സൂക്ഷിച്ചു വെക്കുക
നിർദേശിച്ചിരിക്കുന്ന വയൽസേവന അവതരണങ്ങൾ
ഈ അനുബന്ധം ഉപയോഗിക്കേണ്ട വിധം
പിൻവരുന്ന അവതരണങ്ങളിൽ മിക്കവയും നമ്മുടെ രാജ്യ ശുശ്രൂഷയുടെ മുൻ ലക്കങ്ങളിൽ വന്നിട്ടുള്ളവയാണ്. നിങ്ങളുടെ സാക്ഷീകരണത്തിൽ ഇവയിൽ ആഗ്രഹിക്കുന്നത്ര അവതരണങ്ങൾ ഉപയോഗിച്ചു നോക്കി എന്തു ഫലങ്ങൾ ലഭിക്കുന്നു എന്നു കാണുക. ഈ അനുബന്ധം നഷ്ടപ്പെടാതെ സൂക്ഷിക്കുക. എന്നിട്ട് ശുശ്രൂഷയ്ക്കു തയ്യാറാകുമ്പോൾ എടുത്തു നോക്കുക.
വളച്ചുകെട്ടില്ലാതെ നേരെ വിഷയത്തിലേക്കു കടക്കുന്നെങ്കിൽ, ദൈവവചനത്തിലുള്ള ഒരുവന്റെ താത്പര്യം ഉണർത്താൻ നിങ്ങൾക്കു കഴിഞ്ഞേക്കും. ഒരു ചോദ്യം ചോദിച്ചിട്ട് അതിനുള്ള ഹ്രസ്വമായ തിരുവെഴുത്ത് ഉത്തരം വായിക്കുക. പിൻവരുന്ന നിർദേശങ്ങൾ നിങ്ങൾക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്:
“ഭാവിയെ കുറിച്ചു ചിന്തിക്കുമ്പോൾ, പ്രത്യാശയ്ക്കു വകയുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുവോ അതോ സംശയത്തോടെയാണോ നിങ്ങൾ ഭാവിയിലേക്കു നോക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇന്നു നാം കാണുന്ന കുഴഞ്ഞുമറിഞ്ഞ അവസ്ഥയെയും അതുപോലെതന്നെ അവയുടെ അനന്തരഫലത്തെയും കുറിച്ച് ബൈബിൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്.”—2 തിമൊ. 3:1, 2, 5; സദൃ. 2:21, 22.
“ആരോഗ്യ പരിപാലനം സംബന്ധിച്ച് ആളുകൾ വളരെ ഉത്കണ്ഠാകുലരാണ്. എന്നാൽ സകല ആരോഗ്യ പ്രശ്നങ്ങളും ശാശ്വതമായി പരിഹരിക്കും എന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു എന്നു താങ്കൾക്ക് അറിയാമോ?”—യെശ. 33:24; വെളി. 21:3-5എ.
“കാലക്രമത്തിൽ മുഴു ലോകത്തെയും ഭരിക്കുന്ന ഒരൊറ്റ ഗവൺമെന്റേ ഉണ്ടായിരിക്കുകയുള്ളു എന്നു ബൈബിൾ മുൻകൂട്ടി പറയുന്നത് നിങ്ങൾക്ക് അറിയാമായിരുന്നോ?”—ദാനീ. 2:44; മത്താ. 6:9, 10.
“യേശുക്രിസ്തു ലോകത്തെ ഭരിക്കുന്നെങ്കിൽ ഭൂമിയിലെ അവസ്ഥകൾ എങ്ങനെ ആയിരിക്കുമെന്നാണു താങ്കൾ കരുതുന്നത്?”—സങ്കീ. 72:7, 8.
ഒരു ഹിന്ദുവിനോട്: “നിങ്ങളുടെ മതം നിങ്ങൾക്കു പ്രധാനമാണ്. എന്നാൽ സമാധാനത്തിൽ ജീവിക്കുന്നതിൽ നാം ഇരുകൂട്ടരും തത്പരരാണ് എന്നതിനോടു നിങ്ങൾ യോജിക്കും എന്നു ഞാൻ വിചാരിക്കുന്നു. ഭൂമിയിൽ സമാധാനപൂർണമായ ഒരു അവസ്ഥ നിങ്ങൾ കാണുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദുഷ്ടത നീക്കം ചെയ്യപ്പെട്ടാൽ ഇവിടെ സമാധാനം ഉണ്ടായിരിക്കണം. ഇതു സംബന്ധിച്ച് ഈ വിശുദ്ധ ഗ്രന്ഥത്തിലെ വാഗ്ദാനം ദയവായി ഒന്നു ശ്രദ്ധിക്കൂ.”—സങ്കീ. 46:9; 72:7, 8.
“പ്രശ്നങ്ങളെ കുറിച്ചു കേട്ടുകേട്ട് ആളുകൾ ഇന്നു പൊറുതിമുട്ടിയിരിക്കയാണ്. അവർക്കു കേൾക്കേണ്ടതു പരിഹാരത്തെ കുറിച്ചാണ്. എന്നാൽ നമ്മുടെ പ്രശ്നങ്ങൾക്കുള്ള യഥാർഥ പരിഹാരം എവിടെ കണ്ടെത്താനാകും?”—2 തിമൊ. 3:16, 17.
