നിങ്ങളുടെ ശുശ്രൂഷയിൽ വ്യത്യസ്ത ലഘുപത്രികകൾ ഉപയോഗിക്കുക
1 ആളുകൾ ഇന്ന് വ്യത്യസ്ത വിഷയങ്ങളിൽ തത്പരരാണ്. ജൂലൈയിൽ നിങ്ങൾ വയൽസേവനത്തിൽ ഏർപ്പെടുമ്പോൾ വ്യത്യസ്ത ലഘുപത്രികകൾ കൈവശം കരുതാവുന്നതാണ്. അപ്പോൾ പ്രദേശത്തെ ആളുകൾക്കു പ്രത്യേകാൽ ആകർഷകമായ ഒന്നു നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. ഒരുപക്ഷേ ഈ അവതരണങ്ങളിലേതെങ്കിലും ഒന്നു പരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
2 “നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?” എന്ന ലഘുപത്രിക സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം:
◼“യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നെങ്കിൽ ഈ ലോകം എങ്ങനെ ആയിരിക്കുമായിരുന്നുവെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] നമ്മുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതിനു നമുക്കു യഥാർഥത്തിൽ പ്രതീക്ഷിക്കാൻ കഴിയുന്ന ഏക മാർഗം ഭൂമിയിലെ ഭരണാധിപത്യം ദൈവം ഏറ്റെടുക്കുക എന്നതാണ്. [20-ാം പേജിലേക്കു തിരിഞ്ഞ് സങ്കീർത്തനം 37:10-ഉം സങ്കീർത്തനം 46:9-ഉം ഉദ്ധരിച്ചിരിക്കുന്ന ഒന്നാം ഖണ്ഡിക വായിക്കുക.] അത്തരം ഒരു ലോകത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലഘുപത്രിക വായിക്കണം.” ലഘുപത്രിക സമർപ്പിക്കുക.
3 “നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ” എന്നത് ഇപ്രകാരം വിശേഷവത്കരിക്കാവുന്നതാണ്:
◼“നമ്മിലാർക്കും നമ്മുടെ പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെടുകയില്ലാത്ത ഒരു നാൾ എന്നെങ്കിലും വരുമെന്നു നിങ്ങൾ വിചാരിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] അത്തരമൊരു നാൾ ആസന്നഭാവിയിൽ തന്നെ വരുന്നു എന്ന ബൈബിളിന്റെ ഉറച്ച വാഗ്ദാനത്തിലൂടെ, സുന്ദരമായി എഴുതപ്പെട്ട ഈ ലഘുപത്രിക ദശലക്ഷങ്ങളെ ആശ്വസിപ്പിച്ചിട്ടുണ്ട്. [5-ാം പേജിലേക്കു തിരിഞ്ഞ് 1 കൊരിന്ത്യർ 15:21, 22 ഉൾപ്പെടെ നാലാം ഖണ്ഡിക വായിക്കുക. എന്നിട്ട് 30-ാം പേജിലെ ചിത്രത്തിലേക്കു മറിക്കുക.] നമ്മുടെ മരിച്ച പ്രിയപ്പെട്ടവരെ പുനരുത്ഥാനത്തിൽ സ്വാഗതം ചെയ്യുമ്പോൾ അനുഭവപ്പെട്ടേക്കാവുന്ന സന്തോഷം കലാകാരൻ ഇവിടെ കാണിച്ചിരിക്കുന്നു. എന്നാൽ ഈ സന്തോഷകരമായ രംഗം എവിടെയായിരിക്കും അരങ്ങേറുക? ആ ചോദ്യത്തിനുള്ള ബൈബിളിന്റെ ഉത്തരം ഈ ലഘുപത്രിക നിങ്ങൾക്കു കാണിച്ചുതരും.” ലഘുപത്രിക സ്വീകരിച്ചെങ്കിൽ നിങ്ങൾ ഇപ്രകാരം കൂട്ടിച്ചേർത്തേക്കാം: “പിന്നീടു മടങ്ങിവന്ന് ഈ വിഷയത്തെക്കുറിച്ചു കൂടുതലായി ചർച്ചചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.”
