കൺവെൻഷനുകളിൽ നിന്ന് പ്രയോജനം അനുഭവിക്കാൻ കുട്ടികളെ സഹായിക്കുക
1 എല്ലാ സർക്കിട്ട് സമ്മേളനങ്ങൾക്കും വിശേഷാൽ “ദൈവിക ഭക്തി” ഡിസ്ട്രിക്ട് കൺവെൻഷനും ഉളള ക്ഷണം യഹോവയുടെ എല്ലാ ആരാധകർക്കും എത്തിച്ചിരിക്കുന്നു. നമ്മുടെ ഇടയിലെ ഒട്ടേറെ ചെറുപ്പക്കാരെ മനസ്സിൽ വെച്ചുകൊണ്ട് കൺവെൻഷൻ ക്രമീകരണങ്ങൾ ചെയ്യപ്പെട്ടിരിക്കുന്നു. ഉവ്വ്, ചെറുപ്പക്കാർ, “കൊച്ചുകുട്ടികൾ”പോലും ഹാജരാകാൻ പ്രതീക്ഷിക്കപ്പെടുന്നു.—ആവ. 31:12.
2 മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ കൺവെൻഷനുകൾ അവർക്കുംകൂടിയുളളതാണെന്ന് പഠിപ്പിക്കണം. കുട്ടികൾ ഹാജരാകുകയും കൺവെൻഷൻ പരിപാടികൾ ശ്രദ്ധിക്കയും ചെയ്യുന്നത് തങ്ങളുടെ ആരാധനയുടെ ഭാഗമാണെന്ന് ഗ്രഹിക്കുമ്പോൾ നല്ല ആത്മീയ പുരോഗതി അനുഭവിക്കാൻ കഴിയും. കുട്ടികൾക്ക് സെഷനുകളിൽ ശാന്തമായും ശ്രദ്ധാപൂർവവും ഇരിക്കുകയെന്നത് എല്ലായ്പ്പോഴും എളുപ്പമല്ലെന്ന് സമ്മതിക്കുന്നു. കൂടാതെ അവതരിപ്പിക്കപ്പെടുന്ന ചില വിഷയങ്ങൾ അവർക്ക് ഗ്രഹിക്കാൻ പ്രയാസവുമായിരുന്നേക്കാം. അതുകൊണ്ട് മാതാപിതാക്കളുടെ പക്ഷത്ത് സൂക്ഷ്മമായ ശ്രദ്ധയും പ്രയത്നവും അതേ, കഠിനാദ്ധ്വാനം, ജീവൽപ്രധാനമാണ്.
3 കൺവെൻഷനിൽ ഹാജരാകുന്ന കൊച്ചുകുട്ടികളും കൗമാരപ്രായക്കാരും ആത്മീയ പ്രയോജനങ്ങളിൽ യഥാർത്ഥ താൽപ്പര്യം പ്രകടമാക്കുന്നത് നിരീക്ഷിക്കുന്നത് പ്രോത്സാഹജനകമാണ്. കുറെ താൽപ്പര്യം യാത്രചെയ്യുന്നതിനുളള അവസരത്തിൽ നിന്നും ജനക്കൂട്ടത്തിന്റെ ഉത്തേജനത്തിൽ നിന്നും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിൽനിന്നും മററും ആയിരിക്കാം മുഖ്യമായും ഉളവാകുന്നതെന്നിരുന്നാലും സമ്മേളനത്തെത്തന്നെ വിലമതിക്കുന്നതിനും ആ വിധത്തിൽ ആത്മീയ പ്രയോജനം ലഭിക്കുന്നതിനും വളരെ ചെറിയ കുട്ടികളെപ്പോലും സഹായിക്കാൻ കഴിയും.
മാതാപിതാക്കൻമാർക്ക് സഹായിക്കാൻ കഴിയുന്ന വിധം
4 കൺവെൻഷനുകളെ പ്രതീക്ഷിച്ചുകൊണ്ട് കുട്ടികളുടെ മനസ്സുകളെ ആത്മീയകാര്യങ്ങളിലേക്ക് തിരിച്ചുവിടേണ്ട ആവശ്യമുണ്ട്. ഒരു കൺവെൻഷനിൽ സംബന്ധിക്കുന്നതിനു മുമ്പ് നിങ്ങളുടെ കുട്ടികളുമായി ഒരുമിച്ചിരുന്ന് ഉൾക്കാഴ്ച പുസ്തകത്തിലെ “ദൈവിക ഭക്തി” എന്ന വിഷയത്തിൻകീഴിലെ വിവരങ്ങൾ എന്തുകൊണ്ട് പുനരവലോകനം ചെയ്തുകൂടാ? നിസംശയമായി ഇത് കുടുംബത്തിലെ എല്ലാവരെയും കൺവെൻഷൻപരിപാടിയിൽനിന്ന് പ്രയോജനം അനുഭവിക്കുന്നതിന് സഹായിക്കും.
5 അനേകം മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അവരുടെ സ്വന്തം ബൈബിളും പാട്ടുപുസ്തകവും മററു സാഹിത്യവും കൊണ്ട് സജ്ജരാക്കിയതിനാൽ ഏററവും നല്ല ഫലം കൊയ്തിട്ടുണ്ട്. ബൈബിളിനെ സംബന്ധിച്ചും നമ്മുടെ സാഹിത്യത്തെ സംബന്ധിച്ചും ഒരു ഉചിതമായ വീക്ഷണം അവരുടെ മനസ്സിലേക്ക് കടത്തിവിടുന്നത് പുസ്തകങ്ങളിൽ വരച്ചോ എഴുതിയോ കളിക്കുന്നതിനുളള പ്രവണതയെ നിയന്ത്രിക്കുന്നതിന് സഹായിക്കും. കുട്ടികളെ നോട്ട് കുറിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും പിന്നീട് വൈകുന്നേരം അത് കുടുംബത്തിലെ എല്ലാവരും ഒത്തൊരുമിച്ച് ചർച്ചചെയ്യുകയും ചെയ്യുക. സമ്മേളനസ്ഥലത്തേക്ക് കളിപ്പാട്ടങ്ങളോ വർണ്ണചിത്രംവരക്കുന്നതിനുളള ബുക്കുകളോ മററു കളിക്കോപ്പുകളോ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്.