ഒരു മുസ്ലീമിനോട്: “നാം ഏതു പശ്ചാത്തലത്തിൽ നിന്നുള്ളവർ ആയിരുന്നാലും ഈ ലോകത്തിൽ നാമെല്ലാം ഏതാണ്ട് ഒരേ തരത്തിലുള്ള പ്രയാസങ്ങളെയാണു നേരിടുന്നത്. ഈ തലമുറയെ ബാധിക്കുന്ന വലിയ പ്രശ്നങ്ങൾക്ക് യഥാർഥത്തിൽ സ്ഥായിയായ ഒരു പരിഹാരം ഉണ്ടായിരിക്കുമെന്നു നിങ്ങൾ കരുതുന്നുവോ? അബ്രാഹാമിന്റെ സന്തതിയിലൂടെ ആയിരിക്കും പ്രശ്നങ്ങൾക്കുള്ള പരിഹാരം ഉണ്ടാകുന്നത്.”—ഉല്പ. 22:18.
“നിരവധി ആളുകൾ ലിംഗ വ്യത്യാസം, മതം, വർഗം എന്നിവയുടെ പേരിലുള്ള വിവേചനത്തിന്റെ ഇരകളാണ്. അത്തരം മുൻവിധികളെ ദൈവം എങ്ങനെ കാണുന്നു എന്നാണു താങ്കൾക്കു തോന്നുന്നത്?”—പ്രവൃ. 10:34, 35.
സംഭാഷണം തുടങ്ങുന്നതിനുള്ള നുറുങ്ങുകൾ
ന്യായവാദം പുസ്തകത്തിൽനിന്നുള്ള പിൻവരുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തുന്നതിന് ആ പുസ്തകത്തിന്റെ പേജ് നമ്പർ കൊടുത്തിരിക്കുന്നു:
നാം വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? (99)
മരിച്ചവരുടെ അവസ്ഥ എന്താണ്? (100)
ദൈവത്തിൽ വിശ്വസിക്കുന്നതിന് ഉറപ്പുള്ള ന്യായങ്ങളുണ്ടോ? (145)
മനുഷ്യരായ നമുക്ക് എന്തു സംഭവിക്കുന്നു എന്നതിൽ ദൈവം യഥാർഥത്തിൽ കരുതലുള്ളവനാണോ? (147)
ദൈവം ഒരു യഥാർഥ ആളാണോ? (147)
എല്ലാ നല്ലയാളുകളും സ്വർഗത്തിൽ പോകുമോ? (162)
യഥാർഥത്തിൽ സന്തുഷ്ടമായ ഒരു ഭാവി ഉണ്ടായിരിക്കുന്നതിന് ഒരു വ്യക്തി സ്വർഗത്തിലേക്ക് പോകണമോ? (163)
ദൈവത്തിന്റെ വ്യക്തിപരമായ നാമം അറിയുന്നതും ഉപയോഗിക്കുന്നതും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (196)
യേശുക്രിസ്തു വാസ്തവത്തിൽ ദൈവമാണോ? (212)
ദൈവത്തിന്റെ രാജ്യം എന്തു കൈവരുത്തും? (227)
മാനുഷ ജീവന്റെ ഉദ്ദേശ്യമെന്താണ്? (243)
ഒരു വിവാഹം മെച്ചപ്പെടുത്താൻ എന്തിനു സഹായിക്കാൻ കഴിയും? (253)
എല്ലാ മതങ്ങളും ദൈവത്തിന് സ്വീകാര്യമാണോ? (322)
ഏതു മതമാണ് ശരിയെന്ന് ഒരു വ്യക്തിക്ക് എങ്ങനെയറിയാം? (328)
ഇന്നത്തെ ലോകത്തിൽ സാത്താൻ എത്ര ശക്തനായ ഒരു വ്യക്തിയാണ്? (365)
ദൈവം കഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ടാണ്? (393)
ഇത്രയധികം ദുഷ്ടത ഉള്ളത് എന്തുകൊണ്ട്? (427)
ഈ ലോകം ഭരിക്കുന്നത് ആർ—ദൈവമോ സാത്താനോ? (436)
ആവശ്യം ലഘുപത്രിക സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ
“അനേകരും ദൈവത്തിൽ വിശ്വസിക്കുന്നു എന്നതിനോടു നിങ്ങൾ യോജിക്കും എന്നതിനു സംശയമില്ല. അവനിൽ വിശ്വസിക്കുന്ന എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ് ദൈവം നമ്മിൽനിന്ന് ചിലത് ആവശ്യപ്പെടുന്നു എന്നത്. എന്നാൽ ദൈവം എന്ത് ആവശ്യപ്പെടുന്നു എന്ന കാര്യത്തിൽ ഒരു യോജിപ്പിലെത്താൻ ആളുകൾക്കു കഴിയുന്നില്ല.” എന്നിട്ട് ആവശ്യം ലഘുപത്രിക കാണിക്കുക, അതിന്റെ 1-ാം പാഠം ചർച്ച ചെയ്യുക.
