ക്രിസ്തുവിന്റെ പക്വതയിലേക്ക് നിങ്ങൾ വളരുന്നുണ്ടോ?
‘ക്രിസ്തുവിന്റെ പരിപൂർണതയിൽ എത്തി പക്വതയാർജിക്കുക.’—എഫെ. 4:13, ഓശാന.
1, 2. എല്ലാ ക്രിസ്ത്യാനികളും വെക്കേണ്ട ലക്ഷ്യം എന്താണ്? ഒരു ഉദാഹരണം നൽകുക.
ഒരു വീട്ടമ്മ പഴക്കടയിൽനിന്ന് പഴം തിരഞ്ഞെടുക്കുന്നത് എങ്ങനെയായിരിക്കും? ഏറ്റവും വലുതോ വില കുറഞ്ഞതോ ആയിരിക്കില്ല. പകരം, നല്ല ഗുണവും മണവും ഉള്ള, കഴിക്കാൻ പാകമായ പഴമായിരിക്കും അവൾ എടുക്കുക. പഴുത്ത, അതായത് വളർച്ചയെത്തി പാകമായ, പഴമാണ് അവൾക്കു വേണ്ടത്.
2 ഒരു വ്യക്തി യഹോവയെക്കുറിച്ച് പഠിച്ച് സ്നാനമേൽക്കാൻ തീരുമാനിക്കുന്നതോടെ ദൈവവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ശക്തമാകാൻ തുടങ്ങും. പാകമൊത്ത ഒരു പഴം പോലെ, പക്വതയുള്ള ഒരു ക്രിസ്ത്യാനിയായിത്തീരണം എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇവിടെ പക്വത എന്നു പറഞ്ഞിരിക്കുന്നത് പ്രായം കൂടുന്നതിനെയല്ല. ആത്മീയവളർച്ചയെ, അതായത് യഹോവയുമായി ഒരു അടുത്ത ബന്ധമുണ്ടായിരിക്കുന്നതിനെയാണ് അത് അർഥമാക്കുന്നത്. എഫെസൊസിലെ ക്രിസ്ത്യാനികൾ പക്വത പ്രാപിക്കാൻ അപ്പൊസ്തലനായ പൗലോസ് ആഗ്രഹിച്ചു. വിശ്വാസത്തിൽ ഐക്യമുള്ളവരായി യേശുവിനെക്കുറിച്ച് പഠിക്കുന്നതിൽ തുടർന്നുകൊണ്ട്, ‘ക്രിസ്തുവിന്റെ പരിപൂർണതയിൽ എത്തി പക്വതയാർജിക്കാൻ’ പൗലോസ് അവരെ പ്രോത്സാഹിപ്പിച്ചു.—എഫെ. 4:13.
3. എഫെസ്യസഭയെ ഇന്നത്തെ യഹോവയുടെ ജനവുമായി താരതമ്യം ചെയ്തിരിക്കുന്നത് എങ്ങനെ?
3 പൗലോസ് എഫെസ്യർക്ക് കത്തെഴുതുമ്പോൾ ആ സഭ സ്ഥാപിതമായിട്ട് ഏതാനും വർഷങ്ങൾ കഴിഞ്ഞിരുന്നു. ആ സഭയിലുണ്ടായിരുന്ന മിക്കവരും അനുഭവപരിചയവും പക്വതയും ഉള്ള ക്രിസ്ത്യാനികളായിരുന്നു. എങ്കിലും യഹോവയുമായുള്ള ബന്ധം ഇനിയും ശക്തമാക്കേണ്ടിയിരുന്ന ചിലർ അപ്പോഴും അവിടെയുണ്ടായിരുന്നു. സമാനമായി, ഇന്നും ധാരാളം സഹോദരീസഹോദരന്മാർ വർഷങ്ങളായി യഹോവയെ സേവിക്കുന്നവരും പക്വതയിലെത്തിയവരും ആണ്. എങ്കിലും സഭയിലുള്ള ചിലർ അത്രത്തോളം എത്തിയിട്ടില്ല. ഉദാഹരണത്തിന്, ആയിരങ്ങളാണ് ഓരോ വർഷവും സ്നാനമേൽക്കുന്നത്. അതുകൊണ്ട് പക്വത പ്രാപിക്കേണ്ട ചിലർ ഇനിയുമുണ്ട്. നിങ്ങളുടെ കാര്യമോ?—കൊലോ. 2:6, 7.
