സുവാർത്ത സമർപ്പിക്കൽ—യുവജനങ്ങൾക്ക്
1 ഈ ആധുനികയുഗം പൊതുവേ യുവജനങ്ങൾക്ക് വളരെ പ്രയാസമുളള ഒരു കാലമാണെന്നു തെളിഞ്ഞിരിക്കുന്നു. എന്നിരുന്നാലും, ദൈവനിശ്വസ്തനായ ഒരു മനുഷ്യൻ നൂററാണ്ടുകൾക്കു മുമ്പ് എഴുതി: “ഒരു യുവാവ് തന്റെ പാത എങ്ങനെ നിർമ്മലമാക്കും? നിന്റെ വചനപ്രകാരം ജാഗ്രത പുലർത്തുന്നതിനാൽത്തന്നെ.” (സങ്കീ. 119:9) തീർച്ചയായും യഹോവയുടെ വചനത്തിൽ അധിഷ്ഠിതമായ മാർഗ്ഗനിർദ്ദേശം ഇന്ന് ആയിരക്കണക്കിനു യുവജനങ്ങൾക്കു പ്രയോജനം ചെയ്യുന്നുണ്ട്.
2 ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു. . . .” ലേഖനങ്ങളിലൊന്നു വായിച്ചശേഷം ഒരു യുവാവ് ഇങ്ങനെ പറഞ്ഞു: ചെയ്യേണ്ട സംഗതിയാണെന്നു വിചാരിച്ചതുകൊണ്ടുമാത്രം ഞാൻ ഡെയ്ററിംഗ് ക്രമമായി നടത്തിയിരുന്നു. ഞാൻ വിവാഹത്തെക്കുറിച്ച് യാതൊന്നും ചിന്തിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഞാൻ നിങ്ങളുടെ ഉണരുക! മാസിക വായിച്ചു. അത് എന്റെ മൂല്യങ്ങൾക്ക് മെച്ചമായി മാററം വരുത്തി. ഞാൻ വിവാഹംകഴിക്കാൻ ഒരുങ്ങുന്നതുവരെ ഞാൻ ഡെയ്ററിംഗ് നിർത്തി.” അയാൾക്ക് പ്രായോഗികബുദ്ധിയുപദേശത്തിൽനിന്ന് പ്രയോജനംകിട്ടിയെന്നു സ്പഷ്ടമാണ്. ഇപ്പോൾ യുവജനങ്ങൾക്ക് യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുതിയ പുസ്തകത്തിന്റെ രൂപത്തിൽ തിരുവെഴുത്തുവിവരങ്ങളുടെ വിലയേറിയ ഉറവ് അനായാസം ലഭ്യമാണ്. നിങ്ങളുടെ പ്രദേശത്തെയോ സ്ക്കൂളിലെയോ യുവജനങ്ങൾക്ക് അതു ലഭ്യമാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
യുവജനങ്ങളിൽ താത്പര്യമെടുക്കുക
3 യഹോവയുടെ വചനത്തിന്റെ മൂല്യം വിലമതിക്കാൻ യുവജനങ്ങളെ പ്രേരിപ്പിക്കുന്നത് വെല്ലുവിളിപരമായിരിക്കാൻ കഴിയും? (സദൃശവാക്യങ്ങൾ 22:15 കാണുക) എന്നിരുന്നാലും, അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “യഹൂദൻമാരെ നേടേണ്ടതിന് യഹൂദൻമാർക്കു ഞാൻ ഒരു യഹൂദനെപ്പോലെയായിത്തീർന്നു.” (1 കൊരിന്ത്യർ 9:20) സമാനമായി, പ്രയോജനകരമായ ആത്മീയ ലക്ഷ്യങ്ങൾ കണ്ടെത്താനും വിലമതിക്കാനും യുവജനങ്ങളെ സഹായിക്കുന്നതിന് അവരെയും അവരുടെ പ്രശ്നങ്ങളെയും നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. യുവജനങ്ങൾക്കു താത്പര്യമുളള കാര്യങ്ങളുടെയും സ്ക്കൂളിലെയൊ അവർ ജീവിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്നിടത്തെയോ അവരുടെ പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിൽ നിങ്ങൾ ചിന്തിക്കേണ്ടതുണ്ട്. യുവജനങ്ങളോടു സാക്ഷീകരിക്കുമ്പോൾ, നിങ്ങളുടെ മുഖവുരകളിലും നിങ്ങളുടെ അഭിപ്രായങ്ങളിലും നിങ്ങളുടെ ചോദ്യങ്ങളിലും ഈ ഗ്രാഹ്യം പ്രതിഫലിക്കേണ്ടതാണ്. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുതിയ പുസ്തകത്തിന്റെ ഉളളടക്കം സംസാരിക്കാനുളള ആശയങ്ങളുടെ ഒരു വിശിഷ്ട ഉറവാണ്. ഈ വിഷയങ്ങൾ പരിചിതമാക്കുന്നതിനാൽ ഇക്കാലത്ത് അനേകം യുവജനങ്ങൾ ചിന്തിക്കുന്ന കാര്യങ്ങളിലേക്കുളള ഉൾക്കാഴ്ച നിങ്ങൾക്കു ലഭിക്കും.
