ഒരു അയൽക്കാരനുമൊത്തുള്ള സംഭാഷണം
ദൈവരാജ്യം ഭരണം ആരംഭിച്ചത് എപ്പോൾ? —ഭാഗം 1
ഒരു യഹോവയുടെ സാക്ഷി അയൽക്കാരിൽ ഒരാളുമായി സാധാരണ നടത്താറുള്ള സംഭാഷണത്തിന്റെ ഒരു മാതൃകയാണ് ഇവിടെ കാണുന്നത്. യഹോവയുടെ സാക്ഷിയായ മൈക്കിൾ, അയൽവാസിയായ ജോണിന്റെ വീട്ടിൽ വന്നിരിക്കുകയാണെന്നു സങ്കൽപ്പിക്കുക.
വിവേകത്തിനായി ‘തിരഞ്ഞുകൊണ്ടിരിക്കുക’
മൈക്കിൾ: ജോൺ, ബൈബിളിനെക്കുറിച്ചുള്ള നമ്മുടെ ചർച്ചകൾ ഞാൻ വളരെ ആസ്വദിക്കുന്നുണ്ട്.a നമ്മൾ ഒടുവിൽ സംസാരിച്ചപ്പോൾ എന്നോട് ഒരു ചോദ്യം ചോദിച്ചിരുന്നല്ലോ? ദൈവരാജ്യം 1914-ൽ ഭരണം ആരംഭിച്ചെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്നല്ലേ ചോദിച്ചത്?
ജോൺ: അതെ. ഞാൻ നിങ്ങളുടെ ഒരു പുസ്തകം വായിച്ചപ്പോൾ, ദൈവരാജ്യം 1914-ൽ ഭരണം തുടങ്ങിയെന്നു കണ്ടു. എനിക്ക് അതിശയം തോന്നി. കാരണം നിങ്ങളുടെ വിശ്വാസങ്ങളെല്ലാം ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയാണെന്നല്ലേ താങ്കൾ പറയാറുള്ളത്.
മൈക്കിൾ: അതു ശരിയാ.
ജോൺ: ഞാൻ ബൈബിൾ മുഴുവൻ വായിച്ചിട്ടുണ്ട്. പക്ഷേ ഒരിടത്തും 1914 എന്നൊരു വർഷം കണ്ടതായി ഓർക്കുന്നില്ല. ഒരു ഓൺലൈൻ ബൈബിളിലും “1914” സെർച്ച് ചെയ്തു നോക്കി. ഒരൊറ്റ പ്രാവശ്യംപോലും അതു കണ്ടില്ല.
മൈക്കിൾ: ഏതായാലും, ബൈബിൾ മുഴുവൻ വായിച്ചതിന് ഞാൻ ജോണിനെ അഭിനന്ദിക്കുന്നു. താങ്കൾക്ക് ബൈബിളിനോട് വളരെ സ്നേഹമുണ്ടെന്ന് മനസ്സിലായി.
ജോൺ: അതുണ്ട്. ബൈബിൾപോലെ ഒരു പുസ്തകവും വേറെയില്ല.
മൈക്കിൾ: അതെ, അതെ. പിന്നെ മറ്റൊന്നിനുംകൂടെ ഞാൻ അഭിനന്ദിക്കുന്നു. ഒരു സംശയം വന്നപ്പോൾ ഉത്തരത്തിനായി ബൈബിളിലേക്കാണല്ലോ നോക്കിയത്. വിവേകത്തിനായി ‘തിരഞ്ഞുകൊണ്ടിരിക്കാനാണ്’ ബൈബിളും പ്രോത്സാഹിപ്പിക്കുന്നത്.b അതിനുവേണ്ടിയുള്ള ശ്രമം വളരെ നല്ലതാണ്.
