യുവജനങ്ങൾ ചോദിക്കുന്നു
ബോറടിച്ചാൽ എന്തു ചെയ്യും?
പുറത്തു പോകാൻ പറ്റാതെ വെറുതെ വീട്ടിൽ ഇരിക്കേണ്ടിവരുന്ന അവസ്ഥ ചിലർക്ക് ആലോചിക്കാൻപോലും പറ്റില്ല. റോബർട്ട് പറയുന്നു: “അങ്ങനെയുള്ള സമയത്ത് എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ ചുമ്മാതിരിക്കും.”
നിങ്ങൾക്ക് എപ്പോഴെങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടോ? എങ്കിൽ ഈ ലേഖനം നിങ്ങൾക്കുള്ളതാണ്!
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
സാങ്കേതികവിദ്യക്കു പരിധികളുണ്ട്.
ഇന്റർനെറ്റിൽ നോക്കി സമയം കളയാൻ പറ്റുമെങ്കിലും അതു നിങ്ങളുടെ ഭാവനാശേഷി ഇല്ലാതാക്കും. നിങ്ങൾക്കു ബോറടി കൂടുകയേ ഉള്ളൂ. “വെറുതെ ഒരു സ്ക്രീനിൽ നോക്കിക്കൊണ്ടിരിക്കുകയാണെന്നു കുറച്ചു കഴിയുമ്പോൾ നിങ്ങൾക്കു മനസ്സിലാകും” എന്ന് 21 വയസ്സുള്ള ജെറെമി പറയുന്നു.
എലെന എന്ന യുവതിയും അതിനോടു യോജിക്കുന്നു. “സാങ്കേതികവിദ്യക്കു പരിധികളുണ്ട്. അതു നിങ്ങളെ വേറൊരു ലോകത്തേക്കു കൊണ്ടുപോകും. അതുകൊണ്ട് മൊബൈലോ ടാബോ താഴെ വെക്കുമ്പോൾ നിങ്ങൾക്കു നിങ്ങളുടെ ജീവിതം പരമബോറായി തോന്നും!”
മനോഭാവം മാറ്റിയാൽ ബോറടി കുറയ്‌ക്കാം.
ചെയ്യാൻ കുറെ കാര്യങ്ങളുണ്ടെന്നു കരുതി ബോറടി മാറുമോ? ഇല്ല. ചെയ്യുന്ന കാര്യത്തിൽ നിങ്ങൾക്ക് എത്രത്തോളം താത്പര്യമുണ്ട് എന്നതിനെ ആശ്രയിച്ചായിരിക്കും അത്. ഉദാഹരണത്തിന് കാരൻ എന്ന ചെറുപ്പക്കാരി സ്‌കൂൾ കാലത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “അന്നു കുറെ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നെങ്കിലും അതെല്ലാം ഭയങ്കര ബോറായിരുന്നു. നമ്മൾ ചെയ്യുന്ന കാര്യം ഇഷ്ടപ്പെട്ടാലേ ബോറടിക്കാതിരിക്കൂ.”
നിങ്ങൾക്ക് അറിയാമോ?
കഴിവുകൾ വളർത്താൻ പറ്റിയ വളക്കൂറുള്ള മണ്ണാണു നിങ്ങൾക്കുള്ള സമയം
“ചെയ്യാൻ ഒന്നുമില്ല” എന്നത് ഒരു ഒഴികഴിവല്ല, അവസരമാണ്; ഭാവനാശേഷിയും കഴിവുകളും വളർത്താനുള്ള അവസരം.
നിങ്ങൾക്കു ചെയ്യാനാകുന്നത്
പുതിയ കാര്യങ്ങൾ പരീക്ഷിക്കുക. പുതിയ കൂട്ടുകാരെ കണ്ടെത്താം, പുതിയ ഹോബി തുടങ്ങാം, പുതിയ കാര്യങ്ങളെക്കുറിച്ച് പഠിക്കാം. അങ്ങനെ പലതും ചെയ്യാം. പല കാര്യങ്ങളിൽ താത്പര്യമുള്ളവർക്ക് ഒറ്റയ്ക്കായിരിക്കുമ്പോഴും മറ്റുള്ളവരോടൊപ്പമായിരിക്കുമ്പോഴും ബോറടി തോന്നാനുള്ള സാധ്യത കുറവാണ്.
