ജീവിതകഥ
“ബഹുദ്വീപുകളും സന്തോഷിക്കട്ടെ”
ഞാൻ ഒരിക്കലും മറക്കാത്ത ഒരു ദിവസമാണ് അത്. 2000 മെയ് 22. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ഏതാനും സഹോദരന്മാരോടൊപ്പം ഭരണസംഘത്തിന്റെ കോൺഫറൻസ് മുറിയിൽ ആശങ്കയോടെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. റൈറ്റിങ് കമ്മിറ്റിയിലുള്ള സഹോദരങ്ങൾ ഉടൻതന്നെ എത്തും. ഞങ്ങൾക്ക് അവിടെ ഒരു അവതരണം നടത്തണമായിരുന്നു. പരിഭാഷകർ നേരിടുന്ന പ്രശ്നങ്ങൾ ഏതാനും ആഴ്ചകളായി ഞങ്ങൾ വിശകലനം ചെയ്തുവരികയായിരുന്നു. ഇപ്പോൾ അവയ്ക്കുള്ള പരിഹാരം നിർദേശിക്കാനുള്ള സമയം എത്തി. എന്നാൽ എന്തുകൊണ്ടാണ് ഈ യോഗം ഇത്ര പ്രധാനമായിരുന്നത്? അത് പറയുന്നതിനു മുമ്പ് എന്നെക്കുറിച്ചുതന്നെ ചില കാര്യങ്ങൾ ഞാൻ പറയാം.
ക്വീൻസ്ലാൻഡിൽ വെച്ച് സ്നാനമേറ്റ ഞാൻ, ടാസ്മാനിയയിൽ മുൻനിരസേവനവും ടുവാലു, സമോവ, ഫിജി എന്നിവിടങ്ങളിൽ മിഷനറി സേവനവും ആസ്വദിച്ചു
ഓസ്ട്രേലിയയിലുള്ള ക്വീൻസ്ലാൻഡിൽ 1955-ലാണ് ഞാൻ ജനിച്ചത്. താമസിയാതെ, എന്റെ അമ്മ എസ്റ്റൽ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. പിറ്റേ വർഷം അമ്മ സ്നാനമേറ്റു. എന്നാൽ എന്റെ പിതാവ് റോൺ സത്യത്തിൽ വന്നത് 13 വർഷം കഴിഞ്ഞാണ്. ഞാൻ ക്വീൻസ്ലാൻഡിൽ വെച്ച് 1968-ലാണ് സ്നാനമേറ്റത്.
ചെറുപ്പംമുതലേ എനിക്ക് വായന വളരെ ഇഷ്ടമായിരുന്നു. കാരണം, ഭാഷ എന്നെ അത്രയേറെ ആകർഷിച്ചിരുന്നു. കുടുംബം ഒന്നിച്ചുള്ള യാത്രകളിൽ കാഴ്ചകൾ കാണുന്നതിനു പകരം ഞാൻ എല്ലായ്പോഴും പിൻസീറ്റിൽ ഇരുന്ന് പുസ്തകം വായിക്കുമായിരുന്നു. അത് എന്റെ മാതാപിതാക്കളെ അസ്വസ്ഥരാക്കി. പക്ഷെ, വായനയോടുള്ള ഈ ഭ്രമം സ്കൂൾ പഠനത്തിൽ എനിക്ക് ഒരു അനുഗ്രഹമായിത്തീർന്നു. ദ്വീപസംസ്ഥാനമായ ടാസ്മാനിയയിലെ ഗ്ലെനോർക്കിൽ, ഹൈസ്കൂൾ പഠനകാലത്ത് പഠനമികവിനുള്ള ധാരാളം അവാർഡുകൾ എനിക്കു കിട്ടി.
അങ്ങനെയിരിക്കെ ഒരു പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ട സമയം വന്നു. ‘ഒരു സ്കോളർഷിപ്പ് വാങ്ങി യൂണിവേഴ്സിറ്റിയിൽ ചേരണോ വേണ്ടയോ’ എന്നതായിരുന്നു അത്. പുസ്തകങ്ങളോടും പഠനത്തോടും എനിക്ക് വലിയ താത്പര്യമായിരുന്നെങ്കിലും അതിലും ശക്തമായ സ്നേഹം ആർജിച്ചെടുക്കാൻ അമ്മ എന്നെ സഹായിച്ചു—യഹോവയോടുള്ള സ്നേഹം. അതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. (1 കൊരി. 3:18, 19) അടിസ്ഥാനവിദ്യാഭ്യാസം പൂർത്തിയാക്കിയ ഞാൻ മാതാപിതാക്കളുടെ സമ്മതത്തോടെ പഠനം നിറുത്തി. 1971 ജനുവരി മുതൽ മുൻനിരസേവനം ആരംഭിച്ചു, എന്റെ 15-ാം വയസ്സിൽ.