“ഇന്ന് കുടുംബജീവിതത്തിൽ കാണുന്ന അനേകം പ്രശ്നങ്ങളുടെ വെളിച്ചത്തിൽ, കുടുംബസന്തുഷ്ടി കൈവരിക്കുന്നതിനുള്ള രഹസ്യം എന്താണെന്നു താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” പ്രതികരണത്തിനുശേഷം, കുടുംബസന്തുഷ്ടിയുടെ യഥാർഥ രഹസ്യം എന്താണെന്നു ബൈബിളിൽ ദൈവം വെളിപ്പെടുത്തിയിരിക്കുന്നു എന്നു വിശദീകരിക്കുക. യെശയ്യാവു 48:17 വായിക്കുക. എന്നിട്ട് ആവശ്യം ലഘുപത്രികയുടെ 8-ാം പാഠത്തിലേക്കു തിരിഞ്ഞ് കുടുംബത്തിലെ ഓരോ അംഗത്തിനും ആവശ്യമായ ആശ്രയയോഗ്യമായ മാർഗനിർദേശം പ്രദാനം ചെയ്യുന്ന ചില പരാമർശിത തിരുവെഴുത്തുകൾ ചൂണ്ടിക്കാണിക്കുക. പാഠത്തിന്റെ തുടക്കത്തിലുള്ള ചോദ്യങ്ങൾ വായിക്കുക. അവയുടെ ഉത്തരങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്നുവോ എന്നു ചോദിക്കുക.
“ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകൾ ഉൾപ്പെടുത്തിക്കൊണ്ട് സമഗ്രമായി ബൈബിൾ പഠിക്കുന്നതിനുള്ള വിവരങ്ങളാണ് ഈ ലഘുപത്രികയിലുള്ളത്. ഓരോ പേജിലും, നൂറ്റാണ്ടുകളായി ആളുകളെ കുഴക്കിയിട്ടുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ നിങ്ങൾ കണ്ടെത്തും. ഉദാഹരണത്തിന്, ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണ്?” 5-ാം പാഠത്തിലേക്കു തിരിഞ്ഞ് തുടക്കത്തിലുള്ള ചോദ്യങ്ങൾ വായിക്കുക. വീട്ടുകാരന് ഏറ്റവും താത്പര്യജനകമായി തോന്നുന്നത് ഏതാണെന്നു ചോദിക്കുക. എന്നിട്ട്, ബന്ധപ്പെട്ട ഖണ്ഡിക(കൾ) വായിച്ച് ഉചിതമായ തിരുവെഴുത്തുകൾ എടുത്തുനോക്കുക. ഇതേ വിധത്തിൽ മറ്റു ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരങ്ങൾ എളുപ്പം കണ്ടെത്താൻ കഴിയുമെന്നു വിശദീകരിക്കുക. വേറൊരു ചോദ്യവും ഉത്തരവും ചർച്ച ചെയ്യാൻ മടങ്ങിയെത്താമെന്നു പറയുക.
“ഈയടുത്ത കാലത്തായി സ്കൂളുകളിൽ നടമാടുന്ന അക്രമപ്രവർത്തനങ്ങളുടെ കാരണം എന്താണെന്നാണു നിങ്ങൾക്കു തോന്നുന്നത്? അത് മാതാപിതാക്കൾ ശരിയായ മാർഗനിർദേശങ്ങൾ നൽകാത്തതുകൊണ്ടായിരിക്കുമോ? അതോ പിശാചിന്റെ സ്വാധീനം പോലെ മറ്റെന്തെങ്കിലും കാരണത്താലായിരിക്കുമോ?” പ്രതികരിക്കാൻ അനുവദിക്കുക. പിശാചിന്റെ സ്വാധീനത്താലാണ് എന്നു വ്യക്തി ഉത്തരം പറയുന്നെങ്കിൽ, വെളിപ്പാടു 12:9, 12 വാക്യങ്ങൾ വായിക്കുക. ലോകത്തിന്റെ അവസ്ഥ ഇത്ര വഷളായിരിക്കുന്നതിൽ പിശാചിനുള്ള പങ്ക് ചൂണ്ടിക്കാണിക്കുക. തുടർന്ന് ആവശ്യം ലഘുപത്രികയുടെ 4-ാമത്തെ പാഠം തുറന്നിട്ട് പിശാച് എവിടെനിന്നു വന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നു വ്യക്തിയോടു ചോദിക്കുക. തുടർന്ന് ആദ്യത്തെ രണ്ടു ഖണ്ഡികകൾ വായിച്ചു ചർച്ച ചെയ്യുക. “മാതാപിതാക്കൾ ശരിയായ മാർഗനിർദേശങ്ങൾ നൽകാത്തത്” ആണ് സ്കൂളുകളിലെ അക്രമങ്ങൾക്കുള്ള കാരണമെന്നു വ്യക്തി പറയുന്നെങ്കിൽ 2 തിമൊഥെയൊസ് 3:1-3 വായിക്കുകയും ഈ സ്ഥിതിവിശേഷത്തിലേക്കു നയിച്ചിരിക്കുന്ന സ്വഭാവവിശേഷങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുക. എന്നിട്ട് ആവശ്യം ലഘുപത്രികയുടെ 8-ാം പാഠം തുറന്ന് 5-ാം ഖണ്ഡിക വായിച്ചിട്ട് ചർച്ച തുടരുക.
