ഹീബ്രു ഭാഷയിലെ ചതുരക്ഷരി, അതായത് ദൈവത്തിന്റെ വിശുദ്ധനാമമായ യഹോവ, വലതുനിന്ന് ഇടത്തോട്ട് വായിക്കുന്നു
ശക്തമായ ഉറപ്പു നൽകുന്ന ഹീബ്രുവിലെ ഏറ്റവും ചെറിയ അക്ഷരം
ദൈവത്തിന്റെ എല്ലാ വാഗ്ദാനങ്ങളും സത്യമായി നടക്കും എന്നു നമുക്ക് നല്ല ഉറപ്പുണ്ടോ? യേശുവിന് ആ കാര്യത്തിൽ ഒരു സംശയവുമില്ലായിരുന്നു. മാത്രമല്ല അത്തരം വിശ്വാസം ശ്രോതാക്കളിൽ വളർത്താൻ സഹായിക്കുന്ന വിധത്തിലുള്ളതായിരുന്നു യേശുവിന്റെ പഠിപ്പിക്കലുകൾ. ഗിരിപ്രഭാഷണത്തിൽ യേശു ഉപയോഗിച്ച ദൃഷ്ടാന്തം ശ്രദ്ധിക്കുക: “ആകാശവും ഭൂമിയും നീങ്ങിപ്പോയാലും നിയമത്തിലെ ഒരു വള്ളിയോ പുള്ളിയോ പോലും നീങ്ങിപ്പോകില്ല. അവയെല്ലാം നിറവേറും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മത്തായി 5:18.
ഹീബ്രു അക്ഷരമാലയിലെ ഏറ്റവും ചെറിയ അക്ഷരമാണ് י (യോദ്). ദൈവമായ യഹോവയുടെ വിശുദ്ധനാമത്തിലെ, അതായത് ചതുരക്ഷരിയിലെ, ആദ്യാക്ഷരമാണ് ഇത്.a ദൈവനിയമത്തിലെ വാക്കുകൾക്കും അക്ഷരങ്ങൾക്കും പുറമേ അതിലെ ‘വള്ളിക്കും പുള്ളിക്കും വരെ’ ശാസ്ത്രിമാരും പരീശന്മാരും വലിയ പ്രാധാന്യം കൊടുത്തിരുന്നു.
മോശയ്ക്കു ദൈവം കൊടുത്ത നിയമത്തിൽ പറഞ്ഞിരിക്കുന്ന ഒരു ചെറിയ കാര്യംപോലും നടക്കാതെ പോയാൽ ആകാശവും ഭൂമിയും നീങ്ങിപ്പോകുന്നതുപോലെയായിരിക്കും അതെന്ന് യേശു പറയുകയായിരുന്നു. എന്നാൽ അക്ഷരാർഥത്തിലുള്ള ആകാശവും ഭൂമിയും എന്നേക്കും നിലനിൽക്കുമെന്നാണ് ബൈബിൾ നമുക്കു തരുന്ന ഉറപ്പ്. (സങ്കീർത്തനം 78:69) അപ്പോൾ ഈ ശ്രദ്ധേയമായ പ്രസ്താവനയുടെ അർഥം, ദൈവനിയമത്തിൽ പറഞ്ഞിരിക്കുന്ന ചെറിയ കാര്യങ്ങൾപോലും നടക്കാതെ പോകില്ല എന്നാണ്.
ദൈവമായ യഹോവ ചെറിയ വിശദാംശങ്ങൾക്കുപോലും ശ്രദ്ധ കൊടുക്കുന്നുണ്ടോ? തീർച്ചയായും. ഇതു ചിന്തിക്കുക: പെസഹാക്കുഞ്ഞാടിന്റെ അസ്ഥി ഒടിക്കാൻ പാടില്ലായിരുന്നു എന്നു പുരാതന ഇസ്രായേല്യരോടു പറഞ്ഞിരുന്നു. (പുറപ്പാട് 12:46) ഒരുപക്ഷേ ചെറിയ ഒരു കാര്യം. അസ്ഥിയൊന്നും ഒടിക്കരുത് എന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന് അവർക്ക് അറിയാമായിരുന്നോ? സാധ്യതയനുസരിച്ച് ഇല്ല. മിശിഹ ദണ്ഡനസ്തംഭത്തിൽ കിടന്ന് മരിക്കുമ്പോൾ ഒരു അസ്ഥിപോലും ഒടിയില്ല എന്നതിന്റെ പ്രാവചനിക നിഴലായിരുന്നു അതെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു.—സങ്കീർത്തനം 34:20; യോഹന്നാൻ 19:31-33, 36.
യേശുവിന്റെ വാക്കുകൾ നമ്മളെ എന്തു പഠിപ്പിക്കുന്നു? യഹോവ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ കൃത്യമായി നടക്കുമെന്നു നമുക്കും പൂർണബോധ്യം ഉള്ളവരായിരിക്കാം. ഹീബ്രുവിലെ ആ ഏറ്റവും ചെറിയ അക്ഷരം എത്ര വലിയ ഉറപ്പാണ് തരുന്നത്!
a ഗ്രീക്ക് അക്ഷരമാലയിലെ ഏറ്റവും ചെറിയ അക്ഷരമാണ് അയോട്ട (iota). ഇത് ഹീബ്രുവിലെ י (യോദ്) എന്നതിനോടു സമാനമാണ്. മോശയ്ക്കു കൊടുത്ത നിയമം ഹീബ്രു ഭാഷയിലാണ് എഴുതിയതും വിതരണം ചെയ്യപ്പെട്ടതും. അതുകൊണ്ട്, സാധ്യതയനുസരിച്ച് യേശു ഹീബ്രു വാക്കിനെക്കുറിച്ചായിരിക്കാം പരാമർശിച്ചത്.