യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും പ്രഖ്യാപിക്കുക
1 യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും ഒററ ഉറവിൽനിന്നു മാത്രമേ വരാൻ കഴിയൂ, യഹോവയാം ദൈവത്തിൽനിന്ന്. യഹോവ, “തീർച്ചയായും അനേകം ജനതകളുടെയിടയിൽ ന്യായം വിധിക്കയും ശക്തമായ രാഷ്ട്രങ്ങളോടുളള ബന്ധത്തിൽ കാര്യങ്ങൾ നേരെയാക്കുകയും ചെയ്യും.” ഫലമെന്തായിരിക്കും? “അവർ ജനത ജനതക്കെതിരേ വാൾ ഉയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.”—മീഖാ 4:3.
2 യഥാർത്ഥ സമാധാനത്തിന്റെ ഏക ഉറവ് യഹോവയാകയാൽ ആളുകൾ, “യഹോവയുടെ പർവതത്തിൽ കയറിച്ചെല്ലുകയും” അവന്റെ പാതയിൽ നടക്കേണ്ടതിന് അവന്റെ വഴികൾ സംബന്ധിച്ച് പഠിക്കയും ചെയ്യേണ്ടതാവശ്യമാണ്. (മീഖാ 4:2) യഹോവയാം ദൈവം തന്റെ രാജ്യം മുഖാന്തരം ഈ ഭൂമിയിൽ യഥാർത്ഥ സമാധാനം കൈവരുത്തും എന്ന് അവർ ഗ്രഹിക്കും. എന്നാൽ നമുക്ക് യഥാർത്ഥ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഉറവിടത്തെ സംബന്ധിച്ച് പഠിക്കാൻ കൂടുതൽ ആളുകളെ എങ്ങനെ സഹായിക്കാൻ കഴിയും?
യഥാർത്ഥ സമാധാനം പുസ്തകം വിതരണം ചെയ്യുക
3 യഥാർത്ഥ സമാധാനം പുസ്തകത്തിൽ “യഹോവയുടെ പർവതത്തിലേക്ക് കയറിച്ചെല്ലാൻ” ആഗ്രഹിക്കുന്ന ആളുകൾക്ക് കാലാനുസൃതമായ വിവരങ്ങൾ ഉണ്ട്. ഫിൻലൻഡിൽ വസിക്കുന്ന ഒരു ഡോക്ടർക്ക് യഥാർത്ഥ സമാധാനം പുസ്തകത്തിന്റെ ഒരു പ്രതി ലഭിച്ചു. അപ്പോൾതന്നേ അദ്ദേഹം അതു വായിച്ചില്ല, എന്നാൽ അത് പുസ്തകഷെൽഫിൽ വെച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ തങ്ങൾക്ക് ആ പുസ്തകമുണ്ടെന്ന് ഓർമ്മിക്കുകയും അവൾ അത് മുഴുവൻ വായിക്കുകയും ചെയ്തു. താൻ അപ്പോൾതന്നെ സത്യം കണ്ടെത്തിയെന്ന് അവൾക്കു ബോധ്യപ്പെട്ടു. അവൾ പഠിക്കാൻ തുടങ്ങുകയും പിന്നീട് അവളുടെ ഭർത്താവും അതിൽ ചേരുകയും ചെയ്തു. അവർ ഇപ്പോൾ സ്നാപനമേററവരും അവരുടെ കുട്ടികൾ സുവാർത്തയുടെ പ്രഘോഷകരുമാണ്. ഈ അനുഭവം യഥാർത്ഥ സമാധാനം പുസ്തകം സാധ്യമാകുന്നിടത്തോളം ഭവനങ്ങളിൽ എത്തിക്കുന്നതിന്റെ മൂല്യം പ്രകടമാക്കുന്നു.
