ഒന്നാമതു ദൈവരാജ്യം അന്വേഷിക്കുക—സദാ സ്തുതിയാഗങ്ങൾ അർപ്പിച്ചുകൊണ്ട്
1 ഒന്നാമതു ദൈവരാജ്യം അന്വേഷിക്കുന്നവർ യഹോവയെയും അവന്റെ രാജ്യത്തെയും സംബന്ധിച്ചു സംസാരിക്കുന്നത് എല്ലായ്പോഴും ഗൗരവമായിട്ടെടുക്കുന്നു. (സങ്കീ. 145:11-13) അവന്റെ നാമത്തെ വാഴ്ത്താനും സുവാർത്തയെക്കുറിച്ചു സംസാരിക്കാനുമുളള അവസരങ്ങൾ ദിവസേന ലഭിക്കുന്നു. (സങ്കീ. 96:2) യഹോവയെ പുകഴ്ത്തുന്നതു സങ്കീർത്തനക്കാരന് ആമോദമായിരുന്നു. അദ്ദേഹം പ്രഖ്യാപിച്ചു: “ദിവസം മുഴുവനും ഞങ്ങൾ ദൈവത്തിനു സ്തുതിയർപ്പിക്കും.” (സങ്കീ. 44:8, NW) നമുക്ക് ഈ വിധം തോന്നുന്നുവെങ്കിൽ, രാജ്യശുശ്രൂഷയിൽ ക്രമമായി പങ്കുപററാൻ നാം ഉത്സുകരായിരിക്കും.
2 ശുശ്രൂഷയിൽ നാം എന്തുമാത്രം സമയം ചെലവിടണം എന്നതു സംബന്ധിച്ചു യഹോവ കൃത്യമായ നിബന്ധനകളൊന്നും വെച്ചിട്ടില്ല. എന്നാൽ “സദാ” അവനെ സ്തുതിച്ചുകൊണ്ടിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. (എബ്രാ. 13:15, NW) നമ്മുടെ സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ, ആഴ്ചയിൽ കുറച്ചു സമയം യഹോവയെ സ്തുതിക്കുന്നതിൽ ചെലവിടാൻ നാം ലാക്കു വെക്കണം. അങ്ങനെ ഇപ്പോൾത്തന്നെ ചെയ്യുന്നവരാണെങ്കിൽ അവർക്കു കൂടെക്കൂടെയോ തുടർച്ചയായോ സഹായ പയനിയർമാരായി സേവിക്കാൻ തങ്ങളുടെ കാര്യാദികൾ ക്രമീകരിക്കാവുന്നതാണ്. സഹായ പയനിയർ സേവനം ആസ്വദിച്ചുകൊണ്ടിരിക്കുന്ന ചിലർക്കു നിരന്തരപയനിയർമാരായി പേരു ചാർത്തുന്നതിനു കഴിഞ്ഞേക്കാം.
3 നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും, സ്തുതിയാഗം വർധിപ്പിക്കാൻ നമുക്കു സാധിക്കുമോ? വിലമതിപ്പാണു തീക്ഷ്ണത ഉളവാക്കുന്നത്. ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനം വിലമതിപ്പുണ്ടാക്കും. ആ വിലമതിപ്പ് പ്രായോഗിക വിധങ്ങളിൽ പ്രകടിപ്പിക്കാൻ സഭായോഗങ്ങൾ നമ്മെ പ്രചോദിപ്പിക്കും. പുകഴ്ച കരേററുന്ന തീക്ഷ്ണമതികളുമൊത്തുളള അടുത്ത സഹവാസത്തിനു നമ്മിൽ ‘സൽപ്രവൃത്തികൾക്ക് ഉത്സാഹം വർദ്ധിപ്പിക്കാ’നാവും. (എബ്രാ. 10:24) സഭ ചെയ്തുതരുന്ന എല്ലാ കരുതലുകളിൽനിന്നും മുഴു പ്രയോജനവും നേടിക്കൊണ്ട്, നമ്മുടെ സ്തുതിയാഗം വർധിപ്പിക്കാൻ നമുക്കു കഴിഞ്ഞേക്കും.
