വെളിപാട് —അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
1 “ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.” (വെളി. 1:3) ഈ വാക്കുകൾ ബൈബിളിലെ വെളിപ്പാടു പുസ്തകത്തിന്റെ മൂല്യം എടുത്തുകാണിക്കുന്നു. ഇതിലെ അനേകം പ്രവചനങ്ങളുടെ നിവൃത്തിക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന കാലത്തു നാം ജീവിക്കുന്നതിനാൽ വിശേഷാൽ ഇതു നമുക്കു മൂല്യവത്താണ്. അതുകൊണ്ടുതന്നെ, 2007 ജനുവരി 8-ന് ആരംഭിക്കുന്ന വാരം മുതൽ പുസ്തകാധ്യയനത്തിൽ വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! പുസ്തകം നാം പഠിക്കുന്നതായിരിക്കും.
2 വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! പുസ്തകം നാം കഴിഞ്ഞ പ്രാവശ്യം പുസ്തകാധ്യയനത്തിൽ പഠിച്ചതിനുശേഷം ലോകത്തിന്റെ രൂപം പല വിധങ്ങളിൽ മാറിയിരിക്കുന്നു. (1 കൊരി. 7:31) മാത്രമല്ല, സുവാർത്താഘോഷകരുടെ അണികളിലേക്കു ചേർന്നിരിക്കുന്ന അനേകരും ബൈബിളിലെ വെളിപ്പാടു പുസ്തകത്തിന്റെ വാക്യാനുവാക്യ പരിചിന്തനത്തിൽനിന്നു പ്രയോജനം നേടിയിട്ടില്ല. ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് ഉണർവുള്ളവരായിരിക്കാൻ നമ്മെയെല്ലാവരെയും വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! പുസ്തകത്തിന്റെ പഠനം സഹായിക്കണം.—വെളി. 16:15.
3 ഓരോ ആഴ്ചയിലെയും അധ്യയനത്തിന് ഹാജരാകാൻ ദൃഢനിശ്ചയം ചെയ്യുക. ജാഗരൂകർ ആയിരിക്കാൻ പഠനഭാഗം നമ്മെ സഹായിക്കും എന്നതിനു സംശയമില്ല. മാത്രമല്ല, ഏഴു സഭകൾക്ക് യേശുവിൽനിന്നു ലഭിച്ച സന്ദേശങ്ങൾ നമ്മുടെ ആത്മീയതയെയും ശുശ്രൂഷയിലെ പങ്കിനെയും വിപരീതമായി ബാധിച്ചേക്കാവുന്ന സാഹചര്യങ്ങളെയും ചുറ്റുപാടുകളെയും ഒഴിവാക്കുന്നതിനു നമ്മെ സഹായിക്കും.—വെളി. 1:11, 19.
4 നന്നായി തയ്യാറാകുക: ഓരോ അധ്യയനത്തിനും മുമ്പ്, പരിചിന്തിക്കുന്ന ഭാഗം ബൈബിളിൽനിന്നു വായിക്കുക. ഈ വാക്യങ്ങളുടെ വിശദീകരണത്തിനായി നൽകിയിരിക്കുന്ന തിരുവെഴുത്തധിഷ്ഠിത ന്യായവാദങ്ങൾ ശ്രദ്ധിക്കുക. നിങ്ങളെ പ്രചോദിപ്പിക്കുംവിധം മുഖ്യാശയങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക (നെഹെ. 8:8, 12) ധ്യാനിക്കുന്നതിനും പിൻവരുന്നപ്രകാരം ചോദിക്കുന്നതിനും സമയമെടുക്കുക: ‘യഹോവയെക്കുറിച്ചും അവന്റെ ഉദ്ദേശ്യ സാക്ഷാത്കരണത്തെക്കുറിച്ചും ഇത് എന്നോട് എന്താണു പറയുന്നത്? അവന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കാനും മറ്റുള്ളവരെ സഹായിക്കാനും എനിക്കെങ്ങനെ കഴിയും?’
5 1914-ൽ ആരംഭിച്ച ‘കർത്തൃദിവസം’ ഇപ്പോൾ 92 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. (വെളി. 1:10) വെളിപ്പാടു പുസ്തകത്തിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ഭീതിദമായ കാര്യങ്ങൾ പെട്ടെന്നുതന്നെ സംഭവിക്കാനിരിക്കുകയാണ്. വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! പുസ്തകത്തിന്റെ പഠനം നമ്മുടെ മനസ്സിനും ഹൃദയത്തിനും നവോന്മേഷം പകരുകയും “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”വും പുതിയ ലോകവും സമീപിച്ചിരിക്കുന്നു എന്ന നമ്മുടെ വിശ്വാസത്തെ സുദൃഢമാക്കുകയും ചെയ്യും.—വെളി. 16:14; 21:4, 5.