പിന്നീടുള്ള എട്ടു വർഷം ഞാൻ ടാസ്മാനിയയിൽ മുൻനിരസേവനം ചെയ്തു. അവിടെവെച്ച്, സുന്ദരിയായ ജെനി ആൽക്കോക് എന്നൊരു ടാസ്മാനിയൻ പെൺകുട്ടിയെ ഞാൻ വിവാഹം കഴിച്ചു. നാലു വർഷം, ഒറ്റപ്പെട്ട പ്രദേശങ്ങളായ സ്മിത്റ്റണിലും ക്വീൻസ്ടൗണിലും ഞങ്ങൾ ഒരുമിച്ച് പ്രത്യേക മുൻനിരസേവനം ആസ്വദിച്ചു.
പസിഫിക് ദ്വീപുകളിലേക്ക്. . .
1978-ൽ പാപ്പുവ ന്യൂഗിനിയിലെ പോർട്ട്മോർസ്ബിയിൽ നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ പങ്കെടുക്കാനായി ഞങ്ങൾ ആദ്യമായി വിദേശത്ത് പോയി. ഒരു മിഷനറി, ഹിരി മോട്ടൂ ഭാഷയിൽ നടത്തിയ പ്രസംഗം ഞാൻ ഇന്നും ഓർക്കുന്നു. അദ്ദേഹം പറഞ്ഞ ഒരു വാക്കുപോലും എനിക്ക് മനസ്സിലായില്ല. എങ്കിലും ഒരു മിഷനറിയാകാനും മറ്റു ഭാഷകൾ പഠിക്കാനും അതുപോലുള്ള പ്രസംഗങ്ങൾ നടത്താനും അത് എന്നെ പ്രചോദിപ്പിച്ചു. ഒടുവിൽ യഹോവയോടുള്ള സ്നേഹം ഭാഷയോടുള്ള സ്നേഹവുമായി കൂട്ടിയിണക്കാൻ ഞാൻ ഒരു വഴി കണ്ടെത്തി.
അതിശയമെന്നു പറയട്ടെ, ഓസ്ട്രേലിയയിൽ തിരിച്ചെത്തിയ ഉടനെ, മുമ്പ് എലിസ് ദ്വീപുകൾ എന്നറിയപ്പെട്ടിരുന്ന ടുവാലുവിലെ ഫുനാഫുട്ടി എന്ന ദ്വീപിൽ മിഷനറിമാരായി സേവിക്കാനുള്ള ക്ഷണം ഞങ്ങൾക്ക് ലഭിച്ചു. 1979 ജനുവരിയിൽ ഞങ്ങൾ പുതിയ നിയമനത്തിൽ പ്രവേശിച്ചു. ആ സമയത്ത് ടുവാലുവിൽ സ്നാനമേറ്റ മൂന്നു പ്രചാരകർ മാത്രമാണ് ആകെയുണ്ടായിരുന്നത്.
ടുവാലുവിൽ ജെനിയോടൊപ്പം
ടുവാലുവൻ ഭാഷ പഠിക്കുന്നത് അത്ര എളുപ്പമല്ലായിരുന്നു. ആ ഭാഷയിലുണ്ടായിരുന്ന ഒരേ ഒരു പുസ്തകം “പുതിയ നിയമം” മാത്രമായിരുന്നു. നിഘണ്ടുക്കളോ ഭാഷാപഠന കോഴ്സുകളോ ഒന്നുമില്ലാതിരുന്നതിനാൽ ഓരോ ദിവസവും പത്തോ ഇരുപതോ പുതിയ വാക്കുകൾ പഠിക്കാൻ ഞങ്ങൾ തീരുമാനിച്ചു. താമസിയാതെ ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി, ഞങ്ങൾ പഠിച്ച മിക്ക വാക്കുകളുടെയും കൃത്യമായ അർഥം ഞങ്ങൾക്ക് മനസ്സിലായിട്ടില്ലെന്ന്! ഉദാഹരണത്തിന്, ഭാവികഥനവിദ്യ തെറ്റാണ് എന്ന കാര്യം ഞങ്ങൾ പറഞ്ഞുവന്നപ്പോൾ, അളവുകോലുകളും ഊന്നുവടികളും ഉപയോഗിക്കരുത് എന്നായിപ്പോയി! ഞങ്ങൾ തുടങ്ങിയ അനേകം ബൈബിളധ്യയനങ്ങൾ തുടർന്ന് നടത്തണമെങ്കിൽ ആ ഭാഷ പഠിച്ചേ മതിയാകുമായിരുന്നുള്ളൂ. അതുകൊണ്ട് ഞങ്ങൾ ശ്രമം ഉപേക്ഷിച്ചില്ല. വർഷങ്ങൾക്കു ശേഷം, ഞങ്ങൾ മുമ്പ് ബൈബിൾ പഠിപ്പിച്ചവരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ഭാഷ സംസാരിക്കാൻ നിങ്ങൾ പഠിച്ചതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്. ആദ്യമൊക്കെ നിങ്ങൾ എന്താണ് പറയാൻ ശ്രമിക്കുന്നത് എന്നുപോലും ഞങ്ങൾക്ക് ഒരു പിടിയുമില്ലായിരുന്നു.”
