മറ്റുള്ളവർക്കുവേണ്ടി യഥാർഥമായി കരുതിക്കൊണ്ടു യഹോവയെ അനുകരിക്കുക
1 മറ്റുള്ളവർക്കുവേണ്ടി യഥാർഥ കരുതൽ പ്രകടമാക്കുന്നതിന്റെ ഏറ്റവും വലിയ മാതൃക യഹോവയാണ്. അഖിലാണ്ഡ പരമാധികാരിയെന്നനിലയിൽ അവൻ തന്റെ മനുഷ്യ സൃഷ്ടിയുടെ ആവശ്യങ്ങളെക്കുറിച്ചു ബോധവാനാണ്. (1 പത്രൊ. 5:7) നീതിമാൻമാരുടെമേലും നീതികെട്ടവരുടെമേലും സൂര്യനെ ഉദിപ്പിക്കുകയും മഴപെയ്യിക്കുകയും ചെയ്യുന്ന തന്റെ പിതാവിന്റെ സ്വഭാവഗുണങ്ങൾ പ്രകടമാക്കാൻ യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു. (മത്താ. 5:45) കണ്ടുമുട്ടുന്ന ഏതൊരാളുമായി രാജ്യസന്ദേശം പങ്കുവെക്കാൻ തയ്യാറായിരുന്നുകൊണ്ടു മറ്റുള്ളവരിൽ യഥാർഥ താത്പര്യം കാണിക്കുകവഴി നിങ്ങൾക്കു യഹോവയെ അനുകരിക്കാവുന്നതാണ്. ജൂലൈയിൽ ശുശ്രൂഷയിൽ ഉപയോഗിക്കുന്ന ലഘുപത്രികകളുമായി നല്ലവണ്ണം സുപരിചിതരാകുന്നതിനാൽ, മറ്റുള്ളവർക്ക് ആത്മീയ സഹായം വാഗ്ദാനം ചെയ്യാവുന്ന ഒരു നല്ല സ്ഥാനത്തായിരിക്കും നിങ്ങൾ. പ്രാരംഭ സന്ദർശനത്തിനു നിങ്ങൾ തയ്യാറായേക്കാവുന്ന വിധത്തെക്കുറിച്ചും പിന്നീട് സമയോചിത മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ടു താത്പര്യത്തെ പിന്തുടരുന്നതിനെക്കുറിച്ചും പിൻവരുന്ന നിർദേശങ്ങൾ ചില ആശയങ്ങൾ നൽകുന്നു.
2 “ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?” എന്ന ലഘുപത്രിക കൊടുക്കുമ്പോൾ നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്:
◼“മനുഷ്യരെക്കുറിച്ചു ദൈവം യഥാർഥമായി കരുതുന്നുവെങ്കിൽ അവർ കഷ്ടപ്പെടാൻ അവൻ അനുവദിക്കുന്നതെന്തുകൊണ്ടെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ ലഘുപത്രിക ഈ ചോദ്യത്തിനുള്ള തൃപ്തികരമായ ഉത്തരം പ്രദാനംചെയ്യുക മാത്രമല്ല, മനുഷ്യൻ തനിക്കുതന്നെയും തന്റെ ഭൗമഗൃഹത്തിനും വരുത്തിയിരിക്കുന്ന എല്ലാ നാശനഷ്ടങ്ങളും പരിഹരിക്കുമെന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതായി കാണിച്ചുതരുകയും ചെയ്യുന്നു.” 27-ാം പേജിലെ 23-ാം ഖണ്ഡിക വായിക്കുക. അതിനുതാഴെയുള്ള ചിത്രം കാണിക്കുകയും 22-ാം ഖണ്ഡികയിൽനിന്ന് സങ്കീർത്തനം 145:16 വായിക്കുകയും ചെയ്യുക. ലഘുപത്രിക കൊടുക്കുക. അതു സ്വീകരിക്കുന്നെങ്കിൽ, “മനുഷ്യവർഗത്തിന് അനുഗ്രഹങ്ങൾ കൈവരുത്തുകയും ഭൂമിയെ ഒരു പറുദീസയായി രൂപാന്തരപ്പെടുത്തുകയും ചെയ്യുകയെന്ന തന്റെ ഉദ്ദേശ്യം ദൈവം എങ്ങനെ നിറവേറ്റുമെന്നറിയാൻ നിങ്ങൾക്കു താത്പര്യമുണ്ടോ?” എന്നതുപോലുള്ള ഒരു ചോദ്യം ചോദിക്കുക. അടുത്ത സന്ദർശനത്തിൽ അതിന് ഉത്തരം കൊടുക്കാവുന്നതാണ്.
