അനർത്ഥം ഒഴിവാക്കാൻ യുവജനങ്ങളെ സഹായിക്കുക
1 തന്റെ വിലപ്പെട്ട ജീവന്റെ ദാനം നാം ആസ്വദിക്കണമെന്ന് യഹോവ ആഗ്രഹിക്കുന്നു. ആ ലക്ഷ്യത്തിൽ, നാം നമ്മുടെ ഹൃദയാഭിലാഷങ്ങൾ പിന്തുടരേണ്ടതിന് ഒരളവിലുളള വ്യക്തിപരമായ സ്വാതന്ത്ര്യം അവൻ നമുക്ക് അനുവദിച്ചുതന്നിട്ടുണ്ട്. എന്നാൽ പ്രവർത്തിക്കാനുളള ആ സ്വാതന്ത്ര്യത്തോടൊപ്പം ഉചിതമായിത്തന്നെ നാം ചെയ്യുന്ന കാര്യങ്ങൾക്ക് യഹോവ നമ്മെ ഉത്തരവാദികളാക്കുകയും ചെയ്യുന്നു.—സഭാ. 11:9.
2 നാം അപൂർണ്ണരും പാപികളുമായതുകൊണ്ട് നാം നമ്മുടെ ജീവിതം നയിക്കുന്ന വിധത്തിന്റെ ഫലമായി നമുക്കു നേരിടാവുന്ന അനർത്ഥത്തെ നമുക്ക് എങ്ങനെ ഒഴിവാക്കാൻ കഴിയും? (സഭാ. 11:10) അനുഭവപരിചയമില്ലാത്ത യുവജനങ്ങൾക്കുപോലും അനർത്ഥം ഒഴിവാക്കാൻ കഴിയുമോ? ഉവ്വ് എന്നാണുത്തരമെന്നുളളതിൽ നമുക്ക് സന്തോഷിക്കാൻ കഴിയും. മാർഗ്ഗനിർദ്ദേശത്തിനുവേണ്ടിയുളള നമ്മുടെ ആവശ്യം യഹോവക്കു നന്നായി അറിയാം, ഈ അന്ത്യനാളുകളുടെ അടയാളമായിരിക്കുന്ന വർദ്ധിച്ചുവരുന്ന പ്രയാസങ്ങളെ സുരക്ഷിതമായി തരണംചെയ്യാൻ ചെറുപ്പക്കാരെയും പ്രായമുളളവരെയും സഹായിക്കുന്നതിന് അവൻ സ്നേഹപൂർവം ബുദ്ധിയുപദേശവും സഹായവും പ്രദാനംചെയ്തിട്ടുണ്ട്.—സങ്കീ. 19:7; 119:9; 2 തിമൊ. 3:1
മാതാപിതാക്കളുടെ ഉത്തരവാദിത്വം
3 കുഴപ്പങ്ങൾ നേരിടുമ്പോൾ, ‘മുടന്തുളളതു ഉളുക്കിപ്പോകാതെ സൗഖ്യമാക്കപ്പെടേണ്ടതിന് തളർന്ന കൈകളെ ബലിഷ്ഠമാക്കാൻ’ കഴിയുന്ന ഉത്തരവാദിത്വമുളള മാതാപിതാക്കൾ യുവജനങ്ങൾക്ക് ആവശ്യമാണ്. (എബ്രാ. 12:12, 13) ജീവനിലേക്കു നയിക്കുന്ന പാതയിൽ നിലനിൽക്കാൻ തങ്ങളുടെ കുട്ടികളെ സഹായിക്കുന്നതിന് മാതാപിതാക്കൾ തങ്ങളുടെ സന്താനങ്ങളുടെ ചിന്തയെ കാലാകാലങ്ങളിൽ യഥാസ്ഥാനപ്പെടുത്തേണ്ടതാണ്. ഇതിന് ക്ഷമയും വൈദഗ്ദ്ധ്യവും ഒപ്പം യഹോവയുടെ സമൃദ്ധമായ അനുഗ്രഹവും ആവശ്യമാണ്.