അങ്ങനെയിരിക്കെ, പുതിയ ഭാഷ പഠിക്കാൻ, എല്ലാംകൊണ്ടും ഒത്തിണങ്ങിയ ഒരു സാഹചര്യം ഞങ്ങൾക്ക് കിട്ടി. താമസിക്കാൻ വാടകവീടുകളൊന്നും ഇല്ലാതിരുന്നതിനാൽ ഗ്രാമത്തിലെ ഒരു സാക്ഷിക്കുടുംബത്തോടൊപ്പം ഞങ്ങൾ താമസം തുടങ്ങി. അങ്ങനെ ഞങ്ങൾ ആ ഭാഷയിലും ഗ്രാമീണജീവിതത്തിലും മുഴുകി. വർഷങ്ങളോളം ഇംഗ്ലീഷ് സംസാരിക്കാതിരുന്നതിനാൽ ടുവാലുവൻ ഞങ്ങളുടെ സംസാരഭാഷ ആയിത്തീർന്നു.
അധികം വൈകാതെ പലരും സത്യത്തോട് താത്പര്യം കാണിച്ചുതുടങ്ങി. പക്ഷെ, എന്ത് ഉപയോഗിച്ച് അവരെ പഠിപ്പിക്കും? അവരുടെ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളൊന്നും ഇല്ലായിരുന്നു. അവർ എങ്ങനെ വ്യക്തിപരമായ പഠനം നടത്തും? യോഗങ്ങൾക്ക് വന്ന് തുടങ്ങുമ്പോൾ അവർ എങ്ങനെ പാട്ട് പാടും? ഏതു പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് പഠിക്കും? യോഗങ്ങൾക്ക് എങ്ങനെ തയ്യാറാകും? സ്നാനമേൽക്കുന്ന അളവോളം അവർ എങ്ങനെ പുരോഗമിക്കും? എളിയവരായ ഈ ആളുകൾക്ക് അവരുടെ ഭാഷയിൽ ആത്മീയാഹാരം അത്യാവശ്യമായിരുന്നു. (1 കൊരി. 14:9) ‘വെറും 15,000-ത്തിൽ താഴെ ആളുകൾ മാത്രം സംസാരിക്കുന്ന ടുവാലുവൻ ഭാഷയിൽ എന്നെങ്കിലും നമ്മുടെ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുമോ’ എന്ന് ഞങ്ങൾ ആശ്ചര്യപ്പെട്ടു. യഹോവ ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. അതിലൂടെ ഞങ്ങൾക്ക് രണ്ടു കാര്യങ്ങൾ ബോധ്യമായി: (1) ‘ദൂരദ്വീപുകളിലും’ തന്റെ വചനം ഘോഷിക്കപ്പെടാൻ യഹോവ ആഗ്രഹിക്കുന്നു, (2) “നിന്ദ്യവും നികൃഷ്ടവു”മായി ലോകം വീക്ഷിക്കുന്നവർ തന്റെ നാമത്തിൽ അഭയം തേടാൻ യഹോവ ആഗ്രഹിക്കുന്നു.—1 കൊരി. 1:28; യിരെ. 31:10.
ആത്മീയഭക്ഷണം പരിഭാഷപ്പെടുത്തുന്നു
1980-ൽ പരിഭാഷകരായി പ്രവർത്തിക്കാൻ ബ്രാഞ്ചോഫീസ് ഞങ്ങളെ നിയമിച്ചു—തികച്ചും അയോഗ്യരെന്ന് ഞങ്ങൾക്ക് തോന്നിയ ഒരു നിയമനം. (1 കൊരി. 1:28, 29) ആദ്യംതന്നെ, ഗവണ്മെന്റിൽനിന്ന് ഒരു പഴയ മിമിയോഗ്രാഫ് യന്ത്രം ഞങ്ങൾക്ക് വാങ്ങാനായി. അത് ഉപയോഗിച്ച് യോഗങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഞങ്ങൾ അച്ചടിച്ചു. നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകംപോലും ടുവാലുവൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ഈ യന്ത്രത്തിൽ ഞങ്ങൾ അച്ചടിച്ചു. മഷിയുടെ രൂക്ഷഗന്ധവും ഉഷ്ണമേഖലയിലെ കഠിനമായ ചൂടും സഹിച്ച് ഈ പ്രസിദ്ധീകരണങ്ങളെല്ലാം കൈകൊണ്ട് അച്ചടിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. അക്കാലത്ത് ഞങ്ങൾക്ക് വൈദ്യുതിയുമില്ലായിരുന്നു!
