ഒരു അയൽക്കാരനുമൊത്തുള്ള സംഭാഷണം
ദൈവരാജ്യം ഭരണം ആരംഭിച്ചത് എപ്പോൾ?—ഭാഗം 2
ഒരു യഹോവയുടെ സാക്ഷി അയൽക്കാരിൽ ഒരാളുമായി സാധാരണ നടത്താറുള്ള സംഭാഷണത്തിന്റെ ഒരു മാതൃകയാണ് ഇവിടെ കാണുന്നത്. യഹോവയുടെ സാക്ഷിയായ മൈക്കിൾ, അയൽവാസിയായ ജോണിന്റെ വീട്ടിൽ വന്നിരിക്കുകയാണെന്നു സങ്കൽപ്പിക്കുക.
നെബൂഖദ്നേസർ കണ്ട സ്വപ്നം—ഒരു പുനരവലോകനം
മൈക്കിൾ: ജോണിനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. നമ്മൾ ഒരുമിച്ചുള്ള ബൈബിൾചർച്ചകൾ എനിക്ക് വളരെ ഇഷ്ടമാണ്.a പിന്നെ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
ജോൺ: നല്ല വിശേഷം. സുഖംതന്നെ.
മൈക്കിൾ: അതു കേട്ടതിൽ സന്തോഷം. കഴിഞ്ഞ തവണ നമ്മൾ ചർച്ച ചെയ്തത്, 1914-ൽ ദൈവരാജ്യം ഭരണം ആരംഭിച്ചെന്ന് യഹോവയുടെ സാക്ഷികൾ പറയുന്നതിന്റെ കാരണത്തെക്കുറിച്ചാണ്.b ഈ വിഷയം തെളിയിക്കാൻ ദാനീയേൽ എന്ന ബൈബിൾപുസ്തകത്തിന്റെ 4-ാം അധ്യായത്തിൽ കൊടുത്തിരിക്കുന്ന ഒരു പ്രവചനം സഹായിക്കുന്നുണ്ടെന്ന് നമ്മൾ കണ്ടു. അവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഓർക്കുന്നുണ്ടാകുമല്ലോ, അല്ലേ?
ജോൺ: നെബൂഖദ്നേസർ കണ്ട ഒരു പടുകൂറ്റൻ വൃക്ഷത്തെക്കുറിച്ചുള്ള സ്വപ്നമായിരുന്നില്ലേ അത്?
മൈക്കിൾ: അതു ശരിയാണ്. സ്വപ്നത്തിൽ, ആകാശത്തോളം എത്തുന്ന ഒരു പടുകൂറ്റൻ വൃക്ഷം നെബൂഖദ്നേസർ രാജാവ് കണ്ടു. ആ വൃക്ഷം വെട്ടിയിടാൻ ദൈവത്തിന്റെ ദൂതൻ കല്പിക്കുന്നതും അവൻ കേട്ടു. എന്നാൽ അതിന്റെ തായ്വേര് അഥവാ കുറ്റി വെട്ടിക്കളയാതെ നിറുത്തണമെന്നും പറഞ്ഞു. “ഏഴു കാലം” കഴിഞ്ഞ് വൃക്ഷം വീണ്ടും വളരുമായിരുന്നു.c ഇതായിരുന്നു പ്രവചനം. ഈ പ്രവചനത്തിനു രണ്ടു നിവൃത്തി ഉള്ളതിന്റെ കാരണവും നമ്മൾ ചർച്ച ചെയ്തിരുന്നു. ആദ്യനിവൃത്തി എന്തായിരുന്നെന്ന് ജോൺ ഓർക്കുന്നുണ്ടോ?
ജോൺ: അത് നെബൂഖദ്നേസർ രാജാവിന്റെ കാര്യത്തിൽത്തന്നെയായിരുന്നു. ഏഴു വർഷത്തേക്ക് അവന്റെ സുബോധം നഷ്ടപ്പെട്ടു, അല്ലേ?