നിങ്ങൾക്കു പറയാൻ കഴിയുന്നത്
4 വീടുതോറും പോകുമ്പോൾ, കുട്ടികളുളളിടം നിരീക്ഷിക്കുക. നിങ്ങൾ ദൈനംദിനപ്രശ്നങ്ങളെ നേരിടുന്നതിന് ആളുകളെ സഹായിക്കുന്നതിനുളള ഒരു പൊതുജനസേവനം അനുഷ്ഠിക്കുകയാണെന്ന് വിശദീകരിക്കുക. ഈ വീടുകളിൽ കുട്ടികളോടുതന്നെ നിങ്ങൾക്കു സംസാരിക്കാൻ കഴിഞ്ഞേക്കും. പുസ്തകത്തിൽ കാണപ്പെടുന്ന പ്രായോഗിക ബുദ്ധിയുപദേശത്തിന്റെ ഒരു ദൃഷ്ടാന്തം ചൂണ്ടിക്കാണിക്കുക. സങ്കീർത്തനം 119:9ന്റെ സത്യത കാണാൻ അവരെ സഹായിക്കുകയെന്നതാണ് നിങ്ങളുടെ ലക്ഷ്യമെന്നു മനസ്സിൽ പിടിക്കുക.
5 നിങ്ങൾ ഒരു യുവാവിനോടു സംസാരിക്കുമ്പോൾ സൗഹൃദം പ്രകടമാക്കുകയും അവനോടു മാന്യമായി പെരുമാറുകയുംചെയ്യുക. ഒരു പ്രാരംഭ അഭിവാദനത്തിനുശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ഈ ജനസമുദായത്തിൽ നിങ്ങളെപ്പോലെയുളള ചെറുപ്പക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടുന്നതിന് അവരെ സഹായിക്കാൻ ഞാൻ ഒരു പൊതുജനസേവനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യാനാഗ്രഹിക്കാത്ത ഒരു കാര്യംചെയ്യാൻ നിങ്ങൾ പ്രേരിപ്പിക്കപ്പെടുന്നതായി കാണുന്നുണ്ടോ? അല്ലെങ്കിൽ, നിങ്ങൾക്കുതന്നെ ഇഷ്ടമില്ലെങ്കിലും മററുളളവർ ചെയ്യുന്നതുകൊണ്ടുമാത്രം ചിലപ്പോൾ ചില കാര്യങ്ങൾ ചെയ്യാനുളള പ്രവണത നിങ്ങൾക്കുണ്ടോ? സമപ്രായക്കാരുടെ അത്തരം സമ്മർദ്ദത്തെ നിങ്ങൾക്ക് എങ്ങനെ നേരിടാമെന്ന് അറിയാൻ നിങ്ങൾ എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?” അവന്റെ മറുപടിക്കുശേഷം പുസ്തകം 9-ാം അദ്ധ്യായത്തിലേക്കു മറിക്കുക. പിന്നീട് ഇങ്ങനെ പറയുക: “77-ാം പേജിൽ ഈ പുതിയ പ്രസിദ്ധീകരണം പറയുന്നതെന്തെന്നു കാണുക. [ഉചിതമായ ഒരു ഖണ്ഡിക വായിക്കുക.] ഈ പ്രശ്നത്തെ നേരിടാൻ ബൈബിളിന്റെ ഒരു പഠനം സഹായിക്കുമെന്നു നിങ്ങൾ വിചാരിക്കുന്നുവോ? [ഒരു ഉത്തരത്തിന് സമയമനുവദിക്കുക] സങ്കീർത്തനം 119:9-ൽ ബൈബിൾ എന്തു പറയുന്നുവെന്നു കാണുക. [വായിക്കുക] ഉളളടക്കത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നതുപോലെയുളള പ്രയാസകരമായ സാഹചര്യങ്ങളെ നേരിടാൻ യുവജനങ്ങളെ ബൈബിളിന് എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ഈ പുസ്തകം നിങ്ങളെ കാണിച്ചുതരുന്നു. [പുസ്തകം അയാളുടെ കൈയിൽ കൊടുക്കുക] 15 രൂപാ സംഭാവനക്ക് ഇതു നിങ്ങൾക്കു ലഭിക്കും.”
6 ഇപ്പോഴും സ്ക്കൂളിൽ പോകുന്ന ഒരു പ്രസാധകനാണ് നിങ്ങളെങ്കിൽ 1989 സെപ്ററംബറിലെ നമ്മുടെ രാജ്യശുശ്രൂഷയുടെ ലക്കത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് അനേകം സന്തുഷ്ടപ്രതിഫലങ്ങൾ ലഭിക്കുന്നതായിരിക്കും.
7 യഹോവ “ആരും നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല.” (2 പത്രോസ് 3:9) ഇവരിൽ യുവജനങ്ങളും ഉൾപ്പെടുന്നു. എന്നിരുന്നാലും, അനേകം യുവജനങ്ങൾ അർമ്മഗെദ്ദോനെ അതിജീവിക്കുകയില്ല. യുവജനങ്ങളോടു ഫലപ്രദമായി പ്രസംഗിക്കാനുളള നമ്മുടെ ശ്രമങ്ങൾ യഹോവയുടെ സ്തുതിക്കായി ഒരു നല്ല സംഖ്യ യുവജനങ്ങളുടെ രക്ഷയിൽ കലാശിക്കട്ടെ.