3 “ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?” എന്ന ലഘുപത്രിക സമർപ്പിച്ചവരുടെ അടുത്തേക്കു നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ, നിങ്ങൾ മറ്റൊരു ചർച്ച ഇപ്രകാരം ആരംഭിച്ചേക്കാം:
◼“കഴിഞ്ഞ പ്രാവശ്യം ഞാൻ സന്ദർശിച്ചപ്പോൾ, ദൈവം വാസ്തവത്തിൽ നമുക്കുവേണ്ടി കരുതുകതന്നെ ചെയ്യുന്നുവെന്നും മനുഷ്യൻ തന്റെമേലും തന്റെ ഭൗമഗൃഹത്തിന്മേലും വരുത്തിയിരിക്കുന്ന എല്ലാ നാശനഷ്ടങ്ങളും പരിഹരിക്കുകയെന്നത് അവന്റെ ഉദ്ദേശ്യമാണെന്നും നാം പരിചിന്തിച്ചു.” ലഘുപത്രിക തുറന്ന് 2-3 പേജുകളിലെ ചിത്രത്തിലേക്കു മറിച്ച് ഇപ്രകാരം പറയുക: “മനുഷ്യവർഗത്തിന് അനുഗ്രഹങ്ങൾ കൈവരുത്തുകയും ഭൂമിയെ ഒരു പറുദീസയായി രൂപാന്തരപ്പെടുത്തുകയും ചെയ്യുകയെന്ന തന്റെ ഉദ്ദേശ്യം ദൈവം എങ്ങനെ നിറവേറ്റും? എന്ന ചോദ്യത്തോടെ നാം സംഭാഷണം അവസാനിപ്പിച്ചിരുന്നു. നിങ്ങൾ എന്തു വിചാരിക്കുന്നു?” പ്രതികരിക്കാൻ അനുവദിക്കുക. 17-ാം പേജിലേക്കു തിരിഞ്ഞ് 2-ാം ഖണ്ഡികയും ദാനീയേൽ 2:44-ഉം വായിക്കുക. അതിനുശേഷം 18-ാം പേജിലെ 12-ാം ഖണ്ഡിക വായിക്കുക. ലഘുപത്രികയുടെ 9-ാം ഭാഗം നിങ്ങളോടൊപ്പം പരിചിന്തിക്കാൻ താത്പര്യമുണ്ടോയെന്നു വീട്ടുകാരനോടു ചോദിക്കുക. ഇഷ്ടപ്പെടുന്നെങ്കിൽ അത് അദ്ദേഹത്തോടൊപ്പം പഠിക്കുക.
4 “നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ” എന്ന ലഘുപത്രിക സമർപ്പിക്കാനുപയോഗിക്കാവുന്ന ഒരു സമീപനമിതാ. അതിന്റെ പുറംപേജ് കാണിച്ചുകൊണ്ട് ഇപ്രകാരം പറയുക:
◼“പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിനാളുകൾക്ക് ആശ്വാസവും പ്രത്യാശയും കൈവരുത്തിയിരിക്കുന്ന ഈ ലഘുപത്രിക ഇന്നു ഞങ്ങൾ പങ്കുവെക്കുകയാണ്. മരിച്ചവർക്ക് എന്തു പ്രത്യാശയുണ്ട് എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവത്തിന്റെ പുനരുത്ഥാന വാഗ്ദാനത്തെക്കുറിച്ചു ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നു.” യോഹന്നാൻ 5:28, 29 വായിക്കുക. ലഘുപത്രിക തുറന്ന് 28-ാം പേജിലെ അവസാനത്തെ ഖണ്ഡികയിലും 31-ാം പേജിലെ ആദ്യത്തെ ഖണ്ഡികയിലും കൊടുത്തിരിക്കുന്ന ആശയങ്ങളെക്കുറിച്ച് അഭിപ്രായം പറയുക. അതേത്തുടർന്നുള്ള ചിത്രങ്ങൾ കാണിക്കുക. ലഘുപത്രിക സമർപ്പിക്കുക. “ഒടുവിൽ മരണം പൂർണമായി ഇല്ലായ്മചെയ്യപ്പെടുമെന്നു നമുക്കെങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?” എന്നു ചോദിച്ചുകൊണ്ട് നിങ്ങൾക്കൊരു മടക്കസന്ദർശനത്തിനു പാതയൊരുക്കാൻ കഴിയും.
