സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനത്തിന് പിൻതുണ കൊടുക്കുക
1 ആയിരത്തിതൊളളായിരത്തി നാൽപ്പത്തിയാറ് ഒക്ടോബർ 15-ൽ തുടങ്ങി സഭകളെ മുഴുസമയ സഞ്ചാരമേൽവിചാരകൻമാരാൽ സേവിക്കപ്പെടുന്ന സർക്കിട്ടുകളായി സംഘടിപ്പിച്ചു. ഇപ്പോൾ 43-ഓളം വർഷങ്ങളായി വ്യക്തികളും സഭകളും ഈ ദിവ്യാധിപത്യ കരുതലിൽനിന്ന് പ്രയോജനം അനുഭവിച്ചിരിക്കുന്നു. (യെശ. 1:26) നമ്മുടെ തുടർന്നുളള പിൻതുണയാൽ ഈ ക്രമീകരണം നമുക്ക് വളരെയധികം സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും.—എഫേ. 4:7, 8, 11.
സന്ദർശനത്തിനു വേണ്ടി ഒരുങ്ങുക
2 ഒരിക്കൽ സർക്കിട്ട്മേൽവിചാരകന്റെ സന്ദർശനം അറിയിച്ചുകഴിഞ്ഞാൽ നമുക്ക് അതിനുവേണ്ടി ഒരുങ്ങിതുടങ്ങാൻ കഴിയും. പ്രത്യേക പ്രവർത്തനത്തിന്റെ ആ വാരത്തെ പൂർണ്ണമായി പിൻതാങ്ങുന്നതിനുവേണ്ടി നമുക്ക് നമ്മുടെ സാധാരണ പട്ടിക ക്രമീകരിക്കുന്നതിന് ആസൂത്രണം ചെയ്യാൻ കഴിയും. ചില പ്രസാധകർ സഹായപയനിയറിംഗ് നടത്തിക്കൊണ്ട് വയലിൽ കൂടുതൽ സമയം ചെലവഴിക്കാൻ ക്രമീകരണം ചെയ്യുന്നു. മററുളളവർ ശുശ്രൂഷയിൽ പങ്കുകൊളളാൻ തങ്ങളുടെ ലൗകികജോലിയിൽനിന്ന് ഒന്നോ രണ്ടോ ദിവസത്തെ അവധിയെടുക്കുന്നു. അനേകം പ്രസാധകർ ശുശ്രൂഷയുടെ ചില വശങ്ങളിൽ സർക്കിട്ട് മേൽവിചാരകനുമായി പ്രവർത്തിക്കുന്നതിന് പ്രത്യേക നിയമനങ്ങൾ വാങ്ങുന്നു. ഈ അവസരത്തിലെ വയൽസേവനത്തിന് പൂർണ്ണഹൃദയത്തോടുകൂടിയ പിൻതുണ നൽകുന്നത് അനേകം പ്രതിഫലങ്ങൾ കൈവരുത്തുന്നു.
3 സഞ്ചാരമേൽവിചാരകൻമാരിൽനിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ ഉച്ചതിരിഞ്ഞുളള മടക്കസന്ദർശനങ്ങൾക്കും ബൈബിളദ്ധ്യയനങ്ങൾക്കും മെച്ചപ്പെട്ട പിൻതുണയുണ്ടായിരിക്കാൻ കഴിയുമെന്ന് സൂചിപ്പിക്കുന്നു. ആ വാരത്തിൽ ഒരു ദിവസം ഉച്ചതിരിഞ്ഞ് മടക്കസന്ദർശനങ്ങൾക്കോ ഒരു ബൈബിൾ അദ്ധ്യയനത്തിനോ പട്ടികപ്പെടുത്താൻ കഴിയുമോ? സർക്കിട്ട്മേൽവിചാരകൻ സന്തോഷത്തോടെ നിങ്ങളോടുകൂടെ പോരും, നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ അയാൾക്ക് നിങ്ങളുടെ അദ്ധ്യയനം നിർവഹിക്കുന്നതിനും സന്തോഷമുണ്ടായിരിക്കും.
