ലഘുപത്രികകൾ ഉപയോഗിച്ചു രാജ്യസുവാർത്ത പ്രഘോഷിക്കുക
1 സത്യം അറിയുന്നതും സുവാർത്ത തീക്ഷ്ണതയോടെ പ്രഘോഷിക്കുന്നവർക്കിടയിൽ ആയിരിക്കുന്നതും എത്ര ആനന്ദകരമാണ്! ദൈവസ്ഥാപനത്തിനു വെളിയിലായിരിക്കുന്നവർ രാജ്യസുവാർത്ത കേൾക്കേണ്ടത് അത്യന്തം ആവശ്യമാണ്. രാജ്യത്തെക്കുറിച്ചുള്ള സത്യം, നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്നീ ലഘുപത്രികകളിൽ ലളിതമായി വിവരിച്ചിരിക്കുന്നു. ദൈവരാജ്യത്തിൻകീഴിലുള്ള ഭൂമിയിലെ ജീവിതത്തെ അവ സുവ്യക്തമായി ചിത്രീകരിക്കുന്നു. മാത്രമല്ല, ദൈവവചനത്തിൽ വിവരിച്ചിരിക്കുന്ന രാജ്യ യാഥാർഥ്യങ്ങളിലേക്ക് അവ വായനക്കാരനെ നയിക്കുകയും ചെയ്യുന്നു. തീർച്ചയായും, താത്പര്യക്കാരന് ഒരു ലഘുപത്രിക സമർപ്പിക്കുന്നതു നമ്മുടെ വേലയുടെ തുടക്കം മാത്രമാണ്. (1 കൊരി. 9:23) നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകത്തിൽ നിന്ന് ഒരു അധ്യയനം വാഗ്ദാനം ചെയ്യുകയെന്ന ലക്ഷ്യത്തിൽ എല്ലാ സമർപ്പണങ്ങളെയും നമുക്ക് ഉത്സാഹപൂർവം പിന്തുടരാം. ആഗസ്റ്റിൽ നമുക്ക് ഇത് എപ്രകാരം നിവർത്തിക്കാം?
2 “നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?” എന്ന ലഘുപത്രിക നൽകുമ്പോൾ നിങ്ങൾക്ക് ഇപ്രകാരം പറയാൻ ശ്രമിക്കാം:
◼“ഞാൻ സംസാരിച്ചിട്ടുള്ള മിക്കയാളുകളും ഇന്നു ലോകത്തിൽ വലിയ പ്രശ്നങ്ങളുണ്ടെന്നു തിരിച്ചറിയുന്നു. അവ പരിഹരിച്ചു കാണാൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറയുന്നു. [തൊഴിലില്ലായ്മ, വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, അല്ലെങ്കിൽ മയക്കുമരുന്നു ദുരുപയോഗം തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ചു സൂചിപ്പിക്കുക.] ഇത്തരം കാര്യങ്ങൾ നമ്മുടെതന്നെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും ഭാവിയെക്കുറിച്ചു വളരെയധികം അരക്ഷിതത്വബോധം നമ്മിൽ ഉളവാക്കുന്നു. ഈ പ്രശ്നങ്ങളൊന്നും ഇല്ലാത്ത ഒരു സമയം എന്നെങ്കിലും ഉണ്ടായിരിക്കുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഒരുപക്ഷേ ബൈബിൾ ഭാഗങ്ങൾ വായിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ടായിരിക്കാം. ഉണ്ടെങ്കിൽ, ഭാവി സംബന്ധിച്ച് അത് എന്തു വാഗ്ദാനങ്ങളാണു നൽകുന്നതെന്നു നിങ്ങൾ വായിച്ചോ?” നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രികയുടെ 19-ഉം 20-ഉം പേജുകളിലേക്കു തിരിഞ്ഞ് യെശയ്യാവു 33:24; 35:5, 6, 7; സങ്കീർത്തനം 46:9 അല്ലെങ്കിൽ 72:16 തുടങ്ങി പുതിയ ലോകത്തെക്കുറിച്ച് അവിടെ ഉദ്ധരിച്ചിരിക്കുന്ന പ്രോത്സാഹജനകമായ തിരുവെഴുത്തുകളിൽ ചിലതു വായിച്ചുകേൾപ്പിക്കുക. ലഘുപത്രിക സമർപ്പിക്കുക.
