നിങ്ങളുടെ ജീവിതം വിരസമോ? നിങ്ങൾക്കതു മാററിയെടുക്കാൻ കഴിയും!
സ്പെയിനിലെ ഉണരുക! ലേഖകൻ
മാർഗരററും ബ്രയനും 50-കളുടെ പകുതിയിലായിരുന്നപ്പോഴാണ് അവർക്കൊരു സുവർണാവസരം വീണുകിട്ടിയത്: നല്ലൊരു പെൻഷനോടെ നേരത്തെതന്നെ ജോലിയിൽനിന്നു വിരമിക്കാം. മെഡിറററേനിയൻ പ്രദേശത്തെ സൂര്യപ്രകാശവും കടൽത്തീരങ്ങളും തേടി തെക്കോട്ടു പോകാൻ അവർ തീരുമാനിച്ചത് അപ്പോഴായിരുന്നു. വിചാരപ്പെടാനൊന്നുമില്ല, ഉത്കണ്ഠപ്പെടാനും—കടലോരത്ത് സ്വിസ്സ് മാതൃകയിൽ നിർമിച്ച ഭവനത്തിൽ അല്ലലില്ലാത്ത ജീവിതം അവരെ കാത്തിരുന്നു.
രണ്ടു വർഷം കഴിഞ്ഞപ്പോൾ, അവരുടെ സ്വപ്നം പ്രതീക്ഷിച്ചതുപോലെ പൂവണിഞ്ഞില്ല. ബ്രയൻ വിശദീകരിച്ചു: “അതെല്ലാം അർഥശൂന്യമെന്നു തോന്നി—ദിവസങ്ങൾ ഓരോന്നു പിന്നിടുമ്പോഴും യാതൊന്നും ചെയ്യാനില്ലായിരുന്നു. തീർച്ചയായും, ഞാൻ നീന്താറുണ്ടായിരുന്നു, അൽപ്പനേരം ഗോൾഫുകളിയിലോ ടെന്നീസ് കളിയിലോ ഏർപ്പെടുമായിരുന്നു, മാത്രമല്ല കേട്ടിരിക്കുന്ന ആരോടും വാതോരാതെ സംസാരിക്കുകയും ചെയ്യുമായിരുന്നു. എന്തിനെക്കുറിച്ച്? സാധാരണ കാര്യങ്ങളെക്കുറിച്ച്.”
20-കളുടെ ആരംഭത്തിലെത്തിയ ഒരു അമ്മയാണു ഗീസെലാ, അവൾക്കു സുന്ദരിയായ ഒരു കൊച്ചുപെൺകുട്ടിയുണ്ട്. ഉച്ചതിരിഞ്ഞ് പതിവുപോലെ അമ്മയും മകളും പാർക്കിലേക്കു പോകുന്നു, കുട്ടി അവിടെ ആഹ്ലാദത്തോടെ മണൽക്കൂനകളും മണൽക്കൊട്ടാരങ്ങളും ഉണ്ടാക്കി മണലിൽ കളിക്കുന്നതിൽ മുഴുകിയിരിക്കുകയാണ്. അതേസമയം, അവളുടെ അമ്മ തന്റെ പിഞ്ചോമനയെ നോക്കിക്കൊണ്ട് അടുത്തുള്ള ഒരു പാർക്ക് ബെഞ്ചിൽ ഇരിക്കുകയാണ്. അതോ അവൾ വാസ്തവത്തിൽ തന്റെ കുട്ടിയെ നോക്കുന്നുണ്ടോ? അവൾ അവിടെയിരുന്ന് അതീവതാത്പര്യത്തോടെ തന്റെ കൊച്ചു റേഡിയോ കേൾക്കുകയാണ്. അവർ ഊതിവിടുന്ന സിഗരററുപുക കൊച്ചുകുട്ടിയെ അവളുടെ കാഴ്ചയിൽനിന്നു മറയ്ക്കുന്നു. താനനുഭവിക്കുന്ന വിരസത നിമിത്തം അവൾ കരയുകയാണ്.
17 വയസ്സുള്ള ഒരു ഹൈസ്കൂൾ വിദ്യാർഥിയാണ് പീററർ. തന്റെ മുറിയിലിരിക്കുന്ന അവനു ചുററും ഏററവും പുതിയ ഇലക്ട്രോണിക് ഉത്പന്നങ്ങളുണ്ട്. അവൻ തന്റെ വീഡിയോ ഗെയിമുകളിലൊന്ന് ഓൺ ചെയ്യുന്നു, എന്നാൽ അത് തനിക്ക് അൽപ്പംപോലും രസം പകരുന്നില്ലെന്ന് അവൻ മനസ്സിലാക്കുന്നു. ഇതിനോടകംതന്നെ നൂറുകണക്കിനു തവണ അവനതു കണ്ടുകഴിഞ്ഞിരിക്കുന്നു, ആ യന്ത്രത്തെ എങ്ങനെ തോൽപ്പിക്കാമെന്നും അവനിപ്പോഴറിയാം. അവന് ഏതെങ്കിലും സംഗീതം കേൾക്കണമെങ്കിലോ? ഇതിനോടകംതന്നെ ഡസ്സൻ കണക്കിനു തവണ കേൾക്കാത്ത ഒരു പാട്ടും അവന്റെ പക്കലില്ല. അങ്ങേയററം വിരസത തോന്നിയ അവൻ ഇങ്ങനെ വിലപിക്കുന്നു: “എന്തു ചെയ്യണമെന്ന് എനിക്കറിയില്ല.”