ജോൺ: താങ്ക്യൂ. കൂടുതൽ പഠിക്കണമെന്നാണ് എന്റെ ആഗ്രഹം. സത്യം പറഞ്ഞാൽ നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകത്തിൽ 1914-നെക്കുറിച്ചുള്ള ചില ഭാഗങ്ങൾ ഞാൻ വായിച്ചു. അവിടെ ഏതോ ഒരു രാജാവു കണ്ട സ്വപ്നത്തെക്കുറിച്ചു പറയുന്നുണ്ട്. ഒരു വൃക്ഷം വെട്ടിയിട്ടെന്നോ അത് പിന്നെയും വളർന്നെന്നോ മറ്റോ.
മൈക്കിൾ: അതു ശരിയാ. ദാനിയേൽ 4-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന പ്രവചനമായിരിക്കും ജോൺ ഉദ്ദേശിച്ചത്. ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് കണ്ട ഒരു സ്വപ്നവുമായി ബന്ധപ്പെട്ടതാണ് അത്.
ജോൺ: അതു തന്നെ. ഞാൻ ആ പ്രവചനം പലവട്ടം വായിച്ചു. സത്യം പറഞ്ഞാൽ ആ പ്രവചനത്തിന് 1914 എന്ന വർഷവുമായോ ദൈവരാജ്യവുമായോ ഒരു ബന്ധവും കണ്ടില്ല.
മൈക്കിൾ: ജോണിന് അറിയാമോ, ദൈവം പറഞ്ഞതുപോലെ ദാനിയേൽ എഴുതിയെങ്കിലും അവയുടെ പൂർണമായ അർഥം, എഴുതിയ ദാനിയേലിനുപോലും മനസ്സിലായില്ല!
ജോൺ: അതു ശരി. അത് അതിശയമായിരിക്കുന്നല്ലോ!
മൈക്കിൾ: അതുകൊണ്ടാണ്, ദാനീയേൽ 12:8-ൽ “ഞാൻ കേട്ടു എങ്കിലും ഗ്രഹിച്ചില്ല” എന്ന് അവൻ പറഞ്ഞിരിക്കുന്നത്.
ജോൺ: അതു കേട്ടപ്പോൾ ആശ്വാസമായി. അപ്പോ, എനിക്കു മാത്രമല്ല മനസ്സിലാകാത്തത്.
മൈക്കിൾ: ഈ പ്രവചനങ്ങൾ, മനുഷ്യർക്ക് പൂർണമായും ഗ്രഹിക്കാനുള്ള ദൈവത്തിന്റെ സമയം വന്നിട്ടില്ലായിരുന്നു. അതുകൊണ്ടാണ് ദാനിയേലിന് അതു മനസ്സിലാകാഞ്ഞത്. എന്നാൽ നമ്മുടെ നാളിൽ അത് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയും.
ജോൺ: അതെന്താ ‘നമ്മുടെ നാളിൽ’ എന്നു പറഞ്ഞത്?
മൈക്കിൾ: തൊട്ട് അടുത്ത വാക്യം കണ്ടോ. ദാനീയേൽ 12:9: “ഈ വചനങ്ങൾ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു.” അതിന്റെ അർഥം ഈ പ്രവചനങ്ങൾ പിന്നീട് അതായത് ‘അന്ത്യകാലത്ത്’ മാത്രമേ ഗ്രഹിക്കാൻ കഴിയുമായിരുന്നുള്ളൂ എന്നാണ്. ആ അന്ത്യകാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നതെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. നമ്മുടെ ബൈബിൾചർച്ചയിൽ അധികം താമസിയാതെ നാം അന്ത്യകാലത്തെക്കുറിച്ചു പഠിക്കും.c
ജോൺ: ദാനിയേൽ പുസ്തകത്തിലെ ആ പ്രവചനം ഒന്നു വിശദീകരിച്ചുതരാമോ?
മൈക്കിൾ: ഞാൻ ശ്രമിക്കാം.
