ആത്മീയകാര്യങ്ങൾ ധ്യാനിച്ചുകൊണ്ടിരിക്കുക
“ഇവയെക്കുറിച്ചെല്ലാം ധ്യാനിക്കുക; ഇവയിൽ വ്യാപൃതനായിരിക്കുക. അങ്ങനെ, നിന്റെ അഭിവൃദ്ധി സകലരും കാണാൻ ഇടയാകട്ടെ.”—1 തിമൊ. 4:15.
1, 2. മനുഷ്യരെ മൃഗങ്ങളിൽനിന്ന് വ്യത്യസ്തരാക്കുന്നത് എന്ത്?
മനുഷ്യമസ്തിഷ്കം അതിവിശിഷ്ടമാണ്. ഉദാഹരണത്തിന്, പുതിയ ഭാഷകൾ പഠിക്കുന്നതിനുള്ള കഴിവ് മനുഷ്യർക്കുണ്ട്. എഴുതാനും വായിക്കാനും സംസാരിക്കാനും കേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും ഭാഷ മനുഷ്യരെ സഹായിക്കുന്നു. പ്രാർഥിക്കാനും യഹോവയെ പാടിസ്തുതിക്കാനും അത് നമ്മളെ പ്രാപ്തരാക്കുന്നു. ഇതെല്ലാം മൃഗങ്ങളിൽനിന്ന് നമ്മളെ വ്യത്യസ്തരാക്കുന്നു. നമ്മുടെ മസ്തിഷ്കം, ഈ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നത് എങ്ങനെയാണെന്ന് പൂർണമായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞന്മാർക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല.
2 ഭാഷ ഉപയോഗിക്കാനുള്ള നമ്മുടെ കഴിവ് യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണ്. (സങ്കീ. 139:14; വെളി. 4:11) നമ്മളെ മൃഗങ്ങളിൽനിന്ന് വ്യത്യസ്തരാക്കുന്ന മറ്റൊരു സമ്മാനം കൂടെ അവൻ നമുക്ക് നൽകിയിരിക്കുന്നു. “ദൈവം തന്റെ സ്വരൂപത്തിൽ” ആണ് നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. നമുക്ക് ഇച്ഛാസ്വാതന്ത്ര്യമുണ്ട്, അതായത്, കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. ഭാഷ ഉപയോഗിച്ച് യഹോവയെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നമുക്ക് കഴിയും.—ഉല്പ. 1:27.
3. നമ്മളെ ജ്ഞാനികളാക്കാൻ യഹോവ നമുക്ക് എന്ത് നൽകിയിരിക്കുന്നു?
3 തന്നെ സേവിക്കാനും സ്തുതിക്കാനും എങ്ങനെ കഴിയുമെന്ന് കാണിച്ചുതരാൻ യഹോവ നമുക്ക് ബൈബിൾ നൽകിയിരിക്കുന്നു. ബൈബിൾ മുഴുവനായോ ഭാഗികമായോ 2,800-ലധികം ഭാഷകളിൽ ലഭ്യമാണ്. ബൈബിൾ പറയുന്ന കാര്യങ്ങളെക്കുറിച്ച് നമ്മൾ ധ്യാനിക്കുമ്പോൾ ദൈവം ചിന്തിക്കുന്ന വിധത്തിൽ ചിന്തിച്ചുതുടങ്ങാൻ നമുക്ക് സാധിക്കും. (സങ്കീ. 40:5; 92:5; 139:17) അങ്ങനെ ചിന്തിക്കുന്നത് നമ്മളെ ജ്ഞാനികളാക്കുകയും നിത്യജീവനിലേക്ക് നയിക്കുകയും ചെയ്യും.—2 തിമൊഥെയൊസ് 3:14-17 വായിക്കുക.
4. ധ്യാനിക്കുക എന്നതിന്റെ അർഥം എന്ത്, നമ്മൾ ഏത് ചോദ്യങ്ങൾ ചർച്ച ചെയ്യും?