സഹായകമായ പരാമർശഗ്രന്ഥങ്ങളൊന്നും ടുവാലുവൻ ഭാഷയിൽ ഇല്ലാതിരുന്നത് പരിഭാഷയ്ക്ക് ഒരു വെല്ലുവിളിയായിരുന്നു. എങ്കിലും അപ്രതീക്ഷിത ഉറവുകളിൽനിന്ന് ചിലപ്പോഴൊക്കെ ഞങ്ങൾക്ക് സഹായം കിട്ടിയിട്ടുണ്ട്. ഒരു ദിവസം രാവിലെ, സത്യത്തോട് എതിർപ്പുണ്ടായിരുന്ന ഒരാളുടെ വീട്ടിൽ ഞാൻ അറിയാതെ ചെന്നുകയറി. പ്രായംചെന്ന ഒരു അധ്യാപകനായിരുന്നു വീട്ടുകാരൻ. എന്നെ കണ്ടപ്പോഴേ അദ്ദേഹം പറഞ്ഞു: “ഇവിടെ വരരുതെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളതല്ലേ?” തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്നാൽ ഒരു കാര്യം ഞാൻ പറയാം. നിങ്ങളുടെ പരിഭാഷയിൽ കർമണിപ്രയോഗത്തിന്റെ ഉപയോഗം വളരെ കൂടുതലാണ്. ടുവാലുവൻ ഭാഷയിൽ ഇത് ഇത്ര കൂടെക്കൂടെ ഉപയോഗിക്കാറില്ല.” ഇക്കാര്യം ഞാൻ മറ്റുള്ളവരോടും അന്വേഷിച്ചു. അതു ശരിയായിരുന്നു താനും. അപ്പോൾ ഞങ്ങൾ ആവശ്യമായ മാറ്റങ്ങൾ വരുത്തി. യഹോവയുടെ സാക്ഷികളോട് എതിർപ്പുള്ള ഒരു വ്യക്തിയെ ഉപയോഗിച്ച് യഹോവ സഹായം നൽകിയത് എന്നെ വളരെ അതിശയിപ്പിച്ചു. അദ്ദേഹം നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിച്ചിരുന്നു എന്നതും കൗതുകകരമാണ്.
ടുവാലുവനിലുള്ള രാജ്യവാർത്ത നമ്പർ 30
പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനായി ടുവാലുവൻ ഭാഷയിൽ ആദ്യം അച്ചടിച്ചത് ഒരു സ്മാരകക്ഷണക്കത്തായിരുന്നു. അതെത്തുടർന്ന്, രാജ്യവാർത്ത നമ്പർ 30 അതിന്റെ ഇംഗ്ലീഷ് പതിപ്പിനോടൊപ്പംതന്നെ പുറത്തിറക്കി. അവരുടെ സ്വന്തം ഭാഷയിലുള്ള എന്തെങ്കിലും ഒന്ന് കൊടുക്കാനായത് എത്ര സന്തോഷമായിരുന്നെന്നോ! ക്രമേണ ഏതാനും ലഘുപത്രികകളും ചില പുസ്തകങ്ങൾപോലും ടുവാലുവൻ ഭാഷയിൽ ലഭ്യമായി. 1983-ൽ ഓസ്ട്രേലിയ ബ്രാഞ്ച് വീക്ഷാഗോപുരത്തിന്റെ 24 പേജുള്ള ത്രൈമാസപ്പതിപ്പ് അച്ചടിക്കാൻ തുടങ്ങി. അങ്ങനെ ഓരോ ആഴ്ചയും പഠിക്കാൻ വീക്ഷാഗോപുരത്തിന്റെ ശരാശരി ഏഴ് ഖണ്ഡികകൾ വീതം കിട്ടി. ആളുകളുടെ പ്രതികരണം എന്തായിരുന്നു? ടുവാലുവിലെ ആളുകൾക്ക് വായന ഇഷ്ടമായിരുന്നതുകൊണ്ട് നമ്മുടെ പ്രസിദ്ധീകരണങ്ങൾ കൂടുതൽ ജനപ്രീതി നേടി. ഓരോ പുതിയ പ്രസിദ്ധീകരണവും പുറത്തിറങ്ങുമ്പോൾ, ഗവണ്മെന്റ് റേഡിയോനിലയം വാർത്തയിലൂടെ അക്കാര്യം അറിയിക്കുമായിരുന്നു. ചിലപ്പോൾ പത്രങ്ങളുടെ തലക്കെട്ടുകളിലും അത് സ്ഥാനം പിടിച്ചിരുന്നു!a
പരിഭാഷാജോലികൾ എങ്ങനെയാണ് ചെയ്തിരുന്നത്? ആദ്യം, ഞങ്ങൾ കടലാസും പേനയും ഉപയോഗിച്ച് എല്ലാം എഴുതി തയ്യാറാക്കും. പിന്നെ അത് ടൈപ്പ് ചെയ്യും. ഭംഗിയാകുന്നതുവരെ പലവട്ടം ടൈപ്പ് ചെയ്യും. പിന്നീട് ഓസ്ട്രേലിയ ബ്രാഞ്ചിലേക്ക് അയയ്ക്കും. ബ്രാഞ്ചിലുള്ള രണ്ടു സഹോദരിമാർ, ഭാഷ അറിയാഞ്ഞിട്ടുപോലും, ടുവാലുവൻ ഭാഷയിലെ ഈ ലേഖനങ്ങൾ ടൈപ്പ് ചെയ്ത് കമ്പ്യൂട്ടറിൽ ആക്കുമായിരുന്നു. ഇങ്ങനെ ഒരേ ലേഖനംതന്നെ രണ്ടുപേർ മെപ്സ്കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തശേഷം വ്യത്യാസങ്ങൾ താരതമ്യം ചെയ്യുന്നതിലൂടെ അവർക്ക് തെറ്റുകൾ ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. എന്നിട്ട്, പ്രസിദ്ധീകരണത്തിന്റെ രൂപത്തിൽ ചിത്രങ്ങൾ സഹിതം ചിട്ടപ്പെടുത്തിയ പേജുകൾ എയർ മെയിൽ വഴി ഞങ്ങൾക്ക് അയച്ചുതരും. ഞങ്ങൾ അവ സൂക്ഷ്മപരിശോധന നടത്തി അച്ചടിക്കാൻ ബ്രാഞ്ചിന് തിരികെ അയച്ച് കൊടുക്കും.
