സഹിഷ്ണുതയോടെ ഫലം ഉത്പ്പാദിപ്പിച്ചുകൊണ്ടിരിക്കുക
1 യേശുവിന്റെ മരണത്തിനും ഉയിർപ്പിനും ശേഷം മുപ്പതിൽ കുറഞ്ഞ വർഷങ്ങൾ കഴിഞ്ഞ് കൊലോസ്യസഭക്ക് എഴുതുകയിൽ അപ്പോസ്തലനായ പൗലോസിന്, സുവാർത്തയുടെ സത്യം ലോകത്തെല്ലാം ഫലം ഉൽപ്പാദിപ്പിക്കുകയും വർദ്ധിക്കുകയും ചെയ്തു എന്നു പറയാൻ കഴിഞ്ഞു. (കൊലോ. 1:5, 6) ഇന്ന് കുറേക്കൂടെ വിപുലമായതോതിൽ യഹോവയുടെ സാക്ഷികൾ രാജ്യത്തിന്റെ സുവാർത്തകൊണ്ട് അക്ഷരാർത്ഥത്തിൽ “ഭൂമിയുടെ അതിവിദൂരഭാഗത്ത്” എത്തിയിരിക്കുന്നു. (പ്രവൃത്തികൾ 1:8; യോഹ. 14:12) 1989 സേവനവർഷത്തിൽ ലോകവ്യാപകമായി രാജ്യപ്രസാധകരുടെ ശരാശരിസംഖ്യയിൽ 5.6 ശതമാനം വർദ്ധനവുണ്ടായി, 212 രാജ്യങ്ങളിലായി നാം 37,87,188 പ്രസാധരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തുകയും ചെയ്തു.
2 ദൈവരാജ്യപ്രസംഗം നിരോധിച്ചിട്ടുളളതും റിപ്പോർട്ടുകൾ അപൂർണ്ണവുമായ രാജ്യങ്ങളിൽ 7.6 ശതമാനത്തിന്റെ, ഇതിലുമധികം വർദ്ധനവ് റിപ്പോർട്ടുചെയ്തു! ആ രാജ്യങ്ങളിൽ അനേകം പ്രശ്നങ്ങൾ നിലവിലുണ്ടെങ്കിലും പ്രസാധകർ “സഹിഷ്ണുതയോടെ ഫലം ഉത്പാദിപ്പിക്കുന്നതിൽ” തുടരുന്നു. (ലൂക്കോ. 8:15) ചില സ്ഥലങ്ങളിൽ സമ്മർദ്ദം കുറഞ്ഞിട്ടുണ്ട്, എന്നാൽ മററു രാജ്യങ്ങളിൽ പ്രയാസകരമായ അവസ്ഥകൾ മാററമില്ലാതെ തുടരുന്നു.
3 രാജ്യപ്രസംഗപ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് കൂടുതൽ സ്വാതന്ത്ര്യം ഉളള രാജ്യങ്ങളിൽ നാം വ്യത്യസ്തപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. വളരെയധികം ഉദാസീനതയും താൽപര്യക്കുറവും അനുഭവപ്പെടുന്നു, വിശേഷിച്ച് ഭൗതികസമൃദ്ധിയുളളിടത്ത്. യഹോവയുടെ ദാസൻമാർ അത്തരം മനോഭാവങ്ങൾ അനുവർത്തിക്കാതിരിക്കാൻ ജാഗ്രതയുളളവരായിരിക്കണം. നാം നമ്മുടെ ദിവ്യാധിപത്യ പ്രവർത്തനങ്ങളെ ഭൗതികതാൽപര്യങ്ങളാലും ഉല്ലാസങ്ങളാലും വിനോദങ്ങളാലും മററു ആകുലതകളാലും അതിക്രമിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ നാം താൽപര്യക്കുറവുളളവരായിത്തീരുകയും സഹിഷ്ണുതയോടെ ഫലം ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ആവശ്യം വിലമതിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യാൻ ഇടയാകും.—ലൂക്കോ. 21:34-36.
