ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും
ഈ ജീവിതം മാത്രമേ ഉള്ളോ?
ജീവിതം വളരെ ഹ്രസ്വമാണെന്ന് ചിലപ്പോഴെങ്കിലും നിങ്ങൾക്കു തോന്നിയിട്ടുണ്ടോ?
കളിക്കുക, ജോലി ചെയ്യുക, വിവാഹം കഴിക്കുക, കുടുംബത്തെ പരിപാലിക്കുക, വാർധക്യം പ്രാപിക്കുക എന്നിങ്ങനെയല്ലാതെ ജീവിതത്തിൽ കൂടുതലായ എന്തെങ്കിലും ഉണ്ടോയെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? (ഇയ്യോബ് 14:1, 2) ജ്ഞാനികളിൽ ജ്ഞാനികളായ ആളുകൾപോലും ഇത്തരത്തിൽ ചിന്തിച്ചിട്ടുണ്ടെന്ന് ബൈബിൾ പറയുന്നു.—സഭാപ്രസംഗി 2:11 വായിക്കുക.
ജീവിതത്തിന് എന്തെങ്കിലും അർഥമുണ്ടോ? അതിനുമുമ്പ്, നമ്മൾ ചോദിക്കേണ്ട ചോദ്യം ഇതാണ്: ജീവിതം എങ്ങനെയാണ് ആരംഭിച്ചത്? നമ്മുടെ തലച്ചോറിന്റെയും മറ്റ് ശരീരഭാഗങ്ങളുടെയും ശ്രദ്ധേയമായ രൂപകല്പനയെക്കുറിച്ച് ചിന്തിച്ചശേഷം, ഇതിന് പിന്നിൽ ജ്ഞാനിയായ ഒരു സ്രഷ്ടാവുണ്ടെന്ന നിഗമനത്തിൽ അനേകർ എത്തിച്ചേർന്നിരിക്കുന്നു. (സങ്കീർത്തനം 139:14 വായിക്കുക.) അത് ശരിയാണെങ്കിൽ, നമ്മെ സൃഷ്ടിച്ചതിന് ദൈവത്തിന് തക്കതായ ഒരു കാരണമുണ്ടായിരിക്കും! ആ കാരണത്തെക്കുറിച്ചുള്ള അറിവ് നമ്മുടെ ജീവിതത്തിന് കൂടുതൽ അർഥം പകരും.
എന്തിനാണ് മനുഷ്യരെ സൃഷ്ടിച്ചത്?
ആദ്യ മനുഷ്യജോഡിയെ ദൈവം അനുഗ്രഹിക്കുകയും അവർക്ക് രസകരമായ ഒരു നിയമനം നൽകുകയും ചെയ്തു. ഭൂമിയെ നിറയ്ക്കുക, അതിനെ ഒരു പറുദീസയാക്കുക, അവിടെ എന്നേക്കും ജീവിതം ആസ്വദിക്കുക എന്നതായിരുന്നു അവരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം.—ഉല്പത്തി 1:28, 31 വായിക്കുക.
എന്നാൽ മനുഷ്യർ ദൈവത്തിന്റെ ഭരണത്തിന് എതിരെ മത്സരിച്ചപ്പോൾ ദൈവോദ്ദേശ്യത്തിന് കാലതാമസം നേരിട്ടു. എങ്കിലും, ദൈവം തന്റെ ഉദ്ദേശ്യത്തിന് മാറ്റം വരുത്തുകയോ മനുഷ്യരെ തള്ളിക്കളയുകയോ ചെയ്തില്ല. വിശ്വസ്തരായ ആളുകളെ സംരക്ഷിക്കുന്നതിനുവേണ്ടി ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിവർത്തിക്കുമെന്നും ബൈബിൾ ഉറപ്പുനൽകുന്നു! അതുകൊണ്ട്, താൻ ഉദ്ദേശിച്ച വിധത്തിൽ നിങ്ങൾ ജീവിതത്തെ നോക്കിക്കാണണമെന്ന് ദൈവം ആഗ്രഹിക്കുന്നു! (സങ്കീർത്തനം 37:29 വായിക്കുക.) ബൈബിളിലൂടെ, ദൈവം ഉദ്ദേശിച്ച കാര്യത്തിൽനിന്ന് നിങ്ങൾക്ക് വ്യക്തിപരമായി എങ്ങനെ പ്രയോജനം നേടാനാകുമെന്ന് പഠിക്കുക. (w15-E 08/01)