ഒരു ക്രിസ്ത്യാനിക്ക് വളരാൻ കഴിയുന്നത് എങ്ങനെ?
4, 5. പക്വതയുള്ള ഓരോ ക്രിസ്ത്യാനികളും വ്യത്യസ്തരായിരിക്കുന്നത് എങ്ങനെ, അവർക്കെല്ലാം പൊതുവായുള്ളത് എന്താണ്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
4 ഒരു പഴക്കടയിലെ പഴുത്ത് പാകമായ പഴങ്ങളെല്ലാം ഒരേപോലെയായിരിക്കില്ല. എന്നിരുന്നാലും അത് പഴുത്തെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന പൊതുവായ ചില ലക്ഷണങ്ങളുണ്ട്. പക്വതയുള്ള ക്രിസ്ത്യാനികളുടെ കാര്യത്തിലും ഇത് സത്യമാണ്. അവരെല്ലാം ഒരേ അച്ചിൽ വാർത്തതുപോലെയല്ല. അവരുടെ ദേശവും പശ്ചാത്തലവും വ്യത്യസ്തമാണ്. അവരുടെ പ്രായവും ഇഷ്ടാനിഷ്ടങ്ങളും പലതാണ്. എങ്കിലും പക്വത വെളിവാക്കുന്ന പൊതുവായ ചില ഗുണങ്ങൾ ഇവർക്കെല്ലാവർക്കുമുണ്ട്. അതിൽ ചിലത് ഏതൊക്കെയാണ്?
5 പക്വതയുള്ള ഒരു ക്രിസ്ത്യാനി യേശുവിനെ അനുകരിച്ചുകൊണ്ട് അവന്റെ ‘കാൽച്ചുവടുകൾ അടുത്തു പിന്തുടരും.’ (1 പത്രോ. 2:21) ഒരാൾ യഹോവയെ പൂർണ ഹൃദയത്തോടും ദേഹിയോടും മനസ്സോടും കൂടെ സ്നേഹിക്കുന്നതും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുന്നതും വളരെ പ്രധാനമാണെന്ന് യേശു പറഞ്ഞു. (മത്താ. 22:37-39) യേശുവിന്റെ ഈ വാക്കുകൾ അനുസരിക്കാൻ പക്വതയുള്ള ഒരു ക്രിസ്ത്യാനി കഠിനശ്രമം ചെയ്യുന്നു. യഹോവയോടുള്ള ബന്ധവും മറ്റുള്ളവരോടുള്ള ആഴമായ സ്നേഹവും ആണ് ഏറ്റവും പ്രധാനമെന്ന് സ്വന്തം ജീവിതരീതിയിലൂടെ അദ്ദേഹം തെളിയിക്കും.
യുവാക്കളെ പിന്തുണയ്ക്കാൻ മുൻകൈയെടുത്തുകൊണ്ട് പ്രായംചെന്ന ക്രിസ്ത്യാനികൾക്ക് ക്രിസ്തുസമാന താഴ്മ കാണിക്കാം (6-ാം ഖണ്ഡിക കാണുക)
6, 7. (എ) പക്വതയുള്ള ഒരു ക്രിസ്ത്യാനിയെ തിരിച്ചറിയിക്കുന്ന മറ്റു ചില ഗുണങ്ങൾ ഏവ? (ബി) നമ്മൾ സ്വയം ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കണം?
