വീക്ഷാഗോപുരവും ഉണരുക!യും സത്യത്തിന്റെ സമയോചിതമായ പത്രികകൾ
“സത്യത്തിന്റെ ദൈവമായ യഹോവേ, അങ്ങ് എന്നെ വീണ്ടെടുത്തിരിക്കുന്നു.”—സങ്കീർത്തനം 31:5, NW.
1, 2. (എ) വീക്ഷാഗോപുരത്തിൽ താൻ വായിച്ച ഒരു സംഗതിയോട് ഒരു സഹോദരി എങ്ങനെയാണു പ്രതികരിച്ചത്? (ബി) നമ്മുടെ പത്രികകളെക്കുറിച്ച് ഏതെല്ലാം ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു?
“‘കൊടുംവേദനയുടെ സമയങ്ങളിൽ നിങ്ങൾക്ക് ആശ്വാസം കണ്ടെത്താൻ കഴിയും’a എന്ന വീക്ഷാഗോപുരലേഖനത്തിലെ അത്ഭുതകരമായ വിവരങ്ങൾക്കു ഞാൻ എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു” എന്ന് ഒരു ക്രിസ്തീയ സ്ത്രീ എഴുതി. “നിങ്ങൾ അവതരിപ്പിച്ച പല ആശയങ്ങളും എനിക്കു കൈകാര്യം ചെയ്യേണ്ടിവന്നിട്ടുള്ള അതേ വികാരങ്ങൾതന്നെയാണ്; എനിക്കുവേണ്ടിയാണോ ഈ ലേഖനം എഴുതിയിരിക്കുന്നത് എന്നുപോലും തോന്നിപ്പോയി. ആദ്യ വായനയിൽത്തന്നെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. എനിക്ക് അനുഭവപ്പെടുന്നത് എന്തെന്നു മനസ്സിലാക്കുന്ന മററു ചിലർ ഉണ്ടെന്നറിയുന്നതു തികച്ചും വിസ്മയാവഹംതന്നെ! യഹോവയുടെ സാക്ഷികളിൽ ഒരുവളാകാൻ കഴിഞ്ഞതിൽ എനിക്ക് അങ്ങേയററം നന്ദിയുണ്ട്. സമീപഭാവിയിൽ പറുദീസയിലുള്ള നിത്യജീവന്റെ വാഗ്ദത്തവും ഇപ്പോൾത്തന്നെ നമ്മുടെ ദേഹികൾക്കുള്ള ആശ്വാസവും വേറെ എവിടെയാണു കണ്ടെത്താനാകുക! നന്ദി. ഒരു ദശലക്ഷം പ്രാവശ്യം ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു.”
2 എപ്പോഴെങ്കിലും നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ? വീക്ഷാഗോപുരത്തിലോ അതിന്റെ കൂട്ടുപത്രികയായ ഉണരുക!യിലോ വന്ന എന്തെങ്കിലും വിശേഷിച്ചു നിങ്ങൾക്കുവേണ്ടിയാണ് എഴുതിയിരിക്കുന്നത് എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ജനഹൃദയങ്ങളെ ആകർഷിക്കുന്നതായി നമ്മുടെ മാസികകളിൽ എന്താണുള്ളത്? അവയിലുള്ള ജീവരക്ഷാകര സന്ദേശത്തിൽനിന്നു പ്രയോജനം നേടാൻ മററുള്ളവരെ നമുക്ക് എങ്ങനെ സഹായിക്കാനാകും?—1 തിമൊഥെയൊസ് 4:16.
സത്യത്തിനുവേണ്ടി വാദിക്കുന്ന മാസികകൾ
3. വീക്ഷാഗോപുരവും ഉണരുക!യും അനേകം വായനക്കാരുടെ ഹൃദയങ്ങളെ സ്പർശിച്ചിരിക്കുന്നത് ഏതു നല്ല കാരണത്താലാണ്?
3 യഹോവ “സത്യത്തിന്റെ ദൈവ”മാണ്. (സങ്കീർത്തനം 31:5, NW) അവിടുത്തെ വചനമായ ബൈബിൾ സത്യത്തിന്റെ പുസ്തകമാണ്. (യോഹന്നാൻ 17:17) പരമാർഥഹൃദയരായ ആളുകൾ സത്യത്തോടു പ്രതികരിക്കുന്നു. (യോഹന്നാൻ 4:23, 24 താരതമ്യപ്പെടുത്തുക.) നിർമലതയും സത്യവുമുള്ള പത്രികകളാണ് വീക്ഷാഗോപുരവും ഉണരുക!യും. ലക്ഷക്കണക്കിനു വായനക്കാരുടെ ഹൃദയങ്ങളെ അവ സ്പർശിച്ചിരിക്കുന്നതിന്റെ ഒരു കാരണം അതാണ്. വാസ്തവത്തിൽ, ബൈബിൾസത്യത്തോടുള്ള വിശ്വസ്തത സംബന്ധിച്ച ഒരു തർക്കം നിമിത്തമായിരുന്നു വീക്ഷാഗോപുരം പ്രസിദ്ധീകരിക്കാൻ ഇടയായത്.
4, 5. (എ) സി.ററി. റസ്സൽ വീക്ഷാഗോപുരം പ്രസിദ്ധീകരിക്കുന്നതിനിടയാക്കിയ സാഹചര്യങ്ങൾ എന്തെല്ലാമായിരുന്നു? (ബി) വീക്ഷാഗോപുരപത്രിക “വിശ്വസ്തനും വിവേകിയുമായ അടിമ”വർഗം എങ്ങനെ ഉപയോഗിക്കുന്നു?
