വായനക്കാർ ചോദിക്കുന്നു
പറുദീസയിലെ അനന്തജീവിതം വിരസമായിരിക്കുമോ?
▪ ഭൂമി ഒരു പറുദീസയാകുമെന്നും അവിടെ മനുഷ്യർക്ക് എന്നേക്കും ജീവിക്കാനാകുമെന്നും ഉള്ള മഹത്തായ പ്രത്യാശ ബൈബിൾ നൽകുന്നു. (സങ്കീർത്തനം 37:29; ലൂക്കോസ് 23:43) എന്നാൽ കാലം കഴിയുമ്പോൾ പറുദീസയിലെ ജീവിതം വിരസമായിത്തീരുമോ?
വളരെ പ്രസക്തമായ ഒരു ചോദ്യമാണ് ഇത്. തുടർച്ചയായുള്ള വിരസത ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകാം എന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. സാഹസിക കാര്യങ്ങളിൽ ഏർപ്പെട്ട് അപകടങ്ങൾ ക്ഷണിച്ചു വരുത്താനുള്ള പ്രവണതയും ഇത്തരക്കാരിൽ കൂടുതലായിരിക്കുമത്രേ. ജീവിതത്തിന് പ്രത്യേകിച്ചൊരു ഉദ്ദേശ്യവും കാണാൻ കഴിയാതെവരുമ്പോഴും നിത്യവും ഒരേ കാര്യം ചെയ്ത് മടുപ്പുതോന്നുമ്പോഴുമാണ് ആളുകൾക്ക് വിരസത അനുഭവപ്പെടുന്നത്. എന്നാൽ, പറുദീസയിൽ ജീവിക്കുന്നവർക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമോ? ജീവിതത്തിന് ഉദ്ദേശ്യമില്ലെന്ന് എപ്പോഴെങ്കിലും അവർക്ക് തോന്നുമോ? അവിടത്തെ ദിനചര്യ മുഷിപ്പിക്കുന്നതായിരിക്കുമോ?
ബൈബിളിന്റെ രചയിതാവായ യഹോവയാം ദൈവമാണ് നിത്യജീവന്റെ പ്രത്യാശ നമുക്ക് നൽകിയിരിക്കുന്നത്. (യോഹന്നാൻ 3:16; 2 തിമൊഥെയൊസ് 3:16) ദൈവത്തിന്റെ പ്രമുഖ ഗുണം സ്നേഹമാണ്. (1 യോഹന്നാൻ 4:8) യഹോവ നമ്മെ വളരെയധികം സ്നേഹിക്കുകയും നമുക്ക് സന്തോഷത്തോടെ അനുഭവിക്കാനായി പലതും നൽകുകയും ചെയ്തിരിക്കുന്നു.—യാക്കോബ് 1:17.
സന്തുഷ്ടരായിരിക്കണമെങ്കിൽ നമുക്ക് അർഥവത്തായ ജോലികൾ ഉണ്ടായിരിക്കണമെന്ന് നമ്മുടെ സ്രഷ്ടാവിന് അറിയാം. (സങ്കീർത്തനം 139:14-16; സഭാപ്രസംഗി 3:12) യാതൊരു വികാരവുമില്ലാതെ ഓരോ പ്രവൃത്തികൾ ചെയ്യുന്ന യന്ത്രമനുഷ്യരെപ്പോലെ ആയിരിക്കില്ല നാം പറുദീസയിൽ ജോലിചെയ്യുന്നത്. നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും പ്രയോജനം ചെയ്യുന്ന ജോലികളായിരിക്കും നാം അവിടെ ചെയ്യുക. (യെശയ്യാവു 65:22-24) വൈദഗ്ധ്യം ആവശ്യമുള്ള രസകരമായ ജോലികളുള്ളപ്പോൾ ജീവിതം വിരസമായി തോന്നുമോ?