പക്ഷെ എല്ലാം മാറിയിരിക്കുന്നു! ഇന്ന് പരിഭാഷാക്കൂട്ടങ്ങൾ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് നേരിട്ട് ടൈപ്പ് ചെയ്യുന്നു. മിക്ക കേസുകളിലും പിശക് തീർത്ത കോപ്പി അവിടെത്തന്നെ പ്രസിദ്ധീകരണത്തിന്റെ രൂപത്തിൽ ചിട്ടപ്പെടുത്തുകയാണ്. അങ്ങനെ കിട്ടുന്ന ഫയലുകൾ അച്ചടി നടത്തുന്ന ബ്രാഞ്ചിലേക്ക് ഇന്റർനെറ്റ് വഴി അയയ്ക്കുന്നു. കയ്യെഴുത്തുപ്രതികൾ തപാലിൽ അയയ്ക്കുന്നതിനായി പോസ്റ്റ് ഓഫീസിലേക്ക് തിരക്കിട്ട് ഓടേണ്ട ആവശ്യം ഇനിയില്ല.
കൂടുതലായ നിയമനങ്ങൾ
കാലം കടന്നു പോകവെ, ജെനിക്കും എനിക്കും പസിഫിക്കിൽ ഉടനീളം പല നിയമനങ്ങൾ ലഭിച്ചു. 1985-ൽ ഞങ്ങളെ ടുവാലുവിൽനിന്ന് സമോവ ബ്രാഞ്ചിലേക്ക് നിയമിച്ചു. അവിടെ ഞങ്ങൾ സമോവൻ, ടോംഗൻ, തൊക്കലാവുവൻ എന്നീ ഭാഷകളിലേക്കുള്ള പരിഭാഷാജോലികളിൽ സഹായിച്ചിരുന്നു. ടുവാലുവൻ ഭാഷയിൽ ഞങ്ങൾ ചെയ്തുവന്നിരുന്ന ജോലിക്ക് പുറമെയായിരുന്നു ഇത്.b 1996-ൽ ഫിജി ബ്രാഞ്ചിലും ഞങ്ങൾക്ക് സമാനമായ ഒരു നിയമനം കിട്ടി. ഫിജിയൻ, കിരിബാറ്റി, നാവ്റുവൻ, റോട്ടുമൻ, ടുവാലുവൻ എന്നീ പരിഭാഷാക്കൂട്ടങ്ങളെ ഞങ്ങൾക്ക് പിന്തുണയ്ക്കാനായി.
ടുവാലുവൻ പ്രസിദ്ധീകരണം ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കുന്നു
നമ്മുടെ പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നവരുടെ ഉത്സാഹം കാണുമ്പോൾ എനിക്ക് സന്തോഷം അടക്കാനാകുന്നില്ല. ഈ വേല മുഷിപ്പിക്കുന്നതും ക്ഷീണിപ്പിക്കുന്നതും ആയിരിക്കാം. എന്നിരുന്നാലും, ഈ വിശ്വസ്തരായ സഹോദരങ്ങൾ “സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷക്കാരോടും” സുവാർത്ത പ്രസംഗിക്കാനുള്ള യഹോവയുടെ ആഗ്രഹമാണ് പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്. (വെളി. 14:6) ഉദാഹരണത്തിന്, ടോംഗൻ ഭാഷയിലുള്ള വീക്ഷാഗോപുരം മാസികയുടെ ആദ്യലക്കത്തിന്റെ പരിഭാഷയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തപ്പോൾ, ഞാൻ ടോംഗയിലുള്ള എല്ലാ മൂപ്പന്മാരെയും കണ്ട് പരിഭാഷകനുള്ള പരിശീലനം സ്വീകരിക്കാൻ ആർക്ക് കഴിയും എന്ന് ചോദിച്ചു. അപ്പോൾ മൂപ്പന്മാരിൽ ഒരാൾ അതിനു തയ്യാറായി. അദ്ദേഹം ഒരു മെക്കാനിക്കായിരുന്നു. തൊട്ടടുത്ത ദിവസംതന്നെ ആ ജോലി രാജിവെച്ച് പരിഭാഷകൻ ആകാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഇത് എത്ര ഹൃദയോഷ്മളമായിരുന്നു! കാരണം, ഒരു കുടുംബനാഥനായിരുന്ന അദ്ദേഹത്തിന് കുടുംബം പോറ്റാനുള്ള വരുമാനം എവിടെ നിന്ന് കിട്ടും എന്ന് ഒരു ഊഹവുമില്ലായിരുന്നു. പക്ഷെ, യഹോവ അവർക്ക് വേണ്ടി കരുതി. അനേകവർഷം അദ്ദേഹം പരിഭാഷാവേലയിൽ തുടർന്നു.
