വെളിപാട് പാരമ്യം പുസ്തകം വീണ്ടും പഠിക്കൽ
1 വെളിപാട് പാരമ്യം പുസ്തകത്തിന്റെ ശീർഷകം കൊടുത്തിരിക്കുന്ന പേജിൽ വെളിപാട് 1:3 ഉദ്ധരിക്കുന്നു: “ഈ പ്രവചനത്തിലെ വാക്കുകൾ ഉറക്കെ വായിക്കുന്നവനും അവ കേൾക്കുന്നവരും . . . സന്തുഷ്ടരാകുന്നു.” തീർച്ചയായും, വെളിപാട് പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന പ്രവചനങ്ങളുടെ ആധുനികകാല നിവൃത്തിയെത്തുടർന്ന് ഇന്നു യഹോവയുടെ ജനത്തിന്റെ സന്തുഷ്ടി കാര്യമായി വർധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലെ, അതായത് “കർത്താവിന്റെ നാളി”ലെ, സംഭവങ്ങളെക്കുറിച്ചുളള നമ്മുടെ ഇപ്പോഴത്തെ ഗ്രാഹ്യം വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിൽ കാര്യമായി വിശദീകരിച്ചിരിക്കുന്നു. (വെളി. 1:10, NW) അതിന്റെ പഠനത്തിലൂടെ, വിശേഷിച്ച്, വ്യാജമതലോകസാമ്രാജ്യത്തോടും അർമഗെദോനിലേക്കു മാർച്ചു ചെയ്യുന്ന രാഷ്ട്രങ്ങളോടും തന്റെ ജനവുമായുളള യഹോവയുടെ ഇടപെടലിനോടുമുളള ബന്ധത്തിൽ നടന്നിട്ടുളള പ്രധാന ലോകസംഭവങ്ങളെക്കുറിച്ചുളള ഉൾക്കാഴ്ച നമുക്കു ലഭിച്ചിട്ടുണ്ട്.
2 നമ്മിൽ പലരെ സംബന്ധിച്ചും ഈ പ്രസിദ്ധീകരണം മുമ്പു പരിചിന്തിച്ചിട്ടുളള ആശയങ്ങൾ സംബന്ധിച്ചു നമ്മുടെ മനസ്സിനെ പുതുക്കുക മാത്രമല്ല, തന്റെ സകല ശത്രുക്കളുടെയുംമേൽ യഹോവ ജയം നേടുന്ന ദിവസത്തിലേക്കു നയിക്കുന്ന ആനുകാലിക സംഭവങ്ങളെക്കുറിച്ചുളള നമ്മുടെ ആത്മീയ കാഴ്ചപ്പാടിനെ മൂർച്ചയുളളതാക്കുകയും ചെയ്യും. കഴിഞ്ഞ ഒന്നു രണ്ടു വർഷത്തിനുളളിൽ നമ്മോടൊപ്പം ചേർന്നിരിക്കുന്ന ആയിരക്കണക്കിനാളുകൾ സഭാപുസ്തകാധ്യയനത്തിലൂടെ വെളിപാട് പാരമ്യം പുസ്തകത്തിന്റെ ഈ മൂന്നാമത്തെ പരിചിന്തനത്തിൽനിന്നു തീർച്ചയായും പ്രയോജനം അനുഭവിക്കും. സന്ദർഭവശാൽ, ഇപ്രാവശ്യം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലുമുളള നമ്മുടെ സഹോദരങ്ങൾ വെളിപാട് പാരമ്യം പുസ്തകം പഠിക്കുന്ന അതേ സമയത്തുതന്നെയാണ് ഇന്ത്യയിലും ഈ പുസ്തകത്തിന്റെ പഠനം നടക്കുന്നത്.
3 ഓരോ ആഴ്ചയിലും സന്നിഹിതരാകാനും അർഥവത്തായ വിധം പങ്കുപററാനും നന്നായി ഒരുങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. വെളിപ്പാടു പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിന്റെ വെളിച്ചത്തിൽ ഓരോന്നോരോന്നായി ഇതളഴിയുന്ന ലോകസംഭവങ്ങളുടെ അർഥം കൂടുതൽ വ്യക്തമായി നിങ്ങൾ വിവേചിച്ചറിയുമ്പോൾ നിങ്ങൾക്കു സമൃദ്ധമായ പ്രതിഫലങ്ങളും അനുഗ്രഹങ്ങളും ലഭിക്കുന്നതായിരിക്കും. തീർച്ചയായും, അത്തരം വിവരങ്ങൾ നാം ഗൗരവമായി പരിചിന്തിക്കേണ്ടയാവശ്യമുണ്ട്. എന്തെന്നാൽ, മുമ്പെന്നത്തെക്കാളുപരി ഇത് ഇപ്പോൾ സമയോചിതമാണ്. നമ്മുടെ നാളുകളെക്കുറിച്ചുളള ഈ പുളകപ്രദമായ പ്രവചനം നാം വായിക്കുകയും അതിനു ശ്രദ്ധ കൊടുക്കുകയും അതിനെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുമ്പോൾ അതിലെ വാഗ്ദത്ത സന്തുഷ്ടി നാം ആസ്വദിക്കുമാറാകട്ടെ!