ബൈബിൾതത്ത്വം: “ചെയ്യുന്നതെല്ലാം നിന്റെ കഴിവ് മുഴുവൻ ഉപയോഗിച്ച് ചെയ്യുക.”—സഭാപ്രസംഗകൻ 9:10.
“ഈയിടയ്ക്കു ഞാൻ മാൻഡ്രിൻ ചൈനീസ് പഠിക്കാൻ തുടങ്ങി. ദിവസവും അതിനുവേണ്ടി സമയം മാറ്റിവെച്ചു. പണ്ടേ ഈ രീതിയിലായിരുന്നു പഠിക്കേണ്ടതെന്ന് എനിക്കു തോന്നിപ്പോയി. എന്തെങ്കിലും ഒരു പ്രോജക്ട് ചെയ്യാനുള്ളത് എനിക്ക് ഇഷ്ടമാണ്. അതു മനസ്സ് ഉണർവോടെ നിറുത്താനും സമയം നല്ല വിധത്തിൽ ഉപയോഗിക്കാനും എന്നെ സഹായിക്കും.”—മെലിൻഡ.
ലക്ഷ്യത്തിലേക്കു നോക്കുക. ഒരു കാര്യം ചെയ്യുന്നതിനു പിന്നിലെ ഉദ്ദേശ്യം മനസ്സിലായാൽ നിങ്ങൾക്ക് അതു കൂടുതൽ താത്പര്യത്തോടെ ചെയ്യാനാകും. ലക്ഷ്യം നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ സ്‌കൂൾ പഠനംപോലും അത്ര ബോറായി തോന്നില്ല.
ബൈബിൾതത്ത്വം: ‘അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുന്നതിനെക്കാൾ മെച്ചമായി മനുഷ്യന് ഒന്നുമില്ല.’—സഭാപ്രസംഗകൻ 2:24.
“പഠനകാലം അവസാനിക്കാറായപ്പോൾ ഞാൻ എല്ലാ ദിവസവും എട്ടു മണിക്കൂർ പഠിക്കുമായിരുന്നു. എന്നാലേ തീർക്കാൻ പറ്റുമായിരുന്നുള്ളൂ. പക്ഷേ എനിക്കു ബോറടിച്ചില്ല. കാരണം ബിരുദം നേടുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാൻ അത് എന്റെ മനസ്സിൽ അടുപ്പിച്ചുനിറുത്തി. അത് എനിക്കു പ്രചോദനം നൽകി.”—ഹന്ന.
ഉൾക്കൊള്ളാൻ പറ്റാത്തതും ഉൾക്കൊള്ളുക. എത്ര ആവേശകരമായ കാര്യമാണെങ്കിൽപ്പോലും അതിലും ചില രസമില്ലാത്ത കാര്യങ്ങൾ കണ്ടേക്കാം. ഉദാഹരണത്തിന്, കൂട്ടുകാരുമായി ഒന്നിച്ചിട്ട ഒരു പ്ലാനിൽനിന്ന് അവർ പെട്ടെന്നു പിന്മാറിയാലോ? പിന്നീടു നിങ്ങൾക്കൊന്നും ചെയ്യാനും പറ്റുന്നില്ല. അപ്പോൾ എന്തു തോന്നും? സാഹചര്യത്തെ പഴിക്കുകയോ നിഷേധചിന്തകളിൽ മുഴുകുകയോ ചെയ്യാതെ പോസിറ്റീവായി ചിന്തിക്കുക.
ബൈബിൾതത്ത്വം: “എന്നാൽ ഹൃദയത്തിൽ സന്തോഷമുള്ളവന് എന്നും വിരുന്ന്.”—സുഭാഷിതങ്ങൾ 15:15.
“ഒറ്റയ്ക്കിരിക്കുന്ന സമയം രസകരമാക്കാൻ എന്നോട് ഒരു കൂട്ടുകാരി പറഞ്ഞു. മറ്റുള്ളവരോടൊപ്പമായിരിക്കാൻ കഴിയുന്നതുപോലെതന്നെ നമുക്ക് ഒറ്റയ്ക്കിരിക്കാനും കഴിയണമെന്നും അത് എല്ലാവരും പഠിച്ചെടുക്കേണ്ട ഒന്നുതന്നെയാണെന്നും അവൾ പറഞ്ഞു.”—ഐവി.