വളരുമാറാക്കുന്നതിനു യഹോവയിൽ ആശ്രയിക്കുക
1 “ഒരു പുതിയ സഭ സ്ഥാപിക്കുന്നതിലുള്ള അനുപമമായ സന്തോഷം ഞാൻ ആദ്യമായി അനുഭവിച്ചറിഞ്ഞു. രണ്ടു വർഷത്തെ കഠിനാധ്വാനവും നിരന്തര പ്രാർഥനയും ‘വളരുമാറാക്കുന്ന’ യഹോവയിലുള്ള ആശ്രയവുമാണ് അതു സാധ്യമാക്കിത്തീർത്തത്.” വളർച്ച പ്രാപിക്കുന്നതിനു യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിയ മനസ്സാക്ഷിബോധമുള്ള ഒരു പയനിയറാണ് അതെഴുതിയത്. (1 കൊരി. 3:5-9) ആത്മീയ ചിന്താഗതിയുള്ള ആളുകളെ തേടവേ, നമ്മുടെ ശുശ്രൂഷ ഫലംചെയ്യുന്നതിനു നമുക്കും ദൈവത്തിന്റെ പിന്തുണ ആവശ്യമാണ്.—സദൃ. 3:5, 6.
2 വളർച്ചയ്ക്കു പരിചരണം ആവശ്യമാണ്: സത്യത്തിന്റെ വിത്തു വളരുന്നതിനു പരിചരണം ആവശ്യമാണ്. പ്രഥമ സന്ദർശനത്തിനുശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മടങ്ങിച്ചെല്ലുന്നത് മിക്കപ്പോഴും നല്ല ഫലങ്ങൾ ഉത്പാദിപ്പിക്കുന്നു. ഊഷ്മളതയും സൗഹൃദഭാവവും ഉള്ളവരായിരിക്കുക. വീട്ടുകാരന് അസ്വസ്ഥത തോന്നാൻ ഇടയാക്കരുത്. നിങ്ങൾ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കരുത്. നിങ്ങളെ അറിയാൻ മറ്റേ വ്യക്തിയെ അനുവദിക്കുക. ഒരു വ്യക്തിയെന്ന നിലയിൽ അയാളിൽ നിങ്ങൾക്കു താത്പര്യമുണ്ടെന്നു പ്രകടമാക്കുക.
3 ജൂലൈയിലും തുടർന്ന് ആഗസ്റ്റിലും കണ്ടുമുട്ടുന്നവർക്ക് വൈവിധ്യമാർന്ന ലഘുപത്രികകൾ നൽകുന്നതിലാണു നമ്മുടെ ശ്രദ്ധ. എന്നിരുന്നാലും, താത്പര്യം കണ്ടെത്തിയിടത്തും സമർപ്പണം നടത്തിയിടത്തും നാം മടങ്ങിച്ചെല്ലേണ്ടതുണ്ട്. മടക്കസന്ദർശനങ്ങളും ബൈബിളധ്യയനവും നടത്തിക്കൊണ്ടാണു നാമതു ചെയ്യുന്നത്. (മത്താ. 28:19, 20) ആ ഉദ്ദേശ്യത്തിൽ, അധ്യയനം തുടങ്ങാൻ ആവശ്യം ലഘുപത്രിക ഉപയോഗിക്കാവുന്നതാണ്. പിൻവരുന്ന നാലു നിർദേശങ്ങൾ സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.
