മുഖ്യലേഖനം | ലോകാവസാനം ഇങ്ങെത്തിയോ?
ലോകാവസാനം ഇങ്ങെത്തിയോ?
പരസ്പരം ആധിപത്യം നടത്താനും ആളുകളുടെ ഭാവിക്ക് ഒരു ഭീഷണിയായിത്തീരാനും ദൈവം മനുഷ്യനെ തുടർന്നും അനുവദിക്കുമോ? ഇല്ല. നമ്മൾ കണ്ടു കഴിഞ്ഞതുപോലെ, നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതവും അടിച്ചമർത്തലും അവസാനിപ്പിക്കാൻ ദൈവം നടപടി സ്വീകരിക്കും. അതിനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു. ഇക്കാര്യം നിങ്ങൾ മനസ്സിലാക്കണമെന്ന് മനുഷ്യന്റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവം ആഗ്രഹിക്കുന്നു. ആ സുപ്രധാന അറിവ് ദൈവം എങ്ങനെയാണ് വെളിപ്പെടുത്തുന്നത്?
ഈ ഉദാഹരണം കാണുക: നിങ്ങൾ കാറിൽ സഞ്ചരിക്കുകയാണെന്നിരിക്കട്ടെ. വഴി അറിയാനായി ഓൺലൈൻ വിവരങ്ങൾ, ഭൂപടങ്ങൾ, വഴികാട്ടികളായ ബോർഡുകൾ എന്നിവ നിങ്ങൾ പരിശോധിച്ചേക്കാം. ഈ മാർഗരേഖകളിൽ കാണിച്ചിരിക്കുന്ന അടയാളങ്ങളും സൂചകബോർഡുകളും കാണുമ്പോൾ ലക്ഷ്യം തെറ്റിയിട്ടില്ലെന്ന് നമുക്ക് ബോധ്യമാകും. സമാനമായി, ശ്രദ്ധേയമായ ചില ലോകപ്രവണതകളെക്കുറിച്ച് ബൈബിൾ വിവരിക്കുന്നു. അടയാളങ്ങളാകുന്ന അത്തരം സംഭവങ്ങൾ നിറവേറുന്നത് കാണുമ്പോൾ അന്ത്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് നമുക്ക് ബോധ്യമാകും.
പരമാന്ത്യത്തിൽ എത്തുന്ന അതുല്യവും നിർണായകവും ആയ ഒരു കാലഘട്ടത്തിൽ ഈ ലോകം എത്തിച്ചേരുമെന്ന് ബൈബിൾ പറയുന്നു. ഏതു കാലഘട്ടത്തിൽനിന്നും വ്യത്യസ്തമായി ഒന്നിച്ച് അരങ്ങേറുന്ന ലോകസംഭവങ്ങൾക്കും സാഹചര്യങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ഒരു കാലഘട്ടമായിരിക്കും അത്. ഇപ്പോൾ നമുക്ക് ദൈവവചനത്തിൽ പരാമർശിച്ചിരിക്കുന്ന ചില സവിശേഷതകൾ പരിചിന്തിക്കാം.
1. ലോകവ്യാപകമായിവരുന്ന മാറ്റങ്ങൾ ഒരേ കാലഘട്ടത്തിൽ നടക്കുന്ന പല സംഭവങ്ങൾ മത്തായി 24-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിൽ കാണാം. ആ സംഭവങ്ങൾ ‘യുഗസമാപ്തിയുടെ അടയാളമായിത്തീരും,’ അപ്പോൾ “അന്ത്യം വരും.” (വാക്യങ്ങൾ 3, 14) ഇവയിൽ വലിയ യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, ഒന്നിനുപുറകെ ഒന്നായി ഭൂകമ്പങ്ങൾ, വർധിച്ചുവരുന്ന അധർമപ്രവർത്തനങ്ങൾ, സ്നേഹത്തിന്റെ കുറവ്, ആളുകളെ വഴിതെറ്റിക്കാനുള്ള മതനേതാക്കന്മാരുടെ കുടിലശ്രമങ്ങൾ ഇതെല്ലാം ഉൾപ്പെടും. (വാക്യങ്ങൾ 6-26) ഇത്തരം സംഭവങ്ങൾ നൂറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്നുവെന്നത് സത്യംതന്നെ. എന്നിരുന്നാലും, അന്ത്യത്തോട് അടുക്കുന്തോറും അവയെല്ലാം പ്രശ്നപൂരിതമായ ഒരേ കാലഘട്ടത്തിൽത്തന്നെയായിരിക്കും സംഭവിക്കുക. ഇതുകൂടാതെ മറ്റ് മൂന്ന് മുന്നറിയിപ്പുകൾകൂടി നമുക്ക് നോക്കാം.