ചെറിയ ഭാഷാക്കൂട്ടങ്ങളുടെ ആത്മീയാവശ്യങ്ങളെക്കുറിച്ച് ആഴമായ കരുതലുള്ളവരാണ് ഭരണസംഘത്തിലെ അംഗങ്ങൾ. അവരുടെ അതേ വീക്ഷണമാണ് അർപ്പിതരായ ഇത്തരം പരിഭാഷകർ പ്രതിഫലിപ്പിക്കുന്നത്. ഉദാഹരണത്തിന്, ടുവാലുവൻ ഭാഷയിൽ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നത്, ശ്രമത്തിന് തക്ക മൂല്യം ഉള്ളതാണോ എന്നൊരു ചോദ്യം ഒരുസമയത്ത് ഉയർന്നുവന്നു. അതിനുള്ള ഭരണസംഘത്തിന്റെ മറുപടി, “ടുവാലുവൻ ഭാഷയിൽ നടക്കുന്ന പരിഭാഷാജോലികൾ നിറുത്തിവെക്കാനുള്ള ഒരു കാരണവും ഞങ്ങൾ കാണുന്നില്ല. മറ്റ് ഭാഷാക്കൂട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ടുവാലുവൻ വയൽ ചെറുതായിരിക്കാം. എന്നിരുന്നാലും, ആളുകളുടെ അടുക്കലേക്ക് അവരുടെ സ്വന്തം ഭാഷയിൽ സുവാർത്ത എത്തിക്കേണ്ട ആവശ്യം ഇപ്പോഴും ഉണ്ട്” എന്നായിരുന്നു. അത് എന്റെ ഉത്സാഹം വീണ്ടും വർധിപ്പിച്ചു.
കായലിൽ നടന്ന ഒരു സ്നാനം
2003-ൽ എന്നെയും ജെനിയെയും ഫിജി ബ്രാഞ്ചിലെ പരിഭാഷാവിഭാഗത്തിൽനിന്ന് ന്യൂയോർക്കിലെ പാറ്റേർസണിലുള്ള പരിഭാഷാസേവന വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. ഒരു സ്വപ്നം പൂവണിഞ്ഞതുപോലെ എനിക്ക് തോന്നി! അങ്ങനെ ഞങ്ങൾ, നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ പരിഭാഷാവേല കൂടുതൽ ഭാഷകളിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കുന്ന ഒരു കൂട്ടത്തിന്റെ ഭാഗമായിത്തീർന്നു. പിന്നീടുള്ള രണ്ടു വർഷം പല രാജ്യങ്ങൾ സന്ദർശിച്ച് അവിടെയുള്ള പരിഭാഷാക്കൂട്ടങ്ങളെ പരിശീലിപ്പിക്കുന്നതിൽ സഹായിക്കാനുള്ള പദവി ഞങ്ങൾക്ക് കിട്ടി.
ചരിത്രപ്രധാനമായ ചില തീരുമാനങ്ങൾ
തുടക്കത്തിൽ പറഞ്ഞ ആ അവതരണത്തിലേക്ക് ഞാൻ മടങ്ങിവരട്ടെ. 2000-ത്തോടെ, ലോകത്ത് എങ്ങുമുള്ള പരിഭാഷാക്കൂട്ടങ്ങളെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം ഭരണസംഘം തിരിച്ചറിഞ്ഞു. അതുവരെ മിക്ക പരിഭാഷകർക്കും കാര്യമായ പരിശീലനം ഒന്നും ലഭിച്ചിരുന്നില്ല. ഞങ്ങളുടെ ആ അവതരണം റൈറ്റിങ് കമ്മിറ്റിയെ കാണിച്ചശേഷം, ഭരണസംഘം ലോകവ്യാപകമായി എല്ലാ പരിഭാഷകർക്കുമുള്ള ഒരു പരിശീലനപരിപാടിക്ക് അംഗീകാരം നൽകി. ഈ പരിശീലനപരിപാടിയിൽ ഇംഗ്ലീഷ് ഭാഷാശേഷി വർധിപ്പിക്കാനുള്ള പരിശീലനം, പരിഭാഷാ ടെക്നിക്കുകൾ, ഒരു ടീം എന്ന നിലയിലുള്ള കൂട്ടായ സമീപനം എന്നിവ ഉൾപ്പെടുന്നു.
