നമുക്കുളളതു സംബന്ധിച്ചു നന്ദിയുളളവരായിരിക്കുക
1 “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുളള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമ. 5:8) നമുക്കു വേണ്ടി യഹോവയാം ദൈവവും അവന്റെ പുത്രനും നടത്തിയ ആ അതിശ്രേഷ്ഠ ബലിക്ക് നാം എല്ലാവരും എത്ര നന്ദിയുളളവരായിരിക്കണം! ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിലൂടെ, നിത്യജീവനുളള അവസരം—ഒരു മനുഷ്യനും തരാൻ കഴിയാത്ത ഒന്ന്—നമുക്കു നൽകപ്പെട്ടിരിക്കുന്നു.
2 നമുക്കെങ്ങനെ നമ്മുടെ വിലമതിപ്പു പ്രകടിപ്പിക്കാൻ കഴിയും? ദൈവത്തിന്റെ വിശുദ്ധ വചനത്തിൽ മാത്രം കാണപ്പെടുന്ന യഥാർഥ പരിജ്ഞാനത്തിനു വേണ്ടി ദാഹിക്കുന്ന അനേകമാളുകളുണ്ട്. അവർ സത്യത്തിന്റെ പരിജ്ഞാനത്തിലേക്കു വരണമെന്നതു യഹോവയുടെ ഇഷ്ടമാണ്. (1 തിമൊ. 2:4) ‘ദൈവരാജ്യ സുവാർത്ത സുവിശേഷി’ച്ചുകൊണ്ട് നാം സത്യത്തോടുളള നമ്മുടെ വിലമതിപ്പു കാണിക്കുന്നു. (ലൂക്കൊ. 4:43, NW) ക്രിസ്തു നമുക്കുവേണ്ടി മരിച്ചതു നാം വിലമതിക്കുന്നുവെന്നും മററുളളവരെ ശിഷ്യരാക്കാനുളള അവന്റെ കൽപ്പന വിശ്വസ്തതയോടെ അനുസരിച്ചുകൊണ്ടു നാം അവനെ അനുകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഈ വേലയിലെ മുഴുഹൃദയത്തോടെയുളള നമ്മുടെ പങ്കുപററൽ പ്രകടമാക്കുന്നു.—മത്താ. 28:19, 20.
3 നമുക്കുവേണ്ടി തുറന്നുകിടക്കുന്ന പ്രസംഗപ്രവർത്തനത്തിന്റെ ചില വഴികൾ ഏവയാണ്? ഇടയ്ക്കിടെ സഹായ പയനിയർമാരായി പേർചാർത്തുക നമുക്കു സാധ്യമാണോ? ചെലവു കണക്കാക്കിയ ശേഷം, നിരന്തര പയനിയർ സേവനം ഏറെറടുക്കാൻ ചിലർക്കു കഴിഞ്ഞേക്കും. ഈ നല്ല അവസരങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് രാജ്യസുവാർത്ത വ്യാപിപ്പിക്കുന്നതിൽ നാം ചിലവഴിക്കുന്ന സമയത്തിന്റെ അളവ് വർധിപ്പിക്കുന്നതിനുളള നല്ല അവസരങ്ങളാണ് ഇവ. കഴിഞ്ഞകാലങ്ങളിൽ പേർചാർത്തുന്നതിനെ കുറിച്ച് നിങ്ങൾ പരിഗണിച്ചിരുന്നിരിക്കാം, എന്നാൽ അപ്പോഴെല്ലാം പ്രതിബന്ധങ്ങളുണ്ടായിരുന്നു. ഒരുപക്ഷേ നിങ്ങളുടെ സാഹചര്യങ്ങൾ മാറിയിട്ടുണ്ടായിരിക്കാം. അങ്ങനെയെങ്കിൽ, നിരന്തര പയനിയർ സേവനത്തിലേക്കു പ്രവേശിക്കുന്നതു സംബന്ധിച്ച് അല്ലെങ്കിൽ ഒരു സഹായ പയനിയറായി സേവിക്കുന്നതു സംബന്ധിച്ചു നിങ്ങൾ ഗൗരവമായി ചിന്തിച്ചോ?