വിജയപ്രദമായ ഒരു കുടുംബജീവിതം കെട്ടുപണി ചെയ്യാൻ ആവശ്യമായ പരിജ്ഞാനം സ്രഷ്ടാവ് പ്രദാനം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതു ന്യായയുക്തമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?” പ്രതികരണത്തിനു ശേഷം ആവശ്യം ലഘുപത്രിക കാണിക്കുക. 8-ാം പാഠത്തിലേക്കു മറിച്ചിട്ട്, കുടുംബത്തിലെ ഓരോ അംഗത്തിനും ആവശ്യമായ ബൈബിൾ തത്ത്വങ്ങൾ അതിൽ അടങ്ങിയിരിക്കുന്നുവെന്നു വിശദീകരിക്കുക. പരമാവധി പ്രയോജനം നേടുന്നതിന് ലഘുപത്രിക ബൈബിളിനോടൊപ്പം ഉപയോഗിക്കുന്നത് എങ്ങനെയെന്നു കാണിക്കാമെന്നു പറയുക.
“ആധുനിക നാളിൽ എല്ലാവിധ വെല്ലുവിളികളുടെയും മധ്യേ ജീവിക്കുന്ന നമുക്ക് യഥാർഥ സഹായമായിരിക്കാൻ പ്രാർഥനയ്ക്കു കഴിയുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] പ്രാർഥന തങ്ങൾക്ക് ഉൾക്കരുത്തു നൽകുന്നതായി അനേകർ പറയുന്നു. [ഫിലിപ്പിയർ 4:6, 7 വായിക്കുക.] എന്നിരുന്നാലും, തന്റെ പ്രാർഥനകൾക്കു ചിലപ്പോൾ ഉത്തരം ലഭിക്കാതിരിക്കുന്നതായി ഒരുവനു തോന്നിയേക്കാം. [ആവശ്യം ലഘുപത്രിക 7-ാം പാഠത്തിലേക്കു തുറക്കുക.] പ്രാർഥനയ്ക്ക് ഏറ്റവും പ്രയോജനം ചെയ്യാൻ കഴിയുന്നത് എങ്ങനെ എന്ന് ഈ ലഘുപത്രിക വിശദീകരിക്കുന്നു.”
“ലോകത്തിൽ ഇത്രയധികം ക്രൈസ്തവ മതങ്ങൾ ഉള്ളത് എന്തുകൊണ്ടെന്ന് ഞങ്ങൾ അയൽക്കാരോടു സംസാരിച്ചുവരുകയാണ്. എന്നാൽ ബൈബിൾ ഒന്നേയുള്ളൂ. നിങ്ങളുടെ അഭിപ്രായത്തിൽ, ഇത്രയധികം മതങ്ങൾ ഉള്ളത് എന്തുകൊണ്ടാണ്? [പ്രതികരിക്കാൻ അനുവദിക്കുക. ആവശ്യം ലഘുപത്രികയുടെ 13-ാം പാഠത്തിലേക്കു തുറന്ന് തുടക്കത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ വായിക്കുക.] ഈ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം ഈ പാഠത്തിലെ വിവരങ്ങൾ വായിക്കുന്നതിലൂടെ നിങ്ങൾക്കു ലഭിക്കും.”
വീക്ഷാഗോപുരം, ഉണരുക! മാസികകൾ സമർപ്പിച്ച ശേഷം ഒരു ലഘുപത്രികയിൽനിന്നും ഒരു ചെറിയ ഖണ്ഡിക വായിച്ചുകേൾപ്പിക്കട്ടെ എന്ന് വീട്ടുകാരനോടു ചോദിക്കുക. വീട്ടുകാരൻ സമ്മതിക്കുന്നപക്ഷം, ആവശ്യം ലഘുപത്രിക 5-ാം പാഠത്തിലേക്കു തുറന്ന് അതിന്റെ തുടക്കത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചൂണ്ടിക്കാണിക്കുക. ഒന്നാം ഖണ്ഡിക വായിക്കുമ്പോൾ ആദ്യ ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കാനാകുമോ എന്നു നോക്കാൻ പറയുക. ഖണ്ഡിക വായിച്ച ശേഷം ചോദ്യം ചോദിക്കുക, അദ്ദേഹത്തിന്റെ മറുപടി ശ്രദ്ധിക്കുക. ലഘുപത്രിക നൽകുക, അതു സ്വീകരിക്കുന്നപക്ഷം, കൊടുത്തിരിക്കുന്ന അടുത്ത രണ്ടു ചോദ്യങ്ങൾക്കുള്ള വീട്ടുകാരന്റെ പ്രതികരണം അറിയാൻ മടങ്ങിച്ചെല്ലുന്നതിനു ക്രമീകരിക്കുക.