6 പക്വതയുള്ള ഒരു ക്രിസ്ത്യാനി പ്രകടമാക്കുന്ന ആത്മാവിന്റെ ഗുണത്തിന്റെ വശങ്ങളിൽ ഒന്നാണ് സ്നേഹം എന്ന് നമുക്ക് അറിയാം. (ഗലാ. 5:22, 23) ഇനി, സൗമ്യത, ആത്മനിയന്ത്രണം, ക്ഷമ എന്നീ ഗുണങ്ങളും പ്രധാനമാണ്. ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളിൽ അസ്വസ്ഥനാകാതിരിക്കാനും നിരാശനാകുമ്പോൾ പ്രതീക്ഷ കൈവിടാതിരിക്കാനും ഈ ഗുണങ്ങൾ അദ്ദേഹത്തെ സഹായിക്കും. പക്വതയുള്ള ഒരു ക്രിസ്ത്യാനി വ്യക്തിപരമായ പഠനം നടത്തുമ്പോൾ, ശരി ഏതാണ് തെറ്റ് ഏതാണ് എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾക്കായി തിരഞ്ഞുകൊണ്ടേയിരിക്കും. ബൈബിൾപരിശീലിത മനസ്സാക്ഷി ഉപയോഗിക്കുമ്പോൾ അദ്ദേഹത്തിന് ജ്ഞാനപൂർവമായ തീരുമാനമെടുക്കാൻ കഴിയും. പക്വതയുള്ള ഒരു ക്രിസ്ത്യാനി താഴ്മയുള്ളവനാണ്. അതുകൊണ്ട്, യഹോവയുടെ നിർദേശങ്ങളും നിലവാരങ്ങളും എല്ലായ്പോഴും തന്റേതിനെക്കാൾ മികച്ചതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.a അദ്ദേഹം സുവാർത്ത തീക്ഷ്ണതയോടെ പ്രസംഗിക്കുന്നു, അതുപോലെ സഭയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിന് തന്നാലാകുന്നതെല്ലാം ചെയ്യുന്നു.
7 യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായാലും നമുക്കോരോരുത്തർക്കും സ്വയം ഇങ്ങനെ ചോദിക്കാം: ‘യേശുവിനെ കൂടുതൽ അടുത്ത് അനുകരിക്കുന്നതിന് എനിക്കു വരുത്താൻ കഴിയുന്ന മാറ്റങ്ങൾ എന്തെങ്കിലുമുണ്ടോ? എനിക്ക് ഇനിയും മെച്ചപ്പെടാൻ കഴിയുന്ന വിധങ്ങളുണ്ടോ?’
“കട്ടിയായ ആഹാരമോ വളർച്ചയെത്തിയവർക്കുള്ളതാണ്”
8. യേശുവിന് ബൈബിളിനെക്കുറിച്ച് എത്ര നന്നായി അറിയാമായിരുന്നു?
8 യേശുക്രിസ്തുവിന് ദൈവവചനത്തെക്കുറിച്ച് തികഞ്ഞ അറിവും ഗ്രാഹ്യവും ഉണ്ടായിരുന്നു. 12 വയസ്സുള്ളപ്പോൾപ്പോലും യേശു ആലയത്തിലെ ഉപദേഷ്ടാക്കളോട് ബൈബിളിൽനിന്നു സംസാരിച്ചു. “അവന്റെ വാക്കുകൾ കേട്ടവരെല്ലാം അവന്റെ ഗ്രാഹ്യത്തിലും ഉത്തരങ്ങളിലും വിസ്മയിച്ചു.” (ലൂക്കോ. 2:46, 47) പിന്നീട്, പ്രസംഗവേലയിലായിരുന്നപ്പോൾ ശത്രുക്കളുടെ വായടയ്ക്കാൻ അവൻ ദൈവവചനം വിദഗ്ധമായി ഉപയോഗിച്ചു.—മത്താ. 22:41-46.
9. (എ) പക്വതയുള്ള ഒരു ക്രിസ്ത്യാനിയുടെ പഠനപ്പട്ടിക എങ്ങനെയുള്ളതായിരിക്കും? (ബി) നമ്മൾ ബൈബിൾ പഠിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്?
9 പക്വതയുള്ള ക്രിസ്ത്യാനിയാകാൻ ആഗ്രഹിക്കുന്ന ഒരാൾ, യേശുവിന്റെ മാതൃക അനുകരിക്കുന്നു. ബൈബിൾ നന്നായി മനസ്സിലാക്കാൻ അദ്ദേഹം ശ്രമിക്കും. ആഴമേറിയ സത്യങ്ങൾക്കായി അദ്ദേഹം പതിവായി തിരുവെഴുത്തുകൾ പരിശോധിക്കുന്നു. കാരണം “കട്ടിയായ ആഹാരമോ വളർച്ചയെത്തിയവർക്കുള്ളതാണ്” എന്ന് അദ്ദേഹത്തിന് അറിയാം. (എബ്രാ. 5:14) അതെ, സൂക്ഷ്മമായ ബൈബിൾപരിജ്ഞാനം നേടാൻ പക്വതയുള്ള ഒരു ക്രിസ്ത്യാനി ആഗ്രഹിക്കും. (എഫെ. 4:13) അതുകൊണ്ട് സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞാൻ ദിവസവും ബൈബിൾ വായിക്കാറുണ്ടോ? വ്യക്തിപരമായ പഠനത്തിന് എനിക്കൊരു പട്ടികയുണ്ടോ? ഞാൻ എല്ലാ ആഴ്ചയും കുടുംബാരാധന നടത്താറുണ്ടോ?’ ബൈബിൾ പഠിക്കവേ, പഠനഭാഗത്തുനിന്ന്, യഹോവയുടെ ചിന്തകളും വികാരങ്ങളും എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾക്കായി തിരയുക. എന്നിട്ട്, ഈ തത്ത്വങ്ങൾ ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കുക. യഹോവയോട് കൂടുതൽ അടുക്കാൻ അതു നിങ്ങളെ സഹായിക്കും.