4 1876-ൽ ചാൾസ് ററി. റസ്സൽ ന്യൂയോർക്കിലെ റോച്ചസ്റററിലുള്ള നെൽസൺ എച്ച്. ബാർബറുമായി ലോഹ്യത്തിലായി. ബാർബറുടെ മതപരമായ ആനുകാലിക പ്രസിദ്ധീകരണമായിരുന്നു ഹെരാൾഡ് ഓഫ് ദ മോർണിങ്. റസ്സൽ ഇതിന്റെ അച്ചടി പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ പണമെല്ലാമിറക്കി. ബാർബർ അതിന്റെ മുഖ്യ പത്രാധിപരും റസ്സൽ സഹപത്രാധിപരുമായി. എന്നിരുന്നാലും, ഒന്നര വർഷം കഴിഞ്ഞ്, ഹെരാൾഡിന്റെ 1878 ആഗസ്ററ് ലക്കത്തിൽ ക്രിസ്തുവിന്റെ മരണത്തിന്റെ രക്ഷാകരമൂല്യത്തെ നിഷേധിച്ചുകൊണ്ടു ബാർബർ ഒരു ലേഖനമെഴുതി. ബാർബറെക്കാൾ ഏതാണ്ടു 30 വയസ്സു താഴെയുള്ള റസ്സൽ അടുത്ത ലക്കത്തിൽത്തന്നെ യേശുവിന്റെ മറുവിലയെ ഉയർത്തിപ്പിടിച്ചുകൊണ്ടു മറെറാരു ലേഖനമെഴുതി. “ദൈവവചനത്തിന്റെ പരമപ്രധാന പഠിപ്പിക്കലുകളിലൊന്നാ”യി അദ്ദേഹം അതിനെ പരാമർശിച്ചു. (മത്തായി 20:28) ബാർബറോടു തിരുവെഴുത്തുപരമായി പലവുരു ന്യായവാദം ചെയ്തുനോക്കിയ റസ്സൽ അവസാനം ഹെരാൾഡുമായുള്ള തന്റെ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻതന്നെ തീരുമാനിച്ചു. അതോടെ, സഹപത്രാധിപരായി അതുവരെ കാണിച്ചിരുന്ന റസ്സൽ എന്ന പേർ ആ പത്രികയുടെ 1879 ജൂൺ മുതലുള്ള ലക്കങ്ങളിൽനിന്ന് അപ്രത്യക്ഷമായി. 27-കാരനായ റസ്സൽ ഒരു മാസം കഴിഞ്ഞപ്പോൾ പ്രസിദ്ധീകരണം ആരംഭിച്ചതാണ് സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തുസാന്നിദ്ധ്യഘോഷകനും (വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന് അതിപ്പോൾ അറിയപ്പെടുന്നു), അത് ആദ്യംതൊട്ടേ മറുവിലപോലുള്ള തിരുവെഴുത്തു സത്യം ഉയർത്തിപ്പിടിച്ചിരിക്കുന്നു.
5 കഴിഞ്ഞ 114 വർഷമായി ഒരു പ്രഗത്ഭ അഭിഭാഷകനെപ്പോലെ, വീക്ഷാഗോപുരം ബൈബിൾസത്യങ്ങളുടെയും ഉപദേശങ്ങളുടെയും സംരക്ഷകനായി സ്വയം നിലയുറപ്പിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ വിലമതിപ്പുള്ള, ലക്ഷക്കണക്കിനു വായനക്കാരുടെ വിശ്വാസമാർജിക്കാൻ അതിനു കഴിഞ്ഞു. ഇപ്പോഴും അതു മറുവിലയെ ശക്തമായി പിന്തുണക്കുന്നു. (ഉദാഹരണത്തിന്, 1992 സെപ്ററംബർ 15-ലെ ലക്കത്തിന്റെ 3-7 പേജുകൾ കാണുക.) അതു യഹോവയുടെ സ്ഥാപിതമായ രാജ്യത്തെക്കുറിച്ചു പ്രഖ്യാപിക്കുന്നതിനും “തക്കസമയത്തു”ള്ള ആത്മീയഭക്ഷണം എത്തിച്ചുകൊടുക്കുന്നതിനുംവേണ്ടി “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെയും അതിന്റെ ഭരണസംഘത്തിന്റെയും മുഖ്യ ഉപകരണമായി വർത്തിക്കുന്നതിൽ തുടരുന്നു.—മത്തായി 24:14, 45, NW.
6, 7. സുവർണ്ണയുഗത്തിന്റെ പ്രഖ്യാപിതലക്ഷ്യം എന്തായിരുന്നു, ചിന്തിക്കുന്ന ആളുകൾ അതിന്റെ സന്ദേശത്തോടു പ്രതികരിച്ചു എന്നു പ്രകടമാക്കുന്നതെന്ത്?
6 ഉണരുക! മാസികയോ? ആരംഭംമുതലേ ഉണരുക!യും സത്യത്തിനുവേണ്ടിയേ വാദിച്ചിട്ടുള്ളൂ. ആരംഭത്തിൽ സുവർണ്ണയുഗം [ഇംഗ്ലീഷ്] എന്നറിയപ്പെട്ടിരുന്ന ഈ മാസിക പൊതുജനങ്ങൾക്കു വിതരണം ചെയ്യാനായിരുന്നു രൂപകൽപ്പന ചെയ്തത്. ഇതിന്റെ ലക്ഷ്യം സംബന്ധിച്ച് 1919 ഒക്ടോബർ 1-ലെ ആദ്യ ലക്കംതന്നെ ഇങ്ങനെ പ്രസ്താവിച്ചു: “ദിവ്യജ്ഞാനത്തിന്റെ വെളിച്ചത്തിൽ ഈ നാളുകളിലെ വൻപ്രതിഭാസങ്ങളുടെ അർഥം വിശദീകരിച്ച് ചിന്തിക്കുന്നവർക്കു തർക്കമററതും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ നൽകി മനുഷ്യവർഗത്തിനു മഹത്തരമായ അനുഗ്രഹങ്ങൾ സമീപിച്ചിരിക്കുന്ന സമയമാണിതെന്നു സ്ഥാപിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.” ചിന്തിക്കുന്നവരായ ആളുകൾ സുവർണ്ണയുഗത്തന്റെ സന്ദേശത്തോടു പ്രതികരിച്ചു. പല വർഷങ്ങളോളം അതിന്റെ വിതരണം വീക്ഷാഗോപുരത്തന് ഉണ്ടായിരുന്നതിനെക്കാൾ കൂടുതലുമായിരുന്നു.b
7 എന്നിരുന്നാലും, ഉപദേശപരമായ സത്യങ്ങൾ പ്രസിദ്ധീകരിക്കുകയും ലോകാവസ്ഥകളുടെ പ്രാവചനിക പ്രാധാന്യം വിശദീകരിക്കുകയും ചെയ്യുന്നു എന്ന വസ്തുതയ്ക്കുമപ്പുറം പോകുന്നതാണു വീക്ഷാഗോപുരം, ഉണരുക! എന്നിവയുടെ ആകർഷണീയത. വിശേഷിച്ച്, കഴിഞ്ഞ ഒന്നോ രണ്ടോ ദശകങ്ങളിൽ നമ്മുടെ മാസികകൾ ആളുകളുടെ ഹൃദയം കവർന്നിരിക്കുന്നതിനു വേറൊരു കാരണവുമുണ്ട്.
ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്ന സമയോചിതമായ ലേഖനങ്ങൾ
8. യൂദാ തന്റെ എഴുത്തിൽ എന്തു മാററം വരുത്തി, സഭയ്ക്കുള്ളിലെ എന്തു സ്വാധീനങ്ങളെ ചെറുത്തുനിൽക്കാനാണ് അദ്ദേഹം തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചത്?
8 യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം ഏതാണ്ടു 30 വർഷം കഴിഞ്ഞ്, ബൈബിൾ എഴുത്തുകാരനായ യൂദാ വെല്ലുവിളിനിറഞ്ഞ ഒരു സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുകയുണ്ടായി. അധാർമിക, മൃഗതുല്യ മനുഷ്യർ ക്രിസ്ത്യാനികളുടെ ഇടയിലേക്കു നുഴഞ്ഞു കയറിയിട്ടുണ്ടായിരുന്നു. സഹക്രിസ്ത്യാനികൾക്ക് ഒരു ഉപദേശപരമായ വിഷയത്തെ—അഭിഷിക്ത ക്രിസ്ത്യാനികൾക്കു പൊതുവിലുണ്ടായിരുന്ന രക്ഷയെ—ആസ്പദമാക്കി എഴുതാനാണു യൂദാ ഉദ്ദേശിച്ചിരുന്നത്. അതിനു പകരം, സഭയ്ക്കുള്ളിലെ ദുഷിപ്പിക്കുന്ന സ്വാധീനങ്ങളെ ചെറുത്തുനിൽക്കാൻ തന്റെ വായനക്കാരെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട അദ്ദേഹത്തിനു തോന്നി. (യൂദാ 3, 4, 19-23) സാഹചര്യത്തിനു ചേർച്ചയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തി തന്റെ ക്രിസ്തീയ സഹോദരങ്ങളുടെ ആവശ്യങ്ങൾക്കുപകരിക്കുന്ന സമയോചിതമായ ബുദ്ധ്യുപദേശം കൊടുക്കുകയാണു യൂദാ ചെയ്തത്.
9. നമ്മുടെ പത്രികകൾക്കുവേണ്ടി സമയോചിതമായ ലേഖനങ്ങൾ തയ്യാറാക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
9 സമാനമായി, നമ്മുടെ പത്രികകൾക്കുവേണ്ടി സമയോചിതമായ ലേഖനങ്ങൾ തയ്യാറാക്കുക എന്നതു വെല്ലുവിളിനിറഞ്ഞ ഒരു ഉത്തരവാദിത്വമാണ്. കാലങ്ങൾ മാറുന്നു, ജനങ്ങളും—ഒന്നോ രണ്ടോ ദശകങ്ങൾക്കു മുമ്പുണ്ടായിരുന്ന ആവശ്യങ്ങളോ താത്പര്യങ്ങളോ അല്ല അവർക്ക് ഇപ്പോഴുള്ളത്. ഈയിടെ ഒരു സഞ്ചാരമേൽവിചാരകൻ നിരീക്ഷിച്ചത് ഇങ്ങനെയാണ്: “പണ്ട്, ഞാൻ ഒരു സാക്ഷിയായിത്തീർന്ന 1950-കളിൽ ആളുകളെ ബൈബിൾ പഠിപ്പിക്കുന്നതിലെ ഞങ്ങളുടെ സമീപനം അടിസ്ഥാനപരമായി സിദ്ധാന്തപരമായിരുന്നു, അതായത് ത്രിത്വം, നരകാഗ്നി, ദേഹി മുതലായവയെ കുറിച്ച് അവരെ പഠിപ്പിക്കുക. എന്നാൽ ഇപ്പോഴാകട്ടെ, എങ്ങനെയാണു ജീവിക്കേണ്ടത് എന്നു നാം അവരെ പഠിപ്പിക്കേണ്ടതായ അനേകം പ്രശ്നങ്ങളും വിഷമതകളും ആളുകളുടെ ജീവിതത്തിലുള്ളതായി കാണപ്പെടുന്നു.” എന്തുകൊണ്ടാണ് ഇങ്ങനെ?
10. 1914 മുതൽ മനുഷ്യകാര്യങ്ങളിൽ അനുഭവപ്പെടുന്ന അടിക്കടിയുള്ള അധഃപതനം നമ്മെ അമ്പരപ്പിക്കരുതാത്തത് എന്തുകൊണ്ട്?
10 “അവസാനനാളു”കളെ സംബന്ധിച്ചു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു: “ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും.” (2 തിമോത്തേയോസ് 3:1, 13, പി.ഒ.സി. ബൈ.) അതുകൊണ്ട്, അന്ത്യകാലത്തിന് ആരംഭം കുറിച്ച 1914 തൊട്ടു മനുഷ്യരുടെ കാര്യത്തിൽ അടിക്കടി അധഃപതനം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന സംഗതി നമ്മെ അമ്പരപ്പിക്കരുത്. സാത്താനു ശേഷിക്കുന്ന സമയം മുമ്പത്തെക്കാൾ കുറവാണ്, മുമ്പെങ്ങും ചെയ്യാത്ത വിധത്തിലാണു തന്റെ കോപം അവൻ മനുഷ്യസമൂഹത്തിനുമേൽ ചൊരിയുന്നത്. (വെളിപ്പാടു 12:9, 12) ഫലമോ, ധാർമിക മൂല്യങ്ങൾക്കും കുടുംബമൂല്യങ്ങൾക്കും കേവലം മുപ്പതോ നാൽപ്പതോ വർഷം മുമ്പുണ്ടായിരുന്ന അവസ്ഥയുമായി ഒരു ബന്ധവും ഇല്ലാതായി. മുൻ ദശകങ്ങളിൽ ഉണ്ടായിരുന്നതുപോലുള്ള മതപരമായ ചായ്വ് ആളുകൾക്കു പൊതുവേ ഇല്ലാതായിരിക്കുന്നു. ഇരുപതോ മുപ്പതോ വർഷം മുമ്പു കേട്ടുകേൾവിപോലുമില്ലാത്ത മുൻകരുതലുകൾ ആളുകൾ എടുക്കാൻതക്കവണ്ണം എവിടെയും കുററകൃത്യങ്ങൾ നടമാടുകയാണ്.—മത്തായി 24:12.
