ദൈവത്തോട് അടുത്തുചെല്ലുക
“യഹോവേ, നീ എന്നെ . . . അറിഞ്ഞിരിക്കുന്നു”
“ആരും തന്നെ ശ്രദ്ധിക്കുന്നില്ല, അഥവാ മനസ്സിലാക്കുന്നില്ല എന്ന് അറിയുന്നതിനെക്കാളും വലിയ വേറൊരു ഭാരവും പേറാനില്ല,” എഴുത്തുകാരനായ ആർതർ. എച്ച്. സ്റ്റെയ്ൻബാക്കിന്റെ വാക്കുകളാണിവ. നിങ്ങൾക്ക് എപ്പോഴെങ്കിലും ഇതുപോലെ തോന്നിയിട്ടുണ്ടോ? നിങ്ങളുടെ ക്ഷേമത്തിൽ ആർക്കും താത്പര്യമില്ലെന്നും നിങ്ങളുടെ സാഹചര്യങ്ങൾ ആരും മനസ്സിലാക്കുന്നില്ലെന്നും ഒക്കെ. എങ്കിൽ ഇതിൽ നിങ്ങൾക്ക് ആശ്വസിക്കാം: തന്റെ ആരാധകരുടെ കാര്യത്തിൽ അതീവ തത്പരനാണ് യഹോവയാംദൈവം. അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളൊന്നും അവന്റെ ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ല. 139-ാം സങ്കീർത്തനത്തിലെ ദാവീദിന്റെ വാക്കുകൾ ഈ വസ്തുതയ്ക്ക് ഉറപ്പുനൽകുന്നു.
ദൈവത്തിന് തന്റെ കാര്യത്തിൽ താത്പര്യമുണ്ടെന്ന ആത്മവിശ്വാസത്തോടെ ദാവീദ് ഇങ്ങനെ പറഞ്ഞു: “യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു.” (1-ാം വാക്യം) വളരെ മനോഹരമായ ഒരു വാങ്മയചിത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ‘ശോധന ചെയ്യുന്നു’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിന് ലോഹ അയിരിനുവേണ്ടി ഖനനം ചെയ്യുക (ഇയ്യോബ് 28:3), ദേശം ഉറ്റുനോക്കി പരിശോധിക്കുക (ന്യായാധിപന്മാർ 18:2), നീതിന്യായ കേസിന്റെ വിശദാംശങ്ങൾ ചൂഴ്ന്നിറങ്ങി വിശകലനം ചെയ്യുക (ആവർത്തനപുസ്തകം 13:14, 15) എന്നൊക്കെയാണ് അർഥം. നമ്മുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് യഹോവ നമ്മെ നന്നായി അറിയുന്നു എന്നാണ് ദാവീദ് ഇവിടെ വ്യക്തമാക്കുന്നത്. കൂടാതെ, തന്റെ ഓരോ ദാസന്മാരുടെയും കാര്യത്തിൽ ദൈവത്തിന് വ്യക്തിപരമായ താത്പര്യം ഉണ്ടെന്ന് സൂചിപ്പിക്കാൻ അവൻ ഇവിടെ “എന്നെ” എന്ന സർവനാമം ഉപയോഗിച്ചിരിക്കുന്നു. അതെ, യഹോവ തന്റെ ദാസന്മാരെ ശോധന ചെയ്ത് ഓരോരുത്തരെയും അടുത്തറിയുന്നു.