3 “നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?” എന്ന ലഘുപത്രികയാണു സമർപ്പിച്ചിരുന്നതെങ്കിൽ മടക്കസന്ദർശനത്തിൽ ഇങ്ങനെ പറഞ്ഞുകൊണ്ടു നിങ്ങൾക്കു ചർച്ച തുടങ്ങാവുന്നതാണ്:
◼“നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഒരു മെച്ചപ്പെട്ട ലോകം സ്ഥാപിക്കുന്നതിനുമുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ചു മുമ്പു നാം ചർച്ച ചെയ്തിരുന്നു. ഞാൻ നിങ്ങൾക്കു നൽകിയിട്ടുപോയ ആ ലഘുപത്രിക, നമുക്കു ബൈബിൾ വിശ്വസിക്കാമോയെന്നതിനെ സംബന്ധിച്ചും മെച്ചപ്പെട്ട അവസ്ഥകൾ നമ്മുടെ നാളിൽ വരുന്നുവെന്നതു നമുക്ക് എങ്ങനെ അറിയാൻ കഴിയുമെന്നതിനെ സംബന്ധിച്ചും ചർച്ചചെയ്യുന്നു. ഉദാഹരണത്തിന്, നമ്മുടെ നാളിലെ അവസ്ഥ എപ്രകാരമായിരിക്കുമെന്ന് ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് ബൈബിൾ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞതായും ഈ മോശമായ അവസ്ഥകൾ ഒരു ലോകമാറ്റം ആസന്നമാണെന്നു കാണിക്കുന്ന അടയാളത്തിന്റെ ഭാഗമായിരിക്കുമെന്നു പറഞ്ഞതായും അത് കാട്ടിത്തരുന്നു.” നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രികയുടെ 12-ാം പേജ് തുറന്ന് ‘അടയാളം’ എന്ന ശീർഷകത്തിൻകീഴിലുള്ള ആദ്യത്തെ ഖണ്ഡിക വായിക്കുക. എന്നിട്ട് ഇപ്രകാരം പറയുക: “ഇത്തരം അവസ്ഥകൾ നാം ഇന്നു കാണുന്നില്ലേ? അവ മുന്നറിയിക്കുന്നതെന്താണെന്നു നിങ്ങൾക്ക് അറിയാമോ?” പ്രതികരിക്കാൻ അനുവദിക്കുക. 2 പത്രൊ. 3:9, 13 വായിക്കുക. ഒരു ഭവന ബൈബിളധ്യയനത്തിലൂടെ കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിനു പ്രോത്സാഹിപ്പിക്കുക.
4 “ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക” എന്ന ലഘുപത്രിക വളരെ ഹ്രസ്വമായ ഒരു അവതരണത്തോടെ സമർപ്പിക്കാൻ കഴിയും. അതിന്റെ പുറംതാൾ കാണിച്ചുകൊടുക്കവേ നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്:
◼“മനോഹരമായ ഒരു സന്ദേശം ഉൾക്കൊള്ളുന്ന ഒന്ന് നിങ്ങളെ കാണിക്കാൻ എനിക്കു താത്പര്യമുണ്ട്.” ഭൂമിയിലെ ജീവിതം എന്ന ലഘുപത്രിക തുറന്ന് മുഖവുരയുടെ ആദ്യത്തെ ഖണ്ഡിക വായിക്കുക. എന്നിട്ട് തുടരുക: “അത് ഈ ചോദ്യത്തിനും ഉത്തരം നൽകുന്നു [8-ാം നമ്പർ ചിത്രത്തിനു മുകളിലുള്ള ശീർഷകത്തിലേക്കു തിരിയുക]: ‘മനുഷ്യൻ എന്തുകൊണ്ട് മരിക്കുന്നു?’ ഈ ലഘുപത്രികയിലുള്ള ചിത്രങ്ങൾ പഠിക്കുന്നതും ഉദ്ധരണികൾ വായിക്കുന്നതും രസകരമാണെന്നു നിങ്ങൾ കണ്ടെത്തും. അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് ഈ പ്രതി കൈപ്പറ്റാൻ സാധിക്കും.” ലഘുപത്രിക സ്വീകരിക്കുന്നെങ്കിൽ വീട്ടുകാരനോട് ഇതുപോലൊരു ചോദ്യം ചോദിച്ചിട്ടുപോരുക: “ഇത്തരത്തിലുള്ള അവസ്ഥയിൽ ജീവിക്കണമെങ്കിൽ എന്തു ചെയ്യണമെന്നാണു നിങ്ങൾ വിചാരിക്കുന്നത്?” ചോദ്യത്തിന് ഉത്തരം നൽകാൻ നിങ്ങൾ മടങ്ങിച്ചെല്ലുമെന്നു പറയുക.