4 എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അതിനെക്കുറിച്ച് സൂക്ഷ്മമായും ആഴത്തിലും ചിന്തിക്കുക എന്നതാണ് ധ്യാനിക്കുക എന്നതിന്റെ അർഥം. (സങ്കീ. 77:12; സദൃ. 24:1, 2) യഹോവയെയും യേശുവിനെയും കുറിച്ച് പഠിക്കുന്ന കാര്യങ്ങൾ ധ്യാനിക്കുന്നതാണ് നമുക്ക് ഏറ്റവും പ്രയോജനം നേടിത്തരുന്നത്. (യോഹ. 17:3) ഈ ലേഖനത്തിൽ നമ്മൾ പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും. ധ്യാനം എളുപ്പമാക്കിത്തീർക്കുന്ന വിധത്തിൽ നമുക്ക് എങ്ങനെ വായിക്കാം? നമുക്ക് എന്തിനെക്കുറിച്ചൊക്കെ ധ്യാനിക്കാം? പതിവായി ധ്യാനിക്കാനും അത് ആസ്വദിക്കാനും നമ്മളെ എന്ത് സഹായിക്കും?
പഠനം പ്രയോജനപ്രദമെന്ന് ഉറപ്പാക്കുക
5, 6. വായിക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കാനും കുറെക്കൂടി മെച്ചമായി മനസ്സിലാക്കാനും നിങ്ങളെ എന്ത് സഹായിക്കും?
5 ചില കാര്യങ്ങൾ പ്രത്യേക ചിന്തയൊന്നും കൂടാതെ ചെയ്തുകൊണ്ടിരിക്കാൻ കഴിയുമെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. ശ്വസിക്കുക, നടക്കുക, സൈക്കിൾ ചവിട്ടുക എന്നതുപോലുള്ള കാര്യങ്ങൾ. ഒരുപക്ഷേ വായനയുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചേക്കാം. ചിലപ്പോഴൊക്കെ, വായനയ്ക്കിടയിൽ മറ്റ് കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിന്തിച്ചുതുടങ്ങിയേക്കാം. ഇത് തടയാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? വായിക്കുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അതിന്റെ അർഥം എന്താണെന്ന് ചിന്തിക്കുന്നതും വളരെ പ്രധാനമാണ്. ഒരു ഖണ്ഡികയുടെയോ ഉപതലക്കെട്ടിന്റെയോ അവസാനം എത്തുമ്പോൾ അൽപ്പം ഒന്ന് നിറുത്തുക. എന്നിട്ട്, വായിച്ചു നിറുത്തിയ ഭാഗത്തെക്കുറിച്ച് ധ്യാനിക്കുക. എന്തെല്ലാം കാര്യങ്ങൾ പഠിച്ചുവെന്ന് ആലോചിക്കുക. അതെല്ലാം നന്നായി മനസ്സിലായെന്ന് ഉറപ്പുവരുത്തുക.
6 ഒരു സംഗതി കേൾക്കാവുന്ന ശബ്ദത്തിൽ വായിക്കുമ്പോൾ അത് ഓർത്തിരിക്കാൻ എളുപ്പമാണെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ സ്രഷ്ടാവിന് ഇത് അറിയാം. അതുകൊണ്ടാണ് അവൻ യോശുവയോട് ന്യായപ്രമാണപുസ്തകത്തിലുള്ളത് ‘ധ്യാനിക്കാൻ’ പറഞ്ഞത്. ‘ധ്യാനിക്കാൻ’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദത്തിന് ‘മന്ദസ്വരത്തിൽ വായിക്കുക’ എന്നും അർഥമുണ്ട്. (യോശുവ 1:8 വായിക്കുക.) അത്തരത്തിൽ ബൈബിൾ ഉറക്കെ വായിക്കുന്നത് നമ്മുടെ ശ്രദ്ധ പിടിച്ചുനിറുത്തുകയും ഓർത്തിരിക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യും.