10. ദൈവത്തിന്റെ ഉപദേശങ്ങളെയും തത്ത്വങ്ങളെയും പക്വതയുള്ള ഒരു ക്രിസ്ത്യാനി എങ്ങനെ വീക്ഷിക്കുന്നു?
10 പക്വതയുള്ള ഒരു ക്രിസ്ത്യാനി ബൈബിൾ പറയുന്നത് കേവലം അറിയുന്നതുകൊണ്ട് മാത്രമായില്ല. അദ്ദേഹം ദൈവത്തിന്റെ ഉപദേശങ്ങളെയും തത്ത്വങ്ങളെയും സ്നേഹിക്കണം. സ്വന്തം ഇഷ്ടത്തെക്കാൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യാനുള്ള ആഗ്രഹം ഒന്നാമതു വെക്കുന്നതിലൂടെ അദ്ദേഹം ഈ സ്നേഹം കാണിക്കുന്നു. എന്തിന്, തന്റെ ജീവിതരീതിക്കും പ്രവർത്തനങ്ങൾക്കും ചിന്തകൾക്കും അദ്ദേഹം മാറ്റം വരുത്തുന്നു. ഉദാഹരണത്തിന്, അദ്ദേഹം യേശുവിനെ അനുകരിക്കുകയും “ശരിയായ നീതിയിലും വിശ്വസ്തതയിലും ദൈവഹിതപ്രകാരം സൃഷ്ടിക്കപ്പെട്ട” പുതിയ വ്യക്തിത്വം വികസിപ്പിക്കുകയും ചെയ്യുന്നു. (എഫെസ്യർ 4:22-24 വായിക്കുക.) പരിശുദ്ധാത്മാവാണ് ബൈബിൾ എഴുതാൻ സഹായിച്ചതെന്ന കാര്യം ഓർക്കുക. അതുകൊണ്ട് ഒരു ക്രിസ്ത്യാനി ബൈബിൾ പഠിക്കുമ്പോൾ, അറിവിലും സ്നേഹത്തിലും യഹോവയുമായുള്ള ബന്ധത്തിലും വളർന്നുവരാൻ പരിശുദ്ധാത്മാവ് അദ്ദേഹത്തെ സഹായിക്കും.
ഐക്യം ഉന്നമിപ്പിക്കുക
11. ഭൂമിയിലായിരുന്നപ്പോൾ യേശു എന്ത് അനുഭവിച്ചറിയാനിടയായി?
11 യേശു ഒരു പൂർണമനുഷ്യനായിരുന്നു. എങ്കിലും ഭൂമിയിലായിരുന്നപ്പോൾ അപൂർണമനുഷ്യരോടൊപ്പമാണ് അവൻ ജീവിച്ചത്. അവന്റെ മാതാപിതാക്കളും കൂടപ്പിറപ്പുകളും അപൂർണരായിരുന്നു. യേശുവിന്റെ അടുത്ത അനുഗാമികൾപോലും അഹങ്കാരവും സ്വാർഥതയും പോലുള്ള ഗുണങ്ങൾ പ്രകടിപ്പിച്ചു. ഉദാഹരണത്തിന്, യേശുവിന്റെ മരണത്തിന്റെ തലേരാത്രി “തങ്ങളുടെ കൂട്ടത്തിൽ ആരാണു വലിയവൻ എന്നതിനെച്ചൊല്ലി” അവന്റെ ശിഷ്യന്മാർക്കിടയിൽ തർക്കമുണ്ടായി. (ലൂക്കോ. 22:24) അപൂർണരായ തന്റെ അനുഗാമികൾക്ക് ആത്മീയമായി വളരാനും ഐക്യമുള്ള ഒരു സഭയ്ക്ക് രൂപം നൽകാനും കഴിയുമെന്ന് യേശുവിന് ഉറപ്പുണ്ടായിരുന്നു. അവരെല്ലാം ഒന്നായിത്തീരണം എന്ന ആഗ്രഹത്തോടെ അതേ രാത്രിയിൽത്തന്നെ യേശു തന്റെ സ്വർഗീയ പിതാവിനോട് ഇങ്ങനെ പ്രാർഥിച്ചു: ‘പിതാവേ, നീ എന്നോടും ഞാൻ നിന്നോടും ഏകീഭവിച്ചിരിക്കുന്നതുപോലെ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കട്ടെ.’—യോഹ. 17:21, 22.
