മോശ—താഴ്മ ഉണ്ടായിരുന്ന മനുഷ്യൻ
എന്താണ് താഴ്മ?
അഹംഭാവമോ അഹങ്കാരമോ ഇല്ലാതിരിക്കുന്നത് താഴ്മയിൽ ഉൾപ്പെടുന്നു. താഴ്മയുള്ള ഒരു വ്യക്തി മറ്റുള്ളവരെ തന്നെക്കാൾ തരംതാണവരായി വീക്ഷിക്കില്ല. താഴ്മയുള്ള ഏതൊരു അപൂർണമനുഷ്യനും തന്റെ പരിമിതികൾ സംബന്ധിച്ച് ബോധവാനായിരിക്കും.
എങ്ങനെയാണ് മോശ താഴ്മ പ്രകടമാക്കിയത്?
അധികാരം തന്റെ തലയ്ക്കുപിടിക്കാൻ മോശ അനുവദിച്ചില്ല. പലപ്പോഴും, ഒരു മനുഷ്യന് അല്പം അധികാരം കിട്ടിയാൽ താഴ്മയുണ്ടോ ഇല്ലയോ എന്ന് എളുപ്പം പ്രകടമാകും. 19-ാം നൂറ്റാണ്ടിലെ എഴുത്തുകാരനായ റോബർട്ട് ജി. ഇംഗർസോൾ ഇതേപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്: “മിക്ക ആളുകളും പ്രതികൂല സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കും. എന്നാൽ ഒരാൾ യഥാർഥത്തിൽ എങ്ങനെയുള്ള വ്യക്തിയാണെന്ന് അറിയാൻ അയാൾക്ക് അധികാരം കൊടുത്തുനോക്കുക.” ആകട്ടെ, മോശയെക്കുറിച്ച് എന്തു പറയാനാകും? താഴ്മയുടെ മകുടോദാഹരണമാണ് അവൻ. എങ്ങനെയെന്നു നോക്കാം.
വലിയ അധികാരമാണ് യഹോവയിൽനിന്നു മോശയ്ക്കു ലഭിച്ചത്—ഇസ്രായേൽജനത്തെ നയിക്കാനുള്ള ചുമതല. പക്ഷേ, അത് ഒരിക്കലും മോശയെ അഹങ്കാരിയാക്കിയില്ല. ഉദാഹരണത്തിന്, പാരമ്പര്യസ്വത്തവകാശം സംബന്ധിച്ച് കുഴപ്പിക്കുന്ന ഒരു പ്രശ്നം ഉയർന്നുവന്നപ്പോൾ മോശ തന്റെ അധികാരപരിധി തിരിച്ചറിഞ്ഞ് ആ പ്രശ്നം കൈകാര്യം ചെയ്തു. (സംഖ്യാപുസ്തകം 27:1-11) ഈ പ്രശ്നം ഗൗരവമേറിയ ഒന്നായിരുന്നു. കാരണം, ഇക്കാര്യത്തിൽ അവൻ എടുക്കുന്ന തീരുമാനം വരുംതലമുറകൾക്കു നിയമപരമായ ഒരു കീഴ്വഴക്കമായി മാറുമായിരുന്നു.
മോശ എന്തു ചെയ്തു? ഇസ്രായേല്യരുടെ നേതാവായതിനാൽ സ്വന്തമായി ഒരു തീരുമാനമെടുക്കാൻ താൻ യോഗ്യനാണെന്ന് ചിന്തിച്ചോ? തന്റെ പ്രാപ്തികളിലോ വർഷങ്ങളോളമുള്ള അനുഭവപരിചയത്തിലോ അവൻ ആശ്രയിച്ചോ? പലപ്പോഴും യഹോവയുടെ വീക്ഷണഗതി അടുത്ത് അറിഞ്ഞിട്ടുള്ള ഒരു വ്യക്തിയായതിനാൽ ഇക്കാര്യത്തിൽ സ്വയം ഒരു തീരുമാനമെടുക്കാൻ അവൻ മുതിർന്നോ?
അഹങ്കാരിയായ ഒരു വ്യക്തി ഒരുപക്ഷേ അങ്ങനെ ചെയ്തേക്കാം. എന്നാൽ മോശ അങ്ങനെയായിരുന്നില്ല. ബൈബിൾവിവരണം പറയുന്നു: “മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു.” (സംഖ്യാപുസ്തകം 27:5) ഒന്നു ചിന്തിക്കുക. 40 വർഷത്തോളം ഇസ്രായേല്യരെ നയിച്ചെങ്കിലും അവൻ തന്നിൽത്തന്നെയല്ല, യഹോവയിലാണ് ആശ്രയിച്ചത്. മോശ അങ്ങേയറ്റം താഴ്മ കാണിച്ചു!
