വിരസതയ്ക്ക് ഒരു എളുപ്പ പരിഹാരമോ?
വിരസത അനുഭവിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കു വിനോദിക്കാൻ അന്തമില്ലാത്ത അനേകം സംഗതികൾ പ്രദാനം ചെയ്യുന്നത് ഇപ്പോഴൊരു വൻ ബിസിനസ്സാണ്. അത്യുല്ലാസകരമായ അവധിക്കാലങ്ങൾ, സങ്കീർണമായ ഇലക്ട്രോണിക് ഉത്പന്നങ്ങൾ, വിപുലമായ ഹോബികൾ തുടങ്ങിയവയെല്ലാം ഉപഭോക്താക്കളുടെ സമയം കൊല്ലാൻ സഹായിക്കുന്നു. എന്നിട്ടും, വിരസത ഇപ്പോഴും വലിയൊരു പ്രശ്നം തന്നെയാണ്. അവധിയിലായിരിക്കുമ്പോൾ പോലും വിരസമായി അവധിസമയം ചെലവഴിക്കുന്നവരെ സന്തുഷ്ടരാക്കാൻ പ്രേരകഘടകങ്ങൾ ആവശ്യമാണ്. ഒപ്പം കൊണ്ടുനടക്കാവുന്ന റേഡിയോ ഇല്ലാത്തപക്ഷം ജോഗിങ് ചെയ്യുന്ന തീക്ഷ്ണതയുള്ള പലർക്കും എന്തോ നഷ്ടപ്പെടുന്നുവെന്ന തോന്നലാണുള്ളത്.
ടെലിവിഷൻ പോലുള്ള വിനോദോപാധികൾ ആശ്ചര്യാവേശം ഉളവാക്കി വിരസത അകററുന്നു എന്ന കാര്യത്തിൽ തെല്ലും സംശയമില്ല, എന്നാൽ എത്ര നേരത്തേക്ക്? ചിലരെ സംബന്ധിച്ചിടത്തോളം ശീലമായി മാറുന്ന മയക്കുമരുന്നുപോലെയാണത്. അടുത്ത തവണ കൂടുതൽ ഉത്തേജനവും കൂടുതൽ ആശ്ചര്യാവേശവും വേണ്ടിയിരിക്കുന്നു—അല്ലാത്തപക്ഷം ഇതെല്ലാം ഞാൻ കണ്ടുകഴിഞ്ഞതാണ് എന്ന മടുപ്പൻ തോന്നലായിരിക്കും വീണ്ടുമുണ്ടാകുക. പരിഹാരമായിരിക്കുന്നതിനു പകരം അത്തരം വിനോദം വിരസതയ്ക്കു കാരണമായിത്തീരുന്ന ഘടകങ്ങളിൽ ഒന്നായിത്തീരാം.
ടിവി, അതിൽത്തന്നെ, വിരസത ഉളവാക്കുന്നില്ല, എന്നാൽ അമിതമായി ടെലിവിഷൻ കാണുന്നതു വിരസത മാററുകയുമില്ല. അതിലും മോശമായി, നിങ്ങൾ ടിവിയോട് എത്രയധികം ‘ബന്ധത്തിലാകുന്നുവോ’ അത്രയധികം നിങ്ങൾ യാഥാർഥ്യത്തിൽനിന്നു വിച്ഛേദിക്കപ്പെടും. കുട്ടികളുടെ കാര്യത്തിലാണെങ്കിൽ അതു കൂടെക്കൂടെ സംഭവിക്കുന്നു. ഒരു പഠനത്തിൽ, ടിവി ഉപേക്ഷിക്കാനാണോ പിതാവിനെ ഉപേക്ഷിക്കാനാണോ ഇഷ്ടപ്പെടുന്നത് എന്നു ചോദിച്ചപ്പോൾ നാലും അഞ്ചും വയസ്സ് പ്രായമുള്ള കുട്ടികളിൽ മൂന്നിലൊന്നു പേർ ഡാഡിയില്ലാത്ത ജീവിതം കൂടുതൽ സഹനീയമായിരിക്കുമെന്നു തീരുമാനിച്ചത്രേ!
