നിങ്ങൾക്ക് ദൈവത്തോട് നീരസം തോന്നുന്നുണ്ടോ?
“എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്? ദൈവം ഇത് അനുവദിച്ചത് എന്തുകൊണ്ട്?” ബ്രസീലിൽനിന്നുള്ള 24-കാരനായ സിഡ്നിയെ വലച്ച ചോദ്യങ്ങളാണ് ഇവ. ഒരു കളിയിൽ ഏർപ്പെട്ടപ്പോൾ സംഭവിച്ച അപകടത്തിലൂടെ ആജീവനാന്തം വീൽച്ചെയറിൽ കഴിയേണ്ടിവന്ന ഒരു വ്യക്തിയാണ് അദ്ദേഹം.
അപകടം, രോഗം, പ്രിയപ്പെട്ടവരുടെ മരണം, പ്രകൃതിവിപത്ത്, യുദ്ധം തുടങ്ങിയവമൂലം കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോൾ ഒരു വ്യക്തിക്ക് ദൈവത്തോട് എളുപ്പത്തിൽ നീരസം തോന്നിയേക്കാം. ഇങ്ങനെ തോന്നുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. പൂർവപിതാവായ ഇയ്യോബിന് ഒന്നിനുപുറകെ ഒന്നായി ദുരിതങ്ങൾ നേരിട്ടു. “ഞാൻ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റുനില്ക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളൂ. നീ എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; നിന്റെ കൈയുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് കാര്യമറിയാതെ അവൻ ദൈവത്തെ കുറ്റപ്പെടുത്തി.—ഇയ്യോബ് 30:20, 21.
തനിക്ക് നേരിടുന്ന ദുരിതങ്ങളുടെ ഉത്തരവാദി ആരാണെന്നോ അത് സംഭവിച്ചത് എന്തുകൊണ്ടാണെന്നോ അത് അനുവദിച്ചതിന്റെ കാരണം എന്താണെന്നോ ഇയ്യോബിന് അറിയില്ലായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, ഇത്തരം കാര്യങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നും ബൈബിൾ നമുക്ക് കാണിച്ചുതരുന്നു.
ആളുകൾ ദുരിതം അനുഭവിക്കണമെന്നുള്ളത് ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നോ?
ദൈവത്തെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്തകം 32:4) അങ്ങനെയെങ്കിൽ, “നീതിയും നേരുമുള്ള” ദൈവം മനുഷ്യവർഗം കഷ്ടപ്പെടണമെന്ന് ഉദ്ദേശിക്കുകയോ, ശിക്ഷിക്കുന്നതിനോ നന്നാക്കുന്നതിനോ വേണ്ടി ദുരിതങ്ങളിലൂടെ കടത്തിവിടുകയോ ചെയ്യുമെന്ന് ചിന്തിക്കാൻ സാധിക്കുമോ?
ഒരിക്കലുമില്ല, ബൈബിൾ ഇങ്ങനെ പറയുന്നു: ‘പരീക്ഷ നേരിടുമ്പോൾ, “ദൈവം എന്നെ പരീക്ഷിക്കുകയാകുന്നു” എന്ന് ആരും പറയാതിരിക്കട്ടെ. ദോഷങ്ങളാൽ ദൈവത്തെ ആർക്കും പരീക്ഷിക്കുക സാധ്യമല്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല.’ (യാക്കോബ് 1:13) ദൈവം മനുഷ്യവർഗത്തിന് പൂർണതയുള്ള തുടക്കമാണ് നൽകിയതെന്ന് ബൈബിളിലൂടെ നമ്മൾ പഠിക്കുന്നു. ആദ്യ മനുഷ്യരായ ആദാമിനും ഹവ്വായ്ക്കും സുന്ദരമായ ഒരു ഭവനവും ജീവിക്കാൻ ആവശ്യമായ കാര്യങ്ങളും അർഥവത്തായ ഒരു ജോലിയും നൽകി. എന്നിട്ട് ദൈവം അവരോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കുക.’ തീർച്ചയായും ദൈവത്തോട് നീരസപ്പെടാൻ ആദാമിനും ഹവ്വായ്ക്കും യാതൊരു കാരണവുമില്ലായിരുന്നു.—ഉല്പത്തി 1:28.
എന്നാൽ ഇന്ന് ജീവിതസാഹചര്യങ്ങൾ, ദൈവം ആദ്യം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ഉണ്ടായിരുന്ന പൂർണമായ അവസ്ഥയിൽനിന്നും ഏറെ അകന്നുപോയിരിക്കുന്നു. ചരിത്രത്തിലുടനീളം മനുഷ്യവർഗത്തിന്റെ സ്ഥിതി അതിദാരുണമാണ്. “ഇന്നോളം സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദനപ്പെട്ടിരിക്കുന്നു” എന്ന വാക്കുകൾ എത്ര സത്യം. (റോമർ 8:22) എന്നാൽ, എന്താണ് സംഭവിച്ചത്?
ഇന്നത്തെ ദുരിതങ്ങൾക്കുള്ള കാരണം എന്താണ്?
