കണ്ടെത്തിയ എല്ലാ താത്പര്യക്കാരോടും യഥാർഥ താത്പര്യം കാണിക്കുക
1 ലോകവ്യാപക രാജ്യപ്രഘോഷണം സത്വരം അവസാനിക്കും. അതേത്തുടർന്ന് “ദൈവത്തെ അറിയാത്തവർ” നശിപ്പിക്കപ്പെടും. (2 തെസ്സ. 1:7-9) അതുകൊണ്ട്, സാധ്യമാകുന്നത്ര ആളുകളെ രാജ്യസന്ദേശവുമായി സമീപിക്കാൻ മറ്റുള്ളവരുടെ ജീവനിലുള്ള യഥാർഥ താത്പര്യം യഹോവയുടെ ജനത്തെ പ്രേരിപ്പിക്കുന്നു.—സെഫ. 2:3.
2 “നന്മയെ സുവിശേഷി”ക്കുന്നതു കേൾക്കാൻ ആഗ്രഹിക്കുന്നവരെ തേടി ഓരോ മാസവും ദശലക്ഷക്കണക്കിനു മണിക്കൂർ ചെലവഴിക്കുന്നു. (യെശ. 52:7) നിലവിലുള്ള സാഹിത്യ സമർപ്പണത്തോടുള്ള പ്രതികരണമെന്നനിലയിൽ, അനേകം വ്യക്തികൾ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യകളോ ഒറ്റപ്പെട്ട പ്രതികളോ, അല്ലെങ്കിൽ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? ലഘുപത്രികയോ സ്വീകരിച്ചിരിക്കുന്നു. ആ ആളുകളോടുള്ള നമ്മുടെ യഥാർഥ താത്പര്യം, കണ്ടെത്തിയ സകല താത്പര്യക്കാരെയും പിന്തുടരാൻ നമ്മെ പ്രേരിപ്പിക്കണം.—സദൃ. 3:27.
3 കൃത്യമായ രേഖ സൂക്ഷിക്കുക: താത്പര്യക്കാരെയും സമർപ്പണങ്ങളെയും കുറിച്ചുള്ള സമ്പൂർണവും കൃത്യതയുള്ളതുമായ രേഖ നിങ്ങൾ സൂക്ഷിക്കുന്നെങ്കിൽ കൂടുതൽ ഫലങ്ങളുളവാകും. വീട്ടുകാരന്റെ പേരും മേൽവിലാസവും, സന്ദർശിച്ച ദിവസവും സമയവും, സമർപ്പിച്ച സാഹിത്യം, ചർച്ചചെയ്ത വിഷയം തുടങ്ങിയ വിവരങ്ങൾ മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ കൂടുതൽ ഫലപ്രദരായിരിക്കാൻ നിങ്ങളെ സഹായിക്കും. അതിനുപുറമേ, നിങ്ങളുടെ ആദ്യ സന്ദർശനത്തിൽ വീട്ടുകാരൻ നടത്തിയ ചില അഭിപ്രായപ്രകടനങ്ങൾ കുറിച്ചിടുകയാണെങ്കിൽ, മടക്കസന്ദർശനത്തിൽ നിങ്ങൾ ചർച്ച പുനരാരംഭിക്കുമ്പോൾ അവയെ ഫലപ്രദമായി പരാമർശിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും.
4 താമസംവിനാ മടക്കസന്ദർശനങ്ങൾ നടത്തുക: കഴിഞ്ഞമാസം നിങ്ങളിൽനിന്ന് സാഹിത്യം സ്വീകരിച്ച എത്രപേരെ നിങ്ങൾ വീണ്ടും സന്ദർശിക്കാൻ ശ്രമിച്ചിട്ടുണ്ട്? സന്ദർശനം നടത്താതെ ആഴ്ചകൾ കടന്നുപോയിട്ടുണ്ടോ? അവരുടെ നിത്യക്ഷേമത്തിലുള്ള യഥാർഥ താത്പര്യം സാധിക്കുന്നത്ര നേരത്തെ മടങ്ങിച്ചെല്ലാൻ നിങ്ങളെ പ്രേരിപ്പിക്കണം. ഏതാനും ദിവസങ്ങൾക്കുള്ളിൽ അതു ചെയ്യുന്നതാണു കൂടുതൽ അഭിലഷണീയം. കാരണം സംഭാഷണം അപ്പോഴും മനസ്സിൽ പച്ചപിടിച്ചുനിൽക്കും. അവരുടെ താത്പര്യത്തെ വർധിപ്പിക്കുന്നതിന് താമസംവിനാ മടങ്ങിച്ചെന്നുകൊണ്ട്, “ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തകളയുന്ന”തിനുള്ള സാത്താന്റെ ശ്രമങ്ങളെ മുന്നമേ പ്രതിരോധിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും.—മർക്കൊ. 4:15.