ഏതൊരാഗ്രഹത്തെയും തൃപ്തിപ്പെടുത്തുന്നതു പരിഹാരമായിരിക്കുന്നില്ല. ഇപ്പോൾ അനേകം യുവജനങ്ങളും “വളർത്തപ്പെടുന്നത് എല്ലാത്തരം കളിപ്പാട്ടങ്ങളും എല്ലാത്തരം അവധിക്കാലവും എല്ലാത്തരം പുതിയ ഫാഷനുകളുമുള്ള ഭൗതിക സമൃദ്ധിയുടെ ഒരു കാലഘട്ടത്തിലാണ്” എന്ന് ജർമൻ പാർലമെൻറിലെ ഒരു സോഷ്യൽ ഡെമോക്രാററിക് ഡെപ്യൂട്ടി അഭിപ്രായപ്പെട്ടു. അവർക്ക് ഇപ്പോഴും ആവേശം കൊള്ളാൻ പുതിയ എന്തെങ്കിലുമുണ്ടോ? ഏററവും പുതിയ യന്ത്രക്കളിക്കോപ്പുകൾ കുട്ടികൾക്കു ധാരാളമായി കൊടുക്കുന്ന സത്പ്രകൃതരായ മാതാപിതാക്കൾ യഥാർഥത്തിൽ വിട്ടുമാറാത്ത വിരസത ബാധിച്ച പ്രായപൂർത്തിയായ അവസ്ഥയ്ക്കു വഴി പാകുകയാണ്.
വിരസതയുടെ അടിസ്ഥാന കാരണങ്ങൾ
വിരസതയിൽനിന്നു പൂർണമായും മുക്തിനേടുക എന്നത് അവാസ്തവികമായ ഒരു ലാക്കാണ്. ഈ ലോകജീവിതം ഒരിക്കലും അനവരതമായ ആശ്ചര്യവും സന്തുഷ്ടിയുമുള്ള ഒന്നായിരിക്കില്ല. അത്തരം അവാസ്തവികമായ പ്രതീക്ഷ അനാവശ്യമായ അതൃപ്തി ഉളവാക്കാൻ സാധ്യതയുണ്ട്. അതേസമയം, കാര്യങ്ങളെ കുഴപ്പത്തിലാക്കുന്ന സുനിശ്ചിത ഘടകങ്ങളുമുണ്ട്.
ഉദാഹരണത്തിന്, ഇന്നു കൂടുതൽക്കൂടുതൽ കുടുംബങ്ങൾ തകർന്നുകൊണ്ടിരിക്കുകയാണ്. കുട്ടികളോടൊത്തു മേലാൽ വേണ്ടത്ര സമയം ചെലവഴിക്കാൻ കഴിയാത്തവിധം മമ്മിയും ഡാഡിയും സ്വന്തം വിനോദത്തിൽ ആമഗ്നരായിരിക്കുകയാണോ? ഡിസ്കോ ശാലകളിലും വീഡിയോ പാർലറുകളിലും ഷോപ്പിങ് സെൻററുകളിലും അതുപോലുള്ള സ്ഥലങ്ങളിലും തങ്ങളുടെ സ്വന്തം വിനോദരൂപങ്ങൾക്കു വേണ്ടി കൗമാരപ്രായക്കാർ പരതുന്നതിൽ അതിശയിക്കാനില്ല. തത്ഫലമായി, ഒട്ടനവധി കുടുംബങ്ങളിലും കുടുംബയാത്രകളും എല്ലാവരും ചേർന്നുള്ള പ്രവർത്തനങ്ങളും ഗതകാലകാര്യങ്ങളായി മാറിയിരിക്കുന്നു.
