യഹോവയുടെ ഉദാരതയോട് വിലമതിപ്പ് കാണിക്കുക
യഹോവ ഉദാരതയുള്ള ദൈവമാണ്. (യാക്കോ. 1:17) നക്ഷത്രനിബിഢമായ നിശാനഭസ്സുമുതൽ പച്ചപ്പുതപ്പണിഞ്ഞ ഭൂമിവരെ, അങ്ങനെ ദൈവത്തിന്റെ എല്ലാ സൃഷ്ടികളും അവന്റെ ഉദാരത വിളിച്ചോതുന്നു.—സങ്കീ. 65:12, 13; 147:7, 8; 148:3, 4.
സങ്കീർത്തനക്കാരന് സ്രഷ്ടാവിനോട് ആഴമായ വിലമതിപ്പുണ്ടായിരുന്നു. യഹോവയുടെ കൈവേലകളെ പുകഴ്ത്തിക്കൊണ്ട് ഒരു കാവ്യം രചിക്കാൻ അദ്ദേഹം പ്രേരിതനായി. 104-ാം സങ്കീർത്തനം വായിക്കുമ്പോൾ അതേ വികാരമല്ലേ നിങ്ങൾക്കും തോന്നുന്നത്? സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവെക്കു പാടും; ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കീർത്തനം പാടും.” (സങ്കീ. 104:33) ഇതുതന്നെയാണോ നിങ്ങളുടെയും ആഗ്രഹം?
ഉദാരതയുടെ അത്യുത്തമ ഉദാഹരണം
ഉദാരതയുടെ കാര്യത്തിൽ നമ്മൾ തന്റെ മാതൃക പിൻപറ്റാൻ യഹോവ ആഗ്രഹിക്കുന്നു. ഉദാരത കാണിക്കേണ്ടതിന്റെ ന്യായമായ കാരണങ്ങളും അവൻ തന്നിട്ടുണ്ട്. അതുകൊണ്ടാണ് അവൻ പൗലോസ് അപ്പൊസ്തലനെ ഇങ്ങനെ എഴുതാൻ നിശ്വസ്തനാക്കിയത്. “ഈ ലോകത്തിലെ ധനവാന്മാരോട് ഉന്നതഭാവം കൂടാതെയിരിക്കാനും അസ്ഥിരമായ ധനത്തിലല്ല, നമുക്ക് അനുഭവിക്കാനായി എല്ലാം ഉദാരമായി നൽകുന്ന ദൈവത്തിൽ പ്രത്യാശവെക്കാനും കൽപ്പിക്കുക. നന്മ ചെയ്യാനും സത്പ്രവൃത്തികളിൽ സമ്പന്നരാകാനും ഉദാരമനസ്കരും ദാനശീലരും ആയിരിക്കാനും അവരോട് ആജ്ഞാപിക്കുക. അങ്ങനെ, യഥാർഥ ജീവനിൽ പിടിയുറപ്പിക്കാൻ സാധിക്കത്തക്കവിധം വരുങ്കാലത്തേക്കുള്ള നിക്ഷേപമായി ഭദ്രമായ ഒരു അടിത്തറ അവർക്കു പണിയാനാകും.”—1 തിമൊ. 6:17-19.
കൊരിന്തിലെ സഭയ്ക്കുള്ള തന്റെ രണ്ടാമത്തെ നിശ്വസ്തലേഖനത്തിൽ കൊടുക്കുന്നതിനെക്കുറിച്ചുള്ള ഉചിതമായ മനോഭാവത്തിന് ഊന്നൽ നൽകിക്കൊണ്ട് പൗലോസ് ഇങ്ങനെ പറഞ്ഞു: “ഓരോരുത്തനും താൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; വൈമുഖ്യത്തോടെ അരുത്; നിർബന്ധത്താലും അരുത്. സന്തോഷത്തോടെ കൊടുക്കുന്നവനെയത്രേ ദൈവം സ്നേഹിക്കുന്നത്.” (2 കൊരി. 9:7) അടുത്തതായി ഉദാരമായി കൊടുക്കുന്നതിൽനിന്ന് പ്രയോജനം കിട്ടുന്നത് ആർക്കൊക്കെയാണെന്ന് അവൻ പറഞ്ഞു. അത് ലഭിക്കുന്നവർക്ക് അവരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടും; കൊടുക്കുന്നവർക്ക് സമൃദ്ധമായ ആത്മീയാനുഗ്രഹങ്ങളും ലഭിക്കും.—2 കൊരി. 9:11-14.
ദൈവത്തിന്റെ ഉദാരതയുടെ ഏറ്റവും ശക്തമായ തെളിവിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പൗലോസ് ആ ലേഖനഭാഗം അവസാനിപ്പിച്ചു. “അവർണനീയമായ ദാനത്തിനായി ദൈവത്തിനു സ്തോത്രം” എന്ന് അവൻ എഴുതി. (2 കൊരി. 9:15) യേശുവിലൂടെ തന്റെ ജനത്തിന് ദൈവം വെച്ചുനീട്ടുന്ന എല്ലാ നന്മകളുടെയും ആകെത്തുകയാണ് യഹോവയുടെ ദാനം. അതിന്റെ മൂല്യം വാക്കുകൾകൊണ്ട് വർണിക്കാനാകില്ല, അത്ര വിലയേറിയതാണ് അത്.
യഹോവയും അവന്റെ പുത്രനും നമുക്കായി ചെയ്തിരിക്കുന്നതും ഇനി ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങൾക്കായി വിലമതിപ്പുള്ളവരാണെന്ന് നമുക്ക് എങ്ങനെ കാണിക്കാം? സത്യാരാധനയുടെ അഭിവൃദ്ധിക്കുവേണ്ടി നമ്മുടെ സമയവും ഊർജവും ആസ്തികളും ഉദാരമായി കൊടുത്തുകൊണ്ട് അങ്ങനെ ചെയ്യാനാകും. അതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും.—1 ദിന. 22:14; 29:3-5; ലൂക്കോ. 21:1-4.
a ഇന്ത്യയിൽ അത് “Jehovah’s Witnesses of India” എന്ന പേരിലായിരിക്കണം.
b ഇന്ത്യൻപാസ്പോർട്ട് ഉള്ളവർക്ക് ഇതിനായി www.jwindiagift.org എന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.
c അന്തിമമായി തീരുമാനമെടുക്കുന്നതിനു മുമ്പ് ദയവായി ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക.
d ‘യഹോവയെ നിന്റെ ധനംകൊണ്ടു ബഹുമാനിക്കുക’ എന്ന ഒരു ഡോക്യുമെന്റ്, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ഇന്ത്യയിൽ ലഭ്യമാണ്.