സത്യം പങ്കുവെക്കാൻ മാസികകൾ ഉപയോഗിക്കുക
1 ഇന്നത്തെ സമൂഹത്തിൽ സത്യസന്ധവും വാസ്തവികവുമായ വിവരങ്ങളുടെ മൂല്യം വൻതോതിൽ അവഗണിക്കപ്പെടുന്നു. കാരണം പെരുപ്പിച്ചുകാട്ടുന്ന പരസ്യങ്ങളും വഴിതെററിക്കുന്ന രാഷ്ട്രീയ വാഗ്ദാനങ്ങളും വഞ്ചകമായ അന്തർദേശീയ പ്രഖ്യാപനങ്ങളുമാണ് ഇന്നു നിലവിലുളളത്. വീക്ഷാഗോപുരവും ഉണരുക!യും മാത്രമേ ദൈവരാജ്യത്തെക്കുറിച്ചുളള സത്യം പ്രഖ്യാപിക്കുകയും അതു കൈവരുത്തുന്ന നിത്യാനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിന് എല്ലാവരും എന്തു ചെയ്യണമെന്നു വിശദീകരിക്കുകയും ചെയ്യുന്നുളളൂ. ആ കാര്യത്തിൽ അവ അനുപമമാണ്.
2 ഒരു രാജ്യത്ത് ഇൻഫർമേഷൻ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ഈ രണ്ടു മാസികകളുടെ മൂല്യം വിലമതിച്ചു. അവയുടെ വിതരണത്തിനുളള അംഗീകാരം നേടുന്നതിൽ അദ്ദേഹം സത്വരം സഹായിക്കുകയും ചെയ്തു. അദ്ദേഹം പ്രസ്താവിച്ചത് ഇങ്ങനെയാണ്: “വീക്ഷാഗോപുരത്തെ ഏററവും നല്ല മാസികകളിൽ ഒന്നായി ഞാൻ കണക്കാക്കുന്നു; സഹായിക്കാൻ എനിക്കു വളരെ സന്തോഷമേയുളളൂ.” ജീവദായകമായ അറിവ് പ്രദാനം ചെയ്യാൻ കഴിയുന്ന ഈ പത്രികകൾ വിതരണം ചെയ്തുകൊണ്ടു മററുളളവരെ സഹായിക്കുക എന്നുളളത് നമ്മുടെ പദവിയാണ്. (യോഹ. 17:3) മേയ്മാസത്തിൽ വിലയേറിയ ഈ മാസികകൾ നിങ്ങൾ എങ്ങനെ അവതരിപ്പിക്കും? അവയ്ക്കുളള വരിസംഖ്യകൾ എങ്ങനെ സമർപ്പിക്കും? ഒരുപക്ഷേ, പിൻവരുന്ന നിർദേശങ്ങൾ സഹായകമായിരുന്നേക്കാം.
3 മേയ് 15 “വീക്ഷാഗോപുര”ത്തിലുളള ആദ്യത്തെ ലേഖനങ്ങളാണു വിശേഷവത്കരിക്കുന്നതെങ്കിൽ, നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം:
◼“ലോകത്തിൽ ഏററവുമധികം വിററഴിക്കപ്പെടുന്ന പുസ്തകത്തെക്കുറിച്ചു ഞങ്ങൾ ആളുകളോടു സംസാരിക്കുകയാണ്. അത് ഏതാണെന്നു നിങ്ങൾക്കറിയാമോ? [മറുപടി പറയാൻ അനുവദിക്കുക.] ഞങ്ങൾ സംസാരിക്കുന്നതു ബൈബിളിനെക്കുറിച്ചാണ്. അനവധിയാളുകൾ ബൈബിൾ വാങ്ങിയിരിക്കുന്നതിനു വളരെ നല്ല ഒരു കാരണമുണ്ടായിരിക്കണം. ആ കാരണം 2 തിമൊഥെയൊസ് 3:16-ൽ കാണാം.” ആ പാഠഭാഗം വായിച്ചശേഷം ലേഖനങ്ങളിലൊന്നിൽനിന്ന് അനുയോജ്യമായ ആശയങ്ങൾ പ്രത്യേകം എടുത്തുകാട്ടുക.