ഇനിയും, ഏതൊരാളെയും വിസ്മരിച്ചു തങ്ങളുടെ സ്വന്തം കാര്യം ചെയ്തുകൊണ്ടു ബോധപൂർവമല്ലാതെതന്നെ തങ്ങളിലേക്ക് ഒതുങ്ങിക്കൂടാൻ ഇടയാകത്തക്കവണ്ണം പലരും തങ്ങളുടെ മുഷിപ്പൻ ജീവിതത്തോട് അതൃപ്തിയുള്ളവരാണ്. തങ്ങളെത്തന്നെ കൂടുതൽക്കൂടുതൽ ഒററപ്പെടുത്തവേ ആത്മാവബോധം എന്നു പറയുന്ന സംഗതി നേടിയെടുക്കുകയെന്ന വ്യർഥമായ പ്രതീക്ഷ അവർ താലോലിക്കുന്നു. എന്നാൽ അതു കേവലം അങ്ങനെ പരിണമിക്കുന്നില്ല. എന്തിന്, പരസഹായം കൂടാതെ ആർക്കും ജീവിക്കാനാവില്ല. നമുക്കു സഖിത്വവും ആശയവിനിമയവും ആവശ്യമാണ്. അതുകൊണ്ട്, സ്വയം ഒററപ്പെടുത്തുന്ന സ്വതന്ത്രഗതിക്കാർ വിരസത വ്യാപിപ്പിക്കുമെന്നുള്ളതിനു സംശയമില്ല, അവർ അറിയാതെതന്നെ തങ്ങളുടെയും തങ്ങൾക്കു ചുററുമുള്ളവരുടെയും ജീവിതത്തെ മുഷിപ്പനാക്കിത്തീർക്കുകയാണു ചെയ്യുന്നത്.
എന്നിരുന്നാലും, 17-ാം നൂററാണ്ടിലെ ഫ്രഞ്ച് തത്ത്വചിന്തകനായ ബെയ്ള്സ് പാസ്ക്കൽ കൃത്യമായി അഭിപ്രായപ്പെട്ടതുപോലെ ഏറെക്കുറെ ആഴമേറിയ പ്രശ്നമാണിത്: “മടുപ്പ് [ഉയർന്നുവരുന്നത്] ഹൃദയത്തിന്റെ ആഴങ്ങളിൽനിന്നാണ്, അതിന്റെ സ്വാഭാവിക വേരുകളുള്ള അവിടെനിന്ന് അതു മനസ്സിനെ അതിന്റെ വിഷംകൊണ്ടു [നിറയ്ക്കുന്നു].” എത്രയോ സത്യം!
ജീവിതത്തിന്റെ യഥാർഥ അർഥം സംബന്ധിച്ചുള്ള അസ്വസ്ഥമാക്കുന്ന സംശയങ്ങളാൽ ഹൃദയം നിറഞ്ഞിരിക്കുന്നിടത്തോളം കാലം വിരസത തുടർന്നും ഉണ്ടാകുമെന്നുള്ളതിനു രണ്ടു പക്ഷമില്ല. ഒരുവന്റെ വ്യക്തിഗത ജീവിതത്തിന് അർഥമുണ്ടെന്നുള്ള ഹൃദയംഗമമായ ബോധ്യമാണ് ആവശ്യമായിരിക്കുന്നത്. എന്നാൽ, താൻ സ്ഥിതിചെയ്യുന്നതിന്റെ കാരണമറിയാതെ, ലക്ഷ്യങ്ങളില്ലാതെ, ഭാവിയെക്കുറിച്ച് അടിസ്ഥാനമുള്ള പ്രതീക്ഷകളില്ലാതെ, എങ്ങനെയാണ് ഒരുവനു ക്രിയാത്മക വീക്ഷണത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാനാകുക?