4 പ്രവാചകിയായ ഹന്നാ യഹോവയുടെ സേവനത്തിൽ നല്ലൊരു മാതൃക വെച്ചു. 84 വയസ്സായിരുന്നിട്ടും, അവൾ “ദേവാലയം വിട്ടുപിരിയാതെ . . . രാവും പകലും ആരാധന ചെയ്തുപോന്നു.” (ലൂക്കൊ. 2:37) സഭാപ്രവർത്തനങ്ങളിലെ മുഴുദേഹിയോടെയുളള അവളുടെ ഉൾപ്പെടൽ മുഖാന്തരം അവൾക്ക് വ്യക്തിപരമായി അത്യധികം സംതൃപ്തിയുണ്ടായി. അവളുടെ വിശ്വസ്ത സേവനത്തിന്റെ ബൈബിൾവിവരണം ഇന്നു നമുക്കു പ്രോത്സാഹനമേകുന്നു.
5 ‘ശക്തരായവർ അശക്തരുടെ ബലഹീനതകൾ ചുമക്കണമെന്ന്’ അപ്പോസ്തലനായ പൗലോസ് നിർദേശിക്കുകയുണ്ടായി. (റോമ. 15:1) നിങ്ങളുടെ ദയാപുരസ്സരമായ സഹായത്തിൽനിന്നും പ്രോത്സാഹനത്തിൽനിന്നും പ്രയോജനം അനുഭവിച്ചേക്കാവുന്ന ചിലർ നിങ്ങളുടെ സഭയിലുണ്ടാവാം. വയൽസേവനത്തിൽ കൂടെപ്പോരുവാൻ അവരെയൊന്നു ക്ഷണിക്കുകയായിരിക്കാം ആവശ്യമായിരിക്കുന്നത്. മറെറാരു പ്രസാധകന്റെ ആവശ്യം ചിലപ്പോൾ ഗതാഗത സൗകര്യമായിരിക്കാം, അല്ലെങ്കിൽ കൂടെ പ്രവർത്തിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കണം എന്നതാവാം. നിരുത്സാഹമായിരിക്കാം മറെറാരാളുടെ പ്രശ്നം. രാജ്യസേവനത്തോടുളള തീക്ഷ്ണതയെ പുതുക്കാനാവശ്യമായ പരിപുഷ്ടിപ്പെടുത്തുന്ന പിന്തുണ പ്രദാനം ചെയ്യാൻ ചിലപ്പോൾ നിങ്ങൾക്കു കഴിഞ്ഞേക്കാം. (1 തെസ്സ. 5:14) “വിശുദ്ധരെ അവരുടെ ആവശ്യമനുസരിച്ചു സഹായിക്കാ”നുളള നിങ്ങളുടെ മനസ്സൊരുക്കം പ്രകടമാക്കുന്നത് യഹോവയുടെ നാമത്തിനു സ്തുതി വർധിപ്പിക്കാനുളള നിങ്ങളുടെ ഹൃദയത്തിൽനിന്നുളള ആഗ്രഹത്തെയാണ്.—റോമ. 12:13, NW.
6 യഹോവ നമുക്കായി ഇപ്പോൾത്തന്നെ ചെയ്തിരിക്കുന്നതും ഇനി ചെയ്യാനിരിക്കുന്നതുമായ സംഗതികൾ എണ്ണിയാൽ ഒടുങ്ങാത്തവയാണ്. ഈ അനുഗ്രഹങ്ങൾക്കു യാതൊന്നും തിരികെ കൊടുക്കാൻ നമുക്കാവില്ല. ‘ശ്വസിക്കുന്ന സകലത്തിനും യഹോവയെ സ്തുതിക്കാൻ’ എന്തു ശക്തമായ കാരണങ്ങളാണ് ഉളളത്!—സങ്കീ. 150:6, NW.