നിങ്ങളിലുളള പ്രത്യാശയെ സംബന്ധിച്ച് നിങ്ങൾ ന്യായവാദം ചെയ്യുന്നുവോ?
1.“നിങ്ങളുടേത് മാത്രമാണ് ശരിയായ മതം എന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ?” എന്ന് ഈ അടുത്ത കാലത്ത് ഒരു സഹോദരനോട് ചോദിച്ചു. അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: “തീർച്ചയായും ഞാൻ അങ്ങനെ വിശ്വസിക്കുന്നു. ഞാൻ അപ്രകാരം വിശ്വസിക്കുന്നില്ലായിരുന്നെങ്കിൽ ഞാൻ മറെറാന്നിൽ ചേരുമായിരുന്നു.” പിന്നീട് അദ്ദേഹം ദയാപൂർവം യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ എന്തെല്ലാമാണെന്നും അവയുടെ തിരുവെഴുത്തടിസ്ഥാനവും തുടർന്ന് വിശദീകരിച്ചു. അദ്ദേഹം, “നിങ്ങളിലുളള പ്രത്യാശയെ സംബന്ധിച്ച് ന്യായം ആവശ്യപ്പെടുന്ന ഓരോരുത്തരോടും സൗമ്യതയോടും ആഴമായ ബഹുമാനത്തോടും കൂടെ പ്രതിവാദം പറയുക” എന്ന ബുദ്ധിയുപദേശം പിൻപററുകയായിരുന്നു.—1 പത്രോ. 3:15.
2.നമ്മുടെ പ്രത്യാശയെ സംബന്ധിച്ച് ന്യായം പറയാൻ നമുക്ക് അനുദിനം അവസരങ്ങളുണ്ട്. ജോലിസ്ഥലത്ത് സഹജോലിക്കാരുടെ വിലകുറഞ്ഞ സംസാരത്തിൽ നിങ്ങൾ ഉൾപ്പെടുകയില്ലാത്തതെന്തുകൊണ്ട് എന്ന് അവർ അതിശയിച്ചേക്കാം. സ്കൂളിൽ അദ്ധ്യാപകരൊ സഹപാഠികളൊ, നിങ്ങൾ വിശേഷദിവസങ്ങൾ ആഘോഷിക്കയില്ലാത്തതെന്തുകൊണ്ട് എന്ന് ചോദിച്ചേക്കാം. നിങ്ങൾ പതിവായി യോഗങ്ങൾക്ക് പോകുന്നതെന്തുകൊണ്ടെന്ന് അയൽക്കാർ അന്വേഷിച്ചേക്കാം. അത്തരം സന്ദർഭങ്ങൾ അപ്പോസ്തലനായ പത്രോസിന്റെ ബുദ്ധിയുപദേശം പ്രായോഗികമാക്കുന്നതിനുളള അവസരം പ്രദാനം ചെയ്തേക്കാം. നിങ്ങൾ ഉത്തരം പറയുന്നതിന് മുൻകൂട്ടി തയ്യാർ ചെയ്യുകയാണെങ്കിൽ നമ്മോടൊത്ത് യഹോവയെ സേവിക്കാൻ പഠിക്കുന്നതിന് ആത്മാർത്ഥതയുളള അന്വേഷകരെ സഹായിക്കാൻ കഴിഞ്ഞേക്കാം.
ശ്രദ്ധിക്കുന്നവരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക
3.ആളുകളുമായി സംസാരിക്കുന്നതിന് ഒരു പൊതുവായ അടിസ്ഥാനം സ്ഥാപിക്കേണ്ടതാവശ്യമാണ്. അത് നാം വയൽസേവനം ചെയ്യുമ്പോഴാണെങ്കിലും അനൗപചാരികമായി സംസാരിക്കുമ്പോഴാണെങ്കിലും ശരിയാണ്. വളരെ നല്ല ഒരു ബൈബിൾ ദൃഷ്ടാന്തം പ്രവൃത്തികൾ 17:22-31-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോസ്തലനായ പൗലോസ് വിദഗ്ധമായി തുടക്കത്തിൽത്തന്നെ ഒരു പൊതുവായ അടിസ്ഥാനം എപ്രകാരം സ്ഥാപിച്ചു എന്നും ആ ചർച്ചയിൽ മുഴുവൻ അത് എപ്രകാരം നിലനിർത്തിയെന്നും ശ്രദ്ധിക്കുക. അതിന്റെ ഫലമായി ചിലർ സത്യം സംബന്ധിച്ച് ബോദ്ധ്യമുളളവരായിത്തീർന്നു.—സ്കൂൾ ഗൈഡ് പുസ്തകം പേജ് 156-8, ഖ.15-24 കാണുക.