നെബൂഖദ്നേസർ കണ്ട സ്വപ്നം
മൈക്കിൾ: ആദ്യമായി, നെബൂഖദ്നേസർ രാജാവ് സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ ഞാൻ ചുരുക്കിപ്പറയാം. എന്നിട്ട് അതിന്റെ അർഥം വിശദീകരിക്കാം.
ജോൺ: ശരി.
മൈക്കിൾ: സ്വപ്നത്തിൽ, ആകാശത്തോളം എത്തുന്ന ഒരു പടുകൂറ്റൻ വൃക്ഷം നെബൂഖദ്നേസർ രാജാവ് കണ്ടു. ആ വൃക്ഷം വെട്ടിയിടാൻ ദൈവത്തിന്റെ ദൂതൻ കല്പ്പിക്കുന്നത് അവൻ കേട്ടു. എന്നാൽ അതിന്റെ തായ്വേര് അഥവാ കുറ്റി വെട്ടിക്കളയാതെ നിറുത്തണമെന്നു ദൈവം പറഞ്ഞു. “ഏഴു കാലം” കഴിഞ്ഞ് വൃക്ഷം വീണ്ടും വളരുമായിരുന്നു.d ഈ പ്രവചനം ആദ്യം നെബൂഖദ്നേസർ രാജാവിന്റെ കാര്യത്തിൽത്തന്നെ ബാധകമായി. ആകാശത്തോളം എത്തിയ വൻവൃക്ഷംപോലെ ഉന്നതനായ രാജാവായിരുന്നെങ്കിലും “ഏഴു കാല”ത്തേക്ക് അവൻ വെട്ടിയിടപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് ഓർക്കുന്നുണ്ടോ?
ജോൺ: ഇല്ല, അത് ഓർക്കുന്നില്ല.
മൈക്കിൾ: സാരമില്ല. തെളിവനുസരിച്ച് ഏഴു വർഷത്തേക്കു നെബൂഖദ്നേസരിന്റെ സുബോധം നഷ്ടപ്പെട്ടതായി ബൈബിൾ പറയുന്നു. ആ സമയത്തു രാജാവായി ഭരിക്കാൻ അവനു കഴിഞ്ഞില്ല. ഏഴു കാലങ്ങൾ കഴിഞ്ഞപ്പോൾ നെബൂഖദ്നേസർ സുബോധത്തിലേക്കു തിരിച്ചു വരികയും വീണ്ടും ഭരണം തുടങ്ങുകയും ചെയ്തു.e
ജോൺ: ഇവിടം വരെ ഓകെ. പക്ഷേ ഇതിന് ദൈവരാജ്യവും 1914 എന്ന വർഷവും തമ്മിൽ എന്താണ് ബന്ധം?
മൈക്കിൾ: നമുക്ക് അതിലേക്കു വരാം. യഥാർഥത്തിൽ ഈ പ്രവചനത്തിന് രണ്ടു നിവൃത്തിയുണ്ട്. ഒന്നാമത്തേത്, നെബൂഖദ്നേസർ രാജാവിന്റെ ഭരണം തടസ്സപ്പെട്ട, നമ്മൾ ഇപ്പോൾ ചർച്ച ചെയ്ത സംഭവമാണ്. എന്നാൽ രണ്ടാമത്തെ നിവൃത്തിയിൽ ദൈവത്തിന്റെ ഭരണത്തിനാണ് കുറച്ചുകാലത്തേക്കു തടസ്സം വരുന്നത്. ഈ രണ്ടാമത്തെ നിവൃത്തിയാണ് ദൈവരാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്.
ജോൺ: ഈ പ്രവചനത്തിന് ദൈവരാജ്യവുമായി ബന്ധപ്പെട്ട രണ്ടാമതൊരു നിവൃത്തികൂടിയുണ്ടെന്ന് നിങ്ങൾക്ക് എങ്ങനെയാണു മനസ്സിലായത്?