വ്യക്തിപരമായ സഹായം
4 സർക്കിട്ട് മേൽവിചാരകന്റെ മുൻഗണനാപട്ടികയുടെ മുൻപന്തിയിൽ സേവനത്തിന്റെ ഉയർന്ന പദവികളിൽ എത്തിപ്പിടിച്ചേക്കാവുന്ന ആർക്കും കൂടുതലായ പരിശീലനം പ്രദാനം ചെയ്യുന്നതിന്റെ ആവശ്യമായിരിക്കും ഉണ്ടായിരിക്കുന്നത്. (1 തിമോ. 3:1) നിങ്ങളുടെ പ്രത്യേകമായ നിയമനങ്ങൾ സംബന്ധിച്ചോ ഉത്തരവാദിത്വങ്ങൾ സംബന്ധിച്ചോ നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടോ? നിങ്ങൾ നിങ്ങളുടെ കഴിവും വ്യക്തിപരമായ കാര്യക്രമീകരണവും അഭിവൃദ്ധിപ്പെടുത്താൻ ആഗ്രഹിക്കുന്നുവോ? നിങ്ങൾക്ക് ബഥേൽസേവനത്തിലൊ ഗിലയദിലൊ താൽപ്പര്യമുണ്ടോ? നിങ്ങളുടെ സർക്കിട്ടിലൊ ഇൻഡ്യയിൽ മറെറവിടെയെങ്കിലുമൊ ആവശ്യം അധികമുളളടത്ത് സേവിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? നിങ്ങളുടെ ആത്മീയ ലാക്കുകൾ എന്തുതന്നെ ആയിരുന്നാലും സർക്കിട്ട്മേൽവിചാരകൻ സന്തോഷത്തോടെ അവ നിങ്ങളോടൊത്ത് ചർച്ച ചെയ്യും.
5 നിങ്ങളുടെ സർക്കിട്ട്മേൽവിചാരകൻ വിവാഹിതനാണെങ്കിൽ അയാളുടെ ഭാര്യയും അതുപോലെ യഹോവയുടെ ഒരു അർപ്പിതദാസിയായിരിക്കും. വളരെ സാധ്യതയനുസരിച്ച് അവൾ ഒരു പയനിയറായിരിക്കും, വയൽസേവനക്രമീകരണങ്ങൾക്ക് പൂർണ്ണ പിൻതുണ നൽകാനുളള ഒരു സ്ഥാനത്തായിരിക്കയും ചെയ്യും. അവളുടെ അനുഭവപരിചയംനിമിത്തവും വിഭിന്നങ്ങളായ പ്രദേശങ്ങളിലെ ശുശ്രൂഷയിലെ ക്രമമായ പങ്കുപററലിനാലും അവൾ പ്രസംഗപ്രവർത്തനത്തിൽ നിപുണയായിത്തീർന്നിരിക്കുന്നു. അവൾ മുഖ്യമായും മററു സഹോദരിമാരോടൊത്ത് വീടുതോറുമുളള സേവനത്തിലും മടക്കസന്ദർശനത്തിലും ഭവനബൈബിളദ്ധ്യയനത്തിലും പ്രവർത്തിക്കുന്നതിന് തന്നേത്തന്നെ ലഭ്യമാക്കും. അവൾ ഫേബക്ക് പൗലോസ് കൊടുത്ത അതേ ഊഷ്മളമായ അഭിനന്ദനം അർഹിക്കുന്നു.—റോമ. 16:1, 2.
6 സഞ്ചാരമേൽവിചാരകനും അയാൾ വിവാഹിതനെങ്കിൽ അയാളുടെ ഭാര്യക്കും ആതിഥ്യം കാണിക്കുന്നതിനുളള പദവി അവഗണിക്കരുതാത്തതാണ്. ഈ സഞ്ചാര ശുശ്രൂഷകർക്ക് തങ്ങളുടെ ഭവനങ്ങൾ തുറന്നുകൊടുത്തുകൊണ്ടൊ ഒരു ഭക്ഷണം പങ്കുവെച്ചുകൊണ്ടൊ അവരുമായി സന്തോഷകരമായ ആത്മീയ സഹവാസം ആസ്വദിച്ചതിന്റെ സ്മരണകളും പ്രോൽസാഹനങ്ങളും നിധിപോലെ സൂക്ഷിച്ചിട്ടുളള അനേകം സഹോദരങ്ങളുണ്ട്.—3 യോഹ. 5-8.
7 ആത്മീയപക്വതയുളള സഞ്ചാരമേൽവിചാരകൻമാരുടെ ക്രമമായ സന്ദർശനങ്ങൾ യഹോവയുടെ ജനങ്ങളെ തുടർന്ന് സഹായിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് വ്യക്തിപരമായി ഈ ക്രമീകരണത്തിൽനിന്നുളള പ്രയോജനം അനുഭവിക്കാൻ കഴിയുന്നതിന്റെ അളവ് നാം സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനത്തിനുവേണ്ടി ഒരുങ്ങുന്നതിന്റെയും അതിനെ പിൻതാങ്ങുന്നതിന്റെയും അളവിനെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ സർക്കിട്ട്മേൽവിചാരകന്റെ അടുത്ത സന്ദർശനത്തിന് പൂർണ്ണപിൻതുണകൊടുക്കാൻ നമുക്കെല്ലാം തീരുമാനിക്കാം.