താത്പര്യം കാട്ടുന്നവരെ സ്നേഹപൂർവം സഹായിക്കുക
1 ദൈവത്തിന്റെ സത്യവചനത്തിൽ യഥാർഥ താത്പര്യം കാട്ടിയ ഒരു എത്യോപ്യന്റെ അടുക്കലേക്കു യഹോവയുടെ ഒരു ദൂതൻ ശിഷ്യനായ ഫിലിപ്പോസിനെ നയിച്ചപ്പോൾ വായിക്കുന്നതെന്താണെന്നു മനസ്സിലാക്കിക്കൊടുക്കാൻ അവനെ സ്നേഹപൂർവം സഹായിക്കാൻ ചെന്നു. (പ്രവൃ 8:26-39) താത്പര്യം കാട്ടുന്നവരെ സഹായിക്കാൻ നാം പ്രത്യേക ശ്രമം ചെയ്യാറുണ്ടോ? നമുക്കുളള ദിവ്യനിയോഗത്തിൽ ശിഷ്യരാക്കൽ ഉൾക്കൊണ്ടിരിക്കുന്നതുകൊണ്ട് നാം അതു ചെയ്തേ തീരൂ. (മത്താ. 28:19, 20) അവരെ സഹായിക്കാൻ നമുക്ക് എന്തു ചെയ്യാനാവും?
2 മടക്കസന്ദർശനങ്ങൾ നടത്തുന്നതിന് ഓരോ ആഴ്ചയും സമയം മാററിവെക്കുക. താത്പര്യം കാട്ടിയവരെ സന്ദർശിക്കാൻ വേണ്ടതു ചെയ്യുകയും പ്രഥമ സന്ദർശനത്തിൽ തുടങ്ങിവെച്ച തിരുവെഴുത്തു ചർച്ച പുനരാരംഭിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഒരു ബൈബിളധ്യയനം തുടങ്ങാനുളള ലക്ഷ്യം മനസ്സിലുണ്ടായിരിക്കണം. വീട്ടുകാരൻ അപ്പോഴും വരിസംഖ്യ എടുക്കാൻ മടിക്കുന്നെങ്കിൽ ക്രമമായി മടങ്ങിച്ചെന്ന് വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഏററവും പുതിയ ലക്കങ്ങൾ സമർപ്പിക്കുക.
3 നിങ്ങളുടെ പ്രഥമ സന്ദർശനത്തിൽ ബൈബിളിന്റെ മൂല്യത്തെക്കുറിച്ചാണു സംസാരിച്ചതെങ്കിൽ, “ന്യായവാദം” പുസ്തകത്തിന്റെ 66-ാം പേജിലെ ഒരു നിർദേശം ഉപയോഗിച്ചു നിങ്ങൾക്ക് ഇതുപോലെ പറയാവുന്നതാണ്:
◼“നമ്മുടെ ആധുനിക ലോകത്തിൽ ബൈബിളിന്റെ ഉപദേശം പ്രായോഗികമല്ല എന്നു ചിലർക്കു തോന്നുന്നു. അതേക്കുറിച്ചു താങ്കളുടെ അഭിപ്രായമെന്താണ്? [പ്രതികരിക്കാൻ അനുവദിക്കുക.] സന്തുഷ്ടമായ ഒരു കുടുംബജീവിതം ഉണ്ടായിരിക്കാൻ നമ്മെ പ്രാപ്തമാക്കാൻ കഴിയുന്ന ഉത്തമ ബുദ്ധ്യുപദേശം നൽകുന്ന ഒരു പുസ്തകം പ്രായോഗികമാണെന്നു നിങ്ങൾ സമ്മതിക്കില്ലേ? [അഭിപ്രായം പറയാൻ അനുവദിക്കുക.] കുടുംബജീവിതം സംബന്ധിച്ച സിദ്ധാന്തങ്ങൾക്കും പ്രയോഗനടപടികൾക്കും മാററംവന്നിരിക്കുന്നു. ഇന്നു നാം കാണുന്ന അതിന്റെ അനന്തരഫലങ്ങൾ നല്ലവയല്ല. എന്നാൽ ബൈബിൾ പറയുന്നതു ബാധകമാക്കുന്ന കുടുംബങ്ങൾ അടിസ്ഥാനപരമായി ഉറച്ചതും സന്തുഷ്ടവുമാണ്.” കൊലൊസ്സ്യർ 3:18-21 വായിക്കുക. നിങ്ങൾക്കു ബൈബിൾ വിശ്വസിക്കാൻ കഴിയുന്നതിന്റെ കാരണം എന്ന ലഘുലേഖ സമർപ്പിച്ചിട്ട് നാം നടത്തുന്ന സൗജന്യ ബൈബിൾ പഠനപരിപാടിയെക്കുറിച്ചു വിശദീകരിക്കുക.