4.നിങ്ങൾ ഫെബ്രുവരിമാസത്തിൽ വീടുതോറും പോകുമ്പോൾ ചർച്ച നടത്തുന്നതിന് ഒരു പൊതുവായ അടിസ്ഥാനത്തിനുവേണ്ടി നോക്കുക. നാമും വീട്ടുകാരുടെ അതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. ഇവയിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതത്വത്തെയും അവരുടെ ഭാവിയെയും സംബന്ധിച്ച ഉൽക്കണ്ഠയും യഥാർത്ഥ സമാധാനത്തിന്റെ അഭാവവും വർദ്ധിച്ചുവരുന്ന കുററകൃത്യങ്ങളും മയക്കുമരുന്നു ദുരുപയോഗവും ഉൾപ്പെടുന്നു. ദൈവരാജ്യമാണ് പരിഹാരം, അതുകൊണ്ട് നമ്മുടെ സംഭാഷണവിഷയം രാജ്യത്തിന്റെ അനുഗ്രഹങ്ങളിൽ ചിലത് വിശേഷവൽക്കരിക്കുന്നു.
5.ഈ പ്രസ്ഥാനകാലത്ത് ഉപയോഗിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ഏതെങ്കിലും 192 പേജ് പുസ്തകങ്ങൾ ഉളള സഭകൾ അവ ഓരോന്നും 5ക. സംഭാവനക്ക് സമർപ്പിക്കും. അത്തരം പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കുമ്പോൾ, ദൈവരാജ്യത്തെ പ്രദീപ്തമാക്കുന്ന പ്രത്യേക വിവരങ്ങൾ വിശേഷവൽക്കരിക്കുക. ദൃഷ്ടാന്തത്തിന് നിങ്ങൾ രാജ്യം വരേണമേ പുസ്തകം വിശേഷവൽക്കരിക്കാൻ ആഗ്രഹിച്ചേക്കാം. 187-ാം പേജിൽ വെളിപ്പാട് 21:4-ൽ മുൻകൂട്ടി ദർശിച്ച ലോകത്തെ വർണ്ണിച്ചിരിക്കുന്നു. ഈ ജീവിതം മാത്രമാണോ ഉളളത്? എന്ന പുസ്തകത്തിന്റെ 199, 200 പേജുകളിൽ വളരെ സമാനമായ വിഷയങ്ങൾ ചർച്ച ചെയ്തിരിക്കുന്നു. പഴയ പ്രസിദ്ധീകരണങ്ങൾ ലഭ്യമല്ലെങ്കിൽ, മറേറതെങ്കിലും 192 പേജ് പ്രസിദ്ധീകരണം ഓരോന്നിനും 10ക. വീതം സംഭാവനക്ക് സമർപ്പിക്കാവുന്നതാണ്.
മടക്കസന്ദർശനങ്ങളിൽ
6.കാണിക്കപ്പെട്ട താൽപ്പര്യം വികസിപ്പിക്കുന്നതിനുവേണ്ടി നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ നിങ്ങളുടെ പ്രത്യാശയുടെ കാരണത്തെ സംബന്ധിച്ച് കൂടുതൽ വിശദമായി വിവരിക്കാൻ തയ്യാറായിരിക്കുക. വീട്ടുകാരനുമായി നിങ്ങൾ നേരത്തെ സ്ഥാപിച്ച പൊതു അടിസ്ഥാനത്തിൻമേൽ പണിയുക. അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ശ്രദ്ധിക്കുക. അദ്ദേഹവുമായി ന്യായവാദം ചെയ്യുക. ഭാവി സന്ദർശനങ്ങൾ അദ്ദേഹത്തിനും പ്രത്യാശ കെട്ടുപണി ചെയ്യാൻ സഹായകമായ കൂടുതൽ ഹൃദയാവർജ്ജകമായ വിവരങ്ങൾ ലഭ്യമാക്കുമെന്നുളള ആകാംക്ഷ അദ്ദേഹത്തിൽ അവശേഷിപ്പിക്കുക.
7.നമ്മിലുളള പ്രത്യാശയെ സംബന്ധിച്ച് ന്യായം പറയുന്നതിന് വഴിതുറക്കുമ്പോഴെല്ലാം നാം അതു പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നു. ചെറുപ്പക്കാരനൊ പ്രായമുളള ആളോ ആയാലും നമ്മുടെ വിശ്വാസം സംബന്ധിച്ച് ശരിയും വ്യക്തവും ആകർഷകവുമായ ന്യായങ്ങൾ നൽകാൻ നമുക്ക് കഴിയണം. നമുക്കെല്ലാം നമ്മുടെ പ്രത്യാശയെ സംബന്ധിച്ച് ഉത്സാഹത്തോടെ ന്യായവാദം ചെയ്തുകൊണ്ട് ശക്തമായ വിശ്വാസം പ്രകടമാക്കാം.