4 ഒരു ബൈബിളധ്യയനം തുടങ്ങുന്നതിനു നേരിട്ടുള്ള ഈ സമീപനം ഉപയോഗിച്ചുകൊണ്ട് “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്ന ലഘുപത്രിക നിങ്ങൾ വിശേഷവത്കരിച്ചേക്കാം:
◼“നിങ്ങൾ ബൈബിളിനെക്കുറിച്ചു കേട്ടിട്ടുണ്ടായിരിക്കാം, എന്നാൽ അതേക്കുറിച്ചു കൂടുതലായി പഠിക്കുന്നതിനുള്ള ഒരവസരം ലഭിച്ചിട്ടുണ്ടായിരിക്കില്ല. ഈ പ്രസിദ്ധീകരണം ബൈബിളിനെക്കുറിച്ചു വളരെ സാധാരണമായി ചോദിക്കപ്പെടുന്ന ചില ചോദ്യങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു. [30-ാം പേജ് പരാമർശിക്കുക.] ഈ അവസാന ചോദ്യം അനേകരുടെ താത്പര്യത്തെ ഉണർത്തിയിട്ടുണ്ട്: ‘നിങ്ങൾക്ക് പരദീസയിലെ നിത്യജീവനുവേണ്ടി എങ്ങനെ ഒരുങ്ങാൻ കഴിയും?’” 29-30 പേജുകളിലെ 57-8 ഖണ്ഡികകൾ ചർച്ച ചെയ്യുകയും വെളിപ്പാടു 21:3, 4 വായിക്കുകയും ചെയ്യുന്നെങ്കിൽ ഒരു ബൈബിളധ്യയനം തുടങ്ങുന്നതിനുള്ള അടിസ്ഥാനം നിങ്ങൾ ഇട്ടുകഴിഞ്ഞിരിക്കും. ലഘുപത്രിക സമർപ്പിച്ചുകൊണ്ടും കൂടുതലായ മറ്റു ചോദ്യങ്ങൾ ചർച്ച ചെയ്യാൻതക്കവണ്ണം മടക്കസന്ദർശനം ക്രമീകരിച്ചുകൊണ്ടും ഉപസംഹരിക്കുക.
5 “എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം” (ഇംഗ്ലീഷ്) എന്ന ലഘുപത്രിക ഉപയോഗിച്ചുകൊണ്ട് ഈ ലളിതമായ അവതരണം പരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
◼“ബൈബിളിൽനിന്നു ഞാൻ ആദ്യമായി പഠിച്ച കാര്യങ്ങളിലൊന്ന് ദൈവത്തിന്റെ പേരാണ്. അതെന്താണെന്നു നിങ്ങൾക്കറിയാമോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഞാൻ നിങ്ങളെ കാണിക്കട്ടെ. അത് ബൈബിളിൽ സങ്കീർത്തനം 83:18-ലാണ്. [വായിക്കുക.] ദൈവത്തിന്റെ നാമമായ യഹോവ വ്യത്യസ്ത ഭാഷകളിൽ പ്രത്യക്ഷപ്പെടുന്നവിധം ഈ ലഘുപത്രിക കാണിക്കുന്നു. [8-ാം പേജിലെ ചതുരം കാണിക്കുക.] യഹോവയെക്കുറിച്ചും അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഈ ലഘുപത്രിക വായിക്കണം.” ലഘുപത്രിക വീട്ടുകാരന്റെ കയ്യിൽ കൊടുക്കുക.
6 ഉപയോഗിക്കുന്നതിന് ഇത്രയധികം വ്യത്യസ്ത ലഘുപത്രികകൾ സഹിതം “എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ” നാം തീർച്ചയായും സുസജ്ജരാണ്.—യെശ. 61:1.