പരിജ്ഞാനം പുസ്തകം സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ
ബൈബിൾ കയ്യിൽ പിടിച്ചിരിക്കെ ഇപ്രകാരം പറഞ്ഞുതുടങ്ങുക: “നിങ്ങളുടെ പ്രദേശത്തുള്ള എല്ലാവരെയും ഞങ്ങൾ ഒരു തിരുവെഴുത്തു കാണിച്ചുവരികയാണ്. അത് ഇപ്രകാരം പറയുന്നു . . .” യോഹന്നാൻ 17:3 വായിച്ചിട്ട് ഇങ്ങനെ ചോദിക്കുക: “നമുക്കു ശരിയായ അറിവ് അഥവാ പരിജ്ഞാനം ഉണ്ടെങ്കിൽ എന്താണു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് എന്നു നിങ്ങൾ ശ്രദ്ധിച്ചോ? [പ്രതികരിക്കാൻ അനുവദിക്കുക.] അത്തരം പരിജ്ഞാനം ഒരുവന് എവിടെയാണു കണ്ടെത്താൻ കഴിയുക?” പ്രതികരണത്തിനു ശേഷം പരിജ്ഞാനം പുസ്തകം കാണിച്ചുകൊണ്ട് ഇങ്ങനെ പറയുക: “നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനത്തിലേക്ക് ഈ പുസ്തകം വിരൽ ചൂണ്ടുന്നു. ബൈബിളിനെ കുറിച്ച് ഇന്ന് ആളുകൾക്കു പൊതുവേയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ടാണ് അത് അപ്രകാരം ചെയ്യുന്നത്.” ഉള്ളടക്കപ്പട്ടിക കാണിക്കുക, അതിൽ നൽകിയിരിക്കുന്ന ഏതെങ്കിലും വിഷയത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് ആളോടു ചോദിക്കുക.
“നമുക്കു ചുറ്റും കാണുന്നതോ നാം വ്യക്തിപരമായി അനുഭവിക്കുന്നതോ ആയ അനീതിയും കഷ്ടപ്പാടും സംബന്ധിച്ച് ദൈവം യഥാർഥത്തിൽ തത്പരനാണോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും അരിഷ്ട സമയങ്ങളിൽ അവൻ നമ്മെ സഹായിക്കുമെന്നും ബൈബിൾ ഉറപ്പു നൽകുന്നു.” സങ്കീർത്തനം 72:12-17-ന്റെ ചില ഭാഗങ്ങൾ വായിക്കുക. പരിജ്ഞാനം പുസ്തകം 8-ാം അധ്യായത്തിലേക്കു തുറന്നിട്ട്, ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട് എന്ന, ദശലക്ഷങ്ങൾ ചോദിച്ചിട്ടുള്ള ചോദ്യത്തിന് അത് ആശ്വാസകരമായ ഉത്തരം നൽകുന്നുവെന്നു ചൂണ്ടിക്കാട്ടുക. സാധ്യമെങ്കിൽ 3 മുതൽ 5 വരെയുള്ള ഖണ്ഡികകളിൽ കൊടുത്തിരിക്കുന്ന ചില തിരുവെഴുത്ത് ആശയങ്ങൾ ചർച്ച ചെയ്യുക, അതല്ലെങ്കിൽ മടക്കസന്ദർശന സമയത്ത് അങ്ങനെ ചെയ്യുക.
“നമ്മിൽ മിക്കവർക്കും നമ്മുടെ പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. അവരെ എന്നെങ്കിലും വീണ്ടും കാണാൻ കഴിയുമോയെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] നമ്മുടെ പ്രിയപ്പെട്ടവരെ മരണത്തിൽനിന്നു വീണ്ടെടുക്കാൻ കഴിയുമെന്ന് യേശു തെളിയിച്ചു. [യോഹന്നാൻ 11:11, 25, 44 വായിക്കുക.] ഇത് നൂറ്റാണ്ടുകൾക്കു മുമ്പ് സംഭവിച്ചതാണെങ്കിലും, നമുക്കുവേണ്ടി ചെയ്യുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് എന്താണെന്ന് അതു പ്രകടമാക്കുന്നു.” 85-ാം പേജിലെ ചിത്രത്തിലേക്ക് പരിജ്ഞാനം പുസ്തകം മറിച്ചിട്ട് ചിത്രക്കുറിപ്പ് വായിക്കുക. എന്നിട്ട് 86-ാം പേജിലെ ചിത്രം കാണിച്ചിട്ട് അതേക്കുറിച്ച് അഭിപ്രായം പറയുക. പിൻവരുന്നപ്രകാരം ചോദിച്ചുകൊണ്ട് അടുത്ത സന്ദർശനത്തിനുള്ള അടിത്തറ പാകുക: “മനുഷ്യർ വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നതിന്റെ കാരണം അറിയാൻ നിങ്ങൾക്കു താത്പര്യം ഉണ്ടോ?” 6-ാം അധ്യായം ചർച്ച ചെയ്യാൻ മടങ്ങിച്ചെല്ലുക.