5 “ഭൂമിയിൽ ജീവിതം” ലഘുപത്രിക സമർപ്പിച്ചിടത്ത് ഒരു മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങൾ എന്തു പറയും? നിങ്ങൾക്ക് ഈ സമീപനം പരീക്ഷിച്ചുനോക്കാവുന്നതാണ്:
◼ഭൂമിയിൽ ജീവിതം ലഘുപത്രികയിലെ 49-ാം നമ്പർ ചിത്രം കാണിച്ചുകൊടുത്തിട്ട്, “ഇത് ഒരു മനോഹരമായ ചിത്രമല്ലേ?” എന്നു ചോദിക്കുക. [പ്രതികരിക്കാൻ അനുവദിക്കുക.] കഴിഞ്ഞ സന്ദർശനത്തിൽ ഞാൻ നിങ്ങൾക്കു നൽകിയിട്ടുപോയ ലഘുപത്രികയിൽ ഇതുണ്ട്. അടുത്ത പേജിലുള്ള ചോദ്യം നിങ്ങളോടു ചോദിക്കാൻ ഞാൻ താത്പര്യപ്പെടുന്നു.” 50-ാം നമ്പർ ചിത്രത്തിലേക്കു തിരിഞ്ഞ് ചോദ്യം വായിക്കുക: “‘നിങ്ങൾ ആ മനോഹരമായ പരദീസയിൽ എന്നേക്കും ജീവിക്കാനാഗ്രഹിക്കുന്നുവോ?’ [പ്രതികരിക്കാൻ അനുവദിക്കുക.] നിങ്ങളുടെ ആഗ്രഹം അതാണെങ്കിൽ നിങ്ങൾ ചെയ്യേണ്ടതു സംബന്ധിച്ച് അതു പറയുന്നതെന്താണെന്നു ശ്രദ്ധിക്കുക: ‘എങ്കിൽ ദൈവം പറയുന്നതു സംബന്ധിച്ച് കൂടുതൽ പഠിക്കുക.’ [യോഹന്നാൻ 17:3 വായിക്കുക.] നിങ്ങളോടൊത്തു സൗജന്യമായി ബൈബിൾ പഠിക്കുന്നതിന് എനിക്കു സന്തോഷമുണ്ട്. നിങ്ങൾക്ക് അത് ഇഷ്ടമാണോ?” മടങ്ങിച്ചെല്ലാൻ ഒരു നിശ്ചിത സമയം ക്രമീകരിക്കുക.