സഹിഷ്ണുതയും പ്രയത്നവും ആവശ്യം
4 നാം സുവാർത്തയോടുളള എതിർപ്പിനെ അഭിമുഖീകരിക്കുന്നെങ്കിലും നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന് നമുക്ക് ആപേക്ഷികസ്വാതന്ത്ര്യം ഉണ്ടെങ്കിലും സഹിഷ്ണുത ഒരു അവശ്യഘടകമാണ്. ചിലദേശങ്ങളിൽ നമ്മുടെ സഹോദരങ്ങൾ ദശാബ്ദങ്ങളായി പ്രതികൂലസാഹചര്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അത്തരം പ്രാതികൂല്യങ്ങളിലെ അവരുടെ സഹിഷ്ണുത ഒരു അംഗീകാരമുളള അവസ്ഥക്ക് വഴിയൊരുക്കുകയും അവർ ഇപ്പോൾ സമൃദ്ധമായ അനുഗ്രഹങ്ങൾ കൊയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. (റോമ. 5:3-5; ഗലാ. 6:9) ഏതെല്ലാം പ്രയാസങ്ങളെ അഭിമുഖീകരിച്ചേക്കാമെങ്കിലും നാം സഹിച്ചുനിൽക്കാൻ ആഗ്രഹിക്കുന്നു. രാജ്യസാക്ഷ്യം നൽകപ്പെടണം, നാമെല്ലാം നമ്മുടെ നിർമ്മലത പ്രകടമാക്കുന്നതിൽ തുടരുകയും വേണം.—മർക്കോ. 13:10; ലൂക്കോ. 21:19.
5 നമുക്ക് യഹോവയുടെ സേവനത്തിൽ കഠിനയത്നം ചെയ്തുകൊണ്ടും പ്രസംഗവേലയിൽ ക്ഷീണിക്കാതിരുന്നുകൊണ്ടും നാം ആത്മീയ കാര്യങ്ങളെ വിലകുറച്ചുകാണുന്നില്ലെന്നു പ്രകടമാക്കാൻ കഴിയും. യാത്ര കൂടുതൽ ക്ലേശകരവും ഭൗതികവസ്തുക്കൾ അപര്യാപ്തവും സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നതും ആയ സ്ഥലങ്ങളിൽ സുവാർത്താപ്രസംഗം ദുർബ്ബലമായിത്തീരുന്നില്ല. അത്തരം ചില രാജ്യങ്ങളിൽ സഭാപ്രസാധകർ വയൽ സേവനത്തിൽ ഓരോമാസവും ക്രമമായി ശരാശരി 14-17 മണിക്കൂർ ചെലവഴിക്കുന്നു. അവരുടെ പയനിയർ നിര ക്രമമായി വർദ്ധിക്കുകയും ചെയ്യുന്നു. ഇത് നമ്മിൽ ധാരാളം ഭൗതികസൗകര്യങ്ങളുളളവർ നിന്ന് ചിന്തിക്കാനിടയാക്കുന്നു. നമുക്ക് സർവപ്രധാനമായ രാജ്യപ്രസംഗവും ശിഷ്യരാക്കലും വേലയിൽ നമ്മുടെ ക്രമമായ പങ്കു വർദ്ധിപ്പിക്കാൻ കഴിയുമോ?
നമുക്ക് കൂടുതൽ ചെയ്യാൻ കഴിയുമോ?
6 വയൽസേവനത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന് നമ്മുടെ പട്ടികയിൽ നേരിയ മാററം ആവശ്യമായിരുന്നേക്കാം. നാം ഞായറാഴ്ച ഒരു മണിക്കൂർ വയലിൽ ചെലവഴിച്ചുകൊണ്ടാണിരിക്കുന്നതെങ്കിൽ നമുക്ക് ഒരുപക്ഷേ മറെറാരു മണിക്കൂർ മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ടൊ ഒരു ബൈബിളദ്ധ്യയനം നടത്തിക്കൊണ്ടൊ ആ സമയം നീട്ടാൻ കഴിയുമോ? അല്ലെങ്കിൽ നാം ഒരു ബൈബിൾ അദ്ധ്യയനം നടത്തുന്നുണ്ടെങ്കിൽ വീടുതോറുമുളളവേലക്കൊ ഏതാനും മടക്കസന്ദർശനങ്ങൾ നടത്തുന്നതിനൊ ഒരു മണിക്കൂറോ മറെറാ കൂടി ഉൾപ്പെടുത്താൻ കഴിയുമോ? ശനിയാഴ്ച മാസികാവേലയിൽ രണ്ടുമണിക്കൂർ ചെലവഴിച്ചശേഷം ഒരുപക്ഷേ നമുക്ക് നാം വികസിപ്പിച്ചെടുത്ത ഒരു മാസികാറൂട്ടിൽ മാസികകൾ കൊടുക്കുകയൊ ഏതാനും മടക്കസന്ദർശനങ്ങൾ നടത്തുന്നതിന് ശ്രമിക്കുകയൊ ചെയ്യാൻ കഴിയും. നഗരപ്രദേശത്ത് താമസിക്കുന്നവർ കുറച്ചു സമയം തെരുവുസാക്ഷീകരണത്തിന് ചെലവഴിക്കുന്നത് സൗകര്യപ്രദമെന്ന് കണ്ടെത്തിയേക്കാം. ഈ വിധങ്ങളിലൊ മറേറതെങ്കിലും വിധങ്ങളിലൊ നമുക്ക് വയൽസേവനത്തിലുളള നമ്മുടെ പങ്ക് വർദ്ധിപ്പിക്കാൻ കഴിഞ്ഞേക്കാം. ആനുപാതികമായി നല്ലഫലങ്ങൾ വർദ്ധിക്കും.