“മനുഷ്യർ ദീർഘായുസ്സ് ഉള്ളവരായിരിക്കാൻ ഇത്രമാത്രം ആഗ്രഹിക്കുന്നത് എന്തുകൊണ്ടെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” പ്രതികരണത്തിനു ശേഷം, പരിജ്ഞാനം പുസ്തകം 6-ാം അധ്യായത്തിലേക്കു തുറന്ന് 3-ാം ഖണ്ഡിക വായിക്കുക. പരാമർശിച്ചിരിക്കുന്ന വാക്യങ്ങൾ ഉപയോഗിച്ചു ന്യായവാദം ചെയ്യുക. ഖണ്ഡികയുടെ അവസാന ഭാഗത്തു കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങൾ പരാമർശിച്ചുകൊണ്ട് അതിനുള്ള ഉത്തരം അറിയാൻ ആഗ്രഹിക്കുന്നുവോ എന്നു വീട്ടുകാരനോടു ചോദിക്കുക. പ്രതികരണം അനുകൂലമാണെങ്കിൽ തുടർന്ന് അടുത്ത ഏതാനും ഖണ്ഡികകൾകൂടി പരിചിന്തിക്കുക.
“. . . ഇതു വിശ്വസിക്കുന്നുണ്ടോ എന്ന് ഞങ്ങൾ ആളുകളോടു ചോദിക്കുകയാണ്.” ഉല്പത്തി 1:1 വായിക്കുക, എന്നിട്ട് ചോദിക്കുക: “ഈ പ്രസ്താവനയോടു നിങ്ങൾ യോജിക്കുന്നുണ്ടോ?” ആ വ്യക്തി യോജിക്കുന്നെങ്കിൽ ഇങ്ങനെ പറയുക: “ഞാനും അതിനോടു യോജിക്കുന്നു. എന്നിരുന്നാലും, ദൈവമാണ് സകലവും സൃഷ്ടിച്ചതെങ്കിൽ ദുഷ്ടതയ്ക്ക് ഉത്തരവാദിയും അവനാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?” വീട്ടുകാരന്റെ മറുപടിക്കു ശേഷം സഭാപ്രസംഗി 7:29 വായിക്കുക. തുടർന്ന് പരിജ്ഞാനം പുസ്തകത്തിന്റെ 8-ാം അധ്യായം തുറന്ന്, 2-ാം ഖണ്ഡിക വായിക്കുക. എന്നാൽ ഉല്പത്തി 1:1-ലെ പ്രസ്താവനയോടു വീട്ടുകാരൻ യോജിക്കുന്നില്ലെങ്കിൽ, ഒരു സ്രഷ്ടാവ് ഉണ്ട് എന്നതിന്റെ തെളിവുകൾ പരിശോധിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക.—ന്യായവാദം പുസ്തകം പേജ് 84-6 കാണുക.
“ഇന്ന്, ധാർമിക മൂല്യങ്ങൾ അതിശീഘ്രം മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക് ജീവിതത്തിൽ നമുക്ക് ആശ്രയയോഗ്യമായ ഒരു വഴികാട്ടി വേണം എന്നതിനോടു താങ്കൾ യോജിക്കുമോ? [മറുപടി പറയാൻ അനുവദിക്കുക.] ബൈബിൾ ഏറ്റവും പഴക്കമുള്ള ഗ്രന്ഥം ആണെങ്കിലും, ആധുനിക ജീവിതത്തിനും സന്തുഷ്ട കുടുംബ ജീവിതത്തിനും വേണ്ട പ്രായോഗിക ബുദ്ധിയുപദേശം അതു നൽകുന്നു.” തുടർന്ന് പരിജ്ഞാനം പുസ്തകത്തിന്റെ 2-ാം അധ്യായം എടുത്ത് 2 തിമൊഥെയൊസ് 3:16, 17 ഉൾപ്പെടെ 10-ാം ഖണ്ഡികയും 11-ാം ഖണ്ഡികയുടെ ആദ്യ വാചകവും വായിക്കുക.
“നമ്മുടെയും ഭൂമിയുടെയും ഭാവി എന്തായിരിക്കുമെന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിൾ ഭാവിയെ ഒരൊറ്റ വാക്കിൽ സംഗ്രഹിക്കുന്നു—പറുദീസ! ദൈവം ആദ്യ മാനുഷ ദമ്പതികളെ സൃഷ്ടിച്ച് അവിടെയാണ് ആക്കിവെച്ചത്. അവിടത്തെ അവസ്ഥകളെ കുറിച്ചുള്ള ഈ വിവരണം ശ്രദ്ധിക്കൂ.” പരിജ്ഞാനം പുസ്തകത്തിന്റെ 8-ാം പേജ് തുറന്ന് “പറുദീസയിലെ ജീവിതം” എന്ന ഉപതലക്കെട്ടിൻ കീഴിലെ 9-ാം ഖണ്ഡിക വായിക്കുക. അതിനുശേഷം 10-ാം ഖണ്ഡികയിലെ ആശയങ്ങൾ ചർച്ച ചെയ്യുക. അവിടെ കൊടുത്തിരിക്കുന്ന വാക്യമായ യെശയ്യാവു 55:10, 11 വായിക്കുക. പുനഃസ്ഥാപിത പറുദീസയിലെ ജീവിതം എങ്ങനെയുള്ളത് ആയിരിക്കും എന്നതിനെ കുറിച്ച് 11-16 ഖണ്ഡികകളിൽനിന്നു ചർച്ച ചെയ്യാമെന്നു പറയുക.
