ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നു പൂർണമായി പ്രയോജനം നേടൽ
1 മററുളളവരോടു ഫലപ്രദമായ രീതിയിൽ ബൈബിൾ സത്യങ്ങൾ അറിയിക്കേണ്ടതിന് “പഠിപ്പിക്കൽ കല”യിൽ നമ്മെ പരിശീലിപ്പിക്കുന്നതിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഒരു ഉപാധിയായി വർത്തിക്കുന്നു. (2 തിമോ. 4:2, NW) ഓരോ വാരത്തിലും നാനാവിധ ബൈബിൾ വിഷയങ്ങൾ സംബന്ധിച്ചു നമുക്ക് ഉൾക്കാഴ്ച ലഭിക്കുന്നു. ഈ സ്കൂൾ പ്രദാനം ചെയ്യുന്ന ജീവത്പ്രധാനമായ പ്രബോധനത്തിൽനിന്നു പൂർണമായ പ്രയോജനം കിട്ടുന്നുവെന്നു നമുക്കെങ്ങനെ ഉറപ്പു വരുത്താനാകും?
2 യോഗസമയത്തു നിങ്ങൾക്കു പഠിക്കാൻ കഴിയുന്ന രസകരമായ ചില ആശയങ്ങൾ എടുത്തുപറഞ്ഞുകൊണ്ടു സ്കൂൾ മേൽവിചാരകൻ പ്രാരംഭത്തിൽ നൽകുന്ന അഭിപ്രായങ്ങൾക്ക് അവധാനപൂർവമായ ശ്രദ്ധ കൊടുക്കുക. അദ്ദേഹം ഉന്നയിച്ചേക്കാവുന്ന ഏതെങ്കിലും ചോദ്യങ്ങളെക്കുറിച്ചും അവയുടെ ഉത്തരങ്ങൾ ശുശ്രൂഷയിൽ നിങ്ങൾക്കു ബാധകമാക്കാൻ കഴിയുന്ന വിധത്തെക്കുറിച്ചും ചിന്തിക്കുക.
3 അച്ചടിച്ച വിവരങ്ങളുടെ ഒരു കേവല പുനരവലോകനമല്ല പ്രബോധനപ്രസംഗം. വിവരത്തിന്റെ പ്രായോഗിക മൂല്യത്തിലും അതു നിങ്ങൾക്കു വ്യക്തിപരമായി പ്രയോജനം ചെയ്യുന്ന വിധത്തിലും ആ പ്രസംഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുന്നമേ തയ്യാറാകുന്നതു മുഖ്യ ആശയങ്ങളിൽ കൂടുതൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനും തുടർന്ന് ഉത്തരങ്ങൾ പറഞ്ഞുകൊണ്ടുളള പുനരവലോകനത്തിൽ പങ്കുപററാനും നിങ്ങളെ സഹായിക്കും.
4 വാരംതോറുമുളള ബൈബിൾ വായനാപരിപാടി അനുസരിച്ചുളള ക്രമമായ വായനയ്ക്ക് ദൈവവചനത്തോടുളള നിങ്ങളുടെ വിലമതിപ്പിനെ ആഴമുളളതാക്കാൻ കഴിയും. കൂടുതലായ ഗവേഷണം രസകരമായ ധാരാളം പുതിയ ആശയങ്ങൾ വെളിപ്പെടുത്തിത്തരും. അതു സത്യം സംബന്ധിച്ച നിങ്ങളുടെ ഗ്രാഹ്യത്തെ വർധിപ്പിക്കുകയും ചെയ്യും. ബൈബിൾ വിശേഷാശയങ്ങളുടെ അവതരണം ബൈബിൾ വിവരണത്തിന്റെ ഒരു കേവല ആവർത്തനത്തെക്കാൾ കവിഞ്ഞതാണ്. മൊത്തത്തിലുളള ഹ്രസ്വമായ ഒരു അവലോകനത്തിനുശേഷം നിയമിതഭാഗത്തെ പ്രമുഖ പോയിൻറുകൾ പ്രസംഗകൻ എടുത്തുകാണിക്കും. നമ്മുടെ ജീവിതത്തോടും ആരാധനയോടും അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കും. ബൈബിൾ പ്രബോധനം എങ്ങനെ കൂടുതൽ മെച്ചമായി ബാധകമാക്കാൻ കഴിയുമെന്നു മനസ്സിലാക്കുന്നതിനു നന്നായി ശ്രദ്ധിക്കുക.—സങ്കീ. 119:105.