മൈക്കിൾ: അതുതന്നെ. നെബൂഖദ്നേസറിന് താത്കാലികമായി സുബോധം നഷ്ടപ്പെട്ടതുകൊണ്ട് അവന്റെ ഭരണം തടസ്സപ്പെട്ടു. എന്നാൽ ഈ പ്രവചനത്തിന്റെ വലിയ നിവൃത്തിയിൽ ദൈവത്തിന്റെ ഭരണമാണ് ഏഴു കാലത്തേക്കു തടസ്സപ്പെടുന്നത്. ആ ഏഴു കാലം ആരംഭിച്ചത് ബി.സി. 607-ൽ യെരുശലേം നശിപ്പിക്കപ്പെട്ടപ്പോഴാണെന്ന് നമ്മൾ നേരത്തെ കണ്ടിരുന്നു. അന്നുമുതൽ, യഹോവയാം ദൈവത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു രാജാവും ദൈവജനത്തെ ഭരിച്ചില്ല. എന്നാൽ, ഏഴു കാലങ്ങളുടെ അവസാനത്തിൽ ദൈവം തന്റെ ജനത്തെ ഭരിക്കാൻ ഒരു പുതിയ ഭരണാധികാരിയെ നിയമിക്കും—സ്വർഗത്തിൽനിന്നുള്ള ഒരുവനായിരിക്കും അത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ ഏഴു കാലം അവസാനിക്കുമ്പോൾ ദൈവത്തിന്റെ ഗവണ്മെന്റ് ഭരണം ആരംഭിക്കും. പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന ഏഴു കാലം ആരംഭിച്ചത് എപ്പോഴാണെന്ന് അറിഞ്ഞ സ്ഥിതിക്ക്, അതിന്റെ ദൈർഘ്യം എത്രയാണെന്നുംകൂടി അറിഞ്ഞാൽ ദൈവരാജ്യം ഭരണം ആരംഭിക്കുന്ന സമയം കണ്ടുപിടിക്കാനാകും. ഇത്രയും കാര്യങ്ങൾ ഓർക്കുന്നുണ്ടാകുമല്ലോ, അല്ലേ?
ജോൺ: ങ്ഹാ. ഇപ്പോൾ എനിക്ക് എല്ലാം ഓർമ വരുന്നുണ്ട്.
മൈക്കിൾ: കൊള്ളാം. ഇനി നമുക്കു വിഷയത്തിലേക്കു വരാം, ഏഴു കാലത്തിന്റെ ‘ദൈർഘ്യം’ ആണല്ലോ നമുക്ക് അറിയേണ്ടത്? ഞാൻ ആ വിഷയം ഒരിക്കൽക്കൂടി വായിച്ചുനോക്കിയിട്ടാണ് വന്നിരിക്കുന്നത്. അൽപ്പം കട്ടിയുള്ളതിനാൽ, എന്നാലാകുംവിധം അതു ഞാൻ വിശദീകരിക്കാം.
ജോൺ: ശരി.
ഏഴു കാലത്തിന്റെ അന്ത്യം—അവസാന നാളുകളുടെ ആരംഭം
മൈക്കിൾ: നെബൂഖദ്നേസർ ഉൾപ്പെട്ടിരുന്ന ഈ പ്രവചനത്തിന്റെ ആദ്യനിവൃത്തിയിൽ ഏഴു കാലം എന്നത് അക്ഷരീയമായ ഏഴു വർഷങ്ങളെയാണ് അർഥമാക്കിയത്. എന്നാൽ, ദൈവരാജ്യം ഉൾപ്പെടുന്ന വലിയ നിവൃത്തിയിൽ ഏഴു കാലങ്ങൾ അക്ഷരീയ ഏഴു വർഷങ്ങളെക്കാൾ ദൈർഘ്യമേറിയതായിരിക്കും.
ജോൺ: അതെന്താ അങ്ങനെ?