7. ബൈബിളിനെക്കുറിച്ച് ധ്യാനിക്കാൻ ഏറ്റവും പറ്റിയ സമയം ഏതാണ്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
7 പഠിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അതിനെക്കുറിച്ച് ധ്യാനിക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതുകൊണ്ടാണ്, ക്ഷീണിതരല്ലാത്ത സമയത്ത് ശാന്തമായ ഒരു സ്ഥലത്ത് പോയിരുന്ന് ധ്യാനിക്കുന്നത് നല്ലതാണെന്ന് പറയുന്നത്. അവിടെ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ കുറവായിരിക്കും. രാത്രിയാമങ്ങളിൽ ധ്യാനിക്കുന്നത് ഫലപ്രദമാണെന്ന് സങ്കീർത്തനക്കാരനായ ദാവീദ് കണ്ടിരുന്നു. (സങ്കീ. 63:5) യേശു പൂർണനായിരുന്നിട്ടുപോലും, പ്രാർഥിക്കുന്നതിനും ധ്യാനിക്കുന്നതിനും ശാന്തമായ സ്ഥലങ്ങളാണ് തിരഞ്ഞെടുത്തിരുന്നത്.—ലൂക്കോ. 6:12.
ധ്യാനിക്കാനാകുന്ന ചില നല്ല കാര്യങ്ങൾ
8. (എ) നമുക്ക് എന്തിനെക്കുറിച്ച് ധ്യാനിക്കാം? (ബി) നമ്മൾ യഹോവയെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അവന് എന്താണ് തോന്നുന്നത്?
8 ബൈബിളിൽനിന്ന് വായിക്കുന്ന കാര്യങ്ങൾ കൂടാതെ, നിങ്ങൾക്ക് ധ്യാനിക്കാൻ കഴിയുന്ന മറ്റ് കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, യഹോവയുടെ വിസ്മയകരമായ സൃഷ്ടികളിലൊന്നിനെ കാണുമ്പോൾ, ഒന്നു നിന്ന്, ഇങ്ങനെ സ്വയം ചോദിക്കുക: ‘ഇത് യഹോവയെക്കുറിച്ച് എന്നെ എന്താണ് പഠിപ്പിക്കുന്നത്?’ അങ്ങനെ ചിന്തിക്കുന്നത് പ്രാർഥനയിൽ യഹോവയ്ക്ക് നന്ദി പറയാൻ നിങ്ങളെ പ്രചോദിപ്പിക്കും. ഇനി, നിങ്ങൾ മറ്റുള്ളവരോടൊപ്പമാണെങ്കിൽ ഈ വികാരങ്ങൾ അവരുമായി പങ്കുവെക്കാനും നിങ്ങൾ ആഗ്രഹിക്കും. (സങ്കീ. 104:24; പ്രവൃ. 14:17) നമ്മൾ പ്രാർഥിക്കുകയും ധ്യാനിക്കുകയും യഹോവയെക്കുറിച്ച് അന്യോന്യം സംസാരിക്കുകയും ചെയ്യുമ്പോൾ അവൻ അത് ശ്രദ്ധിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്നു. ബൈബിൾ നമുക്ക് ഈ ഉറപ്പുതരുന്നു: “യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും (“ധ്യാനിക്കുകയും,” പി.ഒ.സി.) വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.”—മലാ. 3:16.
ബൈബിൾവിദ്യാർഥികളെ സഹായിക്കാനാകുന്ന വിധങ്ങളെക്കുറിച്ച് നിങ്ങൾ ധ്യാനിക്കാറുണ്ടോ? (9-ാം ഖണ്ഡിക കാണുക)
9. (എ) എന്തിനെക്കുറിച്ച് ധ്യാനിക്കാനാണ് പൗലോസ് തിമൊഥെയൊസിനോട് പറഞ്ഞത്? (ബി) ശുശ്രൂഷയ്ക്കുവേണ്ടി തയ്യാറാകുമ്പോൾ എന്തിനെക്കുറിച്ചെല്ലാം ധ്യാനിക്കണം?