4 ലോകാവസ്ഥകൾ വഷളാകുന്നതിൽ ഉത്കണ്ഠ പ്രകടിപ്പിച്ച ഒരു വ്യക്തിയോടു നിങ്ങൾ സംസാരിച്ചപക്ഷം ഇങ്ങനെ പറഞ്ഞുകൊണ്ടു സംഭാഷണം പുനരാരംഭിക്കാവുന്നതാണ്:
■ “മാനവ സമൂഹത്തിന്റെ ധാർമികാധഃപതനത്തിൽ എന്നെപ്പോലെതന്നെ താങ്കൾക്കും ഉത്കണ്ഠയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. കുട്ടികളോടും മാതാപിതാക്കളോടും വിവാഹ ഇണകളോടുമുള്ള ദ്രോഹത്തിൽ കലാശിക്കുന്ന ഭവനത്തിലെ അക്രമത്തെക്കുറിച്ചുള്ള ദുഃഖകരമായ റിപ്പോർട്ടുകൾ നാം കേൾക്കുന്നു. തങ്ങളുടെ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻവേണ്ടി നുണ പറയുന്നതോ മോഷ്ടിക്കുന്നതോ അനേകർക്കും ഒരു വിഷയമല്ലെന്നവണ്ണം കാണപ്പെടുന്നു. ആളുകൾ എങ്ങനെ ജീവിക്കുന്നുവെന്നതു ദൈവത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള സംഗതിയാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] മനുഷ്യൻ ജീവിതത്തിൽ പിൻപറ്റുന്നതിനു ദൈവം ചില പ്രമാണങ്ങൾ വെച്ചിട്ടുണ്ട്. അവ വാസ്തവത്തിൽ ഭാരമേറിയവയല്ല.” 1 യോഹന്നാൻ 5:3 വായിക്കുക. എന്നിട്ട്, ആവശ്യം ലഘുപത്രികയുടെ 10-ാമത്തെ പാഠത്തിലെ ഒന്നാം ഖണ്ഡിക വായിക്കുക. 2-6 ഖണ്ഡികകളുടെ തുടക്കത്തിൽ ചെരിച്ചെഴുതിയിരിക്കുന്ന വാക്കുകളും വാചകങ്ങളും ചൂണ്ടിക്കാട്ടിയശേഷം സമൂഹത്തിന് അത്യന്തം ഹാനികരമായിരിക്കുന്ന ശീലമേതാണെന്നാണു വീട്ടുകാരനു തോന്നുന്നതെന്നു ചോദിക്കുക. ബന്ധപ്പെട്ട ഖണ്ഡിക വായിച്ചിട്ട്, സാഹചര്യമനുസരിച്ച് ഒന്നു രണ്ടു തിരുവെഴുത്തുകൾ വായിക്കുക. 7-ാം ഖണ്ഡിക വായിച്ചുകൊണ്ട് പര്യവസാനിപ്പിക്കുക. അതേത്തുടർന്ന് കൂടുതലായ ചർച്ചയ്ക്കായി മടങ്ങിച്ചെല്ലാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുക.
5 നിങ്ങൾ കണ്ടുമുട്ടിയ കുടുംബ വിചാരമുള്ള ആളുകളോട് ഇങ്ങനെ എന്തെങ്കിലും പറയാവുന്നതാണ്:
■ “വിജയപ്രദമായ ഒരു കുടുംബം കെട്ടുപണിചെയ്യുന്നതിന് ആവശ്യമായിരിക്കുന്ന ഉപകരണങ്ങൾ സ്രഷ്ടാവു നമുക്കു നൽകുമെന്നു പ്രതീക്ഷിക്കുന്നതു ന്യായയുക്തമാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” പ്രതികരിക്കാൻ അനുവദിക്കുക. ആവശ്യം ലഘുപത്രിക പരിചയപ്പെടുത്തിയിട്ട് 8-ാം പാഠമെടുക്കുക. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആവശ്യമായിരിക്കുന്ന തത്ത്വങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടെന്നു വിശദീകരിക്കുക. ബൈബിൾ ഉപയോഗിച്ചുകൊണ്ടു ലഘുപത്രിക പരമാവധി പ്രയോജനപ്പെടുത്തുന്നത് എങ്ങനെയെന്നു പ്രകടിപ്പിച്ചുകാട്ടാമെന്നു പറയുക. ലഘുപത്രികയുടെ 2-ാം പേജിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റുക. അതേ പാഠം തുടർന്നു പഠിക്കാനോ ആ പാഠം പഠിച്ചുകഴിഞ്ഞെങ്കിൽ ലഘുപത്രികയിൽനിന്നു വീട്ടുകാരൻ തിരഞ്ഞെടുക്കുന്ന മറ്റൊരു പാഠം പഠിക്കാനോ മടങ്ങിച്ചെല്ലാൻ ക്രമീകരണം ചെയ്യുക.