2. ആളുകളുടെ മനോഭാവം “അന്ത്യകാലത്ത്” അഥവാ അവസാനത്തിലേക്കു നയിക്കുന്ന കാലഘട്ടത്തിൽ ആളുകളുടെ മനോഭാവങ്ങൾ ഒന്നിനൊന്ന് വഷളാകുമെന്ന് ബൈബിൾ പറയുന്നു. നമ്മൾ ഇങ്ങനെ വായിക്കുന്നു: “മനുഷ്യർ സ്വസ്നേഹികളും ധനമോഹികളും വമ്പുപറയുന്നവരും ധാർഷ്ട്യക്കാരും ദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദികെട്ടവരും അവിശ്വസ്തരും സഹജസ്നേഹമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും ഏഷണിക്കാരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠുരന്മാരും നന്മയെ ദ്വേഷിക്കുന്നവരും വഞ്ചകരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളെ പ്രിയപ്പെടുന്നവരും ആയിരിക്കും.” (2 തിമൊഥെയൊസ് 3:1-4) സഹമനുഷ്യരോടുള്ള അനാദരവ് ഒരു പുതിയ കാര്യമൊന്നുമല്ല. എന്നാൽ, ഇത്തരം മനോഭാവങ്ങൾ അങ്ങേയറ്റം വർധിക്കുന്നത് “ദുഷ്കരമായ സമയങ്ങൾ” എന്നു ബൈബിൾ വിശേഷിപ്പിക്കുന്ന ഈ “അന്ത്യകാലത്ത്” മാത്രമായിരിക്കും. ആളുകളുടെ മനോഭാവം ഇത്രത്തോളം അധഃപതിച്ചിരിക്കുന്നതായി നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ?
3. ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു ‘ഭൂമിയെ നശിപ്പിക്കുന്നവരെ (ദൈവം) നശിപ്പിക്കും’ എന്ന് ബൈബിൾ പറയുന്നു. (വെളിപാട് 11:18) ഏതെല്ലാം വിധങ്ങളിലാണ് മനുഷ്യൻ ഭൂമിയെ നശിപ്പിക്കുന്നത്? നോഹ ജീവിച്ചിരുന്ന കാലഘട്ടം ഇതിനോട് സമാനമാണ്. “ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു. ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു.” അതുകൊണ്ട്, ആ ദുഷിച്ചതലമുറയോട് ദൈവം ഇങ്ങനെ പറഞ്ഞു. ‘ഞാൻ അവരെ നശിപ്പിക്കും.’ (ഉല്പത്തി 6:11-13) ഇന്ന്, ഭൂമി അക്രമംകൊണ്ട് നിറഞ്ഞിരിക്കുന്നതിന്റെ വർധിച്ചുവരുന്ന തെളിവുകൾ നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ? കൂടാതെ, മനുഷ്യവർഗം ചരിത്രത്തിലെ ഒരു നിർണായകസമയത്ത് എത്തിയിരിക്കുന്നു. എല്ലാ മനുഷ്യജീവനെയും തുടച്ചുനീക്കിക്കൊണ്ട് ഭൂമിയെത്തന്നെ നശിപ്പിക്കാനുള്ള ശക്തി അവർ നേടിയിട്ടുണ്ട്. അതിനുള്ള ആയുധശേഖരങ്ങളും അവരുടെ പക്കലുണ്ട്. ഭൂമിയെ മറ്റൊരു വിധത്തിലും അവർ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിൽ, ജീവൻ നിലനിർത്തുന്ന സംവിധാനങ്ങൾ അതായത് ശ്വസിക്കുന്ന വായു, മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആവാസവ്യവസ്ഥ, മഹാസമുദ്രങ്ങൾ എന്നിവ മനുഷ്യന്റെ ഭരണരീതികൊണ്ട് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