മൈക്കിൾ: പ്രവചനത്തിൽത്തന്നെ അതിന്റെ ഒരു സൂചനയുണ്ട്. ദാനീയേൽ 4:17-ൽ ഈ പ്രവചനം നൽകിയതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പറയുന്നു. ‘അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന്’ ആണ് പ്രവചനം രേഖപ്പെടുത്തിയത്. ഈ വാക്യത്തിൽ ‘മനുഷ്യരുടെ രാജത്വം’ എന്ന പ്രയോഗം ശ്രദ്ധിച്ചോ?
ജോൺ: ‘അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുന്നു’ എന്ന ഭാഗമല്ലേ?
മൈക്കിൾ: അതുതന്നെ. ആരായിരിക്കും “അത്യുന്നതനായവൻ?”
ജോൺ: അത് ദൈവമായിരിക്കും.
മൈക്കിൾ: ശരിയാണ്. അപ്പോൾ ‘മനുഷ്യരുടെ രാജത്വം’ എന്ന് ഇവിടെ പറയുന്നതോ? അത് മനുഷ്യരുടെമേലുള്ള അത്യുന്നതനായവന്റെ അഥവാ ദൈവത്തിന്റെ ഭരണമാണ്. ഇതിൽനിന്നും, ഈ പ്രവചനത്തിൽ നെബൂഖദ്നേസരിന്റെ ഭരണം മാത്രമല്ല, ദൈവത്തിന്റെ ഭരണവും ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഈ പ്രവചനത്തിന്റെ പശ്ചാത്തലം നോക്കുമ്പോൾ നമുക്ക് അത് കുറച്ചുകൂടെ മനസ്സിലാകും.
ജോൺ: എന്നു പറഞ്ഞാൽ?
ദാനീയേൽ പുസ്തകത്തിന്റെ കേന്ദ്രവിഷയം
മൈക്കിൾ: ബൈബിൾപുസ്തകമായ ദാനിയേലിൽ ഒരു കേന്ദ്രവിഷയത്തെക്കുറിച്ച് പല പ്രാവശ്യം പറയുന്നുണ്ട്. ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ കീഴിലുള്ള ഭരണത്തിലേക്ക് അത് എപ്പോഴും വിരൽചൂണ്ടുന്നു. ഉദാഹരണത്തിന്, നമുക്ക് ഏതാനും ചില അധ്യായങ്ങൾ പുറകിലേക്കു പോകാം. ദാനീയേൽ 2:44 ഒന്നു വായിക്കാമോ?
ജോൺ: ശരി. അവിടെ ഇങ്ങനെ വായിക്കുന്നു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”
മൈക്കിൾ: കൊള്ളാം. ഈ വാക്യം ദൈവരാജ്യത്തെക്കുറിച്ചാണ് പറയുന്നത് എന്നു ജോണിന് തോന്നുന്നുണ്ടോ?
ജോൺ: ഇല്ല. എനിക്ക് അത്ര ഉറപ്പില്ല.
മൈക്കിൾ: ഈ രാജത്വം ‘എന്നേക്കും നിലനില്ക്കുമെന്നു’ പറയുന്നത് ശ്രദ്ധിച്ചോ. ദൈവരാജ്യത്തിന്റെ കാര്യത്തിൽ അങ്ങനെ പറയാം. എന്നാൽ ഏതെങ്കിലും ഒരു മാനുഷ ഗവണ്മെന്റിന്റെ കാര്യത്തിൽ അങ്ങനെ പറയാൻ കഴിയുമോ?
ജോൺ: ഇല്ലെന്നു തോന്നുന്നു.
മൈക്കിൾ: ദൈവരാജ്യത്തെക്കുറിച്ചു ദാനിയേൽ പുസ്തകത്തിൽത്തന്നെ പറയുന്ന മറ്റൊരു പ്രവചനം നോക്കാം. ഭാവിയിൽ ഭരിക്കുന്ന ഒരു ഭരണാധികാരിയെക്കുറിച്ച് ദാനീയേൽ 7:13, 14-ലെ പ്രവചനം ഇങ്ങനെ പറയുന്നു: “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” ഈ പ്രവചനത്തിൽ നമ്മുടെ വിഷയവുമായി ബന്ധമുള്ള എന്തെങ്കിലുമുണ്ടോ?