11. (എ) ഏതുതരം വിഷയങ്ങളാണ് ആളുകളുടെ മനസ്സിലുള്ളത്, ഈ ആവശ്യങ്ങളോടു വിശ്വസ്തനും വിവേകിയുമായ അടിമ എങ്ങനെയാണു പ്രതികരിച്ചിരിക്കുന്നത്? (ബി) നിങ്ങളുടെ ജീവിതത്തെ സ്പർശിച്ചിട്ടുള്ള വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ ഒരു ഉദാഹരണം നൽകുക.
11 അപ്പോൾ വൈകാരികവും സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങൾ അനേകമാളുകളുടെ മനസ്സുകളെ അലട്ടുന്നതിൽ ഒരത്ഭുതവുമില്ല. ശരിക്കും ആളുകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള, ആളുകളുടെ ജീവിതത്തെ സ്പർശിച്ചിട്ടുള്ള സമയോചിതമായ ലേഖനങ്ങൾ വീക്ഷാഗോപുരത്തിലൂടെയും ഉണരുക!യിലൂടെയും പ്രസിദ്ധീകരിച്ചുകൊണ്ടു വിശ്വസ്തനും വിവേകിയുമായ അടിമവർഗം ധൈര്യസമേതം പ്രതികരിച്ചിരിക്കുന്നു. ഏതാനും ഉദാഹരണങ്ങൾ പരിചിന്തിക്കുക.
12. (എ) വീക്ഷാഗോപുരത്തന്റെ 1980-ലെ ലക്കത്തിനുവേണ്ടി ഒരു മാതാവോ ഒരു പിതാവോ മാത്രമുള്ള കുടുംബങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങൾ തയ്യാറാക്കിയത് എന്തുകൊണ്ട്? (ബി) മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങളെക്കുറിച്ചു വന്ന ലേഖനങ്ങൾക്ക് ഒരു സഹോദരി വിലമതിപ്പു പ്രകടിപ്പിച്ചതെങ്ങനെ?
12 കുടുംബപ്രശ്നങ്ങൾ. മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണത്തിൽ ലോകവ്യാപക റിപ്പോർട്ടുകൾ ദ്രുതഗതിയിലുള്ള ഒരു വർധനവു പ്രകടമാക്കിയപ്പോൾ “മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങൾ—പ്രശ്നങ്ങൾ അഭിമുഖീകരിക്കൽ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള തികച്ചും പുതുമയാർന്ന ലേഖനങ്ങളാണു വീക്ഷാഗോപുരത്തിന്റെ [ഇംഗ്ലീഷ്] 1980 സെപ്ററംബർ 15 ലക്കത്തിനുവേണ്ടി തയ്യാറാക്കിയത്. രണ്ട് ഉദ്ദേശ്യങ്ങളായിരുന്നു ലേഖനത്തിനുണ്ടായിരുന്നത്: (1) തങ്ങൾ അഭിമുഖീകരിക്കുന്ന അനന്യസാധാരണമായ പ്രശ്നങ്ങൾ നേരിടാൻ ഒററയ്ക്കുള്ള ഒരു മാതാവിനെയോ പിതാവിനെയോ സഹായിക്കുക. (2) “സഹാനുഭൂതി” പ്രകടമാക്കാനും മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങളെ ആത്മാർഥമായി “പരിരക്ഷിക്കാ”നും കഴിയേണ്ടതിനു മെച്ചപ്പെട്ട അറിവു ലഭിക്കാൻ മററുള്ളവരെ സഹായിക്കുക. (1 പത്രൊസ് 3:8; യാക്കോബ് 1:27, NW) അനേകം വായനക്കാർ ലേഖനത്തെ വിലമതിച്ചുകൊണ്ട് എഴുതുകയുണ്ടായി. “പുറംതാൾ കണ്ടപ്പോഴേ സത്യമായും എന്റെ കണ്ണുകൾ നിറഞ്ഞു; മാസിക തുറന്നു വിവരങ്ങൾ വായിച്ചപ്പോഴോ, വേണ്ട സമയത്ത് അത്തരം വിവരങ്ങൾ പ്രദാനം ചെയ്തതിന് എന്റെ ഹൃദയം യഹോവയോടുള്ള നന്ദികൊണ്ടു നിറഞ്ഞുതുളുമ്പി” എന്നായിരുന്നു ഒററയ്ക്കുള്ള ഒരു മാതാവ് എഴുതിയത്.
13. 1981-ലെ ഉണരുക!യിൽ വിഷാദത്തെ സംബന്ധിച്ച് ഏതു ഗഹനമായ ചർച്ചയാണു പ്രസിദ്ധീകരിച്ചത്, അതിനെക്കുറിച്ച് എന്തായിരുന്നു ഒരു വായനക്കാരിക്കു പറയാനുണ്ടായിരുന്നത്?
13 വൈകാരികപ്രശ്നങ്ങൾ. 1960-കൾ മുതൽ വിഷാദത്തെക്കുറിച്ചുള്ള വിഷയങ്ങൾ വീക്ഷാഗോപുരത്തിലും ഉണരുക!യിലും ചർച്ച ചെയ്തിട്ടുണ്ട്. (1 തെസ്സലൊനീക്യർ 5:14) എന്നാൽ 1981 സെപ്ററംബർ 8-ലെ ഉണരുക!യിലൂടെ [ഇംഗ്ലീഷ്] “നിങ്ങൾക്കു വിഷാദത്തോടു പൊരുതാനാകും!” എന്ന മുഖ്യവിഷയ പരമ്പരയിൽ പ്രസ്തുത വിഷയം സംബന്ധിച്ചു പുതുമയുള്ളതും ക്രിയാത്മകവുമായ ഒരു വീക്ഷണം അവതരിപ്പിച്ചു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിലമതിപ്പിൻ കത്തുകൾ വാച്ച് ടവർ സൊസൈററിയിലേക്ക് ഒഴുകി. ഒരു സഹോദരി എഴുതി: “ഞാൻ എങ്ങനെയാണ് എന്റെ ഹൃദയത്തിലെ വികാരങ്ങൾ കടലാസിൽ പ്രതിഫലിപ്പിക്കുക? എനിക്കിപ്പോൾ വയസ്സ് 24, കഴിഞ്ഞ പത്തു വർഷമായി എനിക്കു പല പ്രാവശ്യം വിഷാദ സമയങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ യഹോവയുമായി കൂടുതൽ അടുത്തതുപോലെ തോന്നുന്നു. വിഷാദമഗ്നരായ ആളുകളുടെ ആവശ്യങ്ങളോട് ഈ സ്നേഹനിർഭരമായ ലേഖനങ്ങളിലൂടെ അവിടുന്നു പ്രതികരിച്ചതിനു ഞാൻ നന്ദിയുള്ളവളാണ്, അതുതന്നെ നിങ്ങളോടും പറയാനാഗ്രഹിക്കുന്നു.”
