‘ദുർദ്ദിവസങ്ങളിലും’ യഹോവയെ സേവിക്കുന്നു
“ഓരോ ദിവസം കഴിയുന്തോറും എനിക്ക് ആരോഗ്യപ്രശ്നങ്ങൾ കൂടിക്കൂടി വരുകയാണ്,” 70 വയസ്സുള്ള എർണസ്റ്റ് ദുഃഖത്തോടെ പറയുന്നു.a പലരും അങ്ങനെ പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ? വാർധക്യത്തിലേക്ക് എത്തുന്നതോടെ നിങ്ങൾക്ക് ആരോഗ്യവും ശക്തിയും ഒക്കെ നഷ്ടപ്പെടുന്നതായി തോന്നുന്നെങ്കിൽ സഭാപ്രസംഗി 12-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന അതേ അവസ്ഥയായിരിക്കാം നിങ്ങളുടേതും. ആ അധ്യായത്തിന്റെ ഒന്നാം വാക്യത്തിൽ “ദുർദ്ദിവസങ്ങൾ” എന്നാണ് വാർധക്യകാലത്തെ വിളിച്ചിരിക്കുന്നത്. എന്നുകരുതി നിങ്ങൾക്ക് എല്ലാം നഷ്ടമായി എന്ന് ചിന്തിക്കേണ്ട കാര്യമില്ല. യഹോവയെ സന്തോഷത്തോടെ സേവിച്ചുകൊണ്ട് നിങ്ങൾക്ക് തുടർന്നും അർഥപൂർണമായ ഒരു ജീവിതം നയിക്കാനാകും.
വിശ്വാസം കരുത്തുറ്റതാക്കി നിലനിറുത്തുക
പ്രായമായ പ്രിയ സഹോദരീസഹോദരന്മാരേ, ഇപ്പോൾ നിങ്ങൾക്കുള്ള പ്രശ്നങ്ങൾ നിങ്ങൾ മാത്രമല്ല നേരിടുന്നത്. ബൈബിൾക്കാലങ്ങളിൽ ജീവിച്ചിരുന്ന, യഹോവയുടെ ദാസരും പ്രായമായപ്പോൾ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയവരാണ്. ഉദാഹരണത്തിന് യിസ്ഹാക്ക്, യാക്കോബ്, അഹീയാവ് എന്നിവർക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു. (ഉല്പ. 27:1; 48:10; 1 രാജാ. 14:4) ദാവീദ് രാജാവിന് “കുളിർ മാറിയില്ല.” (1 രാജാ. 1:1) ധനികനായ ബർസില്ലായിക്ക് ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാനും സംഗീതം കേട്ടു രസിക്കാനും കഴിയാതായി. (2 ശമൂ. 19:32-35) അബ്രാഹാമിനും നൊവൊമിക്കും തങ്ങളുടെ ഇണ നഷ്ടപ്പെട്ടപ്പോൾ അതുമായി പൊരുത്തപ്പെടേണ്ടിവന്നു.—ഉല്പ. 23:1, 2; രൂത്ത് 1:3, 12.
യഹോവയോട് വിശ്വസ്തരായിരുന്നുകൊണ്ട് തങ്ങളുടെ സന്തോഷം നിലനിറുത്താൻ അവരെ ഓരോരുത്തരെയും സഹായിച്ചത് എന്താണ്? യഹോവ വാഗ്ദാനം നിവർത്തിക്കുമെന്ന ബോധ്യമുണ്ടായിരുന്നതുകൊണ്ട് പ്രായമായപ്പോൾ അബ്രാഹാം “വിശ്വാസത്താൽ ശക്തിപ്പെട്ടു.” (റോമ. 4:19-21) നമുക്കും ശക്തമായ വിശ്വാസം ആവശ്യമാണ്. അത്തരം വിശ്വാസം നമ്മുടെ പ്രായത്തെയോ കഴിവുകളെയോ സാഹചര്യങ്ങളെയോ ആശ്രയിച്ചല്ല ഇരിക്കുന്നത്. ഉദാഹരണത്തിന് കാഴ്ച നഷ്ടപ്പെട്ട് അവശനായി കിടപ്പിലായപ്പോൾപ്പോലും ഗോത്രപിതാവായ യാക്കോബ് ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഉറച്ച് വിശ്വസിച്ചിരുന്നു. (ഉല്പ. 48:1-4, 10; എബ്രാ. 11:21) ഇപ്പോൾ 93 വയസ്സുള്ള ഇനെസിന്റെ പേശികൾക്ക് ബലക്ഷയം സംഭവിച്ചിരിക്കുന്നു. എന്നിട്ടും ആ സഹോദരി ഇങ്ങനെയാണ് പറയുന്നത്: “എല്ലാ ദിവസവും യഹോവ എന്നെ ധാരാളമായി അനുഗ്രഹിക്കുന്നുണ്ട്. ഞാൻ പറുദീസയെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസംപോലുമില്ല. അത് എനിക്ക് പ്രത്യാശ പകരുന്നു.” എത്ര നല്ല മനോഭാവം!
