനുവദിക്കുന്നതിനു പിന്നിൽ തക്കതായ കാരണമുണ്ട്. ആ കാരണം എന്താണെന്ന് മറ്റൊരു പംക്തിയിൽ വിശദീകരിക്കുന്നതായിരിക്കും.—യെശയ്യാവു 11:4 വായിക്കുക.
5. നാം എന്തു ചെയ്യാനാണ് ദൈവം ആഗ്രഹിക്കുന്നത്?
തന്നെ അറിയാനും സ്നേഹിക്കാനും ഉള്ള പ്രാപ്തിയോടെയാണ് യഹോവ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. തന്നെക്കുറിച്ചുള്ള സത്യം നാം അറിയാൻ അവൻ ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 2:4) ബൈബിൾ പഠിക്കുന്നെങ്കിൽ ഒരു സുഹൃത്തിനെപ്പോലെ ദൈവത്തെ അടുത്തറിയാൻ നമുക്കാകും.—സദൃശവാക്യങ്ങൾ 2:4, 5 വായിക്കുക.
നമുക്ക് ജീവൻ തന്നത് യഹോവയായതിനാൽ മറ്റാരെക്കാളും നാം അവനെ സ്നേഹിക്കണം. ദൈവത്തോടു പ്രാർഥിക്കുകയും അവൻ ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് അവനോടു സ്നേഹമുണ്ടെന്ന് നമുക്കു കാണിക്കാനാകും. (സദൃശവാക്യങ്ങൾ 15:8) മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറാനും യഹോവ നമ്മോട് ആവശ്യപ്പെടുന്നു.—മർക്കോസ് 12:29, 30-ഉം 1 യോഹന്നാൻ 5:3-ഉം വായിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 1-ാം അധ്യായം കാണുക.
[23-ാം പേജിലെ ചിത്രം]
ദൈവം താത്കാലികമായി കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതിന് തക്കതായ കാരണം ഉണ്ടായിരിക്കുമോ?