ജോൺ: ഇവിടെ ഒരു രാജ്യത്തെക്കുറിച്ച് പറയുന്നുണ്ട്.
മൈക്കിൾ: അതുതന്നെ. ഇത് ഒരു സാധാരണ രാജ്യമല്ല. “സകലവംശങ്ങളും ജാതികളും ഭാഷക്കാരും” ആയവരുടെ മേൽ ഈ രാജ്യത്തിന് ആധിപത്യം ലഭിച്ചു എന്നല്ലേ പറഞ്ഞിരിക്കുന്നത്. അതിന്റെ അർഥം, ഇതൊരു ആഗോളഭരണമായിരിക്കും.
ജോൺ: അതു ശരിയാ. പക്ഷേ, എനിക്ക് അതു മനസ്സിലായില്ലായിരുന്നു.
മൈക്കിൾ: പ്രവചനത്തിൽ ഇങ്ങനെയും പറയുന്നുണ്ട്: “അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” നാം ഇപ്പോൾ വായിച്ച ദാനീയേൽ 2:44-ലെ പ്രവചനവുമായി ഇതിനു സാമ്യമില്ലേ?
ജോൺ: ഉം. ഉണ്ട്.
മൈക്കിൾ: ഇതുവരെ ചർച്ച ചെയ്ത കാര്യങ്ങൾ നമുക്ക് ഒന്നുകൂടെ നോക്കാം. ‘അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴും’ എന്ന് ജനങ്ങൾ അറിയേണ്ടതിനാണ് ദാനിയേൽ 4-ാം അധ്യായത്തിലെ പ്രവചനം നൽകിയിരിക്കുന്നത്. അതിന്റെ അർഥം നെബൂഖദ്നേസർ ഉൾപ്പെട്ട നിവൃത്തിയേക്കാൾ കൂടുതലായ ഒരു നിവൃത്തി ഈ പ്രവചനത്തിനുണ്ടെന്നാണ്. കൂടാതെ, ദൈവരാജ്യഭരണത്തെക്കുറിച്ചും ഭരണാധികാരിയെക്കുറിച്ചും ഉള്ള പല പ്രവചനങ്ങളും ദാനിയേൽ പുസ്തകത്തിൽ കാണാൻ കഴിയും. അങ്ങനെയെങ്കിൽ, നമ്മൾ പരിചിന്തിക്കുന്ന ദാനിയേൽ 4-ാം അധ്യായത്തിലെ പ്രവചനത്തിനും ന്യായമായും ദൈവരാജ്യവുമായി ബന്ധമുണ്ടായിരിക്കില്ലേ?
ജോൺ: ഉണ്ടായിരിക്കേണ്ടതാണ്. പക്ഷേ, ഇപ്പോഴും ഈ പ്രവചനങ്ങൾക്ക് 1914-മായുള്ള ബന്ധം പിടികിട്ടിയിട്ടില്ല.
“ഏഴു കാലം കഴിയട്ടെ”
മൈക്കിൾ: അങ്ങനെയെങ്കിൽ, നമുക്ക് നെബൂഖദ്നേസർ രാജാവിന്റെ കാര്യത്തിലേക്കു തിരിച്ചുപോകാം. പ്രവചനത്തിന്റെ ആദ്യനിവൃത്തിയിൽ വൃക്ഷം അവനെയാണ് ചിത്രീകരിച്ചത്. ആ വൃക്ഷം വെട്ടിയിടപ്പെട്ട ഏഴു കാലത്തേക്കു, അതായത് നെബൂഖദ്നേസരിന്റെ സുബോധം നഷ്ടമായ കാലത്ത്, അവന്റെ ഭരണം തടസ്സപ്പെട്ടു. നെബൂഖദ്നേസർ സുബോധത്തിലേക്കു തിരികെവന്ന് വീണ്ടും ഭരണം തുടങ്ങിയപ്പോൾ ആ ഏഴു കാലങ്ങൾ അവസാനിച്ചു. ഇനി, ഈ പ്രവചനത്തിന്റെ രണ്ടാമത്തെ നിവൃത്തിയിൽ ദൈവത്തിന്റെ രാജത്വം കുറച്ചു കാലത്തേക്കു തടസ്സപ്പെടും. എന്നാൽ, ദൈവത്തിന്റെ ഭാഗത്തുള്ള എന്തെങ്കിലും വീഴ്ചകൊണ്ടല്ല ഇതു സംഭവിക്കുന്നത്.
