തീക്ഷ്ണതയുള്ള ശുശ്രൂഷകരായിരിക്കാൻ പ്രാർഥനയും ധ്യാനവും അനിവാര്യം
1. ശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യേശുവിനെ സഹായിച്ചത് എന്താണ്?
1 ആ സായാഹ്നം മുഴുവൻ രോഗികളെ സുഖപ്പെടുത്തുന്നതിലും ഭൂതങ്ങളെ പുറത്താക്കുന്നതിലും തിരക്കോടെ ഏർപ്പെട്ടിരിക്കുകയായിരുന്നു യേശു. പിറ്റേന്ന്, യേശു പിന്നെയും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതു കാണാൻ ആഗ്രഹിച്ച ശിഷ്യന്മാർ, “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്ന് അവനോടു പറഞ്ഞു. എന്നാൽ സുവാർത്ത പ്രസംഗിക്കുക എന്നതാണ് തന്റെ പ്രധാന ദൗത്യം എന്നു മനസ്സിലാക്കിയിരുന്ന യേശു അവരോട് ഇങ്ങനെ മറുപടി പറഞ്ഞു: “അടുത്തുള്ള ഗ്രാമങ്ങളിലും ഞാൻ പ്രസംഗിക്കേണ്ടതാകയാൽ നമുക്ക് അവിടേക്കു പോകാം; അതിനായിട്ടല്ലോ ഞാൻ വന്നിരിക്കുന്നത്.” ശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യേശുവിനെ സഹായിച്ചത് എന്താണ്? അന്ന് അതിരാവിലെ അവൻ എഴുന്നേറ്റ് ഒരു ഏകാന്തസ്ഥലത്തു പോയി പ്രാർഥിക്കുകയും ധ്യാനിക്കുകയും ചെയ്തതായി വിവരണം പറയുന്നു. (മർക്കോ. 1:32-39) തീക്ഷ്ണതയുള്ള ശുശ്രൂഷകരായിരിക്കാൻ പ്രാർഥനയും ധ്യാനവും നമ്മെയും സഹായിക്കും. എങ്ങനെ?
2. ശുശ്രൂഷയിൽ തീക്ഷ്ണത നിലനിറുത്താൻ എന്തിനെക്കുറിച്ചു നാം ധ്യാനിക്കണം?
2 എന്തിനെപ്പറ്റി ധ്യാനിക്കണം? ആളുകൾ “ഇടയനില്ലാത്ത ആടുകളെപ്പോലെ ദ്രോഹിക്കപ്പെട്ടവരും ചിതറിക്കപ്പെട്ടവരും ആയിരുന്നു” എന്ന് യേശു മനസ്സിലാക്കി. (മത്താ. 9:36) സുവാർത്ത നൽകുന്ന സാന്ത്വനം ഇന്നത്തെ ആളുകൾക്കും ആവശ്യമാണ്. ഈ വസ്തുതയെയും കാലത്തിന്റെ അടിയന്തിരതയെയും കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. (1 കൊരി. 7:29) യഹോവയുടെ മഹനീയ ഗുണങ്ങൾ, അവന്റെ പ്രവൃത്തികൾ, യഹോവയുടെ സാക്ഷികളായിരിക്കാനുള്ള നമ്മുടെ പദവി, നമ്മുടെ പ്രദേശത്തെ ആളുകൾക്ക് അജ്ഞാതമായിരിക്കുന്നതും എന്നാൽ ദൈവവചനത്തിൽനിന്ന് നാം കണ്ടെത്തിയിട്ടുള്ളതുമായ ആത്മീയ നിക്ഷേപങ്ങൾ—ഇവയെക്കുറിച്ചെല്ലാം നമുക്ക് ധ്യാനിക്കാം.—സങ്കീ. 77:11-13; യെശ. 43:10-12; മത്താ. 13:52.
3. നമുക്ക് എപ്പോൾ ധ്യാനിക്കാം?
3 എപ്പോൾ ധ്യാനിക്കണം? യേശുവിനെപ്പോലെ ചിലർ ധ്യാനിക്കുന്നതിനായി അതിരാവിലെ സമയം കണ്ടെത്തുന്നു. വേറെ ചിലർ രാത്രി ഉറങ്ങുന്നതിനുമുമ്പ് ധ്യാനിക്കാൻ ഇഷ്ടപ്പെടുന്നു. (ഉല്പ. 24:63) തിരക്കുകൾക്കിടയിലും നമുക്ക് ധ്യാനിക്കാൻ സമയം കണ്ടെത്താനാകും. യാത്ര ചെയ്യുന്നതിനിടയിലാണ് ചിലർ അതു ചെയ്യുന്നത്. ഇനിയും ചിലർ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ ധ്യാനിക്കാൻ സമയം കണ്ടെത്താറുണ്ട്. ശുശ്രൂഷയിൽ ഏർപ്പെടുന്നതിനുമുമ്പ് അൽപ്പസമയമാണെങ്കിൽപ്പോലും ധ്യാനിക്കാൻ സമയമെടുക്കുന്നത് തീക്ഷ്ണതയോടും ധൈര്യത്തോടും കൂടെ സുവാർത്ത പ്രസംഗിക്കാൻ സഹായിക്കുന്നതായി ചിലർ മനസ്സിലാക്കുന്നു.
4. നാം ധ്യാനിക്കേണ്ടത് എന്തുകൊണ്ട്?
4 പ്രാർഥനയും ധ്യാനവും യഹോവയെ സേവിക്കാനുള്ള നമ്മുടെ ആഗ്രഹം ശക്തമാക്കും, ആരാധനയ്ക്കു പ്രഥമസ്ഥാനം നൽകാൻ നമ്മെ സഹായിക്കും, പ്രസംഗവേല തുടരാനുള്ള നമ്മുടെ തീരുമാനത്തെ ദൃഢമാക്കും. ധ്യാനം യേശുവിനു പ്രയോജനം ചെയ്തു. നമുക്കും അതിൽനിന്നു പ്രയോജനം നേടാനാകും.