4 മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുളള ഒരു ചർച്ച നിങ്ങൾക്ക് ഈവിധം തുടങ്ങാം:
◼“മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് അനേകമാളുകൾ സംസാരിച്ചിട്ടുണ്ട്. നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നുവെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] മിക്ക മതങ്ങളും പഠിപ്പിക്കുന്നത് നാം വേറെ ഏതോ രൂപത്തിൽ അസ്തിത്വത്തിൽ തുടർന്നും നിലനിൽക്കുന്നുവെന്നാണ്. ഇക്കാര്യത്തെപ്പററി ബൈബിളിനു പറയാനുളളതു മനസ്സിലാക്കിയ അനേകർ അത്ഭുതസ്തംബ്ധരായിത്തീർന്നിട്ടുണ്ട്. [സഭാപ്രസംഗി 9:5 വായിക്കുക.] മരിച്ചവർക്കു ബോധമുളള അസ്തിത്വം ഇല്ലെങ്കിലും അവർ വിസ്മരിക്കപ്പെട്ടിട്ടില്ല. തന്റെ രാജ്യഭരണത്തിൻകീഴിൽ അവരെ ജീവനിലേക്കു തിരികെ കൊണ്ടുവരുമെന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു.” 1994 ഒക്ടോബർ 15 വീക്ഷാഗോപുരമോ എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 162-ാം പേജോ എടുത്ത് തിരുവെഴുത്തുകളും ദൃഷ്ടാന്തങ്ങളും ചർച്ച ചെയ്യുക. ബൈബിളധ്യയനം തുടങ്ങണമെന്ന ലക്ഷ്യത്തോടെ മറെറാരു മടക്കസന്ദർശനം ക്രമീകരിക്കുക.
5 യുദ്ധം ചെയ്യുന്നതിന്റെ ക്രിസ്തീയവീക്ഷണം സംബന്ധിച്ച് ഒരു വിശദീകരണം കൊടുക്കാൻ നിങ്ങൾ താത്പര്യപ്പെടുന്നെങ്കിൽ ഇങ്ങനെ പറയാൻ ആഗ്രഹിച്ചേക്കാം:
◼“തർക്കങ്ങൾ പരിഹരിക്കാനുളള ഒരേ ഒരു മാർഗം പോരാട്ടമാണെന്നാണു ചിലരുടെ വിശ്വാസം. നിങ്ങൾക്ക് അതിനെക്കുറിച്ച് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ആളുകൾ സമാധാനത്തിൽ ഒരുമിച്ചു ജീവിക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നു ബൈബിൾ പ്രകടമാക്കുന്നു. [റോമ. 12:17, 18 വായിക്കുക.] ദൈവരാജ്യഭരണത്തിൻ കീഴിൽ അതൊരു ലോകവ്യാപക യാഥാർഥ്യമായിത്തീരും.” ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയുടെ 25-6 പേജുകൾ സൂചിപ്പിക്കുക. ബൈബിൾ ഭാവിയിലേക്ക് എന്തു പ്രത്യാശ വെച്ചുനീട്ടുന്നു എന്നു വിശദീകരിക്കാൻ മടങ്ങിവരാമെന്നു പറയുക.
6 സഹായിക്കാൻ ആരുമില്ലാതെ തനിക്കു ഗ്രഹിക്കാനാവില്ലെന്ന് എത്യോപ്യൻ ഷണ്ഡൻ സമ്മതിക്കുകയുണ്ടായി. (പ്രവൃ. 8:31) അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്ന സഹായം ഫിലിപ്പോസ് സ്നേഹപുരസ്സരം നൽകി. ഇതേവിധം സഹായിച്ചുകൊണ്ട് മററുളളവരോടുളള യഥാർഥ സ്നേഹം നമുക്കു പ്രകടിപ്പിക്കാം.