5 തയ്യാറാകൽ അനിവാര്യമാണ്: മടക്കസന്ദർശനങ്ങൾ നടത്തുന്നതിലെ നിങ്ങളുടെ ഫലപ്രദത്വം നിങ്ങൾ എത്ര നന്നായി തയ്യാറാകുന്നുവെന്നതുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ആളുകളെ എങ്ങനെ സമീപിക്കണമെന്നതു മുന്നമേ മനസ്സിൽ കാണുക. വരിസംഖ്യകളോ ആവശ്യം ലഘുപത്രികയോ സമർപ്പിക്കുമ്പോൾ വളരെ വിജയപ്രദമായി ഉപയോഗിക്കാവുന്ന നിരവധി അവതരണങ്ങൾ 1997 ഏപ്രിലിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ പിൻപേജ് നൽകുന്നു. മടങ്ങിച്ചെല്ലുമ്പോൾ പങ്കുവെക്കാനായി ചില ആശയങ്ങൾ മനസ്സിലുണ്ടായിരിക്കുക എന്നതാണ് അടുത്ത സംഗതി. താത്പര്യത്തെ പിന്തുടരുമ്പോൾ എന്തു പറയാനാകും? ബൈബിളധ്യയനം എങ്ങനെ ആരംഭിക്കാം?
6 ഭൂമിയെ വെടിപ്പാക്കി ജീവിക്കാൻതക്കവണ്ണം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിന് എന്താണാവശ്യമായിരിക്കുന്നത് എന്നതിനെ സംബന്ധിച്ചുള്ള ഒരു ചർച്ചയെ പിന്തുടരുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ഭൂമിയെ ഒരു സമാധാനപൂർണമായ പറുദീസയാക്കാൻ കഴിയുന്നതിനു മുമ്പ് ശക്തമായ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് എന്റെ കഴിഞ്ഞ സന്ദർശനത്തിൽ നാം സമ്മതിച്ചു. ഈ കൃത്യം നിർവഹിക്കാൻ ആവശ്യമായതു മനുഷ്യരുടെ പക്കലുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] മനുഷ്യന്റെ കാര്യാദികളിൽ ദൈവം ഇടപെടുമ്പോൾ ഫലമെന്തായിരിക്കുമെന്നു ദയവായി ശ്രദ്ധിക്കുക.” യെശയ്യാവു 35:1 വായിക്കുക. ദൈവം എന്തു നിർവഹിക്കുമെന്നു കാണിക്കാൻ പരിജ്ഞാനം പുസ്തകത്തിന്റെ 1-ാം അധ്യായത്തിലെ 11-16 ഖണ്ഡികകളുടെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ഉപയോഗിക്കുക. പുസ്തകം ഉപയോഗിച്ച് ഒരു ബൈബിളധ്യയനം വാഗ്ദാനം ചെയ്തുകൊണ്ട് താത്പര്യത്തെ പിന്തുടരുക.
7 പ്രാരംഭ സന്ദർശനത്തിൽ നിങ്ങൾ ദൈവരാജ്യത്തെക്കുറിച്ച് ചർച്ച ചെയ്തിട്ട് “ആവശ്യം” ലഘുപത്രിക സമർപ്പിച്ചെങ്കിൽ, മടങ്ങിച്ചെല്ലുമ്പോൾ ഇതുപോലെ എന്തെങ്കിലും പറയാവുന്നതാണ്:
◼“നാം കഴിഞ്ഞതവണ സംസാരിച്ചപ്പോൾ, ദൈവരാജ്യം മുഴുഭൂമിയെയും ഭരിക്കുന്ന ഒരു യഥാർഥ ഗവൺമെൻറാണെന്നു മനസ്സിലാക്കി. ക്രിസ്തുയേശു ആയിരിക്കും അതിന്റെ ഭരണാധിപൻ എന്ന് ബൈബിൾ പ്രകടമാക്കുന്നു. ഇത്തരത്തിലുള്ള ഗവൺമെൻറും നേതാവും ഉണ്ടായിരിക്കുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രയോജനങ്ങൾ കാണാൻ കഴിയുന്നുണ്ടോ?” പ്രതികരിക്കാൻ അനുവദിക്കുക. ആവശ്യം ലഘുപത്രിക 6-ാം പാഠത്തിലേക്ക് തുറക്കുക. 6-7 ഖണ്ഡികകളിലെ തിരഞ്ഞെടുത്ത ആശയങ്ങളും 13-ാം പേജിലെ ചിത്രവും ഉപയോഗിച്ചുകൊണ്ട്, മനുഷ്യവർഗത്തിനുവേണ്ടി ദൈവരാജ്യം ഭാവിയിൽ എന്തുചെയ്യുമെന്നു കാണിക്കുക. ദാനീയേൽ 2:44 വായിക്കുക. ഉചിതമെങ്കിൽ പരിജ്ഞാനം പുസ്തകം പരിചയപ്പെടുത്തിയിട്ട് ബൈബിളധ്യയനം വാഗ്ദാനം ചെയ്യുക.