പരിഭാഷയെ മുൻനിറുത്തിയുള്ള ഈ പ്രവർത്തനങ്ങളുടെ ഫലം എന്തായിരുന്നു? പരിഭാഷയുടെ ഗുണനിലവാരം മെച്ചപ്പെട്ടു എന്നതാണ് മുഖ്യപ്രയോജനം. നമ്മുടെ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുന്ന ഭാഷകളുടെ എണ്ണത്തിൽ ഒരു വൻ വർധനവുണ്ടായി. 1979-ൽ ഞങ്ങൾ ആദ്യമിഷനറി നിയമനത്തിൽ പ്രവേശിച്ച സമയത്ത് വീക്ഷാഗോപുരം മാസിക 82 ഭാഷകളിൽ മാത്രമേയുണ്ടായിരുന്നുള്ളൂ. ഇംഗ്ലീഷ് ലക്കം പ്രസിദ്ധീകരിച്ച് പല മാസങ്ങൾ കഴിഞ്ഞായിരുന്നു മിക്ക ഭാഷാപ്പതിപ്പുകളും പുറത്തിറങ്ങിയിരുന്നത്. എന്നാൽ ഇന്ന് വീക്ഷാഗോപുരം 240-ലധികം ഭാഷകളിൽ വിതരണം ചെയ്യുന്നു. അവയിൽ മിക്കവയും ഇംഗ്ലീഷ് ലക്കത്തോടൊപ്പംതന്നെ പുറത്തിറങ്ങുന്നു. ആത്മീയഭക്ഷണം ഇന്ന് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ 700-ലധികം ഭാഷകളിൽ ലഭ്യമാണ്. വർഷങ്ങൾക്ക് മുമ്പ് ഇതൊക്കെ നമുക്ക് സ്വപ്നം കാണാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ!
2004-ൽ ഭരണസംഘം മറ്റൊരു സുപ്രധാന തീരുമാനമെടുത്തു. അതായത്, ബൈബിൾപരിഭാഷയുടെ വേഗത കൂട്ടുക. അത് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കു ശേഷം ബൈബിളിന്റെ പരിഭാഷാജോലികൾക്ക് കൂടുതൽ പ്രാധാന്യം നൽകി. അങ്ങനെ, പുതിയ ലോക ഭാഷാന്തരം കൂടുതൽ ഭാഷകളിൽ ലഭ്യമാകുന്നതിനുള്ള വഴി തുറന്നു. 2014 ആയപ്പോഴേക്കും, ഈ ബൈബിൾ മുഴുവനായോ ഭാഗികമായോ 128 ഭാഷകളിൽ പുറത്തിറക്കാനായി; തെക്കൻ പസിഫിക്കിൽ സംസാരിക്കുന്ന നിരവധി ഭാഷകളും അതിൽ ഉൾപ്പെടുന്നു.
ടുവാലുവനിലുള്ള പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ പ്രകാശനം ചെയ്യുന്നു
2011-ൽ ടുവാലുവിൽ നടന്ന കൺവെൻഷനിൽ പങ്കെടുക്കാനുള്ള നിയമനം ലഭിച്ചത് എന്റെ ജീവിതത്തിൽ എനിക്കു കിട്ടിയ സവിശേഷപദവികളിൽ ഒന്നായിരുന്നു. മാസങ്ങളായി ആ നാട് മുഴുവൻ കടുത്ത വരൾച്ചയുടെ പിടിയിലായിരുന്നു. കൺവെൻഷൻ നടത്താൻ പറ്റുമോ എന്നുപോലും ഞങ്ങൾ സംശയിച്ചു. എന്നിരുന്നാലും ഞങ്ങൾ എത്തിയ സായാഹ്നം, ആ വരൾച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് ഒരു പെരുമഴ പെയ്തു. അങ്ങനെ ഒരു തടസ്സവുമില്ലാതെ കൺവെൻഷൻ നടന്നു! ആ കൺവെൻഷനിൽ വെച്ച് ടുവാലുവൻ ഭാഷയിലുള്ള പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ പുറത്തിറക്കാനുള്ള അമൂല്യമായ പദവി എനിക്ക് ലഭിച്ചു. ഈ മനോഹരമായ സമ്മാനം ലഭിച്ച എക്കാലത്തെയും ചെറിയ ഭാഷാക്കൂട്ടം അതായിരുന്നു. കൺവെൻഷന്റെ അവസാനം വീണ്ടും അതാ ഒരു പെരുമഴ! ധാരാളം വെള്ളം! സമൃദ്ധമായ ആത്മീയജലവും!
