“നിങ്ങൾക്ക് സഹിഷ്ണുത ആവശ്യം”
യഹോവയുടെ സാക്ഷിയായി സ്നാനമേറ്റ അനിതയെa അവളുടെ ഭർത്താവ് രൂക്ഷമായി എതിർത്തു. അനിത പറയുന്നു: “യോഗങ്ങൾക്കു പോകാൻ എന്നെ അനുവദിച്ചില്ല. ദൈവത്തിന്റെ പേരു പറയാൻപോലും എനിക്ക് അനുവാദമില്ലായിരുന്നു. യഹോവ എന്നു കേൾക്കുന്നതേ, എന്റെ ഭർത്താവിന് കലിയിളകും.”
യഹോവയെക്കുറിച്ച് മക്കളെ എങ്ങനെ പഠിപ്പിക്കും എന്നതായിരുന്നു അനിത നേരിട്ട മറ്റൊരു പ്രശ്നം. “വീട്ടിൽ യഹോവയെ ആരാധിക്കാൻ എനിക്ക് അനുവാദമില്ലായിരുന്നു. മക്കളോടൊപ്പം ബൈബിൾ പഠിക്കാനോ അവരെ യോഗങ്ങൾക്കു കൊണ്ടുപോകാനോ ഒന്നും എനിക്കു പറ്റുമായിരുന്നില്ല.”
അനിതയുടെ ജീവിതാനുഭവം കാണിക്കുന്നതുപോലെ കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പ് ഒരു ക്രിസ്ത്യാനിയുടെ നിർമലതയെ ചോദ്യം ചെയ്തേക്കാം. വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതും കുഞ്ഞിനെയോ ഇണയെയോ മരണത്തിൽ നഷ്ടപ്പെടുന്നതും അടുത്ത ബന്ധുക്കളിൽ ഒരാൾ യഹോവയ്ക്കെതിരെ തിരിയുന്നതും ഒക്കെ ഇങ്ങനെയുള്ള സാഹചര്യങ്ങളാണ്. അങ്ങനെയെങ്കിൽ യഹോവയോട് വിശ്വസ്തരായി തുടരാൻ ക്രിസ്ത്യാനികളെ സഹായിക്കുന്നത് എന്താണ്?
ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ നിങ്ങൾ എന്ത് ചെയ്യും? പൗലോസ് അപ്പൊസ്തലൻ പറഞ്ഞു: “നിങ്ങൾക്ക് സഹിഷ്ണുത ആവശ്യം.” (എബ്രാ. 10:36) എന്നാൽ സഹിഷ്ണുത കാണിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
യഹോവയിൽ ആശ്രയിക്കുക, പ്രാർഥനാപൂർവം
ജീവിതത്തിലെ ബുദ്ധിമുട്ടുകളെ തരണം ചെയ്യാനുള്ള ശക്തി നേടാൻ സഹായിക്കുന്ന പ്രധാനമാർഗങ്ങളിൽ ഒന്നാണ് പ്രാർഥനാപൂർവം യഹോവയിൽ ആശ്രയിക്കുന്നത്. അന്നയ്ക്കു സംഭവിച്ചത് നോക്കാം. അവളുടെ ജീവിതത്തിൽ ഒരു ദുരന്തം ആഞ്ഞടിച്ചു. ഭർത്താവിന്റെ മരണം. 30 വർഷത്തെ ദാമ്പത്യമാണ് അന്ന് അവിടെ അവസാനിച്ചത്. അന്ന പറയുന്നു: “രാവിലെ ജോലിക്കു പോയതാ, പെട്ടെന്നായിരുന്നു മരണം; 52 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ.”