ദൈവം നമ്മെ എത്ര സമഗ്രമായി ശോധന ചെയ്യുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ദാവീദ് തുടരുന്നു: “ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.” (2-ാം വാക്യം) സ്വർഗത്തിൽ വസിക്കുന്നതിനാൽ യഹോവ ഒരർഥത്തിൽ നമ്മിൽനിന്ന് വളരെ ‘ദൂരെയാണ്.’ എങ്കിലും, ഒരു നീണ്ട ദിവസത്തെ അധ്വാനത്തിനുശേഷം നാം ഇരിക്കുന്നതും രാവിലെ എഴുന്നേറ്റ് അനുദിന കാര്യാദികളിൽ ഏർപ്പെടുന്നതുമെല്ലാം അവന്റെ ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ല. എന്തിന്, അവൻ നമ്മുടെ ചിന്തകളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും വരെ മനസ്സിലാക്കുന്നു. ദൈവം തന്നെ അത്ര സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ദാവീദിനെ ഭയപ്പെടുത്തുന്നുണ്ടോ? തീർച്ചയായും ഇല്ല; തന്നെ ശോധന ചെയ്യാൻ അവൻ യഹോവയോട് ആവശ്യപ്പെടുന്നു. (23-ഉം 24-ഉം വാക്യങ്ങൾ) എന്തായിരിക്കാം കാരണം?
യഹോവ തന്റെ ആരാധകരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് സദുദ്ദേശ്യത്തോടെയാണെന്ന് ദാവീദിന് അറിയാം. അക്കാര്യം സൂചിപ്പിക്കുന്നതാണ് അവന്റെ പിൻവരുന്ന വാക്കുകൾ: “എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.” (3-ാം വാക്യം, പി.ഒ.സി. ബൈബിൾ) നമ്മുടെ “വഴികളൊക്കെയും” അതായത് ദിവസവും നമുക്കു പറ്റുന്ന പിഴവുകളും നാം ചെയ്യുന്ന സത്പ്രവൃത്തികളും യഹോവ കാണുന്നു. എന്നാൽ എന്തിലായിരിക്കും അവൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്, നമ്മുടെ നന്മകളിലോ അതോ കുറവുകളിലോ? ഈ വാക്യത്തിൽ, “ശോധന ചെയ്യുന്നു” എന്ന് വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ പദത്തിന് ഒരു കൃഷിക്കാരൻ ഉമി പാറ്റിക്കളഞ്ഞ് നല്ല ധാന്യം വേർതിരിച്ചെടുക്കുന്നതുപോലെ “പാറ്റിയെടുക്കുക” അല്ലെങ്കിൽ “അരിച്ചെടുക്കുക” എന്ന അർഥവും ‘മനസ്സിലാക്കുന്നു’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന് “വിലമതിക്കുക” എന്ന അർഥവുമാണുള്ളത്. അതായത് തന്റെ ആരാധകർ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങൾ നിരീക്ഷിക്കുന്ന യഹോവ അവരിലെ നന്മയാണ് കാണാൻ ശ്രമിക്കുന്നത്. കാരണം, തന്നെ പ്രസാദിപ്പിക്കാൻ അവർ ചെയ്യുന്ന ശ്രമങ്ങളെ അവൻ അതിയായി വിലമതിക്കുന്നു.
തന്റെ ആരാധകരുടെ കാര്യത്തിൽ അതീവ ശ്രദ്ധയുള്ളവനാണ് യഹോവ എന്ന് 139-ാം സങ്കീർത്തനം നമ്മെ പഠിപ്പിക്കുന്നു. അനുദിന ജീവിതത്തിലുടനീളം അവൻ അവരെ ശോധന ചെയ്യുകയും കാത്തുസംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, അവർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും അതുമൂലം അവർക്കുണ്ടാകുന്ന ഹൃദയവേദനകളും അവന് അറിയാം. അത്രമേൽ കരുതലുള്ള ഒരു ദൈവത്തെ ആരാധിക്കാൻ നിങ്ങൾക്കു തോന്നുന്നില്ലേ? അതാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഇക്കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക: ‘നിങ്ങൾ ചെയ്യുന്ന സേവനവും’ യഹോവയുടെ ‘നാമത്തോടു നിങ്ങൾ കാണിക്കുന്ന സ്നേഹവും’ അവൻ ഒരിക്കലും മറന്നുകളയില്ല!—എബ്രായർ 6:10. (w11-E 09/01)