7 മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ട് വയൽസേവനത്തിൽ കൂടുതൽസമയം ചെലവഴിക്കുന്നെങ്കിൽ നിസ്സംശയമായും കൂടുതൽ ബൈബിൾ അദ്ധ്യയനങ്ങൾ നടത്തുന്നതിൽ കലാശിക്കും. ഇതിന്റെ അർത്ഥം കാലക്രമേണ കൂടുതൽ ആളുകൾ സത്യത്തിൽ വരികയും രാജ്യപ്രസംഗവേല പൂർത്തീകരിക്കുന്നതിന് നമ്മെ സഹായിക്കുകയും ചെയ്യുമെന്നാണ്.—മത്താ. 28:19, 20.
പ്രാർത്ഥന അത്യാവശ്യം
8 നാം സഹിഷ്ണുതയോടെ ഫലം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നതിന് നാം യഹോവയുടെ അനുഗ്രഹം തേടുകയും അവന്റെ ആത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിനു കീഴ്പ്പെടുകയുംവേണം. നാം നമ്മുടെ ശുശ്രൂഷയെ യഹോവയോടുളള പ്രാർത്ഥനയുടെ ഒരു വിഷയം ആക്കണം. നാം നമ്മുടെ വയൽശുശ്രൂഷയെക്കുറിച്ച് പ്രാർത്ഥിക്കുമ്പോൾ നാം അവന്റെ സഹപ്രവർത്തകരാണെന്ന് ഓർമ്മിപ്പിക്കുന്നു. (1 കൊരി. 3:9) നമ്മുടെ ശുശ്രൂഷയിൽ ശീഘ്രമായ ഫലം കാണാത്തപ്പോൾപോലും യഹോവയുടെ സഹായത്താൽ നമുക്ക് സഹിച്ചുനിൽക്കാൻ കഴിയും. ചിലപ്രദേശങ്ങളിൽ രാജ്യപ്രഘോഷകരുടെഭാഗത്തെ അനേകവർഷത്തെ വിശ്വസ്തമായ സഹിഷ്ണുതക്കുശേഷംമാത്രമേ വർദ്ധനവ് വന്നിട്ടുളളു. നാം ഭാവിയിലേക്കു നോക്കുമ്പോൾ ഉപേക്ഷിക്കുന്നതിനുപകരം നമ്മുടെ ശുശ്രൂഷ പൂർണ്ണമായി നിറവേററുന്നതിന് എപ്പോഴും ദിവ്യമാർഗ്ഗനിർദ്ദേശവും സഹായവും തേടേണ്ടതാവശ്യമാണ്. (2 തിമൊ. 4:5) രാജ്യപ്രസംഗവും ശിഷ്യരാക്കലും വേലയിൽ ഇനിയും ധാരാളം ഫലം ഉൽപ്പാദിപ്പിക്കാനുണ്ട്.