അന്ന എങ്ങനെയാണ് ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടത്? അവൾ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു ജോലിയായിരുന്നു അവളുടേത്. അത് ഒരു പരിധിവരെ അവളെ സഹായിച്ചു. എങ്കിലും അവളുടെ ഹൃദയവേദന ഇല്ലാതാക്കാൻ ഒന്നിനും കഴിഞ്ഞില്ല. അവൾ പറയുന്നു: “ഞാൻ ഹൃദയം യഹോവയുടെ മുമ്പാകെ പകർന്നു. ഈ തീരാനഷ്ടവുമായി പൊരുത്തപ്പെടാൻ എന്നെ സഹായിക്കേണമേ എന്നു ഞാൻ യാചിച്ചു.” അവളുടെ പ്രാർഥനകൾക്ക് ഉത്തരം കിട്ടിയോ? അവൾ തുടരുന്നു: “ദൈവത്തിനു മാത്രം തരാൻ കഴിയുന്ന സമാധാനം എന്നെ ആശ്വസിപ്പിച്ചു. അത് മനസ്സിന്റെ താളംതെറ്റാതിരിക്കാനും എന്നെ സഹായിച്ചു. എന്റെ ഭർത്താവിനെ യഹോവ പുനരുത്ഥാനത്തിലൂടെ തിരികെക്കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.”—ഫിലി. 4:6, 7.
“പ്രാർത്ഥന കേൾക്കുന്ന”വൻ തന്റെ ദാസർക്ക് വിശ്വസ്തരായിരിക്കാനുള്ള എന്ത് സഹായവും നൽകുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. (സങ്കീ. 65:2) ഈ ഉറപ്പ് വിശ്വാസം ബലപ്പെടുത്തുന്ന ഒന്നാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? നിങ്ങൾക്കും സഹിച്ചുനിൽക്കാനാകുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നില്ലേ?
ക്രിസ്തീയയോഗങ്ങൾ—പിന്തുണയുടെ ഉറവ്
യഹോവ തന്റെ ജനത്തെ ക്രിസ്തീയയോഗങ്ങളിലൂടെ പിന്തുണയ്ക്കുന്നു. ഉദാഹരണത്തിന്, തെസ്സലോനിക്യസഭയിലുള്ളവർ കഠിനമായ പീഡനങ്ങളിലൂടെ കടന്നുപോയപ്പോൾ, “നിങ്ങൾ ഇപ്പോൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ആശ്വസിപ്പിക്കുകയും ആത്മീയവർധന വരുത്തുകയും ചെയ്യുവിൻ” എന്ന് പൗലോസ് അവരോട് പറഞ്ഞു. (1 തെസ്സ. 2:14; 5:11) സ്നേഹത്തിൽ ഒരുമിച്ചു നിന്നുകൊണ്ടും പരസ്പരം സഹായിച്ചുകൊണ്ടും വിശ്വാസത്തിന്റെ പരിശോധനയെ അതിജീവിക്കാൻ അവർക്കായി. അവരുടെ സഹിഷ്ണുതയെക്കുറിച്ചുള്ള രേഖ ഇന്ന് നമുക്കൊരു ഉത്തമമാതൃകയായി ഉതകുന്നു. സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്ന ചില കാര്യങ്ങൾ അത് വെളിപ്പെടുത്തുകയും ചെയ്യുന്നു.