4 വയൽസേവനത്തിനുവേണ്ടിയുളള നമ്മുടെ ഒരുക്കത്തിൽ പുസ്തകത്തിന്റെ ഉളളടക്കത്തിന്റെ പട്ടികയുടെയും ആളുകൾക്ക് ആകർഷകമായിരിക്കുമെന്ന് നാം വിചാരിക്കുന്ന അദ്ധ്യായങ്ങളുടെയും ഒരു പുനരവലോകനം ഉൾപ്പെടുത്തണം. നമുക്ക് വീട്ടുകാരുമായുളള സംസാരത്തിൽ ഉപയോഗിക്കുന്നതിന് പുസ്തകത്തിൽനിന്ന് സുനിശ്ചിതമായ ആശയങ്ങൾ തെരഞ്ഞെടുക്കാൻ കഴിയും.
5 നിങ്ങൾക്ക് താഴെ പറയുന്ന നിർദ്ദേശം പരീക്ഷിക്കാവുന്നതാണ്. സംഭാഷണവിഷയത്തിലെ തിരുവെഴുത്തുകൾ വായിക്കുകയും ചർച്ചചെയ്യുകയും ചെയ്തശേഷം യഥാർത്ഥ സമാധാനം പുസ്തകത്തിന്റെ 8-ാം പേജിലേക്ക് വീട്ടുകാരന്റെ ശ്രദ്ധ തിരിക്കുക. സമയമനുവദിക്കുന്നെങ്കിൽ ദൈവത്തിന്റെ രാജ്യം എന്തു ചെയ്യുമെന്നും മാനുഷനേതാക്കൾക്ക് ചെയ്യാൻ അപ്രാപ്തമായിരിക്കുന്നതെന്തെന്നും ഉളളതിന്റെ വ്യത്യാസം ചൂണ്ടിക്കാണിക്കാൻ പരാമർശിച്ചിരിക്കുന്ന ചില തിരുവെഴുത്തുകൾ ഉപയോഗിക്കുക. പിന്നീട് 13-ാം ഖണ്ഡിക വായിക്കുക. അതിനുശേഷം വീട്ടുകാരൻ അടുത്ത അദ്ധ്യായത്തിലെ ഏതാനും ആശയങ്ങൾ പരിചിന്തിക്കാൻ ഇഷ്ടപ്പെടുന്നോ എന്ന് അയാളോട് ചോദിക്കാവുന്നതാണ്. ഈ വിധത്തിൽ അപ്പോൾതന്നെ ഒരു ബൈബിളദ്ധ്യയനം ആരംഭിക്കാൻ കഴിഞ്ഞേക്കും. അല്ലെങ്കിൽ നിങ്ങൾ മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിളദ്ധ്യയനം തുടങ്ങാൻ ശ്രമിക്കുക.
6 അപൂർണ്ണമനുഷ്യന് യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ കഴിയുകയില്ല എന്നതു വ്യക്തമാണ്. ഭാവിയെ സംബന്ധിച്ച് ഒരു ഉറപ്പായ പ്രത്യാശ ഉണ്ടാകുന്നതിന് ആളുകൾ ദൈവത്തിൽ വിശ്വാസം വെക്കണം. എന്നാൽ “അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വാസം വെക്കും? മറിച്ച് പ്രസംഗിക്കുന്ന ആരെങ്കിലും ഇല്ലെങ്കിൽ അവർ എങ്ങനെ കേൾക്കും?” (റോമർ 10:14) ആളുകൾക്ക് യഥാർത്ഥ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഉറവിങ്കലേക്ക് തിരിയുന്നതിനുളള സമയം തീർന്നുകൊണ്ടിരിക്കുകയാണ്. ജൂലൈ മാസത്തിൽ സഭയുടെ പ്രദേശത്തുളള ആത്മാർത്ഥഹൃദയരായ അനേകരോട് യഥാർത്ഥ സമാധാനത്തിന്റെ ദൂത് പ്രഖ്യാപിക്കുന്നതിന് നമ്മാലാവതു ചെയ്യാം.