5 നിങ്ങൾക്ക് ഒരു വിദ്യാർഥിപ്രസംഗം നിയമിച്ചുതന്നിട്ടുണ്ടെങ്കിൽ നിങ്ങൾ ഇത്തവണ ശ്രദ്ധിക്കേണ്ട പ്രസംഗഗുണം എന്തെന്നു നോക്കുക. ആ പ്രസംഗഗുണത്തോടു ബന്ധപ്പെട്ടു സ്കൂൾ ഗൈഡ്ബുക്കിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ വായിച്ചുനോക്കുക. അവ ബാധകമാക്കിനോക്കാനും ശ്രമിക്കുക. നിങ്ങളുടെ പ്രസംഗത്തിനു വേണ്ടി വിഷയം തിരഞ്ഞെടുക്കുമ്പോൾ വയലിൽ പ്രായോഗികമായിരിക്കുന്ന പോയിൻറുകൾക്ക് ഊന്നൽ കൊടുക്കാൻ ശ്രമിക്കുക.—ഗൈഡ് പേ. 96-9.
6 3-ാമത്തെയോ 4-ാമത്തെയോ നമ്പർ പ്രസംഗം അവതരിപ്പിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്ന ഒരു സഹോദരിയാണ് നിങ്ങളെങ്കിൽ യഥാർഥമെന്നു തോന്നിക്കുന്ന ഒരു രംഗസംവിധാനത്തിൽ വിഷയം അവതരിപ്പിക്കാൻ ശ്രമിക്കുക. നിങ്ങൾ പറയുന്ന സർവകാര്യങ്ങളോടും വീട്ടുകാരൻ യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്തേക്കാം; അന്തർലീനമായ ബൈബിൾ തത്ത്വങ്ങളെക്കുറിച്ചു ന്യായവാദം ചെയ്യാൻ വ്യക്തിയെ നിങ്ങൾ എപ്രകാരം സഹായിക്കുമെന്നു കാണിക്കാൻ പരിശ്രമിക്കുക. (ഗൈഡ് പേ. 153-8) വയൽസേവനത്തിൽ അഭിമുഖീകരിക്കാറുളള സമാനമായ തടസ്സവാദങ്ങളെ എങ്ങനെ നേരിടാമെന്നു കാണാൻ സദസ്യരെ ഇതു സഹായിക്കും. മുന്നമേതന്നെ നന്നായി തയ്യാറാകുക. നേരത്തെതന്നെ നിങ്ങളുടെ വീട്ടുകാരനുമായി പരിശീലിച്ചു നോക്കുന്നതിനു ക്രമീകരണവും ചെയ്യുക. യോഗം തുടങ്ങിയതിനുശേഷം പരിശീലിച്ചു നോക്കേണ്ട ആവശ്യം വരരുത്.
7 ഹാളിന്റെ മുൻവശത്തോടടുത്ത് ഇരിക്കാൻ പ്രസംഗങ്ങൾ നടത്തുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു. ഇതു സമയം ലാഭിക്കുകയും കൂടുതൽ വ്യക്തിഗതമായ ഒരു രീതിയിൽ തന്റെ അഭിപ്രായങ്ങൾ പറയാൻ സ്കൂൾ മേൽവിചാരകനെ പ്രാപ്തനാക്കുകയും ചെയ്യുന്നു. സ്കൂൾ ഗൈഡ്ബുക്കിനെ ആസ്പദമാക്കി അദ്ദേഹം നൽകുന്ന ദയാപുരസ്സരവും സുനിശ്ചിതവുമായ നിർദേശങ്ങളിൽനിന്ന് എല്ലാവർക്കും പ്രയോജനം നേടാനാകും. പ്രസംഗഗുണദോഷ ചീട്ടിൽ കൊടുത്തിരിക്കുന്ന പ്രസംഗപോയിൻറുകളുടെ ക്രമം അദ്ദേഹം പിൻപററണമെന്നില്ല; ഇപ്പോൾ നിങ്ങൾ ഏററവും പുരോഗമിക്കേണ്ട ഒരു ഗുണദോഷ പോയിൻറായിരിക്കും അദ്ദേഹം തിരഞ്ഞെടുക്കുന്നത്.
8 നാം എല്ലാ വാരവും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനു വേണ്ടി തയ്യാറുകുകയും അതിൽ സംബന്ധിക്കുകയും ചെയ്യേണ്ടതിന്റെ നല്ല കാരണങ്ങളാണ് ഇവയെല്ലാം. നമുക്കു ലഭിക്കുന്ന പ്രബോധനത്തിനു ശുശ്രൂഷയിൽ ജ്ഞാനികളും മികവുററവരുമായിരിക്കാൻ നമ്മെ സഹായിക്കാനാകും.—സദൃ. 1:5.