ദുരിതങ്ങൾക്കുള്ള കാരണം മനസ്സിലാക്കാൻ അത് തുടങ്ങിയ സമയത്തേക്ക് നമ്മൾ തിരിച്ചുപോകേണ്ടതുണ്ട്. പിശാചായ സാത്താൻ എന്ന് വിളിക്കപ്പെട്ട മത്സരിയായ ദൂതൻ, ആദാമിനെയും ഹവ്വായെയും പ്രലോഭിപ്പിച്ചു. അങ്ങനെ, ശരിയും തെറ്റും സംബന്ധിച്ച ദൈവികനിലവാരങ്ങളെ തിരിച്ചറിയിക്കുന്ന “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം” തിന്നരുത് എന്ന ദൈവകല്പന ആദാമും ഹവ്വായും നിരസിച്ചു. ദൈവത്തോട് അനുസരണക്കേട് കാണിച്ചാലും അവർ മരിക്കുകയില്ലെന്ന് പിശാച് ഹവ്വായോട് പറഞ്ഞുകൊണ്ട്, ദൈവത്തെ ഒരു നുണയനായി ചിത്രീകരിച്ചു. കൂടാതെ, ശരിയും തെറ്റും തീരുമാനിക്കാനുള്ള അവകാശം ദൈവം പിടിച്ചുവെക്കുകയാണെന്നും സാത്താൻ ആരോപിച്ചു. (ഉല്പത്തി 2:17; 3:1-6) അതിലൂടെ, ദൈവഭരണം ഇല്ലാതിരിക്കുന്നതാണ് മനുഷ്യവർഗത്തിന് നല്ലതെന്ന് സാത്താൻ സൂചിപ്പിക്കുകയാണ് ചെയ്തത്. ഇക്കാര്യങ്ങളെല്ലാം, ദൈവം ഭരിക്കാൻ യോഗ്യനാണോ? എന്ന പരമപ്രധാനമായ ഒരു വിവാദവിഷയത്തിന് തിരികൊളുത്തി.
മറ്റൊരു പ്രശ്നവും പിശാച് ഉന്നയിച്ചു. മനുഷ്യർ ദൈവത്തെ സേവിക്കുന്നത് സ്വന്തം നേട്ടത്തിനുവേണ്ടി മാത്രമാണെന്ന് അവൻ ആരോപിച്ചു. വിശ്വസ്തനായ ഇയ്യോബിനെക്കുറിച്ച് പിശാച് ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “നീ അവനും അവന്റെ വീട്ടിനും അവനുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? . . . തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.” (ഇയ്യോബ് 1:10, 11) ഇയ്യോബിനെ ഉദ്ദേശിച്ചാണ് സാത്താൻ ആ വാക്കുകൾ പറഞ്ഞതെങ്കിലും, എല്ലാ മനുഷ്യരും ദൈവത്തെ സേവിക്കുന്നത് സ്വാർഥലക്ഷ്യങ്ങളോടെ ആണെന്നാണ് അവൻ അതിലൂടെ അർഥമാക്കിയത്.
ഈ വിവാദവിഷയങ്ങൾ ദൈവം എങ്ങനെ പരിഹരിക്കും?
വിവാദവിഷയങ്ങൾ എന്നെന്നേക്കുമായി പരിഹരിക്കാനുള്ള ഏറ്റവും മെച്ചമായ വഴി ഏതായിരിക്കും? സർവജ്ഞാനിയായ ദൈവം നമ്മെ ഒരിക്കലും നിരാശപ്പെടുത്താതെ അതിനൊരു പരിഹാരം കണ്ടെത്തി. (റോമർ 11:33) ദൈവം, മനുഷ്യരെ കുറച്ച് കാലത്തേക്ക് തങ്ങളെത്തന്നെ ഭരിക്കാൻ അനുവദിക്കുകയും അതിലൂടെ ഉണ്ടാകാൻ പോകുന്ന പരിണതഫലത്തിലൂടെ ആരുടെ ഭരണമാണ് നല്ലതെന്ന് തെളിയിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഭൂമിയിൽ ഇന്നു കാണുന്ന ദുരിതപൂർണമായ അവസ്ഥകൾ മനുഷ്യഭരണം അമ്പെ പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. ലോകഗവണ്മെന്റുകൾ സമാധാനവും സുരക്ഷിതത്വവും സന്തോഷവും കൊണ്ടുവരുന്നതിൽ വിജയിച്ചിട്ടില്ലെന്നു മാത്രമല്ല ഭൂമിയെ നാശത്തിന്റെ വക്കിലെത്തിക്കുകയും ചെയ്തിരിക്കുന്നു. “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല” എന്ന ബൈബിളിലെ അടിസ്ഥാനവസ്തുതയ്ക്ക് അത് അടിവരയിടുന്നു. (യിരെമ്യാവു 10:23) ദൈവഭരണത്തിനു മാത്രമെ നിലനിൽക്കുന്ന സമാധാനവും സന്തോഷവും സമൃദ്ധിയും മനുഷ്യവർഗത്തിന് ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ. കാരണം അതാണ് ദൈവത്തിന്റെ ഉദ്ദേശ്യം.—യെശയ്യാവു 45:18.