വീക്ഷാഗോപുരം, ഉണരുക! മാസികകൾ സ്വീകരിച്ചവർക്കു മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്:
“കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി ഞാൻ നിങ്ങൾക്കു തന്നിരുന്നു. ഒരുപക്ഷേ ആ മാസികയുടെ മുഴുവൻ പേര് നിങ്ങൾ ശ്രദ്ധിച്ചു കാണും, അത് വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്നാണ്. നിങ്ങൾ അനുവദിക്കുന്നപക്ഷം, ഈ രാജ്യം എന്താണെന്നും അതു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്ത് അർഥമാക്കുമെന്നും ഞാൻ വിശദീകരിക്കാം.” എന്നിട്ട്, ആവശ്യം ലഘുപത്രികയുടെ 6-ാം പാഠം തുറന്ന് വീട്ടുകാരന്റെ സമയം അനുസരിച്ച് അതിലെ വിവരങ്ങൾ വായിച്ചു ചർച്ച ചെയ്യുക.
“ഞാൻ അടുത്തകാലത്തു നിങ്ങളെ സന്ദർശിച്ച് വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പ്രതികൾ തന്നിട്ടുപോയിരുന്നു. ആ മാസികകൾ ബൈബിളിനോടും അതിലെ ധാർമിക മാർഗനിർദേശത്തോടുമുള്ള ആദരവ് വളർത്തിയെടുക്കുന്നു. എല്ലാവരും ബൈബിൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നു ഞാൻ കരുതുന്നു. അതിനു നിങ്ങളെ സഹായിക്കുന്ന ഒരു സംഗതി കാണിച്ചുതരാനാണ് ഞാൻ മടങ്ങിവന്നത്.” ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ നൽകിയിട്ട് ഒരു അധ്യയനം വാഗ്ദാനം ചെയ്യുക.
പഴയ 192-പേജ് പുസ്തകങ്ങളിൽ ഏതെങ്കിലും സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഈ അവതരണം പരീക്ഷിച്ചു നോക്കാവുന്നതാണ്:
“ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ആവശ്യത്തിന് ഇന്നു വളരെയേറെ ഊന്നൽ നൽകപ്പെടുന്നു. ജീവിതത്തിൽ ഏറ്റവുമധികം സന്തുഷ്ടിയും വിജയവും ഉറപ്പുവരുത്തുന്നതിന്, നിങ്ങളുടെ അഭിപ്രായത്തിൽ ഒരു വ്യക്തിക്ക് ഏതുതരം വിദ്യാഭ്യാസമാണു വേണ്ടത്? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് സദൃശവാക്യങ്ങൾ 9:10, 11 വായിക്കുക.] ഈ പുസ്തകം [നൽകുന്ന പുസ്തകത്തിന്റെ ശീർഷകം പറയുക] ബൈബിളധിഷ്ഠിതമാണ്. നിത്യജീവനിലേക്കു നയിക്കാൻ കഴിയുന്ന പരിജ്ഞാനത്തിന്റെ ഏക ഉറവിലേക്ക് അതു വിരൽചൂണ്ടുന്നു.” പുസ്തകത്തിലെ ഒരു നിർദിഷ്ട ഉദാഹരണം കാണിച്ചിട്ട് അതു വായിക്കാൻ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക.
മറ്റു പ്രസിദ്ധീകരണങ്ങൾ
മറ്റു പുസ്തകങ്ങളും ലഘുപത്രികകളും സമർപ്പിക്കുന്നതിനു നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചികയിൽ പിൻവരുന്നപ്രകാരം കാണാവുന്നതാണ്:
Presentations (അവതരണങ്ങൾ)
List by Publication (പ്രസിദ്ധീകരണ ക്രമത്തിലുള്ള പട്ടിക)
നേരിട്ടുള്ള സമീപനം
ഒരു ബൈബിൾ അധ്യയനം ആരംഭിക്കുന്നതിന് പിൻവരുന്ന നേരിട്ടുള്ള സമീപനങ്ങളിൽ ഏതെങ്കിലും ഉപയോഗിച്ചു നോക്കുക:
“ഏതാനും നിമിഷങ്ങൾകൊണ്ട് ഒരു പ്രധാന ബൈബിൾ ചോദ്യത്തിന് ഉത്തരം കണ്ടെത്താമെന്ന കാര്യം നിങ്ങൾക്കറിയാമോ?” ഉദാഹരണത്തിന്, . . .” എന്നിട്ട്, ആവശ്യം ലഘുപത്രികയുടെ ഏതെങ്കിലും പാഠത്തിന്റെ തുടക്കത്തിൽ കൊടുത്തിരിക്കുന്ന, വീട്ടുകാരനു താത്പര്യജനകമെന്നു തോന്നുന്ന ഒരു ചോദ്യം ചോദിക്കുക.