ജോൺ: മനസ്സിലായില്ല.
മൈക്കിൾ: ബൈബിൾകാലങ്ങളിൽ യെരുശലേമിൽ ഭരിച്ചിരുന്ന ഇസ്രായേല്യരാജാക്കന്മാർ “യഹോവയുടെ സിംഹാസനത്തിൽ” ഇരുന്നു ഭരണം നടത്തുന്നതായി പറഞ്ഞിരുന്നു.f ദൈവത്തെ പ്രതിനിധാനം ചെയ്തുകൊണ്ടാണ് അവർ ജനത്തെ ഭരിച്ചത്. അതുകൊണ്ട്, ആ രാജാക്കന്മാരുടെ ഭരണം വാസ്തവത്തിൽ ദൈവത്തിന്റെ രാജത്വത്തെയാണ് അർഥമാക്കിയത്. കാലം കടന്നുപോകവെ, ആ രാജാക്കന്മാരിൽ മിക്കവരും ദൈവത്തോട് അനുസരണക്കേടു കാണിച്ചു, ഇസ്രായേല്യരിൽ ഭൂരിഭാഗവും അതേ പാത പിന്തുടരുകയും ചെയ്തു. അവർ അനുസരണക്കേടു കാണിച്ചതുകൊണ്ട് ബി.സി. 607-ൽ ബാബിലോണ്യർ അവരെ കീഴടക്കാൻ ദൈവം അനുവദിച്ചു. അതിനു ശേഷം യഹോവയെ പ്രതിനിധാനം ചെയ്തുകൊണ്ട് യെരുശലേമിൽ ഒരു രാജാവും ഭരിച്ചില്ല. ആ അർഥത്തിലാണ് ദൈവത്തിന്റെ ഭരണം തടസ്സപ്പെട്ടത്. ഇതുവരെ പറഞ്ഞിടത്തോളം മനസ്സിലായല്ലോ, അല്ലേ?
ജോൺ: ഒരുവിധം.
മൈക്കിൾ: അങ്ങനെ, ദൈവത്തിന്റെ ഭരണത്തിനു തടസ്സം വന്ന ആ ഏഴു കാലങ്ങളുടെ കാലഘട്ടം ബി.സി. 607-ൽ ആരംഭിച്ചു. ഈ ഏഴു കാലങ്ങൾ കഴിയുമ്പോൾ, ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു പുതിയ രാജാവിനെ അവൻ അവരോധിക്കും, എന്നാൽ യെരുശലേമിലല്ല, പിന്നെയോ സ്വർഗത്തിലായിരിക്കും. അപ്പോഴാണ്, ദാനിയേൽ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മറ്റു പ്രവചനങ്ങൾ നിവൃത്തിയേറുന്നത്. ഈ ഏഴു കാലങ്ങൾ എപ്പോഴാണ് അവസാനിക്കുന്നതെന്ന് ജോണിന് സംശയം തോന്നിയേക്കാം. ഇതിന് ഉത്തരം കിട്ടിയാൽ ദൈവരാജ്യം എപ്പോഴാണ് ഭരണം തുടങ്ങിയതെന്നു നമുക്കു മനസ്സിലാക്കാം.
