മോശ—ശക്തമായ വിശ്വാസം ഉണ്ടായിരുന്ന മനുഷ്യൻ
എന്താണ് വിശ്വാസം?
ബൈബിൾ പറയുന്നതനുസരിച്ച്, “വിശ്വാസം” എന്നതിൽ ഈടുറ്റ തെളിവിൽ അധിഷ്ഠിതമായ നിശ്ചയം ഉൾപ്പെടുന്നു. ദൈവം തന്റെ വാഗ്ദാനങ്ങളെല്ലാം നിറവേറ്റുമെന്ന് അവനിൽ വിശ്വസിക്കുന്ന ഒരാൾക്കു ബോധ്യമുണ്ടായിരിക്കും.
എങ്ങനെയാണ് മോശ വിശ്വാസം പ്രകടമാക്കിയത്?
ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു മോശയുടെ മുഴുജീവിതവും. (ഉല്പത്തി 22:15-18) ഈജിപ്തിലെ ആഡംബരങ്ങളിൽ മുഴുകി ഒരു സുഖജീവിതം നയിക്കാനുള്ള അവസരം അവന്റെ മുന്നിലുണ്ടായിരുന്നു. എന്നാൽ അവൻ അതെല്ലാം ഉപേക്ഷിച്ച്, “പാപത്തിന്റെ ക്ഷണികസുഖത്തെക്കാൾ ദൈവജനത്തോടൊപ്പമുള്ള കഷ്ടാനുഭവം . . . തിരഞ്ഞെടുത്തു.” (എബ്രായർ 11:25) ഒരാവേശത്തിന്റെ പുറത്ത് എടുത്ത തീരുമാനമായിരുന്നോ അത്? പിന്നീട് എന്നെങ്കിലും അവൻ അതേക്കുറിച്ച് ദുഃഖിച്ചോ? ബൈബിൾ പറയുന്നത് മോശ അദൃശ്യനായവനെ കണ്ടാലെന്നപോലെ “ദൃഢമായി തുടർന്നു” എന്നാണ്. (എബ്രായർ 11:27, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ) അതെ, വിശ്വാസത്തിൽ അധിഷ്ഠിതമായി എടുത്ത തീരുമാനങ്ങളെപ്രതി അവൻ ഒരിക്കലും ഖേദിച്ചില്ല.
മോശ മറ്റുള്ളവരുടെ വിശ്വാസം ബലപ്പെടുത്താനും ശ്രമിച്ചു. ഉദാഹരണത്തിന്, ഇസ്രായേൽജനം ഫറവോന്റെ സൈന്യത്തിനും ചെങ്കടലിനും മധ്യേ അകപ്പെട്ടപ്പോൾ എന്തു സംഭവിച്ചെന്നു നോക്കാം. വരാൻപോകുന്ന ദുരന്തമോർത്ത് ഭയചകിതരായ ഇസ്രായേല്യർ യഹോവയോടും മോശയോടും നിലവിളിച്ചു. എന്തായിരുന്നു മോശയുടെ പ്രതികരണം?
ചെങ്കടൽ വിഭജിച്ചുകൊണ്ട് രക്ഷയ്ക്കായി യഹോവ വഴിയൊരുക്കുമെന്ന കാര്യം സാധ്യതയനുസരിച്ച് മോശയ്ക്ക് അറിയില്ലായിരുന്നു. എന്നിരുന്നാലും, തന്റെ ജനത്തെ സംരക്ഷിക്കുന്നതിനുവേണ്ടി യഹോവ എന്തെങ്കിലും ചെയ്യുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു. സഹയിസ്രായേല്യർക്കും തന്റെ അതേ ബോധ്യമുണ്ടായിരിക്കാൻ അവൻ ആഗ്രഹിച്ചു. വിവരണം പറയുന്നു: “മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്വാനിരിക്കുന്ന രക്ഷകണ്ടുകൊൾവിൻ.” (പുറപ്പാടു 14:13) ഇസ്രായേൽജനത്തിന്റെ വിശ്വാസം ബലപ്പെടുത്താനുള്ള മോശയുടെ ഈ ശ്രമം വിജയിച്ചോ? തീർച്ചയായും. ബൈബിൾ പറയുന്നത് മോശ മാത്രമല്ല, “വിശ്വാസത്താൽ അവർ (ഇസ്രായേൽജനം) ഉണങ്ങിയ നിലത്തുകൂടെ എന്നപോലെ ചെങ്കടൽ കടന്നു” എന്നാണ്. (എബ്രായർ 11:29) മോശയുടെ വിശ്വാസം അവനു മാത്രമല്ല, യഹോവയിൽ വിശ്വാസമർപ്പിച്ചവർക്കെല്ലാം പ്രയോജനം ചെയ്തു.
നമുക്കുള്ള പാഠം:
യഹോവയുടെ വാഗ്ദാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നമുക്കും മോശയെ അനുകരിക്കാം. ഉദാഹരണത്തിന്, ദൈവസേവനത്തിനു നമ്മുടെ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകിയാൽ നമ്മുടെ ഭൗതികാവശ്യങ്ങൾക്കായി കരുതുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ചു ചിന്തിക്കുക. (മത്തായി 6:33) ഈ വാഗ്ദാനത്തിൽ വിശ്വാസമർപ്പിക്കുന്നത് അത്ര എളുപ്പമല്ലായിരിക്കാം. കാരണം, ഭൗതികത്വചിന്താഗതി പ്രബലമായിരിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. എന്നിരുന്നാലും, ലളിതമായ ജീവിതം നയിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് യഹോവയെ സേവിക്കുമ്പോൾ നമുക്ക് അത്യാവശ്യമായത് അവൻ നൽകുമെന്നു വിശ്വസിക്കാം. അവൻ ഉറപ്പു നൽകുന്നു: “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല.”—എബ്രായർ 13:5.
കൂടാതെ, നാം മറ്റുള്ളവരെയും വിശ്വാസത്തിൽ വളരാൻ സഹായിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ജ്ഞാനികളായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളിൽ വിശ്വാസം പടുത്തുയർത്താനുള്ള നല്ല അവസരം തങ്ങൾക്കുണ്ടെന്നു തിരിച്ചറിയുന്നു. മക്കൾ വളരുന്നതോടൊപ്പം ദൈവമുണ്ടെന്നും അവൻ ശരിയും തെറ്റും സംബന്ധിച്ച നിലവാരങ്ങൾ വെക്കുന്നുവെന്നും അറിയേണ്ടതുണ്ട്. അവന്റെ നിലവാരങ്ങൾ പിൻപറ്റുന്നതാണ് ഏറ്റവും മികച്ച ജീവിതഗതി എന്ന് അവർക്കു ബോധ്യം വരണം. (യെശയ്യാവു 48:17, 18) “ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നുവെന്നും” വിശ്വസിക്കാൻ കുട്ടികളെ സഹായിക്കുമ്പോൾ മാതാപിതാക്കൾ അവർക്ക് ഒരു അമൂല്യസമ്മാനം നൽകുകയാണ്.—എബ്രായർ 11:6. (w13-E 02/01)