നിങ്ങൾ മാസികകൾ വായിക്കാറുണ്ടോ?
1 “ഞങ്ങളുടെ നിയമിത പ്രദേശത്ത് ആത്മീയമായി ഉണർവുള്ളവർ ആയിരിക്കാൻ വീക്ഷാഗോപുരം ഞങ്ങളെ സഹായിക്കുന്നു. ഓരോ ലക്കത്തിൽനിന്നും ഞങ്ങൾ പ്രോത്സാഹനവും ശക്തിയും ആർജിക്കുന്നു,” ആഫ്രിക്കയിലുള്ള ഒരു മിഷനറി ദമ്പതികൾക്ക് നമ്മുടെ മാസികകളെ കുറിച്ചുള്ള അഭിപ്രായമായിരുന്നു അത്. നമ്മുടെ മാസികകളോടു നിങ്ങൾക്കും അത്തരം ആഴമായ വിലമതിപ്പുണ്ടോ? അവ വായിക്കാൻ നിങ്ങൾക്ക് അത്രയുംതന്നെ ആകാംക്ഷയുണ്ടോ?
2 ഒരു മാസികയിലെ ലേഖനങ്ങൾ ഏതാനും മിനിറ്റുകൊണ്ട് വായിച്ചു തീർക്കാൻ കഴിയുമെങ്കിലും അവ നന്നായി തയ്യാറാകണമെങ്കിൽ വളരെയധികം സമയം ആവശ്യമാണ്. അതുകൊണ്ട് നിങ്ങൾ, ലേഖനങ്ങൾ വെറുതെ വായിച്ചുവിടുകയോ കേവലം ചിത്രങ്ങൾ നോക്കുകയോ അല്ലെങ്കിൽ ശ്രദ്ധ ആകർഷിച്ചേക്കാവുന്ന ലേഖനങ്ങൾ മാത്രം വായിക്കുകയോ ആണോ ചെയ്യുന്നത്? അതിലുമധികം ചെയ്യുന്നതാണ് ജ്ഞാനപൂർവകമായ സംഗതി. നമ്മുടെ മാസികകളുടെ ഓരോ ലക്കത്തിലുമുള്ള എല്ലാ ലേഖനങ്ങളും വായിക്കാനും അപഗ്രഥിക്കാനും നാം സമയമെടുക്കണം. കാലോചിത ആത്മീയ ഭക്ഷണത്തിനുള്ള നമ്മുടെ മുഖ്യ പത്രികയാണ് വീക്ഷാഗോപുരം. വ്യത്യസ്ത വിഷയങ്ങളെ കുറിച്ചുള്ള രസകരവും വിജ്ഞാനപ്രദവുമായ ലേഖനങ്ങളാണ് ഉണരുക!യിൽ വരുന്നത്. ഈ മാസികകൾ വായിക്കുന്നതിലൂടെ പഠിക്കുന്ന കാര്യങ്ങൾ നമ്മെ ആത്മീയമായി ശക്തരാക്കുക മാത്രമല്ല, ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദമായ ഒരു പങ്കുണ്ടായിരിക്കുന്നതിനു നമ്മെ സജ്ജരാക്കുകയും ചെയ്യുന്നു. മാസികകൾ വായിക്കുന്ന കാര്യത്തിൽ നിഷ്ഠയുള്ളവർ ആണെങ്കിൽ, അവ മറ്റുള്ളവർക്കു സമർപ്പിക്കുന്നതിന് നാം ഉത്സാഹമുള്ളവർ ആയിരിക്കും.
3 വായനാ ശീലം മെച്ചപ്പെടുത്താനാകുന്ന വിധം: മാസികകൾ ക്രമമായി വായിക്കുന്നതിൽ നിങ്ങൾക്കു മെച്ചപ്പെടാനാകുമോ? അനേകരെ സംബന്ധിച്ചിടത്തോളവും ഫലപ്രദമെന്നു തെളിഞ്ഞ രണ്ടു നിർദേശങ്ങൾ ഇതാ: (1) ക്രമമായ വായനയ്ക്കായി ഒരു പട്ടിക ഉണ്ടാക്കുക. വായിക്കാനായി ദിവസവും വെറും 10-ഓ 20-തോ മിനിറ്റ് മാറ്റിവെച്ചാൽപോലും ഒരാഴ്ചകൊണ്ട് എത്രമാത്രം വായിച്ചുതീർക്കാൻ കഴിയുമെന്നതിൽ നിങ്ങൾ അത്ഭുതം കൂറും. (2) വായിച്ച ഭാഗങ്ങൾ ഏതെന്ന് മനസ്സിലാക്കാൻ ഒരു സംവിധാനം ഉണ്ടായിരിക്കുക. ഒരുപക്ഷേ വായിക്കുന്ന ഓരോ ലേഖനത്തിന്റെയും ആരംഭത്തിൽ നിങ്ങൾക്ക് ഒരു അടയാളം ഇടാൻ സാധിക്കും. അല്ലെങ്കിൽ, ചിലപ്പോൾ ചില ലേഖനങ്ങളോ ഒരു മാസിക മുഴുവനോ വായിക്കാതെ പോയേക്കാം. പ്രായോഗികമായ ഒരു വായനാ പട്ടിക ഉണ്ടാക്കി അതിനോടു പറ്റിനിൽക്കുന്നതു പ്രധാനമാണ്.—ഫിലിപ്പിയർ 3:16, NW താരതമ്യം ചെയ്യുക.
4 ആളുകളുടെ യഥാർഥ ആവശ്യങ്ങൾക്ക് ഇണങ്ങുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് “വിശ്വസ്തനും വിവേകിയുമായ അടിമ” മാറിവരുന്ന കാലത്തിന് അനുസൃതമായി ബുദ്ധിപൂർവം പ്രതികരിച്ചിരിക്കുന്നു. (മത്താ. 24:45, NW) സത്യമായും ഈ മാസികകൾ നമ്മുടെ ജീവിതത്തെ സ്പർശിച്ചിരിക്കുന്നു. നമ്മുടെ ആത്മീയ പുരോഗതിയുടെ നിരക്ക് ഒരു വലിയ അളവോളം, ദിവ്യാധിപത്യ വായനാ ശീലങ്ങളുടെ ഗുണത്തെ ആശ്രയിച്ചിരിക്കുന്നു. എല്ലാ മാസികകളും വായിക്കാൻ സമയം കണ്ടെത്തുന്നവരെ സമൃദ്ധമായ ആത്മീയ അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു.