നിങ്ങൾക്ക് അണികളിൽ വീണ്ടും ചേരാനാകുമോ?
1 കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ, ലോകവ്യാപകമായി ആയിരക്കണക്കിനു നിരന്തരപയനിയർമാർക്കു പയനിയർ അണികളിൽനിന്നു വിരമിക്കേണ്ടിവന്നു. നിങ്ങൾ അവരിൽ ഒരാളായിരുന്നോ? അങ്ങനെയെങ്കിൽ, നിസ്സംശയമായും ആ പദവി വിട്ടുകളയാൻ നിങ്ങൾക്ക് നിങ്ങളുടെ നിയന്ത്രണത്തിനപ്പുറവും അപ്രതീക്ഷിതവുമായിരുന്ന എന്തോ കാരണമുണ്ടായിരുന്നിരിക്കാം. ആ കാരണം ഇപ്പോഴും നിലവിലുണ്ടോ? ആരോഗ്യമോ, സാമ്പത്തികമായ പ്രശ്നങ്ങളോ കുടുംബ ഉത്തരവാദിത്വങ്ങളോ ആണ് പയനിയറിങ് നിർത്താൻ ഇടയാക്കിയതെങ്കിൽ ആ സാഹചര്യങ്ങൾ ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടോ? നിരന്തരപയനിയറിങ് വീണ്ടും ചെയ്യുന്നതിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്ന ന്യായയുക്തമായ എന്തെങ്കിലും പൊരുത്തപ്പെടുത്തലുകൾ നിങ്ങൾക്കു വരുത്താനാവുമോ? വീണ്ടും അപേക്ഷിക്കുന്നതിനെക്കുറിച്ചു നിങ്ങൾ ആലോചിച്ചുവോ?
2 നിങ്ങൾക്ക് അറിയാവുന്നപോലെ, ഒരു പയനിയർ എന്നനിലയിൽ വിജയിക്കണമെങ്കിൽ, നല്ല സംഘാടനവും ശ്രദ്ധാപൂർവം കാര്യങ്ങൾ പട്ടികപ്പെടുത്തേണ്ടതും ആവശ്യമാണ്. സാധാരണമായി, വിനോദത്തിന് അധികം സമയം കിട്ടാറില്ലെങ്കിലും, ഒരു പയനിയറുടെ ഹ്രസ്വമായ വിനോദാവസരങ്ങൾ മിക്കപ്പോഴും ഏറെ സംതൃപ്തികരവും ഫലദായകവുമായിരുന്നേക്കാം. (സദൃ. 19:17; പ്രവൃ. 20:35) സേവനത്തിൽ തിരക്കുളളവരായിരിക്കുന്നതുകൊണ്ട്, ലോകം പിന്തുടരുന്ന സ്വാർഥവും സുഖലോലുപവുമായ ജീവിതഗതിയുടെ സ്വാധീനത്തിൽനിന്നു നിങ്ങൾക്കു സംരക്ഷണം ലഭിക്കുന്നു. നിങ്ങൾ ആത്മത്യാഗ മനോഭാവമുളളവരും ദൈവരാജ്യം ഒന്നാം സ്ഥാനത്തു വെക്കുന്നവരുമാണെങ്കിൽ യഹോവ നിങ്ങളെ ആത്മീയമായി സമ്പന്നരാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. യഹോവയുടെ സേവനത്തിൽ മുഴുഹൃദയരായി നിലകൊളളുമ്പോൾ തീർച്ചയായും നിങ്ങൾ യഥാർഥ സന്തോഷവും സംതൃപ്തിയും അനുഭവിക്കും.—സദൃ. 10:22; കൊലൊ. 3:23, 24.
3 പ്രത്യേകം ചിലർക്കുമാത്രം ലഭ്യമായിരിക്കുന്ന ഒരു പദവിയായി മുഴുസമയ ശുശ്രൂഷയെ വീക്ഷിക്കണമോ? വേണ്ട. നമ്മുടെ ജീവിതം യഹോവക്കു സമർപ്പിച്ച നമ്മുടെ പ്രതിജ്ഞയുടെ വീക്ഷണത്തിൽ, സാഹചര്യങ്ങൾ അസാധ്യമാക്കുന്നില്ലെങ്കിൽ ഓരോ ക്രിസ്ത്യാനിയും മുഴുസമയ സേവനത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കണം.—മർക്കൊ. 12:30.