അർഹരായവരെ മാത്രമേ യഹോവ പറുദീസയിൽ ജീവിക്കാൻ അനുവദിക്കൂ; അതായത് തന്റെ പുത്രനായ യേശുവിനെ അനുകരിക്കാൻ ശ്രമിക്കുന്നവരെമാത്രം. (യോഹന്നാൻ 17:3) ഭൂമിയിലായിരിക്കെ തന്റെ പിതാവിന്റെ ഹിതം നിറവേറ്റാൻ യേശുവിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണെന്ന സത്യം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. (പ്രവൃത്തികൾ 20:35) ദൈവത്തെ സ്നേഹിക്കുക, അയൽക്കാരനെ സ്നേഹിക്കുക എന്നീ മഹത്തായ രണ്ട് കൽപ്പനകൾക്കനുസൃതമായിട്ടായിരിക്കും പറുദീസയിൽ ആളുകൾ ജീവിക്കുക. (മത്തായി 22:36-40) നിങ്ങളെ സ്നേഹിക്കുന്ന, ജോലിചെയ്യാൻ ഇഷ്ടപ്പെടുന്ന, നിസ്സ്വാർഥരായ ആളുകളോടൊപ്പം ജീവിക്കുന്നത് എത്ര രസമുള്ള അനുഭവമായിരിക്കും! ചുറ്റും അങ്ങനെയുള്ള ആളുകളുള്ളപ്പോൾ ജീവിതം വിരസമായി തോന്നുമോ?
പറുദീസയിൽ മറ്റെന്തിനുകൂടെ നമുക്ക് അവസരമുണ്ടായിരിക്കും? അവിടെ, നമ്മുടെ സ്രഷ്ടാവിനെക്കുറിച്ച് ഓരോ ദിവസവും പുതുതായി എന്തെങ്കിലുമൊക്കെ നമുക്ക് പഠിക്കാനുണ്ടാകും. പ്രകൃതിയിലെ എത്രയോ വിസ്മയങ്ങൾ ശാസ്ത്രലോകം പുറത്തുകൊണ്ടുവന്നിരിക്കുന്നു! (റോമർ 1:20) എന്നാൽ അതെല്ലാം യഹോവയുടെ സൃഷ്ടികളുടെ ഒരംശം മാത്രമേ ആകുന്നുള്ളൂ. ആയിരക്കണക്കിനു വർഷംമുമ്പ് ഇയ്യോബ് എന്ന ദൈവദാസൻ സൃഷ്ടിജാലത്തെക്കുറിച്ച് താൻ നേടിയ അറിവുകൾ അവലോകനം ചെയ്തിട്ട് പറഞ്ഞതിങ്ങനെയാണ്: “എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?” (ഇയ്യോബ് 26:14) ആ വാക്കുകൾ ഇന്നും സത്യമാണ്.
നാം എത്ര യുഗങ്ങൾ ജീവിച്ചാലും യഹോവയെക്കുറിച്ചും അവന്റെ കൈവേലയെക്കുറിച്ചും ഒരിക്കലും പഠിച്ചുതീരില്ല. നിത്യം ജീവിക്കാനുള്ള ആഗ്രഹം ദൈവം നമ്മുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നതായി ബൈബിൾ പറയുന്നു. “എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ” നമുക്കു കഴിയില്ലെന്നും തിരുവെഴുത്തു വ്യക്തമാക്കുന്നു. (സഭാപ്രസംഗി 3:10, 11) സ്രഷ്ടാവിനെക്കുറിച്ച് പുതിയപുതിയ കാര്യങ്ങൾ പഠിക്കാനുള്ളപ്പോൾ ജീവിതം വിരസമായി തോന്നുമോ?
മറ്റുള്ളവർക്കു പ്രയോജനം ചെയ്യുന്നതും സ്രഷ്ടാവിന് മഹത്വം കരേറ്റുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇപ്പോഴത്തെ ജീവിതംപോലും വിരസമായി തോന്നുന്നില്ല. അപ്പോൾ പറുദീസയിലെ ജീവിതമോ?
[22-ാം പേജിലെ ചിത്രം]
ഭൂമി: Image Science and Analysis Laboratory, NASA-Johnson Space Center; ഗാലക്സി: The Hubble Heritage Team (AURA/STScI/NASA)