4 അല്ലെങ്കിൽ ഹ്രസ്വമായ ഒരു മുഖവുരക്കുശേഷം നിങ്ങൾക്ക് ഏതാണ്ടിതുപോലെ പറയാവുന്നതാണ്:
◼“കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു ലോകവ്യാപകമായി വർധിച്ചുവരുന്ന ഉത്കണ്ഠ സമീപവർഷങ്ങളിൽ ഉളളതായി നിങ്ങൾ ഒരുപക്ഷേ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കാം. നിങ്ങളുടെ പ്രദേശത്തു കുട്ടികളെ ബാധിക്കുന്ന ഏതെല്ലാം പ്രശ്നങ്ങളാണ് നിങ്ങളെ ഉത്കണ്ഠപ്പെടുത്തുന്നത്?” മറുപടി പറയാൻ അനുവദിക്കുക. മേയ് 8 ഉണരുക!യിലെ (അർധമാസപതിപ്പുകൾ) പ്രാരംഭ ലേഖനങ്ങളിൽ ചർച്ച ചെയ്തിരിക്കുന്ന, ലോകത്തിനു ചുററും കുട്ടികൾ നേരിടുന്ന ഗുരുതരമായ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുക. (പ്രതിമാസപതിപ്പുകൾ സമർപ്പിക്കുമ്പോൾ മയക്കുമരുന്നാസക്തി എന്ന പ്രശ്നത്തെ നിങ്ങൾക്കു പരാമർശിക്കാവുന്നതാണ്) എന്നിട്ട് ദൈവരാജ്യം പ്രദാനം ചെയ്യുന്ന പരിഹാരമാർഗത്തിലേക്കു ശ്രദ്ധ തിരിച്ചുവിടുക.
5 മടക്കസന്ദർശനങ്ങൾ സംബന്ധിച്ച നിങ്ങളുടെ രേഖയിൽ, പ്രാരംഭത്തിൽ അൽപ്പം താത്പര്യം കാട്ടിയിട്ട് ഫലങ്ങളൊന്നുമില്ലാതിരിക്കുന്നവരുടെ പേരുവിവരപ്പട്ടിക ഉണ്ടായിരിക്കാനിടയുണ്ട്. പരിമിതമായ പ്രതികരണമേ ഉണ്ടായിരുന്നുളളൂ എന്നതുകൊണ്ട് മടങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യം നിങ്ങൾക്കു തോന്നാതിരുന്നേക്കാം. എന്നാൽ ഒരു മാസികാറൂട്ട് സ്ഥാപിച്ചെടുക്കാൻ ഈ പട്ടിക ഉപയോഗിക്കുന്നതിനു നിങ്ങൾക്കു കഴിഞ്ഞേക്കും. ഒരു പ്രത്യേക വ്യക്തിക്ക് ആകർഷകമെന്നു തോന്നിയേക്കാമെന്നു നിങ്ങൾ വിചാരിക്കുന്ന ഒരു ലേഖനം കാണുമ്പോൾ ആ വ്യക്തിയെ സന്ദർശിച്ച് ആ മാസിക സമർപ്പിക്കണം എന്നതു നിങ്ങളുടെ ലാക്കാക്കുക.
6 അനൗപചാരിക സാക്ഷീകരണം: മാസികകളിൽ താത്പര്യം നട്ടുവളർത്തുന്നതിന് ഒരു ഉത്തമമാർഗമാണിത്. ഒരു സംഭാഷണം തുടങ്ങുന്നതിന് ആകർഷകമായ പുറംതാളുകൾ വിവേകപൂർവം പ്രദർശിപ്പിച്ചാൽ മതിയായിരിക്കും. സഹജോലിക്കാർ കടന്നുപോകുമ്പോൾ അവർക്കു കാണാൻ കഴിയേണ്ടതിന് ഒരു സഹോദരി കുറെ മാസികകൾ തന്റെ മേശപ്പുറത്തു വെച്ചു; അനേകം മാസികകൾ സമർപ്പിക്കാൻ ആ സഹോദരിക്കു കഴിഞ്ഞു. കുറെ കോപ്പികൾ കൂടെ കൊണ്ടുപോകുക എന്നത് നിങ്ങളുടെ ലാക്കാക്കുക. ഈ മാസം നിങ്ങൾ കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴോ സ്കൂളിൽ പോകുമ്പോഴോ ബസ്സിൽ യാത്ര ചെയ്യുമ്പോഴോ മറെറവിടെയെങ്കിലും വച്ചോ ആളുകളെ കാണുമ്പോൾ അവ സമർപ്പിക്കുന്നതിനു മുൻകൈ എടുക്കുക.
7 വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും സഹായത്തോടെ യഹോവയെയും അവിടുത്തെ ആരാധനയെയും സംബന്ധിച്ച മർമപ്രധാനമായ ചോദ്യങ്ങൾക്കു നാം ഉത്തരങ്ങൾ കണ്ടെത്തിയിരിക്കുന്നു. “സത്യത്തിന്റെ ദൈവമായ യഹോവ”യെക്കുറിച്ച് അറിയാൻ മററുളളവരെ സഹായിക്കുന്നതിനു സാധ്യമായ ഏതു മാർഗത്തിലും ഈ പത്രികകൾ ഉപയോഗിക്കാൻ നാം ആഗ്രഹിക്കുന്നു.—സങ്കീ. 31:5, NW.