മൈക്കിൾ: പറയാം. ഏഴു കാലങ്ങൾ ആരംഭിച്ചത് ബി.സി. 607-ൽ യെരുശലേം നശിപ്പിക്കപ്പെട്ടപ്പോഴാണെന്ന് അറിയാമല്ലോ? അന്നുമുതൽ അക്ഷരീയമായി ഏഴു വർഷം എണ്ണിയാൽ നമ്മൾ ബി.സി. 600-ൽ ആയിരിക്കും എത്തുന്നത്. എന്നാൽ ആ വർഷത്തിൽ ദൈവഭരണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഒരു കാര്യവും സംഭവിച്ചില്ല. മാത്രവുമല്ല, നൂറ്റാണ്ടുകൾക്കുശേഷം യേശു ഭൂമിയിൽ വന്ന സമയത്തുപോലും ഏഴു കാലങ്ങൾ അവസാനിച്ചിട്ടുണ്ടായിരുന്നില്ലെന്ന് യേശുതന്നെ സൂചിപ്പിച്ചു. അക്കാര്യം കഴിഞ്ഞ ചർച്ചയിൽ നമ്മൾ സംസാരിച്ചിരുന്നു. ഓർക്കുന്നുണ്ടോ?
ജോൺ: അതെയതെ. ഞാൻ അത് ഓർക്കുന്നുണ്ട്.
മൈക്കിൾ: അപ്പോൾ, ഏഴു കാലങ്ങൾ അക്ഷരീയമായ ഏഴു വർഷങ്ങൾ അല്ല. മറിച്ച് ദൈർഘ്യമേറിയ ഒരു കാലഘട്ടമായിരിക്കും എന്നു വ്യക്തം.
ജോൺ: അങ്ങനെയാണെങ്കിൽ, അതിന് എത്ര ദൈർഘ്യം കാണും?
മൈക്കിൾ: അതിന്റെ ദൈർഘ്യം എത്രയാണെന്നു കൃത്യമായി മനസ്സിലാക്കാൻ ദാനീയേൽ പുസ്തകവുമായി സാമ്യമുള്ള മറ്റൊരു ബൈബിൾപുസ്തകമായ വെളിപാട് നമ്മെ സഹായിക്കും. അവിടെ, മൂന്നര കാലത്തിന്റെ ദൈർഘ്യം 1,260 ദിവസമാണെന്ന് പറഞ്ഞിരിക്കുന്നു.d അങ്ങനെയെങ്കിൽ അതിന്റെ ഇരട്ടിയായ ഏഴു കാലത്തിന്റെ ദൈർഘ്യം 2,520 ദിവസമായിരിക്കും. പറയുന്നത് മനസ്സിലാക്കാൻ പറ്റുന്നുണ്ടല്ലോ, അല്ലേ?
ജോൺ: പിന്നെ, തീർച്ചയായും. എന്നാൽ, ഇതിൽനിന്നും 1914-ൽ ആണ് ദൈവരാജ്യം ഭരണം ആരംഭിച്ചതെന്ന് എങ്ങനെ പറയാൻ കഴിയും?
മൈക്കിൾ: ശരി. നമുക്ക് അത് കണ്ടുപിടിക്കാൻ ശ്രമിക്കാം. ബൈബിൾപ്രവചനങ്ങളിൽ ഒരു ദിവസമെന്നു പറയുന്നത് ചിലപ്പോഴൊക്കെ ഒരു വർഷത്തെ അർഥമാക്കിയേക്കാം.e ഒരു ദിവസത്തിന് ഒരു വർഷം എന്ന രീതിയിൽ കണക്കാക്കിയാൽ ഏഴു കാലങ്ങൾ 2,520 വർഷമായിരിക്കും. ഇനി കണക്കുകൂട്ടുകയേ വേണ്ടൂ. ബി.സി. 607-ൽനിന്ന് 2,520 വർഷം എണ്ണിയാൽ നമ്മൾ 1914 എന്ന വർഷത്തിൽ എത്തും.f ആ വർഷത്തിലാണ് ഏഴു കാലങ്ങൾ അവസാനിച്ചതും ദൈവരാജ്യത്തിന്റെ രാജാവായി യേശു ഭരണം ആരംഭിച്ചതും. മാത്രവുമല്ല, അന്ത്യനാളുകളുടെ അടയാളമായി ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുള്ള ലോകസംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നതും 1914 മുതലാണ്.