9 നാം എല്ലായ്പ്പോഴും പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യം യേശു ഊന്നിപ്പറഞ്ഞു. (ലൂക്കോ. 18:1) പൗലോസ് ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “ഇടവിടാതെ പ്രാർത്ഥിക്കുക.” (1 തെസ്സ. 5:17) ഇപ്പോൾ നാം പ്രാർത്ഥനയിൽ ഉററിരിക്കേണ്ടതിന്റെ അടിയന്തിര കാരണങ്ങൾ ഉണ്ട്. വർഷംതോറും വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൂട്ടത്തിനുവേണ്ടി കരുതൽ ചെയ്യുന്നതിൽ അനേകം ഉത്തരവാദിത്വങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. മററുളളവർ സഹിഷ്ണുതയോടെ ഫലം ഉൽപ്പാദിപ്പിക്കുന്നതിന് അവരെ സഹായിക്കാൻ നാം ആഗ്രഹിക്കുന്നു. വ്യക്തിപരമായി പ്രസാധകരുടെയും മൊത്തത്തിൽ സ്ഥാപനത്തിന്റെയും വിവിധ ആവശ്യങ്ങൾക്ക് ശ്രദ്ധകൊടുക്കണം. വേലയെ പിൻതാങ്ങുന്നതിനും ബൈബിളധിഷ്ഠിത സാഹിത്യങ്ങളുടെ തുടർച്ചയായ നിർമ്മാണം സാധ്യമാക്കിത്തീർക്കുന്നതിനും സംഭാവനചെയ്യുന്നതിന്റെ ആവശ്യം കാണുന്നതിനാൽ യഹോവ ദൈവഭയമുളള ആളുകൾ ഔദാര്യമുളളവരായിക്കുന്നതിന് അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നതിന് പ്രാർത്ഥിക്കാൻ നാം ആഗ്രഹിക്കുന്നു.—2 കൊരി. 9:8-11.
10 ലോകവ്യാപകവയലിന്റെ ഭാഗങ്ങൾ മുമ്പെന്നത്തേതിലുമുപരി കൂടിയ അളവിൽ ദിവ്യാധിപത്യ വികസനത്തിനുവേണ്ടി തുറന്നിരിക്കുന്നതിനാൽ കൊലോസ്യർ 4:2-ലെ, “പ്രാർത്ഥനയിൽ ഉററിരിക്കുക, നന്ദിപ്രകടനത്തോടെ അതിൽ സ്ഥിരമായി ഉണർന്നിരിക്കുക” എന്ന തിരുവെഴുത്തുപരമായ ഉദ്ബോധനം കൂടുതൽ അർത്ഥവത്തായിത്തീർന്നിരിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ എല്ലായിടത്തുമുളള നമ്മുടെ സഹോദരങ്ങൾ, കഴിഞ്ഞകാലത്ത് സാക്ഷീകരണം കൂടുതൽ പ്രയാസകരമായിരുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന ചെമ്മരിയാടുതുല്യരായ മററുളളവരെ സഹായിച്ചുകൊണ്ട് ഫലം കായിച്ചുകൊണ്ടിരിക്കുന്നതിന് വേണ്ടിയായിരിക്കണം.
നന്ദി പ്രകടമാക്കുക
11 നാം വളരെയധികം ആസ്വദിക്കുന്ന സമൃദ്ധമായ ആത്മീയ കരുതലുകൾക്കുവേണ്ടി നാം എത്ര നന്ദിയുളളവരാണ്! നാം ഇവക്കുവേണ്ടി യഹോവക്ക് നന്ദി കൊടുക്കാൻ ആഗ്രഹിക്കുകയും വിശ്വസ്ത അടിമയുടെയും അതിന്റെ ഭരണസംഘത്തിന്റെയും വേലമേൽ യഹോവയുടെ തുടർച്ചയായ അനുഗ്രഹത്തിനുവേണ്ടി നാം പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമുക്കുവേണ്ടിയും ലോകത്തിനുചുററുമുളള ചെമ്മരിയാടുതുല്യരായവർക്കുവേണ്ടിയുമുളള അവരുടെ എളിമയോടുകൂടിയതും അക്ഷീണവുമായ പ്രയത്നങ്ങൾ വളരെയധികം വിലമതിക്കപ്പെടുന്നു.