2014-ൽ ഓസ്ട്രേലിയയിലെ ടൗൺസ്വിലിൽ നടന്ന കൺവെൻഷനിൽ മാതാപിതാക്കളായ റോണും എസ്റ്റലും ആയി അഭിമുഖം നടത്തുന്നു
സങ്കടകരമെന്ന് പറയട്ടെ, 35 വർഷത്തിൽ അധികം എന്റെ വിശ്വസ്ത പങ്കാളിയായിരുന്ന ജെനി, മറക്കാനാകാത്ത ആ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ അവിടെയുണ്ടായിരുന്നില്ല. പത്തു വർഷത്തെ പോരാട്ടത്തിന് ഒടുവിൽ 2009-ൽ അവൾ സ്തനാർബുദത്തിന് കീഴടങ്ങി. അവൾ പുനരുത്ഥാനത്തിൽ വരുമ്പോൾ ടുവാലുവൻ ബൈബിൾ പ്രകാശനം ചെയ്ത വിവരം കേട്ട് പുളകംകൊള്ളും എന്നതിൽ സംശയമില്ല.
പിന്നീട്, സുന്ദരിയായ മറ്റൊരു കൂട്ടാളിയെ നൽകി യഹോവ എന്നെ അനുഗ്രഹിച്ചു. ലൊറെയ്ൻ സിക്കിവോ എന്നാണ് അവളുടെ പേര്. ലൊറെയ്നും ജെനിയും ഫിജി ബെഥേലിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഫിജിയൻ ഭാഷയിൽ ഒരു പരിഭാഷകയായും ലൊറെയ്ൻ സേവിച്ചിട്ടുണ്ട്. അങ്ങനെ വീണ്ടും എനിക്ക് വിശ്വസ്തയായ ഒരു ഭാര്യയെ കിട്ടി. ഞങ്ങൾ ഒരുമിച്ച് യഹോവയെ സേവിക്കുന്നു, ഭാഷയെ സ്നേഹിക്കുന്നു.
ഫിജിയിൽ ലൊറെയ്നോടൊപ്പം സാക്ഷീകരിക്കുന്നു
പോയ വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ചെറുതും വലുതും ആയ ഭാഷാക്കൂട്ടങ്ങൾക്ക് വേണ്ടി സ്നേഹവാനായ നമ്മുടെ സ്വർഗീയ പിതാവ്, യഹോവ, ഇപ്പോഴും കരുതുന്ന വിധം കാണുന്നത് എനിക്ക് പ്രോത്സാഹനം പകരുന്നു. (സങ്കീ. 49:1-3) തങ്ങളുടെ സ്വന്തം ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ ആദ്യമായി കണ്ടപ്പോഴും ഹൃദയത്തിന്റെ ഭാഷയിൽ യഹോവയെ പാടി സ്തുതിച്ചപ്പോഴും അവരുടെ മുഖത്ത് തെളിഞ്ഞ സന്തോഷത്തിൽ യഹോവയുടെ സ്നേഹം പ്രതിഫലിക്കുന്നത് ഞാൻ കണ്ടു. (പ്രവൃ. 2:8, 11) പ്രായംചെന്ന ഒരു ടുവാലുവൻ സഹോദരനായ സവുലോ റ്റിയാസിയുടെ വാക്കുകൾ ഇപ്പോഴും എനിക്ക് കേൾക്കാം. തന്റെ ഭാഷയിൽ ആദ്യമായി ഒരു രാജ്യഗീതം പാടിയശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ പാട്ടുകൾ ഇംഗ്ലീഷിൽ പാടി കേൾക്കുന്നതിനെക്കാൾ സുഖം ടുവാലുവനിലാണെന്ന് താങ്കൾ ദയവായി ഭരണസംഘത്തോട് പറയണം.”
2005 സെപ്റ്റംബർ മുതൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായി സേവിക്കാനുള്ള അപ്രതീക്ഷിതമായ പദവി എനിക്ക് കിട്ടി. ഇനിയങ്ങോട്ട് ഒരു പരിഭാഷകനായി സേവിക്കാൻ കഴിയില്ലെങ്കിലും ലോകവ്യാപക പരിഭാഷാവേലയെ തുടർന്നും പിന്തുണയ്ക്കാൻ യഹോവ എന്നെ അനുവദിക്കുന്നതിൽ ഞാൻ എത്ര നന്ദിയുള്ളവനാണെന്നോ! യഹോവ തന്റെ ജനത്തിന്റെ—പസിഫിക് സമുദ്രമധ്യെയുള്ള ഒറ്റപ്പെട്ട ദ്വീപുകളിൽ ഉള്ളവരുടേതുപോലും—ആത്മീയാവശ്യങ്ങൾക്കായി കരുതുന്നു എന്ന് അറിയുന്നത് എത്ര ആനന്ദകരമാണ്! സങ്കീർത്തനക്കാരൻ പറയുന്നതുപോലെ, “യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.”—സങ്കീ. 97:1.
a നമ്മുടെ പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ അറിയാൻ 2000 ഡിസംബർ 15 ലക്കം വീക്ഷാഗോപുരം പേ. 32; 1988 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) പേ. 22; 2000 ഡിസംബർ 22 ലക്കം ഉണരുക! പേ. 9 എന്നിവ കാണുക.
b സമോവയിലെ പരിഭാഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 2009-ലെ വാർഷികപുസ്തകത്തിന്റെ 120-121, 123-124 പേജുകൾ കാണുക.