ജോൺ: എന്തു സംഭവങ്ങൾ?
മൈക്കിൾ: മത്തായി 24:7-ൽ താൻ സ്വർഗത്തിൽ രാജാവായി ഭരണം ആരംഭിക്കുന്ന കാലത്തെക്കുറിച്ച് യേശു പറഞ്ഞത് ഇങ്ങനെയാണ്: “ജനത ജനതയ്ക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും. ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും.” ഈ വാക്യത്തിൽ, ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും എന്നു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. കഴിഞ്ഞ നൂറ്റാണ്ടിലുടനീളം, ലോകം മുഴുവനും അത്തരം ദുരന്തങ്ങൾ ഉണ്ടായിട്ടില്ലേ?
ജോൺ: ശരിയാണ്.
മൈക്കിൾ: കൂടാതെ, താൻ ദൈവരാജ്യത്തിന്റെ രാജാവായി സന്നിഹിതനായിരിക്കുന്ന സമയത്തു നടക്കുന്ന യുദ്ധങ്ങളെക്കുറിച്ചും യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. ബൈബിൾപുസ്തകമായ വെളിപാടും അവസാനകാലഘട്ടത്തിൽ നടക്കുന്ന യുദ്ധങ്ങളെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. പ്രാദേശികമായി നടക്കുന്ന ചെറിയ യുദ്ധങ്ങളെക്കുറിച്ചല്ല പകരം മുഴുഭൂമിയെയും ബാധിക്കുന്ന വലിയ യുദ്ധങ്ങളെക്കുറിച്ച്.g ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത് എന്നാണെന്ന് ഓർക്കുന്നുണ്ടോ?
ജോൺ: അത് 1914-ൽ അല്ലേ. ഓ, യേശു ഭരണം ആരംഭിച്ചുവെന്നു നിങ്ങൾ പറയുന്ന വർഷവും അതുതന്നെയല്ലേ? ഞാൻ അങ്ങനെ ചിന്തിച്ചിട്ടേ ഇല്ല.
മൈക്കിൾ: ഇക്കാര്യങ്ങൾ അതായത്, ഏഴു കാലങ്ങളെക്കുറിച്ചുള്ള പ്രവചനവും അന്ത്യകാലത്തെക്കുറിച്ചുള്ള മറ്റു പ്രവചനങ്ങളും ചേർത്തുവെച്ചു നോക്കുമ്പോൾ നമുക്കൊരു പൂർണചിത്രം ലഭിക്കുന്നില്ലേ? യേശു ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ 1914-ൽ ഭരണം തുടങ്ങിയെന്നും ആ വർഷംതന്നെ അന്ത്യനാളുകൾ ആരംഭിച്ചെന്നും യഹോവയുടെ സാക്ഷികൾക്ക് ഉറച്ച ബോധ്യമുള്ളത് അതുകൊണ്ടാണ്.h
ജോൺ: ചർച്ച വളരെ രസകരമായിരുന്നു. എങ്കിലും, മുഴുവൻ കാര്യങ്ങളും എനിക്ക് അത്ര പിടികിട്ടിയിട്ടില്ല.
മൈക്കിൾ: അത് സാരമില്ല. ആദ്യം എനിക്കും അങ്ങനെതന്നെയായിരുന്നു. 1914 എന്ന വർഷത്തെക്കുറിച്ച് ബൈബിൾ നേരിട്ട് പറഞ്ഞിട്ടില്ല എന്നത് ശരിയാണ്. എങ്കിലും കുറഞ്ഞപക്ഷം, ആ വർഷത്തെക്കുറിച്ചുള്ള യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ തിരുവെഴുത്തുകളിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ?