12 രാജ്യവിത്തു വിതക്കുന്നതിന് വർദ്ധിച്ചതോതിൽ സാഹിത്യങ്ങൾ സമർപ്പിക്കപ്പെട്ടിരിക്കുന്നു. (മത്താ. 13:3-8, 18-23) എന്നിരുന്നാലും വയലിൽ ബൈബിളുകളുടെയും ബൈബിൾസാഹിത്യങ്ങളുടെയും തുടർച്ചയായ ആവശ്യപ്പെടൽ ഉണ്ട്. ലോകറിപ്പോർട്ട് സൂചിപ്പിക്കുന്നത് മടക്കസന്ദർശനങ്ങളുടെയും ബൈബിൾ അദ്ധ്യയനങ്ങളുടെയും രൂപത്തിൽ ഒരു വലിയ അളവിലുളള നടീലും നനക്കലും നടത്തപ്പെട്ടിരിക്കുന്നു എന്നാണ്. നാം നമ്മുടെ ശുശ്രൂഷയിലെ ഈ പ്രധാന വശങ്ങളിൽ നമ്മുടെ പങ്ക് തുടർന്ന് നിർവഹിക്കുമ്പോൾ വളരാനിടയാക്കുന്നതിൽ യഹോവയുടെ തുടർച്ചയായ അനുഗ്രഹത്തിനുവേണ്ടി നാം അവനു നന്ദികൊടുക്കുന്നു. തീർച്ചയായും നാം ആ അനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു.—1 കൊരി. 3:6, 7.
മററ് ആവശ്യങ്ങൾ
13 ക്രിസ്ത്യാനികൾ ലോകത്തിന്റെ ഭാഗമല്ലെങ്കിലും ഇവിടെയായിരിക്കുന്നതിനാൽ അവർ തുടർന്ന് പരിശോധനകളെയും പരീക്ഷകളെയും അഭിമുഖീകരിക്കും, അവ ഈ അന്ത്യനാളുകളിൽ ഇനിയും തീവ്രമാകുകയും ചെയ്യും. ചിലർ ഇപ്പോൾ പീഡനങ്ങളൊ മററ് പ്രയാസങ്ങളൊ സഹിക്കുന്നു. മററുളളവർ യുദ്ധങ്ങളാൽ ചീന്തപ്പെട്ട ദേശങ്ങളിൽ തങ്ങളുടെ ക്രിസ്തീയ പ്രവർത്തനങ്ങൾ നിർവഹിക്കണം. നമ്മുടെ സഹോദരൻമാർ ഭൂകമ്പങ്ങൾ, ചുഴലിക്കാററുകൾ, കൊടുങ്കാററുകൾ മുതലായ അത്യാഹിതങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഇതു സംഭവിക്കുമ്പോൾ നാം അത്തരം പ്രദേശങ്ങളിലുളള നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം. (പ്രവൃ. 12:5; 2 കൊരി. 1:11 താരതമ്യപ്പെടുത്തുക.) ചിലപ്പോൾ നമ്മുടെ വേലമേലുളള നിരോധനങ്ങളെക്കുറിച്ചും നമ്മുടെ സഹോദരങ്ങളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചും അല്ലെങ്കിൽ രാജ്യതാൽപ്പര്യങ്ങളെ ബാധിക്കുന്ന മററു സംഗതികളെക്കുറിച്ചും ഉന്നതാധികാരികളെ സമീപിച്ച് സംസാരിക്കുകയൊ അവർക്ക് എഴുതുകയൊ ചെയ്യുന്നത് ആവശ്യമാക്കിത്തീർക്കുന്നു. അത്തരം സാഹചര്യങ്ങളിൽ നമുക്കു വ്യക്തിപരമായി ചെയ്യാൻ കഴിയുന്നത് ചെയ്യുകയും ഈ വ്യക്തികൾ നമ്മുടെ സഹ ദാസൻമാരോട് അനുകൂലമായി തീരുമാനിക്കുന്നതിന് അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.—1 തിമൊ. 2:1, 2.