ആത്യന്തികമായ ചോദ്യം ഉദിക്കുന്നത് അവിടെയാണ്: എന്താണ് ജീവിതത്തിന്റെ അർഥം? ഞാനിവിടെ വന്നിരിക്കുന്നത് എന്തിനാണ്? ഞാൻ എവിടേക്കാണു പോകുന്നത്? “ഒരുവന്റെ ജീവിതത്തിൽ അർഥം കണ്ടെത്താനുള്ള പരിശ്രമമാണു മനുഷ്യനിലെ അടിസ്ഥാന പ്രേരകശക്തി,” ഡോ. വിക്ടർ ഫ്രാങ്കൽ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, അത്തരമൊരു അർഥം എവിടെ കണ്ടെത്താനാകും? ഈ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം എവിടെ കിട്ടും?
വിരസത കുറയ്ക്കുകയോ—എങ്ങനെ?
ഏററവും പഴക്കമുള്ള പുസ്തകം ആത്യന്തികമായ അത്തരം ചോദ്യങ്ങൾ സംബന്ധിച്ച് ഉദ്ബോധനം നൽകുന്നു. 19-ാം നൂററാണ്ടിലെ ഒരു ജർമൻ കവിയായ ഹൈൻട്രിക്ക് ഹൈൻ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ പ്രബുദ്ധതക്ക് ഒരു പുസ്തകത്തിന്റെ വായനയോടു കടപ്പെട്ടിരിക്കുന്നു.” ഏതു പുസ്തകം? ബൈബിൾ. അതുപോലെതന്നെ ചാൾസ് ഡിക്കൻസ് ഇപ്രകാരം പറഞ്ഞു: “ലോകത്തിൽ എക്കാലത്തും ഉണ്ടായിരുന്നിട്ടുള്ളതും ഉണ്ടാകാനിരിക്കുന്നതുമായ പുസ്തകങ്ങളിൽ വെച്ച് ഉത്തമമായ ഗ്രന്ഥമാണത്, കാരണം ഏതു മനുഷ്യജീവിക്കും . . . സാധ്യതയനുസരിച്ച്, വഴിനടത്തപ്പെടാൻ കഴിയുന്ന ഏററവും നല്ല പാഠങ്ങൾ അതു പഠിപ്പിക്കുന്നു.”
ഒരു സംശയവുമില്ല, അർഥപൂർണമായ ജീവിതത്തിലേക്കുള്ള ഒരു സുനിശ്ചിത വഴികാട്ടിയാണു ബൈബിൾ. തുടക്കംമുതൽ ഒടുക്കംവരെ, അത് ഒരു കാര്യം വ്യക്തമാക്കിത്തരുന്നു, മനുഷ്യനു ചെയ്യാൻ ദൈവം ജോലി നൽകിയെന്ന കാര്യം. മനുഷ്യൻ ഭൂമിയെ പരിപാലിക്കുകയും അതിനെ മനോഹരമാക്കുകയും മൃഗജാലത്തിൻമേൽ സ്നേഹപുരസ്സരമായ മേൽനോട്ടം വഹിക്കുകയും സർവോപരി, സ്രഷ്ടാവായ യഹോവയെ സ്തുതിക്കുകയും ചെയ്യണമായിരുന്നു. അതൊരു വലിയ വേലതന്നെയാണ്, വിരസതയ്ക്ക് ഇടമില്ലാത്ത ഒന്നുതന്നെ! സ്വയം ദൈവത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചുകൊണ്ട്, പൂർണമായി അർപ്പിതനുമായിരുന്നുകൊണ്ട്, വിവാദവിഷയത്തിൽ ദൈവത്തിന്റെ പക്ഷത്തെ പിന്താങ്ങുന്നതു തീർച്ചയായും ജീവിതത്തിന് അർഥം പകരുന്നതായും വിരസത ഇല്ലാതാക്കുന്നതായും ലക്ഷക്കണക്കിനു സജീവ ക്രിസ്ത്യാനികൾ കണ്ടെത്തിയിരിക്കുന്നു.