നിങ്ങൾ സമയം കൊല്ലുകയാണോ?
തീർച്ചയായും, എല്ലാവരുടെയും ദിവസങ്ങൾ വിരസവും നിറംമങ്ങിയതുമല്ല. സന്തുഷ്ടവും അർഥപൂർണവുമായ ജീവിതം നയിക്കുന്ന പലരും ഇപ്പോഴുമുണ്ട്, പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടും തങ്ങളുടെ സർഗാത്മക വാസനകളെ തൃപ്തിപ്പെടുത്തിക്കൊണ്ടും സർവോപരി, മററാളുകളുമായി നല്ല ബന്ധങ്ങൾ വളർത്തിയെടുത്തുകൊണ്ടും അതിലുമേറെ പ്രധാനമായി, ദൈവവുമായി നല്ലൊരു ബന്ധം വളർത്തിയെടുത്തുകൊണ്ടും അവർ സംതൃപ്തി കണ്ടെത്തുന്നു.
എന്നിരുന്നാലും, വിരസത ഏതു ജീവിതത്തുറയിലുള്ളവരെയും പിടികൂടുന്നു—അടുത്ത കാലത്തെ ഒരു സർവേ അനുസരിച്ച്, മൂന്നിലൊന്ന് ജർമൻകാർ വിരസത അനുഭവിക്കുന്നുണ്ടത്രേ. പട്ടണപ്രദേശത്തെ പ്രസിദ്ധ വിനോദസ്ഥലങ്ങളിലേക്കു സ്വസ്ഥതയില്ലാതെ കൂടെക്കൂടെ പോകുന്ന, ധാരാളം പണമുണ്ടാക്കുന്ന, ഇടത്തരക്കാർ; ഉച്ചത്തിലുള്ള സംഗീതം കേട്ടും വിലകുറഞ്ഞ ബിയർ കുടിച്ചും സമയം കൊല്ലുന്ന തൊഴിൽരഹിത യുവാക്കൾ; ടെലിവിഷൻ കണ്ട് വാരാന്തം മുഴുവൻ പാഴാക്കുന്ന നീലക്കോളർ ജോലിക്കാരായ മധ്യവയസ്കർ; ഓഫീസ് വിടുമ്പോൾ ആത്മവിശ്വാസം കാററിൽപ്പറക്കുന്ന എക്സിക്യൂട്ടീവുകൾ—ഇവരെല്ലാവരും പൊതുവായ ഒരു പ്രശ്നത്തിൽനിന്നു ദുരിതമനുഭവിക്കുന്നു: വിരസത.
പുരാതനകാലത്തെ തത്ത്വചിന്തകൻമാർ അതിനെ വിളിച്ചത് റൈറഡിയൂം വിറൈറ (ജീവിതത്തോടുള്ള മടുപ്പിനെ സൂചിപ്പിക്കുന്ന ലാററിൻ പദം) എന്നാണ്. ജർമൻ ഭാഷയിൽ അത് ലാങ്കവൈല (ദീർഘ സമയം) ആണ്. ഇഴഞ്ഞുനീങ്ങുന്ന സമയം, അർഥശൂന്യമെന്നു തോന്നുന്ന ജോലി, “ഇതിൽനിന്നെല്ലാം ഒന്നു രക്ഷപെടാനുള്ള” അഭിവാഞ്ഛ; ഇവയെല്ലാം വിരസതയുടെ സർവസാധാരണമായ ലക്ഷണങ്ങളാണ്.
സമ്പന്നർക്കുപോലും അതിൽനിന്നു രക്ഷയില്ല. വാരിക്കോരി ചെലവഴിക്കുന്നവരുടെ ധാരാളിത്ത ജീവിതരീതിയെക്കുറിച്ചു വിവരിച്ചശേഷം, ടൈം മാഗസിന്റെ റോജർ റോസൻബ്ലാററ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “വലിയ വീടും പൂന്തോട്ടവും മൃഗങ്ങളും സമ്പാദിച്ചശേഷം, വലിയ പാർട്ടികളിൽ പങ്കെടുക്കുകയും വമ്പൻമാരെ പരിചയപ്പെടുകയും ചെയ്തശേഷം, ലോകത്തിൽ വാരിക്കോരി ചെലവഴിക്കുന്നവർ എന്താണു പറയാറുള്ളത്? അവർക്കു തോന്നുന്നതു വിരസതയാണെന്ന്. വിരസത.”