അങ്ങനെയെങ്കിൽ, മനുഷ്യവർഗത്തിനുവേണ്ടിയുള്ള തന്റെ ഉദ്ദേശ്യം ദൈവം എങ്ങനെ നടപ്പിൽ വരുത്തും? “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന് യേശു ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ചതിനെക്കുറിച്ച് ചിന്തിക്കുക. (മത്തായി 6:10) അതെ, തക്കസമയത്ത് ദൈവം തന്റെ രാജ്യത്തിലൂടെ ദുരിതങ്ങൾക്കുള്ള കാരണങ്ങൾ തുടച്ചുനീക്കും. (ദാനീയേൽ 2:44) ദാരിദ്ര്യം, രോഗം, മരണം എന്നിവയെല്ലാം കഴിഞ്ഞകാല സംഭവങ്ങളായി മാറും. “നിലവിളിക്കുന്ന ദരിദ്രനെ . . . വിടുവിക്കു”മെന്ന് നിർധനരായവരെക്കുറിച്ച് ബൈബിൾ പറയുന്നു. (സങ്കീർത്തനം 72:12-14) രോഗികളെ സംബന്ധിച്ചാണെങ്കിൽ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്നും ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 33:24) ഇനി, ദൈവത്തിന്റെ ഓർമയിലുള്ള മരിച്ചവരെക്കുറിച്ച്, “സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം വരുന്നു” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 5:28, 29) എത്ര ഹൃദയസ്പർശിയായ വാഗ്ദാനങ്ങൾ!
ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസം നട്ടുവളർത്തുന്നത് ദൈവത്തോട് നമുക്ക് ഉണ്ടായേക്കാവുന്ന ഏതൊരു നീരസത്തെയും തരണം ചെയ്യാൻ സഹായിക്കും
നീരസം തരണം ചെയ്യുന്നു
ഈ ലേഖനത്തിന്റെ ആരംഭത്തിൽ പരാമർശിച്ച സിഡ്നി 17 വർഷങ്ങൾക്കു ശേഷം ഇങ്ങനെ പറയുന്നു: “എനിക്ക് ഉണ്ടായ അപകടത്തിന് ഞാൻ ഒരിക്കലും യഹോവയാം ദൈവത്തെ കുറ്റപ്പെടുത്തിയിട്ടില്ല. എങ്കിലും, ആദ്യം എനിക്ക് ദൈവത്തോട് നീരസം തോന്നിയിരുന്നു എന്നുള്ളത് സത്യമാണ്. പല ദിവസങ്ങളിൽ ഞാൻ ദുഃഖത്തിലാണ്ടുപോയിട്ടുണ്ട്. എന്റെ വൈകല്യത്തെക്കുറിച്ച് ഓർത്ത് ഞാൻ കരയാറുണ്ട്. എന്നാൽ, എനിക്ക് സംഭവിച്ചുപോയ അപകടം ദൈവത്തിൽനിന്നുള്ള ശിക്ഷ അല്ലെന്ന് ബൈബിളിലൂടെ ഞാൻ മനസ്സിലാക്കി. ‘കാലവും ഗതിയും’ അതായത് കാലവും മുൻകൂട്ടി കാണാൻ കഴിയാത്ത സംഭവങ്ങളും ഉണ്ടാകുമെന്ന് ബൈബിൾ പറയുന്നു. യഹോവയോട് പ്രാർഥിക്കുന്നതും തെരഞ്ഞെടുത്ത തിരുവെഴുത്തുകൾ വായിക്കുന്നതും എന്നെ ആത്മീയമായി ബലപ്പെടുത്തുകയും എന്റെ ഊർജസ്വലത നിലനിറുത്തുകയും ചെയ്യുന്നു.—സഭാപ്രസംഗി 9:11; സങ്കീർത്തനം 145:18; 2 കൊരിന്ത്യർ 4:8, 9, 16.
എന്തുകൊണ്ടാണ് ദൈവം ദുരിതങ്ങൾ അനുവദിക്കുന്നതെന്നും അതിന്റെ അനന്തരഫലങ്ങൾ പെട്ടെന്ന് എങ്ങനെ പരിഹരിക്കുമെന്നും മനസ്സിലാക്കുന്നത് ദൈവത്തോട് നമുക്ക് ഉണ്ടായേക്കാവുന്ന ഏതൊരു നീരസത്തെയും തരണം ചെയ്യാൻ സഹായിക്കും. “തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നു”എന്ന് ദൈവം ഉറപ്പുനൽകിയിരിക്കുന്നു. ദൈവത്തിലും പുത്രനിലും വിശ്വാസം അർപ്പിച്ചിരിക്കുന്ന ഏതൊരുവനും നീരസപ്പെടേണ്ടിവരില്ല.—എബ്രായർ 11:6; റോമർ 10:11. ▪ (w15-E 09/01)