14, 15. (എ) നമ്മുടെ പത്രികകളിൽ കുട്ടികളോടുള്ള ദുഷ്പെരുമാററം എന്ന വിഷയം കൈകാര്യം ചെയ്തിരിക്കുന്നതെങ്ങനെ? (ബി) ഓസ്ട്രേലിയയിലെ ഒരു കുതിരപ്പന്തയക്കാരനെ ആകർഷിച്ചത് ഏതു മാസികാലേഖനമായിരുന്നു?
14 സാമൂഹികപ്രശ്നങ്ങൾ. “അന്ത്യനാളുകളി”ൽ മനുഷ്യർ “സ്വസ്നേഹികളും . . . സ്വാഭാവിക പ്രിയമില്ലാത്തവരും . . . ആത്മനിയന്ത്രണമില്ലാത്തവരും ഉഗ്രൻമാരും നൻമപ്രിയമില്ലാത്തവരും” ആയിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയോസ് 3:1-3, NW) അതുകൊണ്ട്, വ്യാപകമായ തോതിൽ കുട്ടികളോടുള്ള ദുഷ്പെരുമാററം നടക്കുന്നതിൽ നാം അത്ഭുതപ്പെടരുത്. 1983 ഒക്ടോബർ 1-ലെ വീക്ഷാഗോപുരത്തിൽ [ഇംഗ്ലീഷ്] പ്രസിദ്ധീകരിച്ച “അഗമ്യഗമനത്തിന് ഇരകളായവർക്കുള്ള സഹായം” എന്ന ലേഖനത്തിൽ ഈ വിഷയത്തിന്റെ ഒരു തുറന്ന ചർച്ചയുണ്ടായിരുന്നു. എട്ടു വർഷം കഴിഞ്ഞ്, “കുട്ടികളോടുള്ള ദുഷ്പെരുമാററത്തിന്റെ മുറിവുണക്കൽ” എന്ന വിഷയത്തിന്റെ പരമ്പര 1991 ഒക്ടോബർ 8 ഉണരുക!യിൽ [ഇംഗ്ലീഷ്] വന്നു, ഇരകളായവർക്കു ഗ്രാഹ്യവും പ്രത്യാശയും പ്രദാനം ചെയ്യുന്നതിനും അവർക്കു സഹായമേകുംവിധം മററുള്ളവർ അവരോട് ഇടപെടേണ്ടതിന് ആളുകൾക്കു പരിജ്ഞാനം പകരുന്നതിനുംവേണ്ടി ശ്രദ്ധാപൂർവം തയ്യാർ ചെയ്തതായിരുന്നു ഇത്. നമ്മുടെ പത്രികകളുടെ ചരിത്രത്തിൽ ഇതായിരുന്നു വായനക്കാരിൽനിന്ന് ഏററവും കൂടുതൽ പ്രതികരണം ക്ഷണിച്ചുവരുത്തിയ ലേഖനപരമ്പര. ഒരു വായനക്കാരൻ എഴുതി: “ഈ ലേഖനങ്ങളിലെ ആശ്വാസപ്രദമായ ചിന്തകളും തിരുവെഴുത്തുപരമായ പരാമർശങ്ങളുമാണ് എന്റെ സുഖപ്രാപ്തിക്കു കാരണമായ ഏററവും വലിയ സ്വാധീനം. യഹോവ എന്നെക്കുറിച്ചു ചിന്തിക്കുന്നത് ലേശംപോലും വിലകുറഞ്ഞല്ല എന്നറിയുന്നത് ഒരു അതിരററ ആശ്വാസമായിരുന്നു. ഞാൻ ഒററയ്ക്കല്ല എന്നറിഞ്ഞതും അതുപോലെതന്നെ ആശ്വാസദായകമായിരുന്നു.”
15 കുതിരപ്പന്തയവുമായി കഴിഞ്ഞിരുന്ന ഒരു കുതിരയോട്ടക്കാരൻ, അതിലുള്ള തന്റെ മനംമടുപ്പ് അറിയിച്ചുകൊണ്ട് ഓസ്ട്രേലിയയിലെ മെൽബണിലുള്ള വാച്ച് ടവർ സൊസൈററിയുടെ സിഡ്നി ഓഫീസിലേക്ക് ഒരു ദീർഘദൂര ഫോൺവിളി നടത്തി. 1993 ജൂൺ 8-ലെ ഉണരുക!യിൽ വന്ന, “ബലാൽസംഗം—ഒരു സ്ത്രീയുടെ പേടിസ്വപ്നം” എന്ന ലേഖനം അപ്പോൾ വായിച്ചതേയുണ്ടായിരുന്നുള്ളൂ എന്ന് അയാൾ പറഞ്ഞു. ഇത്ര മൂല്യവത്തായ ഒരു മാസികയുണ്ടെന്നുതന്നെ വിശ്വസിക്കാൻ അയാൾക്കു പ്രയാസം. 30 മിനിറേറാളം അയാൾ പല ചോദ്യങ്ങളും ചോദിച്ചു. വലിയ സന്തോഷത്തോടെയായിരുന്നു അയാൾ അതിനുള്ള ഉത്തരങ്ങളെല്ലാം കേട്ടത്.
16. നമ്മുടെ പത്രികകളോടുള്ള നിങ്ങളുടെ വിലമതിപ്പു നിങ്ങൾക്ക് ഏതെല്ലാം വിധങ്ങളിൽ പ്രകടിപ്പിക്കാം?