9 തിമൊഥെയൊസിന്റെ സംസാരം, പെരുമാറ്റം, പ്രബോധനം എന്നിവ മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കും എന്നതിനെക്കുറിച്ച് ധ്യാനിക്കാൻ പൗലോസ് അപ്പൊസ്തലൻ അവനോട് പറഞ്ഞു. (1 തിമൊഥെയൊസ് 4:12-16 വായിക്കുക.) നിങ്ങൾക്കും ഈ കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഒരു ബൈബിൾപഠനത്തിനുവേണ്ടി തയ്യാറാകുമ്പോൾ ധ്യാനിക്കുന്നതിന് സമയം കണ്ടെത്തണം. നിങ്ങളുടെ വിദ്യാർഥിയെ മനസ്സിൽക്കാണുക. പുരോഗമിക്കാൻ അദ്ദേഹത്തെ സഹായിക്കുന്ന ഒരു ചോദ്യമോ ദൃഷ്ടാന്തമോ കണ്ടുവെക്കുക. നിങ്ങളുടെ അധ്യയനത്തിനുവേണ്ടി ഇങ്ങനെയെല്ലാം തയ്യാറാകുമ്പോൾ നിങ്ങളുടെതന്നെ വിശ്വാസം കരുത്താർജിക്കും; നിങ്ങൾ ബൈബിളിന്റെ ഏറെ മെച്ചപ്പെട്ട, ഉത്സാഹിയായ ഒരു അധ്യാപകനും ആയിത്തീരും. വയൽസേവനത്തിന് പോകുന്നതിനു മുമ്പ് ധ്യാനിക്കുന്നതും നിങ്ങൾക്ക് പ്രയോജനം ചെയ്യും. (എസ്രാ 7:10 വായിക്കുക.) ശുശ്രൂഷയിൽ കൂടുതൽ തീക്ഷ്ണതയുള്ളവരാകാൻ നിങ്ങളെ സഹായിക്കുന്നതിന് പ്രവൃത്തികളുടെ പുസ്തകത്തിൽനിന്ന് ഒരു അധ്യായം വായിക്കുന്നത് ഉപകരിച്ചേക്കും. അന്നേ ദിവസം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ചും ആളുകൾക്ക് കൊടുക്കാൻ ആഗ്രഹിക്കുന്ന പ്രസിദ്ധീകരണങ്ങളെക്കുറിച്ചും ധ്യാനിക്കാവുന്നതാണ്. (2 തിമൊ. 1:6) പ്രദേശത്തെ ആളുകളെക്കുറിച്ചും അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പറയാവുന്ന കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുക. ഇങ്ങനെ തയ്യാറാകുന്നത്, മറ്റുള്ളവരോട് സാക്ഷീകരിക്കുമ്പോൾ ബൈബിൾ ഫലപ്രദമായി ഉപയോഗിക്കാൻ നിങ്ങളെ പ്രാപ്തരാക്കും.—1 കൊരി. 2:5.
10. വേറെ ഏതെല്ലാം നല്ല കാര്യങ്ങളെക്കുറിച്ച് നമുക്ക് ധ്യാനിക്കാം?