ജോൺ: എന്റെ ഊഹം ശരിയാണെങ്കിൽ, ഏഴു കാലങ്ങൾ അവസാനിക്കുന്നത് 1914-ൽ ആയിരിക്കും, അല്ലേ?
മൈക്കിൾ: അതു തന്നെ! കൊള്ളാം.
ജോൺ: പക്ഷേ, അത് എങ്ങനെ ഉറപ്പിക്കാം?
മൈക്കിൾ: നമുക്കു നോക്കാം. യേശു ഭൂമിയിലായിരുന്നപ്പോഴും ഏഴു കാലങ്ങൾ അവസാനിച്ചിട്ടില്ലെന്ന് അവൻ സൂചിപ്പിക്കുകയുണ്ടായി.g അതുകൊണ്ട്, അത് ഒരു നീണ്ട കാലഘട്ടമായിരിക്കണം. ഏഴു കാലങ്ങൾ യേശു ഭൂമിയിൽ വരുന്നതിനു നൂറുകണക്കിന് വർഷങ്ങൾക്കു മുമ്പേ തുടങ്ങിയതാണ്. യേശു സ്വർഗത്തിലേക്കു പോയതിനു ശേഷവും അതു തുടരും. ദാനിയേൽ പുസ്തകത്തിലെ പ്രവചനങ്ങളുടെ അർഥം ‘അന്ത്യകാലം’ വരെ വ്യക്തമാകുകയില്ലായിരുന്നു എന്നു പറഞ്ഞത് ഓർക്കുന്നുണ്ടല്ലോ.h 1800-കളുടെ അവസാനമായപ്പോഴേക്കും ആത്മാർഥതയുള്ള ബൈബിൾ വിദ്യാർഥികൾ ഇത് ഉൾപ്പെടെയുള്ള ബൈബിൾപ്രവചനങ്ങൾ താത്പര്യപൂർവം പരിചിന്തിക്കാൻ പ്രചോദിതരായി എന്നതാണ് രസകരമായ സംഗതി. ഏഴു കാലങ്ങൾ 1914-ൽ അവസാനിക്കുമെന്ന് അവർ തിരിച്ചറിഞ്ഞുതുടങ്ങി. അന്നു മുതലുള്ള സുപ്രധാന ലോകസംഭവങ്ങൾ 1914-ൽ തന്നെയാണു ദൈവരാജ്യം സ്വർഗത്തിൽ ഭരണം ആരംഭിച്ചത് എന്നതിന് ഉറപ്പുനൽകി. ലോകം അന്ത്യകാലത്തേക്ക് അഥവാ അതിന്റെ അവസാന നാളുകളിലേക്ക് പ്രവേശിച്ചത് ആ വർഷമായിരുന്നു. പുതിയ വിവരങ്ങളായതുകൊണ്ട് ഇതെല്ലാം മനസ്സിലാക്കാൻ ജോണിനു കുറച്ചു ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് അറിയാം . . .
ജോൺ: അതെ. എന്താണെങ്കിലും ഇതൊക്കെ ഒന്നുകൂടെ പരിശോധിച്ചു നോക്കിയാലേ ശരിക്കും മനസ്സിലാകൂ.
മൈക്കിൾ: സാരമില്ല. ഇതൊക്കെ കൃത്യമായി മനസ്സിലാക്കാൻ എനിക്കും കുറെ സമയമെടുത്തു. പക്ഷേ, ഈ ചർച്ചയിൽനിന്ന് ഒരു കാര്യം ജോണിനു എന്തായാലും മനസ്സിലായിക്കാണുമെന്നു ഞാൻ കരുതുന്നു, ദൈവരാജ്യത്തെക്കുറിച്ചുള്ള യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ ബൈബിളിൽ അധിഷ്ഠിതമാണെന്ന്.
ജോൺ: നിങ്ങളുടെ വിശ്വാസങ്ങൾ ബൈബിളിൽ അധിഷ്ഠിതമായിരിക്കുന്നത് എന്നെ വളരെ അതിശയിപ്പിച്ചിട്ടുണ്ട്.