സഭയിലുള്ളവരുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുന്നത്, “അന്യോന്യം പരിപുഷ്ടിപ്പെടുത്താൻ ഉതകുന്ന കാര്യങ്ങൾ” പങ്കുവെക്കാനുള്ള അവസരങ്ങൾ തരും. (റോമ. 14:19) ദുരിതങ്ങളുടെയും പ്രതിസന്ധികളുടെയും മധ്യേയാണ് ഇത് വിശേഷാൽ പ്രധാനമായിരിക്കുന്നത്. പൗലോസ് അനേകം കഷ്ടപ്പാടുകളിലൂടെ കടന്നുപോയ ഒരു വ്യക്തിയായിരുന്നു. എന്നാൽ യഹോവ അവന് സഹിച്ചുനിൽക്കാനുള്ള ശക്തി നൽകി. ചില സമയങ്ങളിൽ യഹോവ സഹവിശ്വാസികളിലൂടെ പൗലോസിന് ആശ്വാസവും പിന്തുണയും നൽകി. അവരെക്കുറിച്ച്, “ഇവർ എനിക്ക് ബലപ്പെടുത്തുന്ന സഹായമായിത്തീർന്നു” എന്ന് പൗലോസ് കൊലോസ്യസഭയിലുള്ളവരെ സ്നേഹാന്വേഷണം അറിയിക്കവെ പറഞ്ഞു. (കൊലോ. 4:10, 11) പൗലോസിനോടുള്ള അവരുടെ സ്നേഹവും അടുപ്പവും അവശ്യസമയത്ത് അവന് ആശ്വാസവും ബലവും പകരാൻ അവരെ പ്രേരിപ്പിച്ചു. നിങ്ങൾക്കും ഇത്തരത്തിലുള്ള പ്രോത്സാഹനവും പിന്തുണയും നിങ്ങളുടെ സഭയിലുള്ള സഹോദരന്മാരിൽനിന്ന് ഇതിനോടകം ലഭിച്ചിട്ടില്ലേ?
മൂപ്പന്മാരിൽനിന്നുള്ള സഹായവും പിന്തുണയും
ക്രിസ്തീയസഭയ്ക്കുള്ളിൽ യഹോവ മറ്റൊരു പിന്തുണയും നൽകുന്നു—മൂപ്പന്മാർ. ആത്മീയപക്വതയുള്ള ഈ പുരുഷന്മാർക്ക് “കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും” ആയിരിക്കാനാകും. (യെശ. 32:2) എത്ര നവോന്മേഷം പകരുന്ന ഉറപ്പ്! സ്നേഹപുരസ്സരമായ ഈ കരുതലിനെ നിങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ടോ? മൂപ്പന്മാർ നൽകുന്ന പ്രോത്സാഹനവും പിന്തുണയും, സഹിച്ചുനിൽക്കാൻ നിങ്ങളെ സഹായിക്കും.
എന്നാൽ മൂപ്പന്മാർ എന്തെങ്കിലും അത്ഭുതസിദ്ധി ഉള്ളവരല്ല. അവരും മറ്റുള്ളവരെപ്പോലെ അപൂർണരായ മനുഷ്യരാണ്. (പ്രവൃ. 14:15) എങ്കിലും നമുക്കുവേണ്ടിയുള്ള അവരുടെ യാചനകൾക്ക് അല്ലെങ്കിൽ പ്രാർഥനകൾക്ക് വളരെ ഫലം ചെയ്യാനാകും. (യാക്കോ. 5:14, 15) പേശീശോഷണത്തിന്റെ അനന്തരഫലങ്ങൾ വർഷങ്ങളോളം സഹിച്ച ഇറ്റലിയിൽനിന്നുള്ള ഒരു സഹോദരൻ പറഞ്ഞത് ഇങ്ങനെയാണ്: “സഹോദരങ്ങളുടെ സ്നേഹവും കരുതലും കൂടെക്കൂടെയുള്ള സന്ദർശനവും സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ചു.” യഹോവയിൽനിന്നുള്ള സ്നേഹപൂർവമായ ഈ കരുതൽ നിങ്ങൾ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടോ?