10 വേറെ ഏതെല്ലാം കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് ധ്യാനിക്കാനാകും? പൊതുപ്രസംഗങ്ങൾ ശ്രദ്ധിക്കുമ്പോഴും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പങ്കെടുക്കുമ്പോഴും നിങ്ങൾ കുറിപ്പുകളെടുക്കാറുണ്ടോ? എങ്കിൽ അവ പുനരവലോകനം ചെയ്യാൻ സമയമെടുക്കുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളോടുതന്നെ ചോദിക്കുക: ‘ദൈവത്തിന്റെ വചനത്തിൽനിന്നും സംഘടനയിൽനിന്നും എന്തെല്ലാം കാര്യങ്ങളാണ് ഞാൻ പഠിച്ചത്?’ പുതിയ ലക്കം വീക്ഷാഗോപുരം, ഉണരുക! മാസികകളിലെയും കഴിഞ്ഞ കൺവെൻഷനിൽ പ്രകാശനം ചെയ്ത പ്രസിദ്ധീകരണങ്ങളിലെയും വിവരങ്ങളെക്കുറിച്ചും ധ്യാനിക്കാം. വാർഷികപുസ്തകം വായിക്കുമ്പോൾ, ഒരു അനുഭവം വായിച്ചശേഷം അൽപ്പനേരം അതിനെക്കുറിച്ച് ചിന്തിക്കുക; അത് നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കട്ടെ. നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുമ്പോൾ, പ്രധാന ആശയങ്ങൾക്ക് അടിവരയിടാനോ മാർജിനിൽ കുറിപ്പുകൾ എഴുതാനോ നിങ്ങൾ ആഗ്രഹിച്ചേക്കാം. മടക്കസന്ദർശനങ്ങൾ, ഇടയസന്ദർശനങ്ങൾ, പ്രസംഗങ്ങൾ എന്നിവയ്ക്ക് തയ്യാറാകാൻ അത് നിങ്ങളെ സഹായിക്കും. ഏറ്റവും പ്രധാനമായി, വായിക്കുമ്പോൾ, ഇടയ്ക്ക് വായന ഒന്ന് നിറുത്തി വായിച്ച കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോൾ, പഠിച്ചുകൊണ്ടിരുന്ന ആ നല്ല കാര്യങ്ങൾ ഹൃദയത്തിലേക്ക് എത്താൻ നിങ്ങൾ സമയം അനുവദിക്കുകയാണ്, യഹോവയ്ക്ക് നന്ദി പറഞ്ഞ് പ്രാർഥിക്കാൻ സമയം എടുക്കുകയാണ്.
ദൈവവചനം എല്ലാ ദിവസവും ധ്യാനിക്കുക
11. നമ്മൾ ധ്യാനിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രസിദ്ധീകരണം ഏതാണ്, അത് ധ്യാനിക്കുന്നത് നമ്മളെ എങ്ങനെ സഹായിക്കും? (അടിക്കുറിപ്പ് കൂടെ കാണുക.)
11 നമ്മൾ ധ്യാനിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രസിദ്ധീകരണം ബൈബിളാണ് എന്ന കാര്യത്തിൽ സംശയമില്ല! എന്നാൽ പെട്ടെന്ന് ഒരു ദിവസം, ബൈബിൾ കൈവശം വെക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമില്ലെന്ന് വരുന്നെങ്കിലോ?a മനഃപാഠമാക്കിയിട്ടുള്ള നിങ്ങളുടെ ഇഷ്ടപ്പെട്ട തിരുവെഴുത്തുകളോ രാജ്യഗീതങ്ങളോ ഒക്കെ ധ്യാനിക്കുന്നതിൽനിന്ന് നിങ്ങളെ തടയാൻ ആർക്കുമാകില്ല. (പ്രവൃ. 16:25) നിങ്ങൾ പഠിച്ചുവെച്ച കാര്യങ്ങൾ ഓർമിച്ചെടുക്കാൻ ദൈവാത്മാവ് നിങ്ങളെ പ്രാപ്തരാക്കും. ആ കാര്യങ്ങൾ, വിശ്വസ്തരായി തുടരാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.—യോഹ. 14:26.
12. ദൈനംദിന ബൈബിൾവായനാപരിപാടി പട്ടികപ്പെടുത്താവുന്ന ഒരു വിധം ഏത്?
