മുഖ്യലേഖനം | ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
ദൈവത്തെ മനസ്സിലാക്കാനാകില്ല എന്ന നുണ
കുറെ ആളുകൾ വിശ്വസിക്കുന്നത്
ക്രിസ്തുമതത്തിന്റെ “മൂന്നു പ്രധാനവിഭാഗങ്ങളായ റോമൻ കത്തോലിക്കാ സഭ, ഓർത്തഡോക്സ് സഭ, പ്രൊട്ടസ്റ്റന്റ് സഭ എന്നിവയെല്ലാം പഠിപ്പിക്കുന്നത് മൂന്നു വ്യക്തികൾ കൂടിച്ചേർന്നതാണ് ദൈവം എന്നാണ്: പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം. ക്രിസ്തുമത വിശ്വാസമനുസരിച്ച് ഇവർ മൂന്നും വേറെ വേറെ ദൈവങ്ങളല്ല; മൂന്നും കൂടിച്ചേർന്ന ഒരു ദൈവമാണ്.”—പുതിയ ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്)
ബൈബിൾ പറയുന്ന സത്യം
ദൈവപുത്രനായ യേശു താൻ പിതാവിനു തുല്യനാണെന്നോ പിതാവിനെപ്പോലെ ഒരു ദൈവമാണെന്നോ ഒരിക്കലും അവകാശപ്പെട്ടില്ല. പകരം, യേശു പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ പിതാവിന്റെ അടുത്ത് പോകുന്നത് ഓർത്ത് നിങ്ങൾ സന്തോഷിക്കും. കാരണം പിതാവ് എന്നെക്കാൾ വലിയവനാണ്.” (യോഹന്നാൻ 14:28) തന്റെ അനുഗാമികളിൽ ഒരാളോട് യേശു ഇങ്ങനെയും പറഞ്ഞു: “ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു കയറിപ്പോകുന്നു.”—യോഹന്നാൻ 20:17.
ഇനി, പരിശുദ്ധാത്മാവിന്റെ കാര്യമോ? പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല. കാരണം, ആദ്യകാലത്തെ ക്രിസ്ത്യാനികൾ “പരിശുദ്ധാത്മാവ് നിറഞ്ഞവരായി” എന്നു ബൈബിൾ പറയുന്നു. കൂടാതെ, യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിൽ കുറച്ച് പകരും.” (പ്രവൃത്തികൾ 2:1-4, 17) ഇതു കാണിക്കുന്നത് പരിശുദ്ധാത്മാവ് ത്രിത്വത്തിന്റെ ഭാഗമായ ഒരു ദൈവം അല്ലെന്നാണ്. അത് ദൈവത്തിന്റെ ശക്തിയാണ്, ദൈവം കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന ശക്തി.
അതിന്റെ പ്രാധാന്യം
ത്രിത്വം “മനസ്സിലാകണമെങ്കിൽ വെളിപാട് കിട്ടണം. ഇനി വെളിപാട് കിട്ടിയാൽപ്പോലും അത് പൂർണമായി മനസ്സിലാക്കാൻ കഴിയില്ല” എന്ന് കത്തോലിക്കാ പണ്ഡിതന്മാരായ കാൾ റെയ്നെയും ഹെർബെർട്ട് ഫോർഗ്രിംലയും പറയുന്നു. മനസ്സിലാക്കാൻ കഴിയാത്ത ഒരാളെ സ്നേഹിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടുതന്നെ ദൈവത്തെ മനസ്സിലാക്കുന്നതിനും സ്നേഹിക്കുന്നതിനും തടസ്സമായി നിൽക്കുന്ന ഒരു പഠിപ്പിക്കലാണ് ത്രിത്വം.
നേരത്തെ പറഞ്ഞ മാർക്കോയ്ക്കും ദൈവത്തെ സ്നേഹിക്കുന്നതിന് തടസ്സമായത് ത്രിത്വമായിരുന്നു. മാർക്കോ പറയുന്നു: “ദൈവം താൻ ആരാണെന്ന കാര്യം എന്നിൽനിന്ന് മറച്ചുപിടിക്കുന്നതുപോലെ എനിക്കു തോന്നി. അത് എന്നെ ദൈവത്തിൽനിന്ന് പിന്നെയും അകറ്റി. ദൈവം മനസ്സിലാക്കാനും അടുക്കാനും പറ്റാത്തവനാണ് എന്ന എന്റെ തോന്നൽ ഒന്നുകൂടെ ശക്തമായി.” എന്നാൽ ബൈബിൾ പറയുന്നു: “ദൈവം ആശയക്കുഴപ്പത്തിന്റെ ദൈവമല്ല.” (1 കൊരിന്ത്യർ 14:33, ഈസി റ്റു റീഡ് ബൈബിൾ) ദൈവം താൻ ആരാണെന്ന കാര്യം നമ്മളിൽനിന്ന് മറച്ചുപിടിക്കുന്നില്ല. നമ്മൾ ദൈവത്തെ അറിയണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം. “ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു” എന്ന് യേശു പറഞ്ഞു.—യോഹന്നാൻ 4:22.
“ദൈവം ഒരു ത്രിത്വത്തിന്റെ ഭാഗമല്ലെന്ന് അവസാനം ഞാൻ മനസ്സിലാക്കി. അപ്പോഴാണ് ദൈവവുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ എനിക്കു കഴിഞ്ഞത്” എന്ന് മാർക്കോ പറയുന്നു. യഹോവയെ പിടികിട്ടാത്ത ആരോ ആയി കാണുന്നതിനു പകരം മനസ്സിലാക്കാൻ കഴിയുന്ന, ശരിക്കുമുള്ള ഒരു വ്യക്തിയായി കാണുന്നെങ്കിൽ യഹോവയെ സ്നേഹിക്കാൻ എളുപ്പമായിരിക്കും. ബൈബിൾ പറയുന്നു: “സ്നേഹിക്കാത്തവർ ദൈവത്തെ അറിഞ്ഞിട്ടില്ല; കാരണം ദൈവം സ്നേഹമാണ്.”—1 യോഹന്നാൻ 4:8.