16 നിങ്ങളെ സംബന്ധിച്ചോ? വീക്ഷാഗോപുരത്തിലോ ഉണരുക!യിലോ പ്രസിദ്ധീകരിച്ച ഒരു പ്രത്യേക ലേഖനം നിങ്ങളുടെ ജീവിതത്തെ സ്പർശിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ, നമ്മുടെ പത്രികകളോട് ആഴത്തിലുള്ള ഒരു കൃതജ്ഞതാബോധം നിങ്ങൾക്കു തോന്നുമെന്നതിൽ ഒരു സംശയവുമില്ല. എങ്ങനെയാണു നിങ്ങൾക്കു നിങ്ങളുടെ വിലമതിപ്പു പ്രകടമാക്കാനാകുക? തീർച്ചയായും, നിങ്ങൾതന്നെ ഓരോ ലക്കവും വായിച്ചുകൊണ്ട്. ഈ വിലതീരാത്ത പത്രികകൾക്ക് ആവുംവിധം പ്രചാരം നൽകുന്നതിൽ പങ്കുകൊള്ളാൻ നിങ്ങൾക്കു കഴിയും. ഇത് എപ്രകാരം ചെയ്യാൻ കഴിയും?
അവ മററുള്ളവരുമായി പങ്കുവെക്കുക!
17. മാസികാവിതരണം വർധിപ്പിക്കാൻ സഭകൾക്ക് എന്തു ചെയ്യാവുന്നതാണ്?
17 ഒന്നാമതായി, ഓരോ സഭയ്ക്കും ചെയ്യാവുന്ന ഒരു കാര്യമുണ്ട്. “വീടുതോറും, കടകൾതോറും കയറിയിറങ്ങി നടത്തുന്ന മാസികാവിതരണമാണ് ഏററവും ഫലപ്രദം. അതുകൊണ്ട്, മാസികാവിതരണത്തിന്റെ ഈ മേഖലകൾ മാസികാദിവസപ്രവർത്തനത്തിന്റെ ഒരു ക്രമമായ ഭാഗമായിരിക്കണമെന്നു സൊസൈററി ശുപാർശ ചെയ്യുന്നു” എന്ന് 1952 ഒക്ടോബറിലെ ഇൻഫോർമാൻറ് (ഇപ്പോൾ നമ്മുടെ രാജ്യ ശുശ്രൂഷ) പറയുകയുണ്ടായി. ആ നിർദേശം ഇപ്പോഴും പ്രാബല്യത്തിലുണ്ട്. സഭകൾക്ക് ഒരു മാസികാദിവസം പട്ടികപ്പെടുത്താവുന്നതാണ്, അതായതു മുഖ്യമായും മാസികാസാക്ഷീകരണത്തിനു മാത്രമായി ഒരു ദിവസം. മിക്ക സഭകൾക്കും ചില ശനിയാഴ്ചകൾ നിസ്സംശയമായും ഉചിതമായിരിക്കും. അതേ, വീടുതോറും, കടകൾതോറും, തെരുവുതോറും, മാസികാറൂട്ടുതോറും മാസികാസാക്ഷീകരണം നടത്താൻ ഓരോ സഭയും പ്രത്യേക ദിവസങ്ങളോ സായാഹ്നങ്ങളോ മാററിവെക്കട്ടെ. കൂടാതെ, മാസികാവിതരണം വർധിപ്പിക്കാൻ രാജ്യപ്രസാധകനായ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
18, 19. (എ) വീക്ഷാഗോപുരം, ഉണരുക!ബോധമുള്ളവർ ആയിരിക്കുന്നത് എങ്ങനെയാണു നിങ്ങളെ മാസിക സമർപ്പിക്കാൻ സഹായിക്കുന്നത്? (ബി) മാസിക സമർപ്പിക്കുമ്പോൾ ഹ്രസ്വവും കുറിക്കു കൊള്ളുന്നതുമായ അവതരണം നടത്തുന്നതിന്റെ മെച്ചം എന്ത്? (സി) ആളുകളുടെ ഭവനങ്ങളിലേക്കു മാസികകൾ എത്തിക്കുന്നതിന്റെ മൂല്യം പ്രകടമാക്കുന്നതെന്ത്?
18 “വീക്ഷാഗോപുരം”, “ഉണരുക!”ബോധമുള്ളവർ ആയിരിക്കൽ ആണ് ആദ്യപടി. കാലേക്കൂട്ടിത്തന്നെ മാസികകൾ വായിക്കുക. ‘ഈ ലേഖനം ആർക്കായിരിക്കും താത്പര്യജനകമായിരിക്കുക?’ എന്ന് ഓരോ ലേഖനം വായിക്കുമ്പോഴും നിങ്ങളോടുതന്നെ ചോദിക്കുക. ലേഖനത്തിൽനിന്നെടുത്തു പറയാവുന്ന, താത്പര്യം ജനിപ്പിക്കുന്ന ഏതാനും വാക്കുകൾ നിങ്ങൾ മനസ്സിൽ സൂക്ഷിക്കുക. ക്രമമായുള്ള മാസികാദിവസത്തിൽ പങ്കുകൊള്ളുന്നതിലുപരി, മററുള്ളവർക്കു പങ്കുവെക്കാൻ ലഭിക്കുന്ന ഓരോ അവസരവും—യാത്ര ചെയ്യുമ്പോഴോ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴോ അഥവാ സഹപ്രവർത്തകർ, അയൽക്കാർ, സഹപാഠികൾ, അധ്യാപകർ എന്നിവരോടു സംസാരിക്കുമ്പോഴോ പോലുള്ള എല്ലാ അവസരങ്ങളും—പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി എന്തുകൊണ്ട് ഏതാനും പ്രതികൾ നിങ്ങൾക്കു കൈവശം വെച്ചുകൂടാ?