12, 13. (എ) ക്രിസ്ത്യാനികളെന്ന നിലയിൽ നമ്മുടെ ലക്ഷ്യം എന്താണ്? (ബി) ഐക്യം ഉന്നമിപ്പിക്കാൻ ഒരു സഹോദരൻ പഠിച്ചത് എങ്ങനെ?
12 പക്വതയുള്ള ഒരു ക്രിസ്ത്യാനി സഭയിൽ ഐക്യം ഉന്നമിപ്പിക്കുന്നു. (എഫെസ്യർ 4:1-6, 15, 16 വായിക്കുക.) ക്രിസ്ത്യാനികളെന്നനിലയിൽ നമ്മുടെയെല്ലാം ലക്ഷ്യം, ‘സംയോജിച്ച്’ അഥവാ ഐക്യത്തോടെ പ്രവർത്തിക്കുക എന്നതാണ്. ഇത്തരത്തിലുള്ള ഐക്യം വേണമെങ്കിൽ ഒരു ക്രിസ്ത്യാനി താഴ്മയുള്ളവനായിരിക്കണം. മറ്റുള്ളവരുടെ അപൂർണത നിമിത്തമുള്ള പ്രശ്നങ്ങൾ ബാധിച്ചാൽപ്പോലും പക്വതയുള്ള ഒരു ക്രിസ്ത്യാനി സഭയിലെ ഐക്യം ശക്തമാക്കി നിലനിറുത്താൻ ആത്മാർഥമായി ശ്രമിക്കും. അതുകൊണ്ട് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഒരു സഹോദരനോ സഹോദരിയോ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ ഞാൻ എങ്ങനെയാണ് പ്രതികരിക്കുന്നത്? ആരെങ്കിലും എന്നെ വേദനിപ്പിക്കുമ്പോൾ എനിക്ക് എന്താണ് തോന്നുന്നത്? ആ വ്യക്തിയോട് സംസാരിക്കുന്നത് ഞാൻ നിറുത്തിക്കളയുമോ? അതോ ആ ബന്ധം വീണ്ടെടുക്കാൻ ഞാൻ ശ്രമിക്കുമോ?’ പക്വതയുള്ള ഒരു ക്രിസ്ത്യാനി പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹിക്കുന്നത്, അല്ലാതെ മറ്റുള്ളവർക്ക് ഒരു പ്രശ്നമായിരിക്കാനല്ല.
13 യുവെയുടെ കാര്യമെടുക്കുക. മുമ്പ് അദ്ദേഹത്തിന്, സഹോദരീസഹോദരന്മാരുടെ അപൂർണതനിമിത്തമുണ്ടാകുന്ന പ്രശ്നങ്ങളുടെ പേരിൽ അസ്വസ്ഥനാകുന്ന ഒരു രീതിയുണ്ടായിരുന്നു. അങ്ങനെയിരിക്കെ, ബൈബിളും തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) പുസ്തകവും ഉപയോഗിച്ച് ദാവീദിന്റെ ജീവിതത്തെക്കുറിച്ച് പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്തിനാണ് അദ്ദേഹം ദാവീദിനെക്കുറിച്ച് പഠിച്ചത്? കാരണം, ദാവീദിനും ചില ദൈവദാസന്മാരിൽനിന്ന് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ശൗൽ രാജാവ് ദാവീദിനെ കൊല്ലാൻ ശ്രമിച്ചു, ചിലർ അവനെ കല്ലെറിയാൻ തുനിഞ്ഞു, സ്വന്തം ഭാര്യപോലും അവനെ പരിഹസിച്ചു. (1 ശമൂ. 19:9-11; 30:1-6; 2 ശമൂ. 6:14-22) മറ്റുള്ളവർ ഇങ്ങനെയൊക്കെ ചെയ്തെങ്കിലും ദാവീദ് യഹോവയെ സ്നേഹിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്തു. അവൻ കരുണ കാണിക്കുകയും ചെയ്തു. താനും അതുതന്നെയാണ് ചെയ്യേണ്ടതെന്ന് യുവെ സമ്മതിച്ചുപറയുന്നു. താൻ സഹോദരങ്ങളുടെ അപൂർണതകളെ വീക്ഷിക്കുന്ന വിധത്തിന് മാറ്റം വരുത്തേണ്ടതുണ്ടെന്ന് ബൈബിൾപഠനത്തിലൂടെ യുവെ മനസ്സിലാക്കി. അദ്ദേഹം മറ്റുള്ളവരുടെ തെറ്റുകൾ ഓർത്തിരിക്കുന്നത് മതിയാക്കുകയും സഭയിൽ ഐക്യം ഉന്നമിപ്പിക്കുകയും വേണമായിരുന്നു. അതുതന്നെയാണോ നിങ്ങളുടെയും ലക്ഷ്യം?