“ഞങ്ങളുടെ സൗജന്യ ബൈബിൾ പഠന പരിപാടി നിങ്ങൾക്കു കാണിച്ചുതരാനാണു ഞാൻ വന്നിരിക്കുന്നത്. അതു പ്രകടിപ്പിക്കാൻ അഞ്ചു മിനിട്ടേ എടുക്കൂ. അത്രയും സമയം എടുക്കാൻ ബുദ്ധിമുട്ടുണ്ടോ?” വീട്ടുകാരൻ സമ്മതിക്കുന്നപക്ഷം അധ്യയനം നടത്തുന്ന വിധം ആവശ്യം ലഘുപത്രികയുടെ 1-ാമത്തെ പാഠം ഉപയോഗിച്ചു പ്രകടിപ്പിക്കുക, തിരഞ്ഞെടുത്ത ഒന്നോ രണ്ടോ വാക്യങ്ങൾ മാത്രം വായിക്കുക. അതിനുശേഷം ചോദിക്കുക: “അടുത്ത പാഠം പഠിക്കുന്നതിനു നിങ്ങൾക്ക് എപ്പോഴാണ് 15 മിനിട്ട് മാറ്റിവെക്കാൻ കഴിയുക?”
“പലരുടെയും പക്കൽ ബൈബിൾ ഉണ്ട്. എങ്കിലും, ഭാവിയെ കുറിച്ചു നമുക്കെല്ലാം ഉള്ള സുപ്രധാന ചോദ്യങ്ങളുടെ ഉത്തരങ്ങൾ അതിലുണ്ട് എന്ന കാര്യം അവർ തിരിച്ചറിയുന്നില്ല. ഓരോ വാരത്തിലും ഈ അധ്യയന സഹായി [ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ] ഒരു മണിക്കൂറോ മറ്റോ ഉപയോഗിക്കുന്നതിനാൽ ഏതാനും മാസംകൊണ്ട് ബൈബിളിനെ കുറിച്ചുള്ള അടിസ്ഥാന ഗ്രാഹ്യം സമ്പാദിക്കാൻ നിങ്ങൾക്കു സാധിക്കും. ഈ അധ്യയന പരിപാടി എങ്ങനെയാണെന്നു കാണിച്ചുതരാൻ എനിക്കു സന്തോഷമേയുള്ളൂ.”
“നിങ്ങൾക്കു സൗജന്യമായി ഒരു ഭവന ബൈബിൾ പഠന പരിപാടി വെച്ചുനീട്ടുന്നതിനാണ് ഞാൻ ഈ സന്ദർശനം നടത്തുന്നത്. നിങ്ങൾ അനുവദിക്കുമെങ്കിൽ, ഏതാണ്ട് 200 രാജ്യങ്ങളിൽ ആളുകൾ തങ്ങളുടെ ഭവനങ്ങളിൽ കുടുംബ കൂട്ടങ്ങളെന്നനിലയിൽ ബൈബിൾ ചർച്ച ചെയ്യുന്നത് എങ്ങനെയെന്ന് ഏതാനും മിനിട്ടുകൊണ്ടു ഞാൻ പ്രകടിപ്പിച്ചു കാണിക്കാം. ഈ വിഷയങ്ങളിൽ ഏതു വേണമെങ്കിലും നമുക്കു ചർച്ചയ്ക്ക് അടിസ്ഥാനമായി ഉപയോഗിക്കാം. [പരിജ്ഞാനം പുസ്തകത്തിലെ ഉള്ളടക്കപ്പട്ടിക കാണിക്കുക.] ഇതിൽ ഏതിലാണു നിങ്ങൾക്കു വിശേഷാൽ താത്പര്യമുളളത്?” ഒരു വിഷയം തിരഞ്ഞെടുക്കാൻ വ്യക്തിയെ അനുവദിക്കുക. അതിനുശേഷം അദ്ദേഹം പറഞ്ഞ അധ്യായം തുറന്ന് ഒന്നാം ഖണ്ഡികയിൽനിന്ന് അധ്യയനം ആരംഭിക്കുക.
“ഞാൻ സൗജന്യമായി ബൈബിൾ ക്ലാസ്സുകൾ എടുക്കാറുണ്ട്, കൂടുതൽ വിദ്യാർഥികളെ പഠിപ്പിക്കാനുള്ള സമയം എനിക്കുണ്ട്. ഞങ്ങൾ ഉപയോഗിക്കുന്ന ബൈബിളധ്യയന സഹായി ഇതാണ്. [പരിജ്ഞാനം പുസ്തകം കാണിക്കുക.] ഈ പഠന പരിപാടി ഏതാനും മാസത്തേക്കു മാത്രമുള്ളതാണ്. തന്നെയുമല്ല, ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്? നാം വാർധക്യം പ്രാപിക്കുന്നതും മരിക്കുന്നതും എന്തുകൊണ്ട്? നമ്മുടെ മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു സംഭവിക്കുന്നു? നമുക്ക് എങ്ങനെ ദൈവത്തോട് അടുക്കാൻ കഴിയും? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് അത് ഉത്തരം നൽകുകയും ചെയ്യുന്നു. ഒരു പാഠം പഠിക്കുന്നത് എങ്ങനെയെന്നു ഞാൻ പ്രകടിപ്പിച്ചു കാണിക്കട്ടേ?”
താത്പര്യം വളർത്തിയെടുക്കുന്നതിൽ ഫലകരമെന്നു തെളിഞ്ഞ ഒരു അവതരണം നിങ്ങൾക്ക് അറിയാമെങ്കിൽ അത് തുടർന്നും ഉപയോഗിക്കുക! അത് ഓരോ മാസത്തെയും സാഹിത്യ സമർപ്പണവുമായി പൊരുത്തപ്പെടുത്തുകയേ വേണ്ടൂ.