6 “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്ന ലഘുപത്രിക സമർപ്പിക്കുമ്പോൾ പുറംതാളിലെ മുഴു ചിത്രവും കാണിച്ച് നിങ്ങൾക്ക് ഇപ്രകാരം ചോദിക്കാവുന്നതാണ്:
◼“മുഴു ഭൂമിയും ഇങ്ങനെയായിത്തീരാൻ എന്തു ചെയ്യണമെന്നാണു നിങ്ങൾ വിചാരിക്കുന്നത്?” പ്രതികരിക്കാൻ അനുവദിക്കുക. 3-ാം പേജുമായി ബന്ധപ്പെട്ടിരിക്കുന്ന ചിത്രത്തിന്റെ ഏതാനും സവിശേഷതകൾ വിവരിക്കുക. എന്നിട്ട് ഇപ്രകാരം പറയുക: “ഇത്തരം ഒരു ലോകമുണ്ടാക്കുക അസാധ്യമാണെന്നാണു മിക്കയാളുകളും വിചാരിക്കുന്നത്. എന്നാൽ അതു നിവർത്തിക്കുന്നതു ദൈവത്തിന് അസാധ്യമല്ല. [43-ാം ഖണ്ഡികയിലെ ആശയങ്ങൾ പങ്കുവെക്കുക; തുടർന്ന്, യെശയ്യാവു 9:6, 7 വായിക്കുക.] എല്ലാ രാഷ്ട്രങ്ങളിൽനിന്നുമുള്ള ആളുകൾ അത്ഭുതകരമായ ഒരു പറുദീസ ആസ്വദിക്കാൻപോകുന്ന ഒരു പുതിയ ലോകം കൊണ്ടുവരുമെന്നു ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഈ ലഘുപത്രിക നിങ്ങൾ വായിക്കാൻ ഞാൻ താത്പര്യപ്പെടുന്നു. ദൈവം രൂപകൽപ്പന ചെയ്യുന്ന ഒരു ഭാവി നിങ്ങൾക്കും കുടുംബത്തിനും എപ്രകാരം ആസ്വദിക്കാനാകുമെന്ന് അതു കാണിച്ചുതരും.”
7 മടക്കസന്ദർശനത്തിൽ, ബൈബിളിനെ സംബന്ധിച്ചു കൂടുതൽ പഠിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കാൻ “നോക്കൂ!” ലഘുപത്രിക നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. വേണമെങ്കിൽ പുറംതാൾ ഒരിക്കൽക്കൂടെ കാണിച്ചുകൊടുത്തുകൊണ്ട് ഇപ്രകാരം പറയുക:
◼“ഈ ചിത്രം ഞാൻ നിങ്ങളെ ആദ്യം കാണിച്ചപ്പോൾ ഇത്രയും അത്ഭുതകരമായ ഒരു ലോകത്തിൽ ജീവിക്കാൻ ആഗ്രഹിക്കുമെന്നു നാം സമ്മതിച്ചുവല്ലോ. ഇതു സാധ്യമായിത്തീരാൻ നാമെല്ലാവരും ചെയ്യേണ്ട ഒന്നുണ്ട്.” “നോക്കൂ!” ലഘുപത്രികയുടെ 52-ാം ഖണ്ഡികയിലേക്കു തിരിയുക; ഖണ്ഡികയും യോഹന്നാൻ 17:3-ലെ തിരുവെഴുത്തും വായിക്കുക. ഉചിതമായ ബൈബിൾ വിദ്യാഭ്യാസം സംബന്ധിച്ച 53-ാം ഖണ്ഡികയിലെ ദൃഷ്ടാന്തത്തെപ്പറ്റിയുള്ള വിവരങ്ങൾ നൽകുക. എന്നിട്ട്, യഹോവയുടെ സാക്ഷികൾ ഇത്തരം പ്രബോധനം ഭവനത്തിൽ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുവെന്നു വിശദീകരിക്കുക. പരിജ്ഞാനം പുസ്തകം ഉപയോഗിച്ചു നമ്മുടെ അധ്യയനരീതി പ്രകടിപ്പിച്ചുകാണിക്കാമെന്നു വാഗ്ദാനം ചെയ്യുക.
8 മറ്റ് ലഘുപത്രികകളാണു നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന നിർദേശങ്ങളെ മാതൃകയാക്കി നിങ്ങൾക്കു സ്വന്ത അവതരണങ്ങൾ ഉപയോഗിക്കാവുന്നതാണ്. താത്പര്യം പ്രകടമാക്കിയ എവിടെയും, വീട്ടുകാരന്റെ പേരും മേൽവിലാസവും ചർച്ച ചെയ്യപ്പെട്ട വിഷയവും കുറിച്ചെടുത്തുവെന്ന് ഉറപ്പു വരുത്തുക. അങ്ങനെയെങ്കിൽ മടക്കസന്ദർശനത്തിൽ നിങ്ങൾക്കു ഫലപ്രദമായ ഒരു ചർച്ച നടത്താൻ കഴിയും. രാജ്യസുവാർത്ത പ്രഖ്യാപിക്കുന്നതിന്, നന്നായി തയ്യാറാവുകയും യഹോവയുടെ അനുഗ്രഹം തേടുകയും ചെയ്യുക.