നിങ്ങളോടുതന്നെ ചോദിക്കുക, ‘കേവലം ഒരു നൂറ്റാണ്ടു മുമ്പ് മാനവരാശിയെ മുഴുവൻ ഇല്ലായ്മ ചെയ്യാനുള്ള കഴിവ് മനുഷ്യൻ നേടിയിരുന്നോ?’ എന്നാൽ, പുതിയപുതിയ ആയുധങ്ങൾ ശേഖരിച്ചുകൊണ്ടും പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടും ഇപ്പോൾ മനുഷ്യൻ ആ കഴിവ് നേടിയിരിക്കുന്നു. സാങ്കേതികവിദ്യയിലെ നേട്ടങ്ങൾ, പരിണതഫലങ്ങൾ മനസ്സിലാക്കാനും നിയന്ത്രിക്കാനും ഉള്ള മനുഷ്യന്റെ കഴിവിനെ കടത്തിവെട്ടിയിരിക്കുന്നു. എന്നാൽ, ഭൂമിയുടെ ഭാവി നിയന്ത്രിക്കുന്നതോ തീരുമാനിക്കുന്നതോ മനുഷ്യൻ അല്ല. ഭൂമിയിൽനിന്നും ജീവൻ പൂർണമായും ഇല്ലാതാകുന്നതിനു മുമ്പ്, ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുള്ള നടപടി ദൈവം സ്വീകരിക്കും. അതാണ് ദൈവത്തിന്റെ വാഗ്ദാനം!
4. ഒരു ആഗോളപ്രസംഗപ്രവർത്തനം മുൻകൂട്ടി പറഞ്ഞിരിക്കുന്ന അന്ത്യത്തിന്റെ മറ്റൊരു പ്രധാനസവിശേഷത എന്താണ്? ചരിത്രത്തിൽ ഇന്നുവരെ നടന്നിട്ടില്ലാത്ത ഒരു പ്രസംഗപ്രവർത്തനം നടക്കും എന്നതാണ്. ഇതെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.” (മത്തായി 24:14) ഈ പ്രസംഗപ്രവർത്തനം നൂറ്റാണ്ടുകളായി നടന്നുപോന്നിട്ടുള്ള മതപരിവർത്തനങ്ങൾ പോലെയല്ല. പകരം, അന്ത്യനാളുകളിൽ ഒരു പ്രത്യേകസന്ദേശത്തിനായിരിക്കും ഈ പ്രവർത്തനം പ്രാധാന്യം നൽകുന്നത്. അതാണ്, “രാജ്യത്തിന്റെ . . . സുവിശേഷം”. ആ പ്രത്യേകസന്ദേശത്തിന് ഊന്നൽ നൽകുന്ന ഏതെങ്കിലും മതവിഭാഗത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? ആരെങ്കിലും അങ്ങനെയൊരു സന്ദേശം പ്രസംഗിക്കുന്നുണ്ടെങ്കിൽത്തന്നെ, അതൊരു പ്രാദേശിക മതവിഭാഗമാണോ? “സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും” അവർ പ്രസംഗിക്കുന്നുണ്ടോ?
ദൈവരാജ്യത്തെക്കുറിച്ച് ലോകവ്യാപകമായി നൂറുകണക്കിന് ഭാഷകളിൽ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു
‘രാജ്യത്തിന്റെ സുവിശേഷത്തിനാണ്’ www.jw.org എന്ന വെബ്സൈറ്റ് പ്രാധാന്യം കൊടുക്കുന്നത്. 700-ലധികം ഭാഷകളിൽ ആ സന്ദേശത്തെക്കുറിച്ച് വിവരിക്കുന്ന പ്രസിദ്ധീകരണങ്ങൾ ഈ സൈറ്റിൽ ലഭ്യമാണ്. ലോകവ്യാപകമായി രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിന് പ്രാധാന്യം കൊടുക്കുന്ന മറ്റാരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? ഇന്റർനെറ്റ് സൗകര്യം വരുന്നതിനു വളരെ മുമ്പുതന്നെ രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നവർ എന്ന പേര് യഹോവയുടെ സാക്ഷികൾക്കുണ്ട്. 1939 മുതൽ അവർ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം മാസികയുടെ ഓരോ ലക്കത്തിന്റെയും മുൻപേജിൽ “യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു” എന്ന വാക്കുകൾ കാണാം. യഹോവയുടെ സാക്ഷികളുടെ പ്രസംഗവേലയെക്കുറിച്ച് “തീവ്രതയിലും വ്യാപ്തിയിലും അതുല്യം” എന്നാണ് മതങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം അഭിപ്രായപ്പെട്ടിരിക്കുന്നത്. ദൈവരാജ്യം മുഖാന്തരം പെട്ടെന്നുതന്നെ “അന്ത്യം വരും” എന്ന സുവാർത്തയ്ക്ക് ഈ സാക്ഷ്യവേല ഊന്നൽ നൽകുന്നു.