വ്യാപകമായ വിരസത ഒരു ആധുനിക പ്രതിഭാസമായിരിക്കാം—പുരാതനകാലത്തെ ഒട്ടുമിക്ക ഭാഷകളിലും അതിനായി ഒരു പദമുള്ളതായി തോന്നുന്നില്ല. എന്നിരുന്നാലും, ബൈബിൾ ജീവിതത്തിന്റെ അർഥം നമുക്കു കാട്ടിത്തരുന്നു, മാത്രമല്ല വിരസതയോടു പൊരുതുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ അതിൽ അടങ്ങിയിട്ടുമുണ്ട്. ഉദാഹരണത്തിന്, ‘കൂട്ടംവിട്ടു നടക്കുന്നവൻ സകലജ്ഞാനത്തോടും കയർക്കുന്നു’ എന്ന് അതു പ്രസ്താവിക്കുന്നു. (സദൃശവാക്യങ്ങൾ 18:1) മററു വാക്കുകളിൽ പറഞ്ഞാൽ, ഒരു തോടിനുള്ളിലേക്ക് വലിയരുത്!
സംസർഗപ്രിയം മനുഷ്യസഹജമാണ്. മററാളുകളുമായി അവനു ബന്ധം പുലർത്തേണ്ടതുണ്ട്, ജൻമനാതന്നെ സഖിത്വത്തിനായുള്ള ഒരാവശ്യം അവനുണ്ട്. മററാളുകളുമായി ഇടപഴകാനുള്ള ഈ സ്വാഭാവിക ആഗ്രഹത്തെ അടിച്ചമർത്തുന്നത്—കേവലം ഒരു കാഴ്ചക്കാരൻ, ഒരു ഏകാന്തൻ ആയിരിക്കുന്നത്—ബുദ്ധിയായിരിക്കില്ല. അതുപോലെതന്നെ, നമ്മുടെ വ്യക്തിബന്ധങ്ങളെ കേവലം ഉപരിപ്ലവമായ ബന്ധങ്ങളായി പരിമിതപ്പെടുത്തുന്നതു സകല പ്രായോഗിക ജ്ഞാനത്തെയും അവഗണിക്കുന്നതിനു തുല്യമായിരിക്കും.
തീർച്ചയായും, നിർവികാരമായിരുന്നു സിനിമകൾ കാണുന്നതോ കമ്പ്യൂട്ടറിലൂടെ മാത്രം നമ്മുടെ ആശയവിനിമയത്തെ ചുരുക്കുന്നതോ ഏറെ എളുപ്പമാണ്. മററാളുകളുമായി പൊരുത്തപ്പെട്ടുപോകുന്നതു തികച്ചും ഒരു വെല്ലുവിളിതന്നെയാണ്. എന്നിരുന്നാലും, സംസാരിക്കുന്നതിനു മൂല്യമുള്ള എന്തെങ്കിലും ഉണ്ടായിരിക്കുന്നതും മററുള്ളവരുമായി ചിന്തകളും വികാരങ്ങളും പങ്കുവയ്ക്കുന്നതും പ്രതിഫലദായകമാണ്, മാത്രമല്ല അപ്പോൾ വിരസതയ്ക്ക് ഇടമുണ്ടായിരിക്കുകയുമില്ല.—പ്രവൃത്തികൾ 20:35.