പ്രാർഥിച്ചുകൊണ്ടും ദൈവവചനം പഠിച്ചുകൊണ്ടും ക്രിസ്തീയയോഗങ്ങളിൽ സംബന്ധിച്ചുകൊണ്ടും നമ്മൾ നമ്മുടെ വിശ്വാസം ശക്തമാക്കുന്നു. വയസ്സുചെന്ന ദാനിയേൽ പ്രവാചകൻ എല്ലാ ദിവസവും മൂന്ന് തവണ മുടങ്ങാതെ പ്രാർഥിക്കുമായിരുന്നു; കൂടാതെ ദൈവവചനം പഠിക്കുകയും ചെയ്തിരുന്നു. (ദാനീ. 6:10; 9:2) പ്രായംചെന്നവളും വിധവയും ആയിരുന്ന ഹന്നാ “മുടങ്ങാതെ ദൈവാലയത്തിൽ” പോകുമായിരുന്നു. (ലൂക്കോ. 2:36, 37) സാധ്യമായിരിക്കുമ്പോഴെല്ലാം സഭായോഗങ്ങളിൽ പോയി അവിടെ നടക്കുന്ന പരിപാടികളിൽ നിങ്ങളെക്കൊണ്ടാകുന്നതുപോലെ പങ്കെടുക്കുമ്പോൾ അതു നിങ്ങൾക്ക് പുതുജീവൻ പകരുമെന്നു മാത്രമല്ല അവിടെ വരുന്നവർക്ക് അത് ഒരു പ്രോത്സാഹനവുമായിരിക്കും. നിങ്ങളുടെ പ്രാർഥനകൾ കേൾക്കാൻ യഹോവയ്ക്ക് എപ്പോഴും ഇഷ്ടമാണ്; നിങ്ങൾക്ക് കുറച്ചു മാത്രമേ ചെയ്യാൻ കഴിയുന്നുള്ളൂ എങ്കിൽപ്പോലും.—സദൃ. 15:8.
പരസ്പരം പ്രോത്സാഹിപ്പിക്കുക
വിശ്വസ്തരായ നിങ്ങളിൽ പലരും, ‘യോഗങ്ങൾക്ക് പോകാൻ ആവശ്യമായ ആരോഗ്യവും വായിക്കാൻ നല്ല കാഴ്ചശക്തിയും എനിക്കുണ്ടായിരുന്നെങ്കിൽ’ എന്ന് ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ, അത് ബുദ്ധിമുട്ടായിരിക്കാം, അതിനു കഴിഞ്ഞില്ലെന്നുപോലും വരാം. അപ്പോൾ എന്തു ചെയ്യാനാകും? നിങ്ങൾക്ക് ലഭ്യമായിരിക്കുന്ന എല്ലാ സൗകര്യങ്ങളും നന്നായി പ്രയോജനപ്പെടുത്തുക. യോഗങ്ങൾക്ക് ഹാജരാകാൻ കഴിയാത്ത പലരും ഫോണിലൂടെ പരിപാടികൾ കേട്ട് ആസ്വദിക്കുന്നു. കാഴ്ചത്തകരാറുള്ള 79 വയസ്സുകാരി ഇംഗയുടെ കാര്യമെടുക്കുക. സഭയിലെ ഒരു സഹോദരൻ എടുത്തുകൊടുക്കുന്ന, പ്രസിദ്ധീകരണങ്ങളുടെ വലിയ അക്ഷരത്തിലുള്ള പ്രിന്റ് ഉപയോഗിച്ച് സഹോദരി യോഗപരിപാടികൾ തയ്യാറാകുന്നു.
കുറച്ചുകൂടി കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് മറ്റുള്ളവർ ആഗ്രഹിക്കുന്ന ഒന്ന് നിങ്ങൾക്കുണ്ട്—സമയം. ആ സമയം നാടകശബ്ദരേഖകളും ബൈബിളിന്റെയും ബൈബിൾപ്രസിദ്ധീകരണങ്ങളുടെയും പ്രസംഗങ്ങളുടെയും ഓഡിയോ റെക്കോർഡിങ്ങുകളും ഒക്കെ കേൾക്കാൻ ഉപയോഗിച്ചുകൂടേ? കൂടാതെ, സഹവിശ്വാസികളുമായി ഫോണിലൂടെ ആത്മീയകാര്യങ്ങൾ സംസാരിക്കാൻ നിങ്ങൾക്ക് മുൻകൈയെടുക്കാനാകും. അതിലൂടെ നിങ്ങൾക്ക് “പരസ്പരം പ്രോത്സാഹനം” ലഭിക്കും.—റോമ. 1:11, 12.