ദൈവേഷ്ടം ചെയ്യുന്നവരിൽനിന്ന് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക
14. യേശു എങ്ങനെയാണ് തന്റെ സുഹൃത്തുക്കളെ തിരഞ്ഞെടുത്തത്?
14 യേശുക്രിസ്തു ആളുകളോട് സൗഹൃദമനോഭാവമുള്ളവനായിരുന്നു. പുരുഷന്മാരും സ്ത്രീകളും, ചെറുപ്പക്കാരും പ്രായമായവരും, എന്തിന് കുട്ടികൾപോലും യേശുവിന്റെ അടുക്കൽ വരാൻ മടി കാണിച്ചില്ല. എങ്കിലും, തന്റെ അടുത്ത സുഹൃത്തുക്കളെ യേശു തിരഞ്ഞെടുത്തത് ശ്രദ്ധാപൂർവമായിരുന്നു. “ഞാൻ കൽപ്പിക്കുന്നതു നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതന്മാരാകുന്നു” എന്ന് യേശു തന്റെ അപ്പൊസ്തലന്മാരോട് പറഞ്ഞു. (യോഹ. 15:14) തന്നെ വിശ്വസ്തമായി അനുഗമിക്കുകയും യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്തവരിൽനിന്നാണ് യേശു അടുത്ത സുഹൃത്തുക്കളെ തിരഞ്ഞെടുത്തത്. യഹോവയെ മുഴുഹൃദയത്തോടെ സേവിക്കുന്നവരെയാണോ നിങ്ങൾ സുഹൃത്തുക്കളായി തിരഞ്ഞെടുക്കുന്നത്? എന്തുകൊണ്ടാണ് ഇത് പ്രധാനമായിരിക്കുന്നത്?
15. പക്വതയുള്ള ക്രിസ്ത്യാനികളെ സുഹൃത്തുക്കളാക്കുന്നത് യുവാക്കൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?
15 മിക്ക പഴങ്ങളും ഏറ്റവും നന്നായി പഴുക്കുന്നത് ഇളവെയിൽ ഏൽക്കുമ്പോഴാണ്. സമാനമായി, സഹോദരീസഹോദരന്മാരുടെ ഊഷ്മളസ്നേഹം പക്വതയുള്ള ഒരു ക്രിസ്ത്യാനിയായിത്തീരാൻ നിങ്ങളെ സഹായിക്കും. ജീവിതം എങ്ങനെ വിനിയോഗിക്കണം എന്നു ചിന്തിക്കുന്ന യുവപ്രായത്തിലുള്ള ഒരാളാണോ നിങ്ങൾ? അങ്ങനെയെങ്കിൽ, കുറച്ച് അധികം കാലമായി യഹോവയെ സേവിക്കുന്ന, സഭയിൽ ഐക്യം ഉന്നമിപ്പിക്കുന്ന ആളുകളെ സുഹൃത്തുക്കളാക്കുന്നതായിരിക്കും ബുദ്ധി. അവർക്ക് ജീവിതപ്രശ്നങ്ങളുണ്ടായിരിക്കാം; പ്രതിസന്ധികളിന്മധ്യേയായിരിക്കാം അവർ യഹോവയെ സേവിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും ഏറ്റവും നല്ല ജീവിതരീതി തിരഞ്ഞെടുക്കാൻ അവർക്ക് നിങ്ങളെ സഹായിക്കാനാകും. അവരുമൊത്ത് സമയം ചെലവഴിക്കുമ്പോൾ ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാനും ഒരു ക്രിസ്ത്യാനി എന്ന നിലയിൽ വളരാനും അവർ നിങ്ങളെ സഹായിക്കും.—എബ്രായർ 5:14 വായിക്കുക.