ലോകചരിത്രത്തിലെ ഒരു നിർണായക സമയം
ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്ന ബൈബിളിന്റെ നാല് മുന്നറിയിപ്പിൻ അടയാളങ്ങൾ നമ്മുടെ നാളിൽ നിറവേറുന്നതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ലോകസംഭവങ്ങൾ, ഈ വ്യവസ്ഥിതി അതിന്റെ അന്ത്യത്തിലേക്ക് അടുക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് വ്യക്തിപരമായി മനസ്സിലാക്കാൻ ഈ മാസിക 100-ലധികം വർഷങ്ങളായി വായനക്കാരെ സഹായിച്ചുവരുന്നു. എന്നാൽ, ഇത് വാസ്തവമല്ലെന്നും കെട്ടിച്ചമച്ചതാണെന്നും അവകാശപ്പെട്ടുകൊണ്ട് ചില സംശയാലുക്കൾ ഇതിനോട് യോജിക്കുന്നില്ല. ആശയവിനിമയ മാർഗങ്ങൾ വർധിച്ചിരിക്കുന്നതിനാൽ ലോകാവസ്ഥകൾ അധഃപതിക്കുന്നുവെന്നുള്ളത് വെറും ഒരു തോന്നൽ മാത്രമാണെന്ന് അവർ അവകാശപ്പെടുന്നു. മനുഷ്യചരിത്രത്തിലെ അതുല്യമായ കാലഘട്ടത്തിന്റെ ഏറ്റവും അവസാനസമയത്താണ് നമ്മൾ എത്തിനിൽക്കുന്നതെന്ന് വർധിച്ചുവരുന്ന തെളിവുകൾ വ്യക്തമാക്കുന്നു.
ഭൂമിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുകയാണെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്, 2014-ൽ ശാസ്ത്രീയ സുരക്ഷാബോർഡിന്റെ ഒരു മാസികയിൽ (Bulletin of the Atomic Scientists) മനുഷ്യവർഗത്തിന്റെ നിലനിൽപ്പിന് വന്നേക്കാവുന്ന ചില പ്രധാനഭീഷണികളെക്കുറിച്ച് ഐക്യരാഷ്ടസ്രഭയുടെ സുരക്ഷാസമിതിക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ആ ശാസ്ത്രജ്ഞന്മാർ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: “ഈ ഭീഷണികളെക്കുറിച്ചുള്ള വ്യക്തമായ ഒരു പരിശോധന, സാങ്കേതികപുരോഗതികളുടെ ഫലമായി മനുഷ്യസമൂഹത്തിനുതന്നെ ഭീഷണി ഉയർത്തുന്ന ഒരു മഹാവിപത്തിനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന നിഗമനത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.” ലോകചരിത്രത്തിലെ ഒരു നിർണായക സമയത്ത് നമ്മൾ എത്തിയിരിക്കുന്നതായി അനേകർക്കും ബോധ്യം വന്നുകൊണ്ടിരിക്കുന്നു. ഈ മാസികയുടെ പ്രസാധകർക്കും അതിന്റെ അനേകം വായനക്കാർക്കും ഈ കാലഘട്ടം അന്ത്യനാളുകളാണെന്നും അതിന്റെ അവസാനത്തോട് നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണെന്നും ഉള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട്, ഭാവിയിലേക്ക് ഭീതിയോടെ നോക്കുന്നതിനു പകരം അതിന്റെ നല്ല ഫലങ്ങളെക്കുറിച്ച് ഓർത്ത് നമുക്ക് സന്തോഷിക്കാം. എന്തുകൊണ്ട്? കാരണം, നിങ്ങൾക്ക് അന്ത്യത്തെ അതിജീവിക്കാൻ കഴിയും! (w15-E 05/01)