8 ലോകത്തിലെ മതങ്ങൾ മനുഷ്യവർഗത്തിനു പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നുവെന്നു സമ്മതിച്ച ഒരുവനെ നിങ്ങൾ കണ്ടെത്തിയെങ്കിൽ മടക്കസന്ദർശനത്തിൽ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്:
◼“ഏതു മതത്തിനാണ് ദൈവത്തിന്റെ അംഗീകാരമുള്ളതെന്നു നമുക്കെങ്ങനെ അറിയാൻ കഴിയുമെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ഈ ലഘുപത്രിക സത്യമതത്തെ തിരിച്ചറിയിക്കുന്ന അടയാളങ്ങൾ നൽകുന്നു.” 13-ാം പാഠത്തിലെ 3-7 ഖണ്ഡികകളിൽ ചെരിച്ചെഴുതിയിരിക്കുന്ന അഞ്ച് ആശയങ്ങൾ വിശേഷവത്കരിക്കുക. “സത്യമതത്തെ തിരിച്ചറിയുന്നതിനു പുറമേ ദൈവം നമ്മിൽനിന്നു വ്യക്തിപരമായി ആവശ്യപ്പെടുന്നത് എന്താണെന്നു നാം കണ്ടെത്തണം” എന്നു പറഞ്ഞുകൊണ്ട് നിങ്ങൾക്കു തുടരാവുന്നതാണ്. യോഹന്നാൻ 4:23, 24 വായിക്കുക. ഇതെപ്പറ്റി കൂടുതലായി ചർച്ചചെയ്യാമെന്നു പറയുക. ലഘുപത്രികയുടെ 1-ാം പാഠത്തിലേക്കു തിരിഞ്ഞ് നാം എങ്ങനെയാണ് പഠിക്കുന്നതെന്നു പ്രകടിപ്പിച്ചുകാട്ടുക.
9 കുടുംബസന്തുഷ്ടിയെക്കുറിച്ചുള്ള ഒരു ചർച്ച തുടരാൻ മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾക്കു പിൻവരുന്നതിനോടു സമാനമായ എന്തെങ്കിലും പറയാവുന്നതാണ്:
◼“നാം ആദ്യം കണ്ടുമുട്ടിയപ്പോൾ, കുടുംബസന്തുഷ്ടിയുടെ രഹസ്യം, അതായത് ദൈവവചനമായ ബൈബിളിൽ കാണുന്ന ബുദ്ധ്യുപദേശം ബാധകമാക്കുക എന്ന ആശയം ഞാൻ നിങ്ങളുമായി പങ്കുവെച്ചു. ആധുനിക കുടുംബത്തിന്റെ ആവശ്യങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ, നിങ്ങൾ വിശ്വസിക്കുന്നതെന്താണ്, ബൈബിൾ കാലത്തിനൊത്തതാണെന്നോ അല്ലെന്നോ?” പ്രതികരണത്തിന് അനുവദിക്കുക. പരിജ്ഞാനം പുസ്തകം കാണിക്കുക. 2-ാം അധ്യായത്തിലേക്കു മറിച്ച് 13-ാം ഖണ്ഡികയിലുള്ള ഉദ്ധരണി വായിക്കുക. 3-ാം ഖണ്ഡികയിലെ ആശയങ്ങൾ ഉപയോഗിച്ച് ഒരു ഭവനബൈബിളധ്യയനം വാഗ്ദാനം ചെയ്യുക.
10 കൃത്യമായ രേഖകൾ സൂക്ഷിച്ചുകൊണ്ടും അനിവാര്യമായ തയ്യാറെടുപ്പു നടത്തിക്കൊണ്ടും താത്പര്യം വർധിപ്പിക്കുന്നതിനു താമസംവിനാ മടങ്ങിച്ചെന്നുകൊണ്ടും താത്പര്യക്കാരെ രക്ഷയുടെ പാതയിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള അയൽസ്നേഹം നമുക്കു പ്രകടമാക്കാൻ കഴിയും.—മത്താ. 22:39; ഗലാ. 6:10.