19 ലളിതമാക്കൽ ആണു രണ്ടാമത്തെ നിർദേശം. “മാസിക സമർപ്പിക്കുമ്പോൾ ഏററവും നല്ലതു ഹ്രസ്വവും കുറിക്കു കൊള്ളുന്നതുമായ അവതരണമാണ്. അനേകം പ്രതികൾ സമർപ്പിക്കുകയാണു ലക്ഷ്യം. ‘സംസാരം’ അവതന്നെ നിർവഹിച്ചുകൊള്ളും” എന്ന് 1956 ഡിസംബർ 1 വീക്ഷാഗോപുരം [ഇംഗ്ലീഷ്] പ്രസ്താവിച്ചു. ഒരു ലേഖനത്തിൽനിന്ന് ഒരാശയം എടുത്ത് അതിനെ ഏതാനും വാക്കുകളിലായി ചുരുക്കി മാസികകൾ അവതരിപ്പിക്കുന്ന രീതി ഫലപ്രദമാണെന്നു ചില പ്രസാധകർ കണ്ടെത്തിയിരിക്കുന്നു. മാസികകൾ വീട്ടിലെത്തിക്കഴിഞ്ഞാൽപ്പിന്നെ, നിങ്ങളിൽനിന്ന് അവ വാങ്ങിയ വ്യക്തിയോടു മാത്രമല്ല, മററുള്ളവരോടും അവ “സംസാരി”ച്ചേക്കാം. അയർലണ്ടിൽ യൂണിവേഴ്സിററി വിദ്യാർഥിനിയായ ഒരു യുവതി 1991 സെപ്ററംബർ 1 വീക്ഷാഗോപുരം [ഇംഗ്ലീഷ്] വായിച്ചു. ഒരു സാക്ഷിയിൽനിന്ന് അവളുടെ പിതാവിനു ലഭിച്ചതായിരുന്നു ആ ലക്കം. “ആശയവിനിമയം” സംബന്ധിച്ച ലേഖനങ്ങളും മററു വിഷയങ്ങളും അവളുടെ താത്പര്യത്തെ ഉണർത്തി. മാസിക വായിച്ചുതീർന്നയുടൻ അവൾ ടെലഫോൺ ബുക്കിൽനിന്നു നമ്പർ എടുത്തു സാക്ഷികൾക്കു ഫോൺ ചെയ്തു. ഒട്ടും താമസിച്ചില്ല, ബൈബിളധ്യയനം തുടങ്ങി. 1993 ജൂലൈയിൽ നടന്ന “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനിൽ ഈ യുവതി സ്നാപനമേൽക്കുകയും ചെയ്തു. ഏതുവിധേനയും, നാം മാസികകൾ വീടുകളിൽ എത്തിക്കണം, അവിടെ അവ ആളുകളോടു “സംസാരി”ച്ചുകൊള്ളും! ഒരു സഞ്ചാരമേൽവിചാരകൻ മറെറാരു ലളിതമായ നിർദേശം വെച്ചു: “നിങ്ങളുടെ ബാഗിൽനിന്നു മാസിക പുറത്തെടുത്തു പിടിക്കുക.” വീട്ടുകാരന്റെ താത്പര്യത്തെ തൊട്ടുണർത്താൻ നിങ്ങളുടെ വാക്കുകൾക്കു കഴിയുന്നില്ലെങ്കിൽ, ഒരുപക്ഷേ നിങ്ങൾക്കു പകരം അവയുടെ ആകർഷകമായ മുഖചിത്രത്തിനു മാസികാസമർപ്പണത്തിലേക്കു നയിക്കാനാകും.
20, 21. (എ) മാസികാ വേലയിൽ പങ്കുപററുമ്പോൾ നിങ്ങൾക്ക് എങ്ങനെ വഴക്കമുള്ളവരായിരിക്കാൻ കഴിയും? (ബി) ഓരോ മാസവും കൂടുതൽ മാസികകൾ സമർപ്പിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
20 മൂന്നാമത്തെ നിർദേശം വഴക്കമുള്ളവരായിരിക്കുക എന്നതാണ്. (1 കൊരിന്ത്യർ 9:19-23 താരതമ്യപ്പെടുത്തുക.) ഏതാനും ഹ്രസ്വമായ അവതരണങ്ങൾ തയ്യാറാക്കുക. പുരുഷൻമാരെ ആകർഷിക്കുന്ന ഒരു ലേഖനം മനസ്സിൽ പിടിക്കുക, സ്ത്രീകൾക്കായി മറെറാന്നും. “യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന ലേഖനം യുവാക്കളെ കാണിച്ച് നിങ്ങൾക്കു പ്രധാനാശയം ചർച്ച ചെയ്യാവുന്നതാണ്. മാസികാവേലയിൽ നിങ്ങൾ എപ്പോഴാണു പങ്കുപറേറണ്ടത് എന്നതു സംബന്ധിച്ചും വഴക്കമുള്ളവരായിരിക്കണം. മാസികാദിവസത്തിനു പുറമേ, വീടുതോറും മാസിക സമർപ്പിക്കാനുള്ള മറെറാരു മികച്ച മാർഗമാണു സായാഹ്ന സാക്ഷീകരണം.
21 വ്യക്തിപരമായ ഒരു ലാക്കു വെക്കുക എന്നതാണു നാലാമത്തെ നിർദേശം. 1984 ഏപ്രിൽ മാസത്തെ നമ്മുടെ രാജ്യ ശുശ്രൂഷയിലെ “ജീവനിലേക്കു വഴി ചൂണ്ടുന്ന മാസികകൾ” എന്ന അനുബന്ധം ഇങ്ങനെ പ്രസ്താവിച്ചു: “ഒരു നിർദേശമെന്ന നിലയിൽ, തങ്ങളുടെ സാഹചര്യങ്ങൾക്കനുസൃതമായി പ്രസാധകർക്കു മാസത്തിൽ 10 മാസികയെന്നും പയനിയർമാർക്കു 90 എണ്ണമെന്നുമുള്ള ഒരു ലാക്കു വെക്കാവുന്നതാണ്. തീർച്ചയായും ചില പ്രസാധകർക്കു മാസംതോറും കൂടുതൽ മാസികകൾ സമർപ്പിക്കാൻ കഴിഞ്ഞേക്കാം, അതിനാൽ അവർക്ക് ഉയർന്ന ലാക്കുകൾ വെക്കാൻ സാധിക്കും. എങ്കിലും, മോശമായ ആരോഗ്യസ്ഥിതിയോ പ്രദേശത്തിന്റെ പ്രത്യേകതയോ മററു ന്യായമായ കാരണങ്ങളോ നിമിത്തം മററുള്ളവരുടെ ലാക്ക് ഒരു കുറഞ്ഞ സംഖ്യയാകാം. എന്നാൽ യഹോവക്കുള്ള അവരുടെ സേവനം മററുള്ളവരുടേതുപോലെ മൂല്യമുള്ളതാണ്. (മത്തായി 13:23; ലൂക്കൊസ് 21:3, 4) വ്യക്തിപരമായ ലാക്കുണ്ടായിരിക്കുക എന്നതാണു പ്രധാന സംഗതി.”
22. സത്യത്തിന്റെ സമയോചിതമായ പത്രികകൾക്കു നാം യഹോവയോടു നന്ദിയുള്ളവരാണെന്നു നമുക്ക് ഏതു വിധത്തിൽ പ്രകടിപ്പിക്കാം?