മോശ തന്റെ അധികാരം സ്വാർഥതയോടെ പിടിച്ചുവെക്കാൻ ആഗ്രഹിച്ചില്ല. പകരം, തന്നോടൊപ്പം പ്രവാചകരായി സേവിക്കാൻ മറ്റു ചിലരെ യഹോവ നിയമിച്ചപ്പോൾ അവൻ സന്തോഷിക്കുകയാണ് ചെയ്തത്. (സംഖ്യാപുസ്തകം 11:24-29) തന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളിൽ കുറെ മറ്റുള്ളവർക്കു വീതിച്ചുകൊടുക്കാൻ അമ്മായിയപ്പൻ നിർദേശിച്ചപ്പോൾ താഴ്മയോടെ അവൻ അനുസരിച്ചു. (പുറപ്പാടു 18:13-24) ജീവിതാവസാനത്തോടടുത്തപ്പോഴും മോശയ്ക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. എന്നിട്ടും തനിക്കൊരു പിൻഗാമിയെ നിയമിക്കാൻ അവൻ യഹോവയോട് അപേക്ഷിച്ചു. ആ സ്ഥാനത്തേക്ക് യഹോവ യോശുവയെ തിരഞ്ഞെടുത്തപ്പോൾ മോശ മുഴുഹൃദയത്തോടെ ആ യുവാവിനെ പിന്തുണച്ചു. മാത്രമല്ല, വാഗ്ദത്തദേശത്തേക്കുള്ള പ്രയാണത്തിൽ അവനെ അനുഗമിക്കാൻ ജനത്തോട് ആവശ്യപ്പെടുകയും ചെയ്തു. (സംഖ്യാപുസ്തകം 27:15-18; ആവർത്തനപുസ്തകം 31:3-6; 34:7) ഇസ്രായേല്യർക്ക് സത്യാരാധനയിൽ നേതൃത്വം നൽകുന്നതിനെ മോശ ഒരു പദവിയായി കണ്ടു എന്നതിൽ സംശയമില്ല. എന്നാൽ, തന്റെ അധികാരം പ്രയോഗിക്കുന്നതിനെക്കാൾ മറ്റുള്ളവരുടെ ക്ഷേമത്തിനാണ് അവൻ പ്രാധാന്യം നൽകിയത്.
നമുക്കുള്ള പാഠം:
സാമർഥ്യവും അധികാരവും സ്വാഭാവികപ്രാപ്തികളും ഒന്നും തലയ്ക്കുപിടിക്കാൻ നാം അനുവദിക്കരുത്. ഓർക്കുക: കഴിവുകളല്ല താഴ്മയാണ് പ്രധാനം. എങ്കിൽ മാത്രമേ യഹോവ നമ്മെ ഉപയോഗിക്കൂ. (1 ശമൂവേൽ 15:17) നാം യഥാർഥത്തിൽ താഴ്മയുള്ളവരാണെങ്കിൽ ബൈബിളിന്റെ പിൻവരുന്ന ബുദ്ധിയുപദേശം അനുസരിക്കാൻ ശ്രമിക്കും: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.”—സദൃശവാക്യങ്ങൾ 3:5, 6.
നമ്മുടെ പദവികൾക്കോ അധികാരത്തിനോ അമിതപ്രാധാന്യം നൽകരുതെന്നും മോശയുടെ മാതൃക നമ്മെ പഠിപ്പിക്കുന്നു.
മോശയുടെ താഴ്മ അനുകരിക്കുന്നത് നമുക്ക് പ്രയോജനം ചെയ്യുമോ? തീർച്ചയായും. നാം യഥാർഥതാഴ്മ നട്ടുവളർത്തുന്നെങ്കിൽ സഹമനുഷ്യരുടെ ജീവിതം ഏറെ സ്വസ്ഥവും സമാധാനപൂർണവും ആകും, നാം അവർക്ക് ഏറെ പ്രിയങ്കരരും. അതിലും പ്രധാനമായി, താഴ്മയെന്ന മനോഹരഗുണത്തിന്റെ ഉറവായ യഹോവയ്ക്കു നാം പ്രിയപ്പെട്ടവരാകും. (സങ്കീർത്തനം 18:35) “ദൈവം ഗർവികളോട് എതിർത്തു നിൽക്കുന്നു; താഴ്മയുള്ളവരുടെമേൽ അവൻ കൃപ ചൊരിയുന്നു.” (1 പത്രോസ് 5:5) മോശയുടെ താഴ്മ അനുകരിക്കാനുള്ള എത്ര ശക്തമായ കാരണം! (w13-E 02/01)