കൂടുതൽ പ്രാധാന്യമുള്ള സംഗതികൾക്കു പ്രഥമസ്ഥാനം നൽകുക
1 നമ്മുടെ ആത്മീയ ക്ഷേമത്തിനു മർമപ്രധാനമായിരിക്കുന്ന ചില മുഖ്യ സംഗതികൾ ഏതെല്ലാമാണ്? വ്യക്തിപരമായ പഠനം, യോഗങ്ങളിൽ ഹാജരാകൽ, പ്രാർഥനയിൽ ഉറ്റിരിക്കൽ, നല്ല സഹവാസം, ക്രിസ്തീയ ശുശ്രൂഷ എന്നിവ തീർച്ചയായും അതിൽ ഉൾപ്പെടും. പ്രധാന സംഗതികൾ ജീവിതത്തിൽ മുൻപന്തിയിൽ നിർത്താതെ നമുക്കു നല്ല ആത്മീയ ആരോഗ്യം കാത്തുസൂക്ഷിക്കാനാവില്ല.
2 എന്നിരുന്നാലും, നമുക്കെല്ലാം ജഡാഭിലാഷങ്ങൾക്കെതിരെ പോരാട്ടമുണ്ട്, ശിക്ഷണത്തിന്റെ ആവശ്യവുമുണ്ട്. (ഗലാ. 5:17) സ്വാർഥ താത്പര്യങ്ങളെ അനുധാവനം ചെയ്യുന്നതുകൊണ്ട് കൂടുതൽ പ്രയോജനമുണ്ടെന്നു നാം ഒരിക്കലും ചിന്തിക്കരുത്. (യിരെ. 17:9) തന്മൂലം, നമ്മുടെ ഹൃദയം കാത്തുസൂക്ഷിക്കുന്നതിനും വഴിതെറ്റിക്കപ്പെടാതിരിക്കുന്നതിനും ക്രമമായ ആത്മപരിശോധന അതിപ്രധാനമാണ്.—സദൃ. 4:23; 2 കൊരി. 13:5.
3 ഹൃദയപരിശോധന നടത്തുക: സത്യസന്ധമായ ചില ചോദ്യങ്ങൾ സ്വയം ചോദിച്ചുകൊണ്ടു നിങ്ങൾക്കതു ചെയ്യാൻ സാധിക്കും: എനിക്കു ദൈവവചനം വായിക്കാനുള്ള തീവ്രമായ ആഗ്രഹമുണ്ടോ? (1 പത്രൊ. 2:2) എല്ലാ സഭായോഗങ്ങളിലും പങ്കുപറ്റുന്നതിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കുന്നുണ്ടോ? (എബ്രാ. 10:24, 25) ഞാൻ പ്രാർഥനയിൽ ഉറ്റിരിക്കുന്നുണ്ടോ? (റോമ. 12:12) ഞാൻ ആത്മീയ ചിന്താഗതിയുള്ളവരുടെ സൗഹൃദം തേടുന്നുണ്ടോ? (റോമ. 1:11, 12) സുവാർത്ത പ്രഖ്യാപിക്കുന്നതിനു വ്യക്തിപരമായ കടപ്പാടുള്ളതായി എനിക്കു തോന്നുന്നുണ്ടോ? (1 കൊരി. 9:16) ഉവ്വ് എന്നുള്ള ഉത്തരങ്ങൾ, നിങ്ങൾ സുപ്രധാന സംഗതികൾ ഒന്നാമതു വെക്കാൻ അഭിലഷിക്കുന്നുവെന്നു വ്യക്തമാക്കും.
4 ദിനചര്യ പരിശോധിക്കുക: ഹൃദയാഭിലാഷങ്ങൾ പരിശോധിച്ച്, സമയം പ്രയോജനപ്പെടുത്താൻ മുൻഗണനകൾ വെക്കേണ്ടതുണ്ട്. ബൈബിളും വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും എല്ലാ ലക്കങ്ങളും ക്രമമായി വായിക്കുന്നതിനും യോഗങ്ങൾക്കു തയ്യാറാകുന്നതിനും സമയം പട്ടികപ്പെടുത്തുന്നത് അതിൽ ഉൾപ്പെടുന്നു. കുടുംബം ഒത്തൊരുമിച്ചു പഠിക്കുന്നതിനും പ്രാർഥിക്കുന്നതിനും സമയം മാറ്റിവെക്കേണ്ടതുണ്ട്. ടിവി കാണുന്നതിനും മറ്റേതെങ്കിലും തരത്തിലുള്ള വിനോദത്തിലേർപ്പെടുന്നതിനും ഒരു സമയപരിധി വെക്കുക. എല്ലാ സഭായോഗങ്ങളിലും ഹാജരാകാൻ ദൃഢനിശ്ചയം ചെയ്തുകൊണ്ട് അവയ്ക്കു മറ്റു സംഗതികളെക്കാൾ മുൻതൂക്കം നൽകുക. ഓരോ വാരവും കുടുംബസമേതം വയൽസേവനത്തിൽ പങ്കുപറ്റാൻ ക്രമീകരണം ചെയ്യുക.
5 കൂടുതൽ പ്രാധാന്യമുള്ള സംഗതികൾക്കു ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുന്നതു നിസ്സംശയമായും സന്തോഷത്തിനുള്ള ഒരു കാരണമാണെന്നു തെളിയും.