14 സാത്താന്റെ ദുഷ്ടലോകത്തിൽ ജീവിക്കുന്ന കുടുംബങ്ങളുടെമേൽ അനേകം സമർദ്ദങ്ങൾ കൊണ്ടുവരപ്പെടുന്നു. (2 കൊരി. 4:4) വിവാഹിത ഇണകൾ ഗൗരവതരമായ പ്രശ്നങ്ങളാൽ ചുററപ്പെട്ടേക്കാം. അവരെ ദിവ്യമാർഗ്ഗനിർദ്ദേശത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിന് പ്രോത്സാഹിപ്പിക്കണം, നമുക്കും അവർക്കുവേണ്ടി പ്രാർത്ഥിക്കാവുന്നതാണ്. (1 കൊരി. 7:5; 1 പത്രോ. 3:7) കുടുംബത്തലവൻമാർ തങ്ങളുടെ കുടുംബാംഗങ്ങളുടെമേൽ നന്നായി അദ്ധ്യക്ഷം വഹിക്കുന്നതിനുവേണ്ടി മാർഗ്ഗനിർദ്ദേശത്തിനുവേണ്ടിയുളള ആത്മാർത്ഥമായ പ്രാർത്ഥന യഹോവ ശ്രദ്ധിക്കുമെന്ന് വിലമതിക്കണം. (ന്യായാ. 13:8; ഫിലി. 4:6, 7) യുവാക്കളും പ്രായമുളളവരും പരീക്ഷാസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നു. ഇത് സ്കൂളിലൊ ലൗകികജോലിയിലൊ യാത്രയിലൊ മററു സാഹചര്യങ്ങളിലൊ ആയിരുന്നേക്കാം. നാം ദൈവദൃഷ്ടിയിൽ പ്രസാദകരമായത് ചെയ്യുന്നതിൽ തുടരുമ്പോൾ പ്രാർത്ഥന നമ്മെ ഈ ദുഷ്ടലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുന്നതിനും ഫലം കായിച്ചുകൊണ്ടിരിക്കുന്നതിനും സഹായിക്കുന്നു.—മത്താ. 6:13; എഫേ. 6:13-18; 1 യോഹ. 3:22.
15 യഹോവ പ്രാർത്ഥനകേൾക്കുന്ന വലിയവനാണ്. (സങ്കീ. 65:2) നാം എല്ലാസമയത്തും നമ്മുടെ ഉത്ക്കണ്ഠകൾ അവന്റെമേൽ ഇടേണ്ടയാവശ്യമുണ്ട്. (സങ്കീ. 55:22) നമുക്ക് മുഴുരാജ്യതാൽപ്പര്യങ്ങൾക്കും എല്ലായിടത്തുമുളള നമ്മുടെ സഹോദരൻമാരുടെ ക്ഷേമത്തിനുംവേണ്ടി പ്രാർത്ഥനയിലൂടെ നമ്മുടെ പരിഗണന കാണിക്കുന്നതിനുളള സന്ദർഭങ്ങളുണ്ട്. സഭയിൽ നേതൃത്വമെടുക്കുന്നവരുടെയൊ ലോകവ്യാപക വികസനപരിപാടിക്ക് മാർഗ്ഗനിർദ്ദേശം നൽകിക്കൊണ്ടിരിക്കുന്നവരുടെയൊ വേലസംബന്ധിച്ച് പ്രതികരിക്കുമ്പോഴും ആത്മീയമായി രോഗികളായവരെ കൈകാര്യംചെയ്യുമ്പോഴും അല്ലെങ്കിൽ ചെറുതൊ വലുതൊ ആയ മററുപ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോഴും നാമെല്ലാം അത്തരം കാര്യങ്ങൾ പ്രാർത്ഥനയിൽ യഹോവയുടെ മുമ്പാകെ വെക്കണം. (1 തെസ്സ. 5:25; യാക്കോ. 5:14-16) നമ്മുടെ ഉത്ക്കണ്ഠകൾ എന്തുതന്നെയായിരുന്നാലും നാം യഹോവയുടെ ഇഷ്ടത്തിനുചേർച്ചയിൽ അപേക്ഷിക്കുന്നുവെങ്കിൽ അവൻ നമ്മെ കേൾക്കുമെന്നുളള പൂർണ്ണവിശ്വാസത്തോടെ അവ അവന്റെമേൽ ഇടണം. (1 പത്രോ. 5:7; 1 യോഹ. 5:14) നമുക്ക് രാജ്യസേവനത്തിൽ തീക്ഷ്ണതയുളളവരായിരിക്കുകയും സഹിഷ്ണുതയോടെ ഫലം ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നതിന് നമ്മെ സഹായിക്കുന്നതിന് യഹോവയിങ്കലേക്ക് തുടർന്ന് നോക്കിക്കൊണ്ടിരിക്കുകയും ചെയ്യാം.