കൂടുതൽ വിശ്രമം വിരസതയ്ക്കുള്ള ഒററമൂലിയാണെന്ന് ഒരിക്കൽ കരുതപ്പെട്ടിരുന്നു. കഴിഞ്ഞകാലത്തെ ഒരേപോലുള്ള, വിരസമായ, ജോലിക്ക് അന്തം കുറിച്ചുകൊണ്ട്, മനുഷ്യോചിതമായ തൊഴിൽ അവസ്ഥകളും ഉദാരമായ വിശ്രമസമയവും ഒരു സാധാരണക്കാരന്റെ ജീവിതത്തെ പ്രതിഫലദായകമാക്കിത്തീർക്കുമെന്നായിരുന്നു നിഗമനം. എന്നാൽ, നിർഭാഗ്യകരമെന്നു പറയട്ടെ അത് അത്ര ലളിതമല്ല. സ്വതന്ത്രമായി വീണുകിട്ടുന്ന ഈ സമയമെല്ലാം എന്തു ചെയ്യുമെന്നു തീരുമാനിക്കുന്നതു പ്രതീക്ഷിച്ചതിനെക്കാൾ ദുഷ്കരമാണെന്നു തെളിയുകയാണുണ്ടായത്. ആസ്വാദ്യമായ ഒരു വാരാന്തത്തിനു വേണ്ടി പലരും ആഴ്ച മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു, എന്നാൽ അതു വരുമ്പോൾ അവർ മനസ്സിലാക്കുന്നതോ തങ്ങളുടെ പ്രതീക്ഷകൾക്കൊത്തു കാര്യങ്ങളൊന്നും നടക്കുന്നില്ല എന്നും.
വിരസതയുടെ മോശമായ ഫലങ്ങൾ
ജോലിയിൽ അമിതമായി മുഴുകിക്കൊണ്ട് വിരസതയിൽനിന്നു രക്ഷപെടാൻ ചിലർ ശ്രമിക്കുന്നു. ജോലിയോട് ആസക്തിയുള്ള ചിലർ അങ്ങനെ ആയിത്തീർന്നിട്ടുണ്ട്, കാരണം ഓഫീസ് വിട്ടുകഴിയുമ്പോൾ തങ്ങളുടെ സമയം എങ്ങനെ ചെലവഴിക്കണമെന്ന് അവർക്ക് അറിയില്ലായിരുന്നു. മററു ചിലർ മദ്യപാനത്തിലൂടെ തങ്ങളുടെ വിരസത അകററാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ മയക്കുമരുന്നുകൾക്കൊണ്ട് പരീക്ഷണം നടത്തി ആശ്ചര്യാവേശത്തിനു വേണ്ടി അവർ പരതുന്നു. കയ്യടി അവസാനിച്ചുകഴിയുമ്പോൾ ശൂന്യതാബോധം ഒഴിവാക്കാൻ കൊക്കെയ്ൻ പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന, വിനോദലോകത്തിലെ തിരക്കുപിടിച്ച, കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന, താരങ്ങൾ കുറച്ചൊന്നുമല്ല ഉള്ളത്. കൗമാരപ്രായത്തിലുള്ള അവിവാഹിത അമ്മമാരുടെ എണ്ണം നിരന്തരം വർധിച്ചുവരുന്നതിന്റെ ഒരു കാരണമായി തിരിച്ചറിയിക്കപ്പെടുന്നതു വിരസതയാണ്, ഒരു കുഞ്ഞ് തങ്ങളുടെ ജീവിതത്തിൽനിന്നു ശൂന്യത അകററും എന്നായിരിക്കാം അവരിൽ പലരും ചിന്തിച്ചത്.
പെരുകിവരുന്ന കുററകൃത്യത്തോടു പോലും വിരസത ബന്ധിപ്പിക്കപ്പെടുന്നു. 16-ാം വയസ്സിൽ സ്കൂൾ വിട്ടുപോരുന്ന അനേകം ചെറുപ്പക്കാർക്കും യാതൊന്നും ചെയ്യാനില്ലെന്ന് ടൈം മാഗസിൻ അഭിപ്രായപ്പെട്ടു. ജോലി ചെയ്യുന്നവരോടു താരതമ്യപ്പെടുത്തി നോക്കുമ്പോൾ പശ്ചിമ യൂറോപ്പിലെ തൊഴിൽരഹിതർ “ആത്മഹത്യ ചെയ്യാനും മയക്കുമരുന്ന് ദുരുപയോഗത്തിനു വഴങ്ങാനും വിവാഹം കൂടാതെ ഗർഭം ധരിക്കാനും നിയമലംഘനം നടത്താനും കൂടുതൽ ചായ്വുള്ളവർ” ആണെന്ന് ആ മാഗസിൻ അഭിപ്രായപ്പെട്ടു. “അലസ കരങ്ങൾക്കു ചെയ്യാൻ എന്തെങ്കിലും കുഴപ്പങ്ങൾ സാത്താൻ ഇപ്പോഴും കണ്ടെത്തുന്നു” എന്ന പഴഞ്ചൊല്ലിൽ പതിരില്ലെന്ന് ഇതു കണ്ടാൽ തോന്നിപ്പോകും.—താരതമ്യം ചെയ്യുക: എഫെസ്യർ 4:28.