5 “നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ” എന്ന ലഘുപത്രിക സമർപ്പിച്ചടത്ത്, മടക്കസന്ദർശനത്തിൽ ഈ അവതരണം ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
◼“മുമ്പു നമ്മൾ സംസാരിച്ചപ്പോൾ പുനരുത്ഥാനത്തിന്റെ അത്ഭുതകരമായ പ്രത്യാശയെക്കുറിച്ചു നാം ചർച്ചചെയ്തു. ഒടുവിൽ മരണം പൂർണമായി ഇല്ലായ്മചെയ്യപ്പെടുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതിന്റെ കാരണത്തെക്കുറിച്ചു ഞാൻ നിങ്ങൾക്കു തന്നിട്ടുപോയ ലഘുപത്രിക വിശദീകരിക്കുന്നു. ദൈവത്തിന്റെ വാഗ്ദാനങ്ങൾ ആശ്വാസപ്രദവും ഉറപ്പുനൽകുന്നതുമാണെന്നു നിങ്ങൾ കണ്ടെത്തിയില്ലേ?” പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് ലഘുപത്രിക 31-ാം പേജിലേക്കു മറിച്ച് വെളിപ്പാടു 21:1-4-നോടൊപ്പം രണ്ടാമത്തെയും മൂന്നാമത്തെയും ഖണ്ഡികകൾ വായിക്കുക. ഒരിക്കലും മരിക്കാതെ ജീവിതം ആസ്വദിക്കാനുള്ള നമ്മുടെ പ്രതീക്ഷയെ എടുത്തുകാട്ടുക. പ്രകടമാക്കിയ താത്പര്യത്തെയും അപ്പോഴത്തെ സാഹചര്യത്തെയും ആശ്രയിച്ച്, നിങ്ങൾ പരിജ്ഞാനം പുസ്തകത്തിൽനിന്ന് ഒരു ബൈബിളധ്യയനം വാഗ്ദാനം ചെയ്യുകയോ അടുത്ത മടക്കസന്ദർശനത്തിനു വഴിയൊരുക്കാൻ മറ്റൊരു ചോദ്യം ചോദിക്കുകയോ ചെയ്തേക്കാം.
6 “ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?” എന്ന ലഘുപത്രിക അവതരിപ്പിക്കുമ്പോൾ നിങ്ങൾ പിൻവരുന്നപ്രകാരം പറഞ്ഞേക്കാം:
◼“ജീവിതത്തിന്റെ ഉദ്ദേശ്യമെന്തെന്ന് അനേകർ അത്ഭുതപ്പെട്ടിട്ടുണ്ട്. ‘ഞാൻ ഇവിടെ ആയിരിക്കുന്നതെന്തുകൊണ്ട്? ഞാൻ എവിടേക്കു പോകുന്നു? ഭാവി എനിക്കായി എന്തു കരുതിവെച്ചിരിക്കുന്നു?’ എന്ന് അവർ തങ്ങളോടുതന്നെ ചോദിച്ചിട്ടുണ്ട്. നമുക്ക് ഉത്തരങ്ങൾ എവിടെ കണ്ടെത്താമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക. [സങ്കീർത്തനം 36:9 വായിക്കുക.] നാം ഇവിടെ ആയിരിക്കുന്നതെന്തുകൊണ്ടെന്നു വിശദീകരിക്കാൻ ഏറ്റവും യോഗ്യനായവൻ മമനുഷ്യന്റെ സ്രഷ്ടാവാണെന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവം നമുക്കായി കരുതിവെച്ചിരിക്കുന്ന മഹത്തായ ഉദ്ദേശ്യത്തെ ഈ ലഘുപത്രിക വ്യക്തമാക്കുന്നു.” 20-1 പേജുകളിലേക്കു മറിച്ച് ചിത്രക്കുറിപ്പു വായിക്കുകയും ചിത്രത്തെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുക; തുടർന്നു ലഘുപത്രിക സമർപ്പിക്കുക. അതു സ്വീകരിക്കുന്നെങ്കിൽ, ഇപ്രകാരം ചോദിക്കുക: “പറുദീസാഭൂമിയിൽ മനുഷ്യർ എന്നേക്കും ജീവിക്കുകയെന്നുള്ളത് ഇപ്പോഴും ദൈവത്തിന്റെ ഉദ്ദേശ്യമാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെ?” മടങ്ങിച്ചെല്ലാൻ ഒരു സമയം നിശ്ചയിക്കുക.