ജോൺ: അക്കാര്യം സമ്മതിച്ചേ പറ്റൂ. നിങ്ങൾ എന്തു പറഞ്ഞാലും അതിന് ബൈബിളിന്റെ പിൻബലമുണ്ടായിരിക്കും. ഒരിക്കലും നിങ്ങളുടെ സ്വന്തം അഭിപ്രായം പറയാറില്ല. പക്ഷെ, ഒരു സംശയം ബാക്കിയുണ്ട്. ദൈവത്തിന് ഈ വിഷയം ഇത്ര സങ്കീർണമായി അവതരിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? യേശു ദൈവരാജ്യത്തിന്റെ രാജാവായി ഭരണം തുടങ്ങാൻ പോകുന്നത് 1914-ലാണ് എന്നു നേരിട്ട് പറയാമായിരുന്നില്ലേ?
മൈക്കിൾ: അതൊരു ഉഗ്രൻ ചോദ്യംതന്നെ. നേരിട്ട് പറയാത്ത പല കാര്യങ്ങളും ബൈബിളിലുണ്ട്. അൽപ്പം പരിശ്രമിച്ചാൽ മാത്രം മനസ്സിലാകുന്ന വിധത്തിലാണ് അവ രേഖപ്പെടുത്തിയിരിക്കുന്നത്. അത് എന്തുകൊണ്ടായിരിക്കും? ഈ വിഷയത്തെക്കുറിച്ച് അടുത്ത സന്ദർഭത്തിൽ ചർച്ച ചെയ്യാം.
ജോൺ: അങ്ങനെയാകട്ടെ. ▪ (w14-E 11/01)
നിങ്ങൾക്ക് ഉത്തരം കിട്ടാത്ത ഏതെങ്കിലും ബൈബിൾവിഷയങ്ങളുണ്ടോ? യഹോവയുടെ സാക്ഷികളുടെ ഏതെങ്കിലും വിശ്വാസങ്ങളെക്കുറിച്ചോ മതപരമായ നിലപാടുകളെക്കുറിച്ചോ അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ, യഹോവയുടെ സാക്ഷികളുമായി സംസാരിക്കാൻ മടിവിചാരിക്കരുത്. നിങ്ങളുമായി അതെക്കുറിച്ചു സംസാരിക്കാൻ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ.
a ആളുകളുടെ വീട്ടിൽച്ചെന്ന് ബൈബിളിൽനിന്നുള്ള ഓരോ വിഷയങ്ങൾ സൗജന്യമായി ചർച്ച ചെയ്തു പഠിക്കാനുള്ള ഒരു ക്രമീകരണം യഹോവയുടെ സാക്ഷികൾക്കുണ്ട്.
b ഈ മാസികയുടെ 2015 ജനുവരി — മാർച്ച് ലക്കത്തിലെ “ഒരു അയൽക്കാരനുമൊത്തുള്ള സംഭാഷണം—ദൈവരാജ്യം ഭരണം ആരംഭിച്ചത് എപ്പോൾ?—ഭാഗം 1” എന്ന ലേഖനം കാണുക.
c ദാനീയേൽ 4:23-25 കാണുക.
d വെളിപാട് 12:6, 14 കാണുക.
e സംഖ്യാപുസ്തകം 14:34; യെഹെസ്കേൽ 4:6 എന്നിവ കാണുക.
f “നെബൂഖദ്നേസർ കണ്ട സ്വപ്നം” എന്ന ചാർട്ട് കാണുക.
g വെളിപാട് 6:4 കാണുക.
h യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 9-ാം അധ്യായം കാണുക. www.jw.org എന്ന വെബ്സൈറ്റിലും ഇത് ലഭ്യമാണ്.