4 മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ പൂർണ്ണമായി ദുഃസ്വാധീനങ്ങളിൽനിന്നു മാററിനിർത്താൻ കഴികയില്ല. എന്നാൽ ഒരു കുട്ടിയുടെ മനസ്സിനെ എങ്ങനെ ബലവത്താക്കാൻ കഴിയും? ‘അവനെ യഹോവയുടെ മാനസികക്രമവൽക്കരണത്തിൽ വളർത്തുന്നതിനാൽ.’ (എഫേ. 6:4) മററുളളവയുടെ കൂട്ടത്തിൽ, ഇതിൽ കുടുംബാദ്ധ്യയനം, ആത്മീയവും ധാർമ്മികവുമായ വഴികാട്ടൽ, സ്ക്കൂൾ കഴിഞ്ഞുളള ആരോഗ്യാവഹമായ പ്രവർത്തനം, സമുചിതമായ ശിക്ഷണം, മാതാപിതാക്കളുടെ നല്ല ദൃഷ്ടാന്തം എന്നിവ ഉൾപ്പെടുന്നു.
5 “ദൈവികഭക്തി” ഡിസ്ട്രിക്ററ് കൺവെൻഷനിൽ റിലീസ്ചെയ്ത യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം യുവജനങ്ങളെ സഹായിക്കാൻവേണ്ടിയുളളതാണ്. അത് ശരിയായ പ്രമാണങ്ങൾ സംബന്ധിച്ച് തങ്ങളുടെ കുട്ടികളുമായി ന്യായവാദംചെയ്യാനും മാതാപിതാക്കളെ സഹായിക്കുന്നു. ദൈവത്തിന്റെ നിയമങ്ങൾ ഒരു കുട്ടിയുടെ മനസ്സിലും ഹൃദയത്തിലും ഫലപ്രദമായി നിവേശിപ്പിക്കുകയാണെങ്കിൽ, ഈ നിയമങ്ങൾക്ക് ഒരു നിയന്ത്രണസ്വാധീനം അഥവാ ക്രമവൽക്കരണസ്വാധീനമായി പ്രവർത്തിക്കാൻ കഴിയും. ഈ പുതിയ പ്രസിദ്ധീകരണത്തിലെ വിവരങ്ങളുടെ കുടുംബചർച്ച അനർത്ഥം ഒഴിവാക്കാൻ യുവജനങ്ങളെ ശക്തരാക്കും.
6 യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകം 1989-ൽ റിലീസ് ചെയ്തപ്പോൾ, കൺവെൻഷൻ പ്രസംഗകൻ സമ്മേളിതരായ യുവാക്കളിലേക്ക് തന്റെ ശ്രദ്ധ തിരിച്ചുവിടുകയും പുസ്തകത്തിന്റെ മൂല്യം ഊന്നിപ്പറയുകയുംചെയ്തു. കുടുംബചർച്ചക്കുളള ഒരു അടിസ്ഥാനമായി അതുപയോഗിക്കാൻ മാതാപിതാക്കൾ പ്രോൽസാഹിപ്പിക്കപ്പെട്ടു. ഓരോ അദ്ധ്യായത്തിന്റെയും ഉപസംഹാരത്തിൽ “ചർച്ചക്കുളള ചോദ്യങ്ങൾ” എന്ന ഒരു സവിശേഷത കാണാം. ഈ ചോദ്യങ്ങൾ ഓരോ ഖണ്ഡികയിലെയും വിവരങ്ങളുടെ വിശകലനത്തിനുവേണ്ടിയുളളതല്ല. ഓരോ ചോദ്യവും ഒന്നോ അധികമോ ഉപതലക്കെട്ടുകളിലെ വിവരങ്ങളെ ഉൾപ്പെടുത്തുന്നു. ചില കുടുംബത്തലവൻമാർ ഒരു മുഴു അദ്ധ്യായവും വായിച്ചശേഷം ചോദ്യങ്ങൾ പരിചിന്തിക്കാൻ ഇഷ്ടപ്പെട്ടേക്കാം. മററു ചിലർ ചേരുന്ന തലക്കെട്ടുകളിൻകീഴിലെ വിവരങ്ങൾ വായിക്കുമ്പോൾ ഇടവിട്ട് ചോദ്യങ്ങൾ ചോദിച്ചേക്കാം.