6 നമ്മുടെ ബൈബിളധ്യയന പരിപാടി വാഗ്ദാനം ചെയ്യാൻ നേരിട്ടുള്ള ഈ സമീപനം സ്വീകരിക്കാവുന്നതാണ്. “ആവശ്യം” ലഘുപത്രിക കാട്ടിയശേഷം ഇങ്ങനെ പറയുക:
■ “ഈ ലഘുപത്രിക ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകൾ ചർച്ചചെയ്യുന്ന ഒരു സമഗ്ര ബൈബിൾപഠന പദ്ധതിയായി സംവിധാനം ചെയ്തിരിക്കുന്നു. ഓരോ പേജിലും, നൂറ്റാണ്ടുകളായി ആളുകളെ കുഴക്കിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം. ഉദാഹരണത്തിന്, ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണ്?” 5-ാം പാഠത്തിലേക്കു തിരിഞ്ഞ് തുടക്കത്തിലുള്ള ചോദ്യങ്ങൾ വായിക്കുക. വീട്ടുകാരന് ഏറ്റവും താത്പര്യജനകമായി തോന്നുന്നത് ഏതാണെന്നു ചോദിക്കുക. എന്നിട്ട്, ബന്ധപ്പെട്ട ഖണ്ഡികകൾ വായിച്ച് ഉചിതമായ തിരുവെഴുത്തുകൾ എടുത്തുനോക്കുക. ഇതേ വിധത്തിൽ മറ്റു ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരങ്ങൾ എളുപ്പം കണ്ടെത്താമെന്നു വിശദീകരിക്കുക. വേറൊരു ചോദ്യവും ഉത്തരവും ചർച്ചചെയ്യാൻ മടങ്ങിയെത്താമെന്നു പറയുക.
7 അല്ലെങ്കിൽ ഒരു ബൈബിളധ്യയനം തുടങ്ങുന്നതിന് ഇങ്ങനെ പറഞ്ഞുകൊണ്ട് ലളിതമായ സമീപനം കൈക്കൊള്ളാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
■ “ഏതാനും നിമിഷങ്ങൾകൊണ്ട് ഒരു സുപ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകുമെന്നതു നിങ്ങൾക്കറിയാമായിരുന്നോ? ഉദാഹരണത്തിന്, . . .” ലഘുപത്രികയുടെ ഏതെങ്കിലും പാഠത്തിന്റെ തുടക്കത്തിൽ കൊടുത്തിരിക്കുന്ന, വീട്ടുകാരന് ആകർഷകമെന്നു നിങ്ങൾക്കു തോന്നുന്ന ഒരു ചോദ്യം ഉന്നയിക്കുക. നിങ്ങൾ ഉപയോഗിച്ചേക്കാവുന്ന ചില ആശയങ്ങൾക്കോ ചോദ്യങ്ങൾക്കോ വേണ്ടി 1997 മാർച്ചിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ “മടക്കസന്ദർശനങ്ങൾക്കായി ധൈര്യം സംഭരിക്കുക” എന്ന ശീർഷകത്തിലുള്ള അനുബന്ധ ലേഖനത്തിന്റെ 15, 16 ഖണ്ഡികകൾ കാണുക.
8 മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്തുന്നതിലെ വെല്ലുവിളികൾ സസന്തോഷം സ്വീകരിക്കുന്നതു ദൈവത്തിന്റെ “കൂട്ടുവേലക്കാർ” ആയിരിക്കുന്നതിന്റെ ഭാഗമാണ്. (1 കൊരി. 3:9) കണ്ടെത്തിയ താത്പര്യം വളർത്തിയെടുക്കാൻ കഠിനാധ്വാനം ചെയ്യുകയും അതു വളരുമാറാക്കുന്നതിനു യഹോവയിൽ ആശ്രയിക്കുകയും ചെയ്യുമ്പോൾ മറ്റൊരു വേലയ്ക്കും നൽകാൻ കഴിയാത്ത യഥാർഥ സംതൃപ്തി നാം അനുഭവിച്ചറിയും.