16. ഒരു സഹോദരി ചെറുപ്പമായിരുന്നപ്പോൾ, സഭയിലെ പ്രായംചെന്ന സഹോദരങ്ങൾ അവളെ സഹായിച്ചത് എങ്ങനെ?
16 സ്കൂളിലെ അവസാനവർഷം സഹപാഠികൾ തങ്ങളുടെ ഭാവിലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചത് ഹെൽഗ ഓർക്കുന്നു. ശോഭനമായ ഒരു ഭാവിക്കുവേണ്ടി സർവകലാശാലാ വിദ്യാഭ്യാസമാണ് പലരും ആഗ്രഹിച്ചത്. എന്നാൽ ഹെൽഗ തന്റെ സഭയിലെ പക്വതയുള്ള സുഹൃത്തുക്കളോട് ഇക്കാര്യം സംസാരിച്ചു. അവൾ പറയുന്നു: “അവരിൽ മിക്കവരും എന്നെക്കാൾ പ്രായമുള്ളവരായിരുന്നു. അവർ എന്നെ ഒരുപാട് സഹായിച്ചു. മുഴുസമയസേവനം തിരഞ്ഞെടുക്കാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചു. തുടർന്ന് അഞ്ചു വർഷം എനിക്ക് മുൻനിരസേവനം ചെയ്യാൻ കഴിഞ്ഞു. പോയ വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, എന്റെ യൗവനത്തിന്റെ മുഖ്യപങ്കും ഞാൻ ദൈവസേവനത്തിനായി മാറ്റിവെച്ചു എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അങ്ങനെ ചെയ്തതിൽ എനിക്കൊരു നഷ്ടബോധവുമില്ല.”
17, 18. യഹോവയെ നമുക്ക് ഏറ്റവും മെച്ചമായി എങ്ങനെ സേവിക്കാം?
17 യേശുവിനെ അനുകരിക്കുമ്പോൾ നമ്മൾ പക്വതയുള്ള ക്രിസ്ത്യാനികളായി വളരും. നമ്മൾ യഹോവയോട് കൂടുതൽ അടുക്കുമെന്ന് മാത്രമല്ല അവനെ സേവിക്കാനുള്ള നമ്മുടെ ആഗ്രഹവും വളരും. പക്വത പ്രാപിക്കുമ്പോഴാണ് ഒരു വ്യക്തി ഏറ്റവും നന്നായി യഹോവയെ സേവിക്കുന്നത്. യേശു തന്റെ അനുഗാമികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.”—മത്താ. 5:16.
18 സഭയ്ക്കൊരു ശക്തമായ പിന്തുണയായിരിക്കാൻ പക്വതയുള്ള ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ കഴിയുമെന്ന് നമ്മൾ പഠിച്ചു. ഇനി, തന്റെ മനസ്സാക്ഷി ഉപയോഗിക്കുന്ന വിധത്തിലും ഒരു ക്രിസ്ത്യാനി പക്വത കാണിക്കും. ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാൻ മനസ്സാക്ഷിക്ക് നമ്മളെ എങ്ങനെ സഹായിക്കാനാകും? നമുക്ക് മറ്റുള്ളവരുടെ മനസ്സാക്ഷിയെ എങ്ങനെ മാനിക്കാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ അടുത്ത ലേഖനത്തിൽ കണ്ടെത്തും.
a ഉദാഹരണത്തിന്, പ്രായവും അനുഭവപരിചയവും ഉള്ള സഹോദരന്മാരോട് ചിലപ്പോൾ ഒരു നിയമനത്തിൽനിന്ന് മാറിനിൽക്കാനും അതേ നിയമനം ലഭിക്കുന്ന മറ്റൊരു യുവസഹോദരനെ പിന്തുണയ്ക്കാനും ആവശ്യപ്പെട്ടേക്കാം.