മനുഷ്യപ്രകൃതത്തിന്റെ ഒരു സൂക്ഷ്മ നിരീക്ഷകനായിരുന്ന ശലോമോൻ ശക്തമായ ഈ ശുപാർശ നടത്തി: “മോഹത്തെ കയറൂരി വിടുന്നതിനെക്കാൾ നിങ്ങളുടെ കണ്ണുകൾക്കു മുമ്പിലുള്ളതുകൊണ്ടു തൃപ്തരായിരിക്കുന്നത് ഏറെ നല്ലത്.” (സഭാപ്രസംഗി 6:9, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) മററു വാക്കുകളിൽ പറഞ്ഞാൽ, നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങളെ ഏററവും നന്നായി പ്രയോജനപ്പെടുത്തുക. നിങ്ങൾ ഇപ്പോൾ കാണുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. യാഥാർഥ്യത്തിൽനിന്നു രക്ഷപെടാൻ മനഃപൂർവം കാംക്ഷിക്കുന്നതിനെക്കാൾ അല്ലെങ്കിൽ ശലോമോൻ പറഞ്ഞതുപോലെ ‘മോഹത്തെ കയറൂരി വിടുന്ന’തിനെക്കാൾ വളരെയേറെ നല്ലതാണത്.
നന്നായി ആസൂത്രണം ചെയ്ത ദിവസങ്ങൾ, സുനിശ്ചിത ലാക്കുകൾ, തുടർന്നു പഠിച്ചുകൊണ്ടേയിരിക്കാനുള്ള ആത്മാർഥമായ ഒരാഗ്രഹം, ഇവയെല്ലാം വിരസതയെ ജയിച്ചടക്കാൻ നിങ്ങളെ സഹായിക്കും. എന്തിന്, ജോലിയിൽനിന്നു വിരമിച്ചതിനുശേഷം പോലും ഒരു വ്യക്തിക്ക് അനേകം കാര്യങ്ങൾ നേടാൻ കഴിയും. ബാലിയറിക് ദ്വീപുകളിലുള്ള ഒരു യഹോവയുടെ സാക്ഷി, തന്റെ 70-കളുടെ പ്രാരംഭത്തിൽ ജോലിയിൽനിന്നു വിരമിച്ച ഒരു മനുഷ്യൻ, ഇപ്പോൾ ഉത്സാഹത്തോടെ ജർമൻഭാഷ പഠിക്കുകയാണ്. അദ്ദേഹത്തിന്റെ ലക്ഷ്യമോ? ജർമനിയിൽനിന്നു വരുന്ന, വിരസത അനുഭവിക്കുന്ന, അനേകരോടു ദൈവവചനത്തെക്കുറിച്ചു സംസാരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. തീർച്ചയായും, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിരസത എന്നതൊരു പ്രശ്നമേയല്ല!
ഒടുവിൽ, നിങ്ങളുടെ കൈകൾകൊണ്ട് എന്തെങ്കിലും ചെയ്യുന്നതു സംബന്ധിച്ചെന്ത്? ഏതെങ്കിലും കൈത്തൊഴിലിലോ പെയിൻറിങ്ങിലോ സംഗീതോപകരണം വായിക്കുന്നതിലോ എന്തുകൊണ്ട് കഴിവുകൾ ആർജിച്ചുകൂടാ? നേട്ടം കൈവരിച്ചുവെന്ന ബോധമുള്ളപ്പോൾ ആത്മാഭിമാനം വളരുന്നു. അരയും തലയും മുറുക്കി നിങ്ങളുടെ കുടുംബകാര്യങ്ങളിൽ സഹായിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ? ഏതു വീട്ടിലാണെങ്കിലും സാധാരണമായി ചെയ്തുതീർക്കേണ്ട ആവശ്യമുള്ള വളരെയധികം ചെറിയ ചെറിയ കാര്യങ്ങളുണ്ട്. നിങ്ങളുടെ വിരസമായ ജീവിതത്തെക്കുറിച്ചു വേവലാതിപ്പെടുന്നതിനു പകരം സ്വയം ലഭ്യമാക്കുക, വീട്ടിൽ അർഥവത്തായ ജോലി ചെയ്യുക, ഏതെങ്കിലും തൊഴിലിൽ വൈദഗ്ധ്യം നേടുക. നിശ്ചയമായും, നിങ്ങൾക്കു പ്രതിഫലം കിട്ടാതിരിക്കയില്ല.—സദൃശവാക്യങ്ങൾ 22:29.