12 നിങ്ങളുടെ ദിവസവുമുള്ള ബൈബിൾവായന പട്ടികപ്പെടുത്താവുന്ന ഒരു വിധം ഏതാണ്? ആഴ്ചയിലെ ചില ദിവസങ്ങളിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനായി പട്ടികപ്പെടുത്തിയിരിക്കുന്ന ബൈബിൾഭാഗങ്ങൾ വായിക്കാനും ധ്യാനിക്കാനും നിങ്ങൾക്ക് കഴിയും. മറ്റു ദിവസങ്ങളിൽ മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ സുവിശേഷ വിവരണങ്ങളിൽനിന്ന് യേശു പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങളെക്കുറിച്ച് വായിച്ച് ധ്യാനിക്കാം. (റോമ. 10:17; എബ്രാ. 12:2; 1 പത്രോ. 2:21) യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങൾ അവ നടന്ന ക്രമത്തിൽ വിവരിക്കുന്ന ഒരു പ്രസിദ്ധീകരണം നമുക്കുണ്ട്. സുവിശേഷങ്ങളുടെ വായനയിൽനിന്ന് പൂർണമായി പ്രയോജനം നേടാൻ ഈ പ്രസിദ്ധീകരണത്തിന് നിങ്ങളെ സഹായിക്കാനാകും.—യോഹ. 14:6.
ധ്യാനിക്കുന്നത് അതിപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
13, 14. യഹോവയെയും യേശുവിനെയും കുറിച്ച് ധ്യാനിക്കേണ്ടത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, ഇത് എന്ത് ചെയ്യാൻ നമ്മളെ പ്രചോദിപ്പിക്കും?
13 യഹോവയെയും യേശുവിനെയും കുറിച്ച് ധ്യാനിക്കുന്നത് ഒരു വ്യക്തിയെ പക്വതയുള്ള ക്രിസ്ത്യാനിയാകാനും ശക്തമായ വിശ്വാസം നിലനിറുത്താനും സഹായിക്കും. (എബ്രാ. 5:14; 6:1, 2) ദൈവത്തെക്കുറിച്ച് ചിന്തിക്കാൻ തീരെ കുറച്ച് സമയം മാത്രം ചെലവഴിക്കുന്ന ഒരു വ്യക്തിയുടെ യഹോവയുമായുള്ള ബന്ധം ക്രമേണ നഷ്ടമാകും, ഒടുവിൽ അവനെ തള്ളിക്കളയുന്നതിനുപോലും അത് ഇടയാക്കും. (എബ്രാ. 2:1; 3:12) യേശുവിന്റെ മുന്നറിയിപ്പിനു ചേർച്ചയിൽ, “ഉത്തമവും നല്ലതുമായ ഹൃദയത്തോടെ” നമ്മൾ ദൈവവചനം കേൾക്കുകയും സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കിൽ അത് നമ്മൾ “സംഗ്രഹി”ക്കുകയില്ല. പകരം, “ഈ ജീവിതത്തിന്റെ ആകുലതകളാലും ധനത്താലും സുഖഭോഗങ്ങളാലും” നമ്മൾ എളുപ്പത്തിൽ ‘വ്യതിചലിക്കപ്പെട്ടേക്കാം.’—ലൂക്കോ. 8:14, 15.
14 ദൈവവചനം ധ്യാനിക്കുന്നതിലും അങ്ങനെ യഹോവയെ കൂടുതൽ മെച്ചമായി അറിയുന്നതിലും നമുക്ക് തുടരാം. ഇത് അവന്റെ ഗുണങ്ങളും വ്യക്തിത്വവും പ്രതിഫലിപ്പിക്കാൻ നമ്മളെ പ്രചോദിപ്പിക്കും. (2 കൊരി. 3:18) നമുക്ക് നമ്മുടെ സ്വർഗീയപിതാവിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കാം, എക്കാലവും അവനെ അനുകരിക്കാം. അതിലും വലിയ ഒരു പദവിയില്ല!—സഭാ. 3:11.