അച്ചടക്കത്തിനും ആകാരത്തിനും ശ്രദ്ധകൊടുക്കുക
6 ചില മാതാപിതാക്കൻമാർ തങ്ങളുടെ കുട്ടികളെ പരിപാടിസമയത്ത് ഒരു ശല്യമായിത്തീരാൻ അനുവദിച്ചിട്ടുണ്ട്. പ്രാർത്ഥനാസമയത്തുപോലും ചില കുട്ടികൾ കളിക്കുകയും മററുളളവരുടെ ശ്രദ്ധ പതറിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങളോടുതന്നെ ചോദിക്കുക, ‘പ്രാർത്ഥിക്കുമ്പോൾ എന്റെ കുട്ടികൾ എന്തു ചെയ്തുകൊണ്ടിരിക്കയാണ്? പരിപാടിയുടെ സമയത്ത് അവരെ ഇരിപ്പിടങ്ങൾ വിട്ടുപോകാൻ അനുവദിക്കണമോ?’ പരിഗണനയുളള മാതാപിതാക്കൾ തങ്ങളുടെ ചെറുപ്പക്കാരായ കുട്ടികളോടുകൂടെ അടുത്തിരിക്കുന്നത് ബുദ്ധിപൂർവകമാണെന്ന് കണ്ടെത്തുന്നു. ഇത് അവർ മററുളളവർക്ക് ഒരു ശല്യമാകാതെയിരിക്കത്തക്കവണ്ണം ഉചിതമായ മേൽനോട്ടം വഹിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നു. മാതാപിതാക്കൾക്ക് കൺവെൻഷനോടു ബന്ധപ്പെട്ട ചുമതലകൾ ഉളളപ്പോൾ പോലും സെഷനുകളിൽ തങ്ങളുടെ കുട്ടികളോടൊത്തിരിക്കുന്നതിന് എല്ലാ ശ്രമവും ചെയ്യണം. സമ്മേളനസ്ഥലത്തിന് അകലെ വിനോദാവസരങ്ങളിലും കുട്ടികൾക്ക് തങ്ങളുടെ സ്വന്തം മാതാപിതാക്കൻമാരുടെ മേൽനോട്ടം ആവശ്യമുണ്ട്.
7 നമ്മുടെ ചെറുപ്പക്കാർ കൺവെൻഷനുകളിൽ വസ്ത്രധാരണം ചെയ്യുന്നതെങ്ങനെയാണ്? അവർ അശ്രദ്ധമായ വസ്ത്രങ്ങളും കളിഷൂസുകളും ഉപയോഗിക്കുകയാണെങ്കിൽ അത് അവരെ സന്ദർഭത്തിന്റെ ഗൗരവം മനസ്സിലാക്കാൻ സഹായിക്കുമോ? നേരേമറിച്ച് ക്രിസ്തീയ യോഗങ്ങളിൽ ഉചിതമായി വസ്ത്രധാരണം നടത്തുന്ന കുട്ടികൾ സന്ദർഭത്തിന്റെ അന്തസ്സും ഗൗരവവും പ്രതിഫലിപ്പിക്കുന്നു. ഇത് യഹോവയുടെ നാമത്തിന് സ്തുതിയും ബഹുമാനവും കൈവരുത്തുന്നു.
8 സെഷനുകൾക്കുശേഷം കുട്ടികൾ എന്തെങ്കിലും ജോലി ചെയ്യാൻ ക്രമീകരണം ചെയ്തുകൊണ്ട് ഒരു കാര്യഗൗരവമുളള മനസ്ഥിതിക്കു പ്രോത്സാഹനം നൽകാൻ കഴിയും. നേരത്തെ പ്രതിപാദിച്ചിരുന്നതുപോലെ 16 വയസ്സിനുതാഴെയുളള കുട്ടികൾക്ക് സ്വമേധയാസേവന ഡിപ്പാർട്ടുമെൻറിന്റെ നിർദ്ദേശമനുസരിച്ച് പിതാവിന്റെയൊ മാതാവിന്റെയൊ കൂടെയൊ മററു ചുമതലപ്പെട്ട പ്രായമുളളയാളുടെ കൂടെയൊ ജോലി ചെയ്യാവുന്നതാണ്. അനേകം ചെറുപ്പക്കാർ ഇത് കൺവെൻഷന്റെ ഒരു പ്രയോജനപ്രദമായ വശമായി പരിഗണിക്കുന്നു.
9 ഒരുപക്ഷേ ഈ നിർദ്ദേശങ്ങളെക്കുറിച്ചു വിചിന്തനംചെയ്തുകൊണ്ട് മാതാപിതാക്കൾക്കും മററുളളവർക്കും കൺവെൻഷനുകളിൽ നിന്ന് കൂടുതൽ പ്രയോജനം നേടാൻ ചെറുപ്പക്കാരെ സഹായിക്കുന്നതിന് ജാഗ്രതയുളളവരായിരിക്കാൻ കഴിഞ്ഞേക്കും.