22 വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തെയും അതിന്റെ ഭരണസംഘത്തെയും ഉപയോഗിച്ചുകൊണ്ട് ഈ സമയോചിതമായ പത്രികകൾ നമുക്കു നൽകിയിരിക്കുന്നതിൽ നാം “സത്യത്തിന്റെ ദൈവ”മായ യഹോവയോട് എത്ര നന്ദിയുള്ളവരാണ്! (സങ്കീർത്തനം 31:5, NW) യഹോവ ഇഷ്ടപ്പെടുന്നിടത്തോളം കാലം ഈ മാസികകൾ ആളുകളുടെ യഥാർഥ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തുടരും. അവ യഹോവയുടെ ഉന്നതമായ ധാർമിക നിലവാരങ്ങൾ അനുസ്യൂതം ഉയർത്തിപ്പിടിക്കും. ശരിയായ തത്ത്വങ്ങൾ ഉന്നമിപ്പിക്കുന്നതിൽനിന്ന് അവ പിന്നാക്കം പോകില്ല. ദൈവരാജ്യം ഭരിക്കുന്നതും മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം യഹോവയുടെ വർധിച്ചുവരുന്ന സത്യാരാധകരാൽ ദൈവേഷ്ടം ഭൂമിയിൽ ചെയ്യപ്പെടുന്നതുമായ കാലഘട്ടമായി നമ്മുടെ നാളുകളെ തിരിച്ചറിയിക്കുന്ന പ്രവചനനിവൃത്തിയിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിൽ അവ തുടർന്നുകൊണ്ടേയിരിക്കും. (മത്തായി 6:10; വെളിപ്പാടു 11:15) എന്തൊരു അമൂല്യ നിധിയാണു നമുക്കു വീക്ഷാഗോപുരത്തിലും ഉണരുക!യിലും ഉള്ളത്. ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്ന, രാജ്യസത്യങ്ങളെ പരിരക്ഷിക്കുന്ന ഈ പ്രധാന പത്രികകൾ സൗമ്യഹൃദയരുമായി പങ്കുവെക്കാൻ ലഭിക്കുന്ന ഓരോ അവസരവും നമുക്കു പ്രയോജനപ്പെടുത്താം.
[അടിക്കുറിപ്പുകൾ]
a 1992 ഒക്ടോബർ 15, 19-22 വരെയുള്ള പേജുകൾ.
b അനേക വർഷങ്ങളോളം വീക്ഷാഗോപുരം വിശേഷിച്ചും അഭിഷിക്ത ക്രിസ്ത്യാനികൾക്കുള്ള ഒരു മാസികയായിട്ടാണു വീക്ഷിക്കപ്പെട്ടത്. എന്നിരുന്നാലും, വീക്ഷാഗോപുരം കരസ്ഥമാക്കി വായിക്കാൻ ഭൗമിക നിത്യജീവന്റെ പ്രത്യാശയുള്ള “മഹാപുരുഷാര”ത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ 1935 മുതൽ വർധിച്ച ഊന്നൽ നൽകപ്പെട്ടു. (വെളിപ്പാടു 7:9) ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ, 1940-ൽ തെരുവുകളിൽവെച്ച് ആളുകൾക്കു വീക്ഷാഗോപുരം ക്രമമായി സമർപ്പിക്കാൻ തുടങ്ങി. അതിൽപ്പിന്നെ, പൊടുന്നനെ അതിന്റെ പ്രചാരം വർധിച്ചു.
നിങ്ങളുടെ ഉത്തരം എന്താണ്?
◻ വീക്ഷാഗോപുരവും ഉണരുക!യും സത്യത്തിന്റെ പത്രികകളാണെന്ന് എന്തു പ്രകടമാക്കുന്നു?
◻ വീക്ഷാഗോപുരവും ഉണരുക!യും ആളുകളുടെ ജീവിതത്തെ സ്പർശിച്ചിരിക്കുന്നതെങ്ങനെ?
◻ മാസികാവിതരണം വർധിപ്പിക്കാൻ സഭകൾക്ക് എന്തു ചെയ്യാൻ കഴിയും?
◻ കൂടുതൽ മാസികകൾ സമർപ്പിക്കാൻ നിങ്ങളെ ഏതു നിർദേശങ്ങൾക്കു സഹായിക്കാൻ കഴിയും?
[22-ാം പേജിലെ ചതുരം]
ജനങ്ങളുടെ ജീവിതത്തെ സ്പർശിച്ചിട്ടുള്ള ചില ലേഖനങ്ങൾ
വർഷങ്ങളായിട്ട്, വീക്ഷാഗോപുരത്തിലും ഉണരുക!യിലും പ്രസിദ്ധീകരിച്ച ചില പ്രത്യേക ലേഖനങ്ങളെ സംബന്ധിച്ച് അനേകം വായനക്കാർ വിലമതിപ്പ് എഴുതി അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ വായനക്കാരെ സ്പർശിച്ചിട്ടുള്ള അനേകം വിഷയങ്ങളിൽ ഏതാനും ചിലതാണു താഴെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇതോ മറേറതെങ്കിലും ലേഖനങ്ങളോ നിങ്ങളുടെ ജീവിതത്തെ മാററിമറിച്ചിട്ടുണ്ടോ?
വീക്ഷാഗോപുരം
“രഹസ്യ തെററുകൾ തരണം ചെയ്യുന്നതിന് ദൈവസഹായം സ്വീകരിക്കുക” (1985 ഡിസംബർ 1)
“പ്രായമുള്ള മാതാപിതാക്കളോടു ദൈവികഭക്തി ആചരിക്കൽ” (1987 ഡിസംബർ 1)
“ഒരു ലക്ഷ്യത്തോടെയുള്ള വിദ്യാഭ്യാസം” (1993 ഫെബ്രുവരി 1)
ഉണരുക!
“നിങ്ങൾക്കു വിഷാദത്തോടു പൊരുതാനാകും!” (1981 സെപ്ററംബർ 8 [ഇംഗ്ലീഷ്])
“നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ . . . ” (1986 ഫെബ്രുവരി 8)
“നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കുക!” (1993 ഒക്ടോബർ 8 [ഇംഗ്ലീഷ്])
[23-ാം പേജിലെ ചിത്രം]
കാനഡയിൽ മാസികയും കയ്യിലേന്തി വീടുതോറും പ്രസംഗിക്കുന്നു
[24-ാം പേജിലെ ചിത്രം]
മ്യാൻമാറിൽ ജീവന്റെ വഴി ചൂണ്ടിക്കാണിക്കുന്ന മാസികകൾ സമർപ്പിക്കുന്നു