15, 16. (എ) യഹോവയെയും യേശുവിനെയും കുറിച്ച് ധ്യാനിക്കുന്നതിൽനിന്ന് നിങ്ങൾ എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു? (ബി) ചില സമയങ്ങളിൽ ധ്യാനിക്കുന്നത് ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്, എന്നാലും നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കേണ്ടത് എന്തുകൊണ്ട്?
15 യഹോവയെയും യേശുവിനെയും കുറിച്ച് ധ്യാനിക്കുന്നത് സത്യത്തിനുവേണ്ടി തീക്ഷ്ണതയുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ തീക്ഷ്ണത, സഹോദരങ്ങളെയും വയൽസേവനത്തിൽ നിങ്ങൾ കണ്ടുമുട്ടുന്നവരെയും പ്രോത്സാഹിപ്പിക്കും. യേശുവിന്റെ മറുവിലയിലൂടെ യഹോവ നമുക്ക് നൽകിയതിനെക്കുറിച്ച് ധ്യാനിക്കുമ്പോൾ ദൈവവുമായുള്ള അടുത്ത ബന്ധത്തെ നിങ്ങൾ മൂല്യവത്തായി കാണും. (റോമ. 3:24; യാക്കോ. 4:8) വിശ്വാസത്തെപ്രതി മൂന്നു വർഷം ജയിലിൽ കഴിയേണ്ടിവന്ന, സൗത്ത് ആഫ്രിക്കയിലുള്ള മാർക്ക് എന്ന സഹോദരൻ ഇങ്ങനെ പറയുന്നു: “ധ്യാനത്തെ ആവേശമുണർത്തുന്ന ഒരു യാത്രയോട് ഉപമിക്കാം. നമ്മൾ ആത്മീയകാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുന്തോറും നമ്മുടെ ദൈവമായ യഹോവയെക്കുറിച്ച് പുതിയപുതിയ കാര്യങ്ങൾ കണ്ടെത്തും. എനിക്ക് നിരുത്സാഹം അനുഭവപ്പെടുമ്പോഴോ ഭാവിയെക്കുറിച്ച് ഉത്കണ്ഠ തോന്നുമ്പോഴോ ഞാൻ ബൈബിളെടുത്ത് അതിൽനിന്ന് ഒരു തിരുവെഴുത്തുഭാഗം ധ്യാനിക്കും. അത് എന്നെ ശരിക്കും ശാന്തനാക്കും.”
16 ഈ ലോകത്തിലെ ജീവിതം ശ്രദ്ധാശൈഥില്യങ്ങൾ നിറഞ്ഞതാണ്, അതുകൊണ്ട് ധ്യാനിക്കാൻ സമയം കണ്ടെത്തുക വളരെ പ്രയാസമാണ്. ആഫ്രിക്കയിലുള്ള പാട്രിക് എന്ന സഹോദരൻ പറയുന്നു: “എന്റെ മനസ്സ് വേണ്ടതും വേണ്ടാത്തതുമായ അനേകം കാര്യങ്ങൾ തിങ്ങിനിറഞ്ഞ ഒരു എഴുത്തുപെട്ടിപോലെയാണ്. അത് ദിവസവും തരംതിരിക്കണം. മനസ്സിലുള്ളത് എന്താണെന്ന് നോക്കുമ്പോൾ മിക്കപ്പോഴും കാണുന്നത് ‘വിചാരങ്ങളുടെ ബഹുത്വമാണ്’. അവയെക്കുറിച്ച് യഹോവയോട് പ്രാർഥിച്ചെങ്കിൽ മാത്രമേ എനിക്ക് സ്വസ്ഥമായ മനസ്സോടെ ധ്യാനിക്കാൻ കഴിയുകയുള്ളൂ. ഇതിന് ഒരു അൽപ്പം സമയം എടുക്കുമെങ്കിലും അങ്ങനെ ചെയ്തതിലൂടെ യഹോവയോട് കൂടുതൽ അടുത്തതായി എനിക്ക് തോന്നി. സത്യം കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് ഇത് എന്റെ മനസ്സ് തുറന്നു.” (സങ്കീ. 94:19) അതെ, ദിവസവും ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് നമുക്ക് അനേകവിധങ്ങളിൽ പ്രയോജനം ചെയ്യും.—പ്രവൃ. 17:11.