4 പയനിയറിങ് ചെയ്യാൻ പാകത്തിലുളളതല്ല ഇപ്പോഴത്തെ നിങ്ങളുടെ ആരോഗ്യവും തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങളുമെങ്കിൽ യഹോവ അത് അറിയുന്നു, മനസ്സിലാക്കുന്നു എന്നു നിങ്ങൾക്ക് ഉറപ്പാക്കാം. നിങ്ങളുടെ സാഹചര്യത്തിനനുസൃതമായി പ്രവർത്തിക്കുന്നതിൽ നിങ്ങൾ കാട്ടുന്ന വിശ്വസ്തതയ്ക്ക് അവൻ പ്രതിഫലം നൽകും. (1 കൊരി. 4:2; 2 കൊരി. 8:12) എങ്കിലും, വീണ്ടും പയനിയറിങ് ചെയ്യാൻ പററിയ സാഹചര്യമാണ് നിങ്ങൾക്കിപ്പോൾ എന്നു തോന്നുന്നെങ്കിൽ, എന്തുകൊണ്ട് അധ്യക്ഷമേൽവിചാരകനെ സമീപിച്ച് ഒരു അപേക്ഷാഫാറം ചോദിച്ചുകൂടാ?
5 നിങ്ങളുടെ കുടുംബത്തിനു സഹായിക്കാനാവുമോ? കുടുംബ ഉത്തരവാദിത്വങ്ങൾ നോക്കേണ്ടിവന്നതിനാലായിരിക്കാം നിങ്ങൾ പയനിയർ അണികളിൽനിന്നു വിരമിച്ചത്. നിങ്ങൾക്കു പയനിയർവേലയിൽ വീണ്ടും പ്രവേശിക്കാനാകുംവിധം നിങ്ങളെ സഹായിക്കാൻപററിയ സാഹചര്യത്തിലാണോ ഇപ്പോൾ കുടുംബാംഗങ്ങൾ? ചിലർക്ക്, ചില ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ അൽപ്പമൊരു സഹായം കിട്ടിയാൽ മതിയായിരിക്കും പയനിയറിങ് വീണ്ടും എത്തിപ്പിടിക്കാൻ.
6 നല്ല സഹകരണവും കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്ന് ഒരൽപ്പം ശ്രമവുമുണ്ടെങ്കിൽ ഇതു സാധ്യമായിരിക്കാം. ചിലപ്പോൾ സാമ്പത്തികമോ യാത്രാസംബന്ധമോ ആയ സഹായമായിരിക്കാം വേണ്ടത്. സേവനത്തിൽ കൂടെ പ്രവർത്തിക്കുന്നതിനുളള സ്ഥിരമായ ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതും സഹായകമായിരിക്കാം. അവർക്കു സഹായിക്കാനാവുന്ന മററു വിധങ്ങളുമുണ്ട്. ഈ പദവി വീണ്ടും ഏറെറടുക്കാൻ നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ, ഒരുപക്ഷേ, അത്തരം സഹായം പയനിയറിങ് നടത്താനാവുന്ന, കുടുംബത്തിലെ മറെറാരംഗത്തിനു കൊടുക്കാൻ കഴിയും.
7 ഒരു കുടുംബം എന്നനിലയിൽ ഈ കാര്യം എന്തുകൊണ്ടു ചർച്ച ചെയ്തുകൂടാ? നിങ്ങൾ ഇതിനെ ഒരു ഏകീകൃത പദ്ധതിയാക്കുന്നെങ്കിൽ ഫലസാധ്യത ഏറെയാണ്. മറെറാരു പയനിയറെക്കൂടി അണികളിലേക്കു ചേർക്കാൻ കഴിയുമെങ്കിൽ മുഴുകുടുംബത്തിനും ഉചിതമായി തോന്നിയേക്കാം അതിലൊരു പങ്കു തങ്ങൾക്കുമുണ്ട് എന്ന്. ഔദാര്യത്തിന്റേതായ അത്തരം മനോഭാവം പ്രദേശത്തു സാക്ഷ്യം വർധിപ്പിക്കുക മാത്രമല്ല, അതു കുടുംബത്തെ ആത്മീയമായി അടുപ്പിക്കുകയും ചെയ്യും.—ലൂക്കൊ. 6:38; ഫിലി. 2:2-4.