മാത്രമല്ല, നാം ഏറെറടുക്കുന്ന ഏതു ജോലിയിലും മുഴുദേഹിയോടെ പ്രവർത്തിക്കാൻ ബൈബിൾ നമ്മെ ബുദ്ധ്യുപദേശിക്കുന്നു. (കൊലൊസ്സ്യർ 3:23) നാം ചെയ്യുന്ന കാര്യത്തിൽ ആമഗ്നരായിരിക്കുക, അതിൽ യഥാർഥ താത്പര്യമുണ്ടായിരിക്കുക എന്നാണ് തീർച്ചയായും അതിന്റെ അർഥം. “താത്പര്യമുണ്ടായിരിക്കുക” എന്നതിന്റെ ഇംഗ്ലീഷ് പദം (“interest”) ഇന്റെറസ്സെ എന്ന ലാററിൻ പദത്തിൽനിന്നു വരുന്നു എന്ന കാര്യം ഓർത്തിരിക്കുന്നതു നല്ലതാണ്, അതിന്റെ അക്ഷരാർഥം “ഇടയിൽ അഥവാ ഇടയ്ക്ക് ആയിരിക്കുക” എന്നാണ്. മററു വാക്കുകളിൽ പറഞ്ഞാൽ, ചെയ്തുകൊണ്ടിരിക്കുന്ന വേലയിൽ മുഴുകിയിരിക്കുക എന്നർഥം. അത് ആ ജോലി താത്പര്യമുള്ളതാക്കിത്തീർക്കും.
അനേകം വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട ഈ നല്ല ബുദ്ധ്യുപദേശമെല്ലാം ബാധകമാക്കുകയാണെങ്കിൽ ഒഴിവുസമയത്തു വിഷാദം അനുഭവിക്കുന്നവരിൽ കാര്യമായ വ്യത്യാസം ഉളവാക്കാൻ കഴിയും. അതുകൊണ്ട്, നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ മുഴുകിയിരിക്കുക. മററാളുകളുമായി ഇടപഴകുക. മററുള്ളവർക്കു വേണ്ടി പല കാര്യങ്ങളും ചെയ്യുക. തുടർന്നു പഠിച്ചുകൊണ്ടേയിരിക്കുക. മററുള്ളവരോടു സ്വതന്ത്രമായി ആശയവിനിയമം നടത്തുക. യഥാർഥ ജീവിതോദ്ദേശ്യം കണ്ടെത്തുക. ഇതെല്ലാം ചെയ്താൽ, ‘ജീവിതം എന്തുകൊണ്ട് ഇത്ര വിരസമായിരിക്കുന്നു?’ എന്ന് നിങ്ങൾ നെടുവീർപ്പിടുകയില്ല.
[7-ാം പേജിലെ ചതുരം]
വിരസതയെ തരണം ചെയ്യുന്ന വിധം
1. റെഡിമെയ്ഡ് വിനോദോപാധികളാൽ നിങ്ങളുടെ വ്യക്തിപരമായ അഭിരുചി വികലമാകാൻ അനുവദിക്കരുത്. വിനോദ-വിഹാരങ്ങൾ വിവേകപൂർവം തിരഞ്ഞെടുക്കുക.
2. ആളുകളുമായി ഇടപഴകുക.
3. തുടർന്നു പഠിക്കുക. വ്യക്തിഗത ലാക്കുകൾ ഉണ്ടായിരിക്കുക.
4. സർഗാത്മകരായിരിക്കുക. നിങ്ങളുടെ കൈകൾകൊണ്ട് എന്തെങ്കിലും ചെയ്യുക.
5. ജീവിതത്തിൽ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കുക. ദൈവത്തെ പരിഗണിക്കുക.