നിങ്ങൾ എങ്ങനെ സമയം കണ്ടെത്തും?
17. ധ്യാനിക്കുന്നതിന് നിങ്ങൾ സമയം കണ്ടെത്തുന്നത് എങ്ങനെയാണ്?
17 ചിലർ വായിക്കാനും ധ്യാനിക്കാനും പ്രാർഥിക്കാനും വേണ്ടി അതിരാവിലെ എഴുന്നേൽക്കും. മറ്റുചിലർ ഉച്ചയ്ക്കുള്ള ഇടവേളയിലാണ് അതിന് സമയം കണ്ടെത്തുന്നത്. നിങ്ങളുടെ കാര്യത്തിൽ, ചിലപ്പോൾ വൈകുന്നേരമോ രാത്രി കിടക്കുന്നതിനു മുമ്പോ ആയിരിക്കാം ബൈബിൾ വായിക്കാൻ പറ്റിയ സമയം. രാവിലെയും രാത്രി ഉറങ്ങുന്നതിനു മുമ്പും ബൈബിൾ വായിക്കാനാണ് ചിലർക്ക് ഇഷ്ടം. (യോശു. 1:8) എന്നാൽ പ്രധാനപ്പെട്ട കാര്യം, സമയം ‘പൂർണമായി പ്രയോജനപ്പെടുത്തുക’ എന്നതാണ്. അതായത്, ദിവസവും ദൈവവചനം ധ്യാനിക്കുന്നതിന് പ്രാധാന്യം കുറഞ്ഞ കാര്യങ്ങളിൽനിന്ന് സമയം കണ്ടെത്തണമെന്ന്.—എഫെ. 5:15, 16.
18. ദൈവവചനം ദിവസേന ധ്യാനിക്കുകയും അത് അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവർക്ക് ബൈബിൾ എന്താണ് ഉറപ്പുതരുന്നത്?
18 തന്റെ വചനം ധ്യാനിക്കുന്നവരെയും പഠിച്ച കാര്യങ്ങൾ അനുസരിച്ച് ജീവിക്കുന്നവരെയും യഹോവ അനുഗ്രഹിക്കുമെന്ന് ബൈബിൾ ഉറപ്പുതരുന്നു. (സങ്കീർത്തനം 1:1-3 വായിക്കുക.) “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രമാണിക്കുകയും ചെയ്യുന്നവരത്രേ അനുഗ്രഹിക്കപ്പെട്ടവർ” എന്ന് യേശു പറഞ്ഞു. (ലൂക്കോ. 11:28) ഏറ്റവും പ്രധാനമായി, ദിവസവും ദൈവവചനം ധ്യാനിക്കുന്നത് യഹോവയ്ക്ക് മഹത്വം വരുന്ന വിധത്തിൽ പ്രവർത്തിക്കാൻ നമ്മളെ സഹായിക്കും. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ, യഹോവ നമുക്ക് തീർച്ചയായും പ്രതിഫലം നൽകും. ഇപ്പോൾത്തന്നെ ഒരു സന്തുഷ്ടജീവിതവും പുതിയ ലോകത്തിൽ നിത്യജീവനും!—യാക്കോ. 1:25; വെളി. 1:3.
a 2006 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “ആത്മീയബലം നിലനിറുത്താനുള്ള പോരാട്ടം” എന്ന ലേഖനം കാണുക.