മൈക്കിൾ: ജോണിനും അതുതന്നെയാണ് ഇഷ്ടമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ നേരത്തേ പറഞ്ഞതുപോലെ, എല്ലാംകൂടെ മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടു തോന്നിയേക്കാം. ഇപ്പോഴും ചില സംശയങ്ങൾ ബാക്കിയുണ്ടായിരിക്കും, അല്ലേ. ഉദാഹരണത്തിന്, ഏഴു കാലങ്ങൾ ദൈവരാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും അത് ബി.സി. 607-ൽ തുടങ്ങിയെന്നും നമ്മൾ മനസ്സിലാക്കി. എന്നാൽ, ഏഴു കാലങ്ങൾ 1914-ൽ അവസാനിച്ചെന്ന് കൃത്യമായി നമുക്ക് എങ്ങനെ മനസ്സിലാക്കാം?i
ജോൺ: ഞാൻ അതെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.
മൈക്കിൾ: ഏഴു കാലങ്ങൾ കൃത്യമായി എത്ര ദൈർഘ്യമുള്ളതാണെന്നു മനസ്സിലാക്കാൻ ബൈബിൾതന്നെ നമ്മെ സഹായിക്കും. അടുത്ത തവണ നമുക്ക് ആ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്താലോ?j
ജോൺ: അതു കൊള്ളാം. ▪ (w14-E 10/01)
നിങ്ങൾക്ക് ഉത്തരം കിട്ടാത്ത ഏതെങ്കിലും ബൈബിൾവിഷയങ്ങളുണ്ടോ? യഹോവയുടെ സാക്ഷികളുടെ ഏതെങ്കിലും വിശ്വാസങ്ങളെക്കുറിച്ചോ മതപരമായ നിലപാടുകളെക്കുറിച്ചോ അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ, യഹോവയുടെ സാക്ഷികളുമായി സംസാരിക്കാൻ മടിവിചാരിക്കരുത്. നിങ്ങളുമായി അതെക്കുറിച്ചു സംസാരിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.
a ആളുകളുടെ വീട്ടിൽച്ചെന്ന് ബൈബിളിൽനിന്നുള്ള ഓരോ വിഷയങ്ങൾ സൗജന്യമായി ചർച്ച ചെയ്തു പഠിക്കാനുള്ള ഒരു ക്രമീകരണം യഹോവയുടെ സാക്ഷികൾക്കുണ്ട്.
c യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 9-ാം അധ്യായം കാണുക. www.jw.org എന്ന വെബ്സൈറ്റിലും ഇത് ലഭ്യമാണ്.
g അന്ത്യനാളുകളെക്കുറിച്ചുള്ള പ്രവചനത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “വിജാതീയർക്കായി നിശ്ചയിച്ചിട്ടുള്ള കാലം തികയുന്നതുവരെ അവർ (ദൈവത്തിന്റെ ഭരണാധിപത്യത്തെ പ്രതിനിധാനം ചെയ്യുന്ന) യെരുശലേമിനെ ചവിട്ടിമെതിക്കും.” (ലൂക്കോസ് 21:24) ദൈവത്തിന്റെ രാജത്വമില്ലാത്ത ആ കാലഘട്ടം യേശുവിന്റെ കാലത്തും തുടരുകയായിരുന്നു, അത് അന്ത്യനാളുകൾ വരെ തുടരും.
i യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 215-218 വരെയുള്ള പേജുകൾ കാണുക. www.jw.org എന്ന വെബ്സൈറ്റിലും ഇത് ലഭ്യമാണ്.
j ഈ പരമ്പരയിലെ അടുത്ത ലേഖനം ഏഴു കാലങ്ങളുടെ ദൈർഘ്യം കണക്കുകൂട്ടാൻ സഹായിക്കുന്ന ബൈബിൾവാക്യങ്ങൾ പരിചിന്തിക്കും.