നമ്മുടെ പ്രദേശത്തെ യുവജനങ്ങളെ സഹായിക്കൽ
7 നാം നമ്മുടെ പ്രദേശത്ത് അനേകം യുവജനങ്ങളെ കണ്ടെത്തിയേക്കാം. അവർക്കുളള ചില ചോദ്യങ്ങൾക്ക് ഈ പുതിയ പുസ്തകത്തിൽ ഉത്തരംകൊടുത്തിട്ടുണ്ട്. അതുകൊണ്ട്, ജനുവരിയിൽ നാം വയലിൽ യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകം വിശേഷവൽക്കരിക്കുന്നതായിരിക്കും. ഒരുപക്ഷേ നിങ്ങൾ ഉപയോഗിക്കാനാഗ്രഹിക്കുന്ന ഒരു പ്രസംഗം നിങ്ങൾ വികസിപ്പിച്ചിട്ടുണ്ടായിരിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് പിൻവരുന്നതുപോലെ പറയാവുന്നതാണ്:
8 “മിക്കപ്പോഴും നാം യൗവനത്തെക്കുറിച്ച് നമ്മുടെ ജീവിതത്തിലെ ഏററം സന്തുഷ്ടമായ ഘട്ടമായിട്ടാണ് ചിന്തിക്കുന്നത്. എന്നാൽ, നിർഭാഗ്യവശാൽ, നാം ഇന്ന് അസന്തുഷ്ടരായ അനേകം യുവജനങ്ങളെ കാണുന്നുണ്ട്. അങ്ങനെയല്ലേ? [മറുപടി പറയാൻ അനുവദിക്കുക.] മാറിവരുന്ന നിലവാരങ്ങൾ യുവജനങ്ങളെ ബാധിക്കുകയും അവരുടെ സന്തുഷ്ടി കവർന്നുകളയുകയും ചെയ്യുന്ന അനേകം പ്രശ്നങ്ങളോടുകൂടിയ ഒരു സമ്മിശ്രലോകത്തെ സൃഷ്ടിച്ചിരിക്കുന്നു. അവർക്ക് ആശ്രയയോഗ്യമായി മാർഗ്ഗനിർദ്ദേശം എവിടെ കണ്ടെത്താൻ കഴിയും? [അഭിപ്രായം പറയാൻ അനുവദിക്കുക.] സങ്കീർത്തനം 119:9-ൽ ബൈബിൾ ശുപാർശ ചെയ്യുന്നതെന്തെന്ന് കാണുക. [വായിക്കുക.] ബൈബിൾ നീതി പഠിപ്പിക്കുന്നതിലെ മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെ ഊന്നിപ്പറയുകയും അനന്തരം സദൃശവാക്യങ്ങൾ 1:8-ൽ ഈ പ്രബോധനം നൽകുകയുംചെയ്യുന്നു. [വായിക്കുക.] ഇതിനുചേർച്ചയായി, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിൽ ബൈബിളിലധിഷ്ഠിതമായ പ്രായോഗികമാർഗ്ഗനിർദ്ദേശം നിറഞ്ഞിരിക്കുന്നു. അതിൽ ഭാവിയെ വിജയപ്രദമായി എങ്ങനെ അഭിമുഖീകരിക്കാമെന്നും അങ്ങനെ ചെയ്യുമ്പോൾ എങ്ങനെ സന്തോഷം കണ്ടെത്താമെന്നും മനസ്സിലാക്കാൻ യുവജനങ്ങളെ സഹായിക്കുന്ന അനേകം ജീവിതഗന്ധികളായ അനുഭവങ്ങൾ ഉണ്ട്. [താത്പര്യം ഉത്തേജിപ്പിക്കാൻ പല അദ്ധ്യായ തലക്കെട്ടുകൾ ചൂണ്ടിക്കാണിക്കുക.] നിങ്ങൾക്ക് വെറും 15 രൂപാ സംഭാവനക്ക് സഹായകവും മനോഹരമായ ചിത്രങ്ങളോടുകൂടിയതുമായ ഈ പുസ്തകം ആസ്വദിക്കാവുന്നതാണ്.”
9 യുവജനങ്ങൾ ജ്ഞാനപൂർവകവും പ്രയോജനകരവുമായ ലക്ഷ്യങ്ങളിലേക്ക് തങ്ങളുടെ ഊർജ്ജത്തെ തിരിച്ചുവിടേണ്ട ആവശ്യമുണ്ടെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. തീർച്ചയായും ഈ പുസ്തകം അനേകരെ അതിരററ ജ്ഞാനത്തിന്റെ ഉറവായ ബൈബിളിലേക്കു നയിക്കും. യുവജനങ്ങളെ ഇപ്പോഴത്തെ തികവുററ ഒരു ജീവിതത്തിലേക്കും ഒരു സുരക്ഷിതഭാവിയിലേക്കും തിരിച്ചുവിടുന്നതിനുളള എന്തോരു വിലപ്പെട്ട ഉപകരണം!—സഭാ. 12:1