ദൈവസേവനത്തിൽ തിരക്കുള്ളവരായിരിക്കുക
സുവാർത്ത അറിയിക്കുക
“മുമ്പത്തെപ്പോലെ ഇപ്പോൾ ചെയ്യാൻ പറ്റാത്തത് വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്” എന്ന് ഏതാണ്ട് 85 വയസ്സുള്ള ക്രിസ്റ്റ സങ്കടത്തോടെ പറയുന്നു. അങ്ങനെയെങ്കിൽ പ്രായമായവർക്ക് എങ്ങനെ സന്തോഷമുള്ളവരായിരിക്കാനാകും? “ഇതൊന്നും എനിക്കു ചെയ്യാൻ പറ്റില്ലല്ലോ എന്ന് ആലോചിച്ചിരിക്കാതെ, നിങ്ങളെക്കൊണ്ടാകുന്ന കാര്യങ്ങൾ ചെയ്യുന്നത് ആസ്വദിച്ചുകൊണ്ട് ശരിയായ ഒരു കാഴ്ചപ്പാടുള്ളവരായിരിക്കുക” എന്ന് 75 വയസ്സുള്ള പീറ്റർ പറയുന്നു.
നിങ്ങൾക്കു മുന്നിൽ ഇപ്പോഴുള്ള സാക്ഷീകരണത്തിന്റെ വിവിധമേഖലകളെക്കുറിച്ച് ചിന്തിക്കാനാകുമോ? ഹൈഡിക്ക് ഇപ്പോൾ മുമ്പത്തേതുപോലെ വീടുതോറുമുള്ള സാക്ഷീകരണത്തിന് പോകാൻ കഴിയുന്നില്ല. 80 വയസ്സായ ഹൈഡി കമ്പ്യൂട്ടർ ഉപയോഗിച്ച് കത്ത് എഴുതാൻ പഠിച്ചു. പ്രായമായ വേറെ ചില പ്രചാരകർ പാർക്കിലോ ബസ്സ് സ്റ്റോപ്പിലോ ഇരിക്കുമ്പോൾ ബൈബിൾചർച്ചകൾക്ക് തുടക്കമിടുന്നു. ഇനി, ഒരു ആതുരാലയത്തിലാണ് താമസിക്കുന്നതെങ്കിൽ നിങ്ങളെ പരിചരിക്കുന്നവരെയും അവിടെയുള്ള മറ്റുള്ളവരെയും ഉൾപ്പെടുത്തിക്കൊണ്ട് നിങ്ങൾക്ക് സ്വന്തമായി ഒരു “പ്രദേശം” ഉണ്ടാക്കാനാകുമോ?
ആതിഥ്യം കാണിക്കുക
ദാവീദ് രാജാവ് തന്റെ അവസാനനാളുകളിൽ സത്യാരാധന ഉന്നമിപ്പിക്കുന്നതിന് തീക്ഷ്ണതയോടെ പ്രവർത്തിച്ചു. ആലയം നിർമിക്കുന്നതിന് സംഭാവനയും എല്ലാവിധപിന്തുണയും നൽകി. (1 ദിന. 28:11–29:5) സമാനമായി, ദൈവരാജ്യത്തോട് ബന്ധപ്പെട്ട് ലോകമെമ്പാടും നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഉത്സാഹമുള്ളവരായിരിക്കുക; അതിന് പിന്തുണ നൽകാൻ നിങ്ങളെക്കൊണ്ടാകുന്നതെല്ലാം ചെയ്യുക. നിങ്ങളുടെ സഭയിലെ മുൻനിരസേവകരെയും ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന പ്രചാരകരെയും നിങ്ങൾക്ക് പിന്തുണയ്ക്കാനാകില്ലേ? പ്രോത്സാഹനം പകരുന്ന വാക്കുകൾ പറഞ്ഞുകൊണ്ടോ ചെറിയൊരു സമ്മാനം നൽകിക്കൊണ്ടോ ഒരു ലഘുഭക്ഷണത്തിന് വിളിച്ചുകൊണ്ടോ അങ്ങനെ ചെയ്യാവുന്നതാണ്. യുവാക്കൾക്കും കുടുംബങ്ങൾക്കും മുഴുസമയസേവകർക്കും രോഗികൾക്കും ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നവർക്കും വേണ്ടി നിങ്ങൾക്ക് പ്രാർഥിക്കാനാകും.
നിങ്ങളും നിങ്ങളുടെ സേവനവും വളരെ മൂല്യമുള്ളതാണ്. നമ്മുടെ സ്വർഗീയ പിതാവ് പ്രായമായ നിങ്ങളെ ആരെയും ഒരിക്കലും ഉപേക്ഷിക്കില്ല. (സങ്കീ. 71:9) യഹോവ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ അവന് വിലപ്പെട്ടവരാണ്. പെട്ടെന്നുതന്നെ അവസ്ഥകൾ മാറും. നമ്മുടെ പ്രായം കൂടുമെങ്കിലും ‘ദുർദ്ദിവസങ്ങളിലെ’ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മേലാൽ ഉണ്ടായിരിക്കില്ല. മറിച്ച് പൂർണ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും നമ്മൾ എല്ലാക്കാലത്തും സ്നേഹവാനായ യഹോവയാം ദൈവത്തെ സേവിക്കുന്നതിൽ തുടരും.
a ചില പേരുകൾ മാറ്റിയിട്ടുണ്ട്.