ഒരു ആത്മീയദിനചര്യ പിൻപറ്റുക
സഹിച്ചുനിൽക്കുന്നതിന് ചെയ്യാനാകുന്ന മറ്റു ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് നല്ലൊരു ആത്മീയദിനചര്യ പിൻപറ്റുന്നത്. മറ്റൊരു ഉദാഹരണം നോക്കാം. 39 വയസ്സുള്ള ജോണിന് ഒരു അപൂർവയിനം കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം പറയുന്നു: “വലിയ ചതിയായിട്ടാണ് എനിക്കു തോന്നിയത്, ഞാനത്ര ചെറുപ്പമായിരുന്നു.” അന്ന് ജോണിന്റെ മകന് മൂന്ന് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ജോൺ പറയുന്നു: “ഭാര്യയ്ക്ക് കുഞ്ഞിന്റെ കാര്യങ്ങൾ മാത്രമല്ല എന്റെ ചികിത്സാകാര്യങ്ങളും നോക്കേണ്ടിവന്നു.” കീമോതെറാപ്പിയുടെ ഫലമായി ജോണിന് ഓക്കാനവും കടുത്ത ക്ഷീണവും ഉണ്ടായിരുന്നു. അതുകൊണ്ടും ദുരന്തങ്ങൾ തീർന്നില്ല. ജോണിന്റെ പിതാവ് ഒരു മാരകരോഗം ബാധിച്ച് കിടപ്പിലായി. അദ്ദേഹത്തിനും പരിചരണം ആവശ്യമായി വന്നു.
ജോണും കുടുംബവും എങ്ങനെയാണ് ആ ദുഷ്കരസാഹചര്യവുമായി പൊരുത്തപ്പെട്ടത്? ജോൺ പറയുന്നു: “എനിക്ക് ക്ഷീണമുണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെ ആത്മീയകാര്യങ്ങൾ ക്രമമായി നടക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പുവരുത്തി. ഞങ്ങൾ എല്ലാ യോഗങ്ങൾക്കും പോയി, എല്ലാ ആഴ്ചയിലും വയൽസേവനത്തിനും പോയി, കുടുംബാരാധന മുടക്കിയതുമില്ല; ഇതെല്ലാം അങ്ങേയറ്റം ബുദ്ധിമുട്ടായിരുന്നിട്ടും.” വാസ്തവത്തിൽ ഏതു പ്രതികൂലസാഹചര്യങ്ങളിലും സഹിച്ചുനിൽക്കുന്നതിനുള്ള താക്കോൽ, ആത്മീയത നിലനിറുത്തുന്നതാണെന്ന് ജോൺ മനസ്സിലാക്കി. ദുഷ്കരസാഹചര്യങ്ങൾ നേരിടുന്നവരോട് ജോണിന് എന്തെങ്കിലും പറയാനുണ്ടോ? അദ്ദേഹം പറയുന്നു: “തുടക്കത്തിലെ ഞെട്ടൽ മാറുന്നതോടെ, വേദനിപ്പിക്കുന്ന ചിന്തകൾ യഹോവ നൽകുന്ന സ്നേഹത്തിനും കരുത്തിനും വഴിമാറും. എന്നെ ബലപ്പെടുത്തിയതുപോലെ യഹോവയ്ക്കു നിങ്ങളെയും ബലപ്പെടുത്താനാകും.”
ഒരു സംശയവും വേണ്ട, നമുക്കു നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടേറിയ ഏത് സാഹചര്യങ്ങളെയും പ്രശ്നങ്ങളെയും സഹിച്ചുനിൽക്കാൻ ദൈവത്തിന്റെ സഹായത്താൽ നമുക്കു കഴിയും—ഇപ്പോഴും ഭാവിയിലും. നമുക്ക് പ്രാർഥനാപൂർവം യഹോവയിൽ ആശ്രയിക്കാം. സഭയിലെ സഹോദരങ്ങളുമായി ഉറ്റ സുഹൃദ്ബന്ധം വളർത്തിയെടുക്കാം. ക്രിസ്തീയമൂപ്പന്മാരുടെ പിന്തുണ തേടാം. ഒരു നല്ല ആത്മീയദിനചര്യ നിലനിറുത്താം. അങ്ങനെ ചെയ്യുമ്പോൾ, “നിങ്ങൾക്ക് സഹിഷ്ണുത ആവശ്യം” എന്ന പൗലോസിന്റെ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയായിരിക്കും നമ്മൾ.
a പേരുകൾ മാറ്റിയിട്ടുണ്ട്.