4 നമുക്കു ചുററും നടന്നുകൊണ്ടിരിക്കുന്നതിനെ നാം വീക്ഷിക്കുമ്പോൾ നമ്മുടെ നന്ദി കൂടുതൽ തീവ്രതരമായിത്തീരുന്നു. ലോകവ്യാപകമായി അക്രമം, വിദ്വേഷം, കലഹം എന്നിവ വർധിച്ചുവരുന്നു. “ദുർഘട”വും “ഇടപെടാൻ പ്രയാസമേറിയ”തുമായവ എന്നു പൗലോസ് നമ്മുടെ സമയത്തെ നന്നായി വർണിച്ചു. (2 തിമോ. 3:1, NW) ഈ ക്ലേശകരമായ അവസ്ഥകളിൻ മധ്യേ, മററുളളവരുമായി പങ്കുവെക്കാൻ നമുക്കു ധാരാളം സദ്വാർത്തയുണ്ട്. നമുക്ക് വീക്ഷാഗോപുരം, ഉണരുക! എന്ന രണ്ടു നല്ല മാസികകളുണ്ട്. ഈ മാസം നമുക്ക് ഒററപ്രതിയായോ വരിസംഖ്യയായോ അവ സമർപ്പിക്കാൻ കഴിയും. പല വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ലഘുപത്രികകളും നമുക്കുണ്ട്. വായിക്കുന്നവർക്കു യഥാർഥ നവോൻമേഷം കൈവരുത്താൻ കഴിയുന്നവയാണ് ഈ പ്രസിദ്ധീകരണങ്ങൾ. നമുക്കുളളതു സംബന്ധിച്ചു നന്ദിയുളളവരായിരിക്കുന്നത് അവ മററുളളവരുമായി പങ്കുവെക്കുന്നതിൽ ഔദാര്യ മനസ്കരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കണം.—എബ്രാ. 13:16.
5 ഒരുപക്ഷേ നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ ആളുകൾ ആത്മീയ കാര്യങ്ങളിൽ വളരെക്കുറച്ചു താത്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കാം. എന്നാൽ അതിനു വിപരീതമായി, ഫലദായകമായ പ്രദേശങ്ങളുണ്ട്. മാതൃഭാഷ കൂടാതെ മറെറാരു ഭാഷ സംസാരിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, ഈ രാജ്യത്ത് നിങ്ങളുടെ യഥാർഥ ആവശ്യമുളള ഒരു പ്രദേശത്ത് ഒരു നിരന്തര പയനിയറെന്ന നിലയിൽ സ്വമേധയാ സേവിക്കാൻ നിങ്ങൾക്കു കഴിയുമോ? ഇതു സംബന്ധിച്ചു നിങ്ങളുടെ സർക്കിട്ട് മേൽവിചാരകന് ചില നിർദേശങ്ങളുണ്ടായിരുന്നേക്കാം.
6 നമുക്കുളളതു സംബന്ധിച്ച്—യഥാർഥത്തിൽ നല്ല കാര്യങ്ങളുടെ ഒരു സമൃദ്ധിതന്നെ ഉളളതിൽ—നന്ദിയുളളവരായിരിക്കുന്നതിനു വളരെയധികം കാരണങ്ങളുണ്ട്. യഹോവയുടെ നാമവും ഉദ്ദേശ്യങ്ങളും മററുളളവരെ അറിയിച്ചുകൊണ്ട് അവനോടുളള നമ്മുടെ നന്ദി നമുക്ക് ഏററവും നന്നായി പ്രകടിപ്പിക്കാൻ കഴിയും.—യെശ. 12:4, 5.