7 “ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?” എന്ന ലഘുപത്രികയാണു സമർപ്പിച്ചിരിക്കുന്നതെങ്കിൽ, മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്:
◼“എന്റെ കഴിഞ്ഞ സന്ദർശനത്തിൽ, മനുഷ്യ ജീവിതത്തിന് ഒരു യഥാർഥ ഉദ്ദേശ്യമുണ്ട് എന്ന ബൈബിൾ വീക്ഷണം സംബന്ധിച്ചു നിങ്ങളുമായി നടത്തിയ ചർച്ച ഞാൻ ശരിക്കും ആസ്വദിച്ചു.” 31-ാം പേജിലെ ചിത്രം കാണിച്ച് ഇപ്രകാരം ചോദിക്കുക, “പറുദീസാഭൂമിയിൽ മനുഷ്യർ എന്നേക്കും ജീവിക്കേണ്ടതാണെന്നുള്ളത് ഇപ്പോഴും ദൈവത്തിന്റെ ഇഷ്ടമാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെ?” 20-ാം പേജിലെ 3-ാം ഖണ്ഡിക വായിക്കുക. 21-ാം പേജിലെ “ഇപ്പോഴും ദൈവത്തിന്റെ ഉദ്ദേശ്യം” എന്ന ഉപതലക്കെട്ടിൻകീഴിലെ ആശയങ്ങൾ ചർച്ചചെയ്യുക. ലഘുപത്രികയുടെ പുറംപേജിലേക്കു തിരിച്ച് ഒരു സൗജന്യ ഭവന ബൈബിളധ്യയനത്തിന്റെ വാഗ്ദാനത്തെക്കുറിച്ചു വായിക്കുക. പരിജ്ഞാനം പുസ്തകം പരിചയപ്പെടുത്തുകയും ഒരു ബൈബിൾ പഠനസഹായി എന്നനിലയിൽ നാം അത് ഉപയോഗിക്കുന്നവിധം പ്രകടിപ്പിച്ചുകാണിക്കാമെന്നു പറയുകയും ചെയ്യുക.
8 ‘സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിലേക്കു വരുന്നതിന്’ പരമാർഥഹൃദയരെ സഹായിക്കുന്നതിലുള്ള നമ്മുടെ ആത്മാർഥമായ താത്പര്യത്തെ നമ്മുടെ ശുശ്രൂഷ പ്രതിഫലിപ്പിക്കണം. (1 തിമോ. 2:4, NW) അതുകൊണ്ട്, ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ നിങ്ങൾ അഭിമുഖീകരിക്കാൻ സാധ്യതയുള്ള എല്ലാവർക്കുംവേണ്ടി എല്ലാ ഭാഷകളിലുമുള്ള ലഘുപത്രികകൾ എടുക്കുക. നിങ്ങൾ ലഘുപത്രിക സമർപ്പിച്ച ഓരോ വ്യക്തിയുടെയും അടുക്കൽ മടങ്ങിച്ചെല്ലുന്നതിനു നിങ്ങളുടെ സേവനപ്പട്ടികയിൽ സമയം ക്രമീകരിക്കുക. നിങ്ങൾ അവരോടു കാട്ടുന്ന യഥാർഥ താത്പര്യം, വ്യാജമതത്തിൽ നടക്കുന്ന മ്ലേച്ഛകാര്യങ്ങൾ നിമിത്തം നെടുവീർപ്പിട്ടു കരയുന്നവരെ അതിജീവനത്തിനായി തിരിച്ചറിയിക്കുന്നതിനു സഹായിക്കുന്നതിൽ കലാശിച്ചേക്കാം. (യെഹെ. 9:4, 6) മറ്റുള്ളവർക്കുവേണ്ടി യഥാർഥമായി കരുതുകവഴി നിങ്ങൾ യഹോവയെ അനുകരിക്കുകയാണെന്ന് അറിയുന്നതിൽനിന്നുള്ള സന്തോഷവും സംതൃപ്തിയും നിങ്ങൾ അനുഭവിക്കുകയും ചെയ്യും.—ഫിലിപ്പിയർ 2:20 താരതമ്യം ചെയ്യുക.