നന്ദി പ്രകടമാക്കുവിൻ
1 നാം ജീവിക്കുന്നത് ‘ദുർഘടസമയങ്ങളിൽ’ ആണെങ്കിലും യഹോവയോടു നന്ദിയുള്ളവരായിരിക്കാൻ നമുക്ക് അനവധി കാരണങ്ങളുണ്ട്. (2 തിമൊ. 3:1) അവയിൽ ഏറ്റവും പ്രധാനം അവൻ തന്റെ പുത്രനെ ഒരു അമൂല്യ ദാനമെന്ന നിലയിൽ നമുക്കായി നൽകി എന്നതാണ്. (യോഹ. 3:16) കൂടാതെ, വ്യാജമതത്തിലുള്ളവർ ആത്മീയമായി പട്ടിണികിടക്കുമ്പോൾ നാം സമൃദ്ധമായ ആത്മീയ ഭക്ഷണം ആസ്വദിക്കുന്നു. (യെശ. 65:13) നാം ഒരു ആഗോള സഹോദരവർഗത്തിന്റെ ഭാഗമാണ്, സത്യാരാധനയുടെ പുളകപ്രദമായ വ്യാപനത്തിൽ പങ്കുകൊള്ളാനുള്ള പദവിയും നമുക്കുണ്ട്. (യെശ. 2:3, 4; 60:4-10, 22) യഹോവ നമ്മുടെമേൽ ചൊരിയുന്ന അനുഗ്രഹങ്ങൾക്കുള്ള നന്ദി നമുക്ക് എങ്ങനെ പ്രകടമാക്കാനാകും?—കൊലൊ. 3:15, 17, NW.
2 മുഴുഹൃദയത്തോടെയുള്ള സന്തോഷപ്രദമായ സേവനം: ഭൗതിക കൊടുക്കലിനെ കുറിച്ചു ചർച്ച ചെയ്യവേ അപ്പൊസ്തലനായ പൗലൊസ് എഴുതി: “സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” (2 കൊരി. 9:7) ഈ തത്ത്വം നമ്മുടെ ദൈവസേവനത്തിനും ബാധകമാണ്. സത്യത്തോടുള്ള ശുഷ്കാന്തി, ക്രിസ്തീയ യോഗങ്ങളിലെ സന്തോഷം, വയൽശുശ്രൂഷയിലെ തീക്ഷ്ണത, ദൈവേഷ്ടം നിവർത്തിക്കുന്നതിലെ ഉത്സാഹം എന്നിവയിലെല്ലാം നമ്മുടെ നന്ദി പ്രകടമാകുന്നു.—സങ്കീ. 107:21, 22, NW; 119:14; 122:1; റോമ. 12:8, 11.
3 പുരാതന ഇസ്രായേലിൽ ന്യായപ്രമാണം ചില വഴിപാടുകളുടെ കാര്യത്തിൽ ഒരു നിശ്ചിത അളവ് ആവശ്യപ്പെട്ടിരുന്നില്ല. യഹോവ തനിക്കു നൽകിയിരുന്ന “അനുഗ്രഹത്തിന്നു തക്കവണ്ണം” നൽകിക്കൊണ്ട് ഓരോ ആരാധകനും തന്റെ നന്ദി പ്രകടമാക്കാൻ കഴിയുമായിരുന്നു. (ആവ. 16:16, 17) സമാനമായി ഇന്ന്, നന്ദിയുള്ള ഒരു ഹൃദയം രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ നമ്മുടെ കഴിവിന്റെ പരമാവധി പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കും. വേനൽക്കാല മാസങ്ങൾ മിക്കപ്പോഴും നന്ദി പ്രകടമാക്കുന്നതിനുള്ള കൂടുതലായ അവസരങ്ങൾ പ്രദാനം ചെയ്യുന്നു. തൊഴിൽ അവധി ദിനങ്ങളോ സ്കൂൾ അവധിയോ പ്രയോജനപ്പെടുത്തിക്കൊണ്ട് ചിലർ വയൽസേവനത്തിൽ കൂടുതൽ സമയം ചെലവഴിക്കുകയോ സഹായ പയനിയർമാരായി സേവിക്കുക പോലുമോ ചെയ്യുന്നു. ഈ വേനൽക്കാലത്ത് നിങ്ങളുടെ ശുശ്രൂഷയുടെ അളവ് വർധിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ?
4 കൃതജ്ഞതാനിർഭരർ ആയിരിക്കുവിൻ: യഹോവയോടുള്ള നമ്മുടെ നന്ദി പ്രകടിപ്പിക്കുന്നതിനുള്ള സുപ്രധാനമായ ഒരു മാർഗം പ്രാർഥനയാണ്. (1 തെസ്സ. 5:17, 18, NW) ‘വിശ്വാസത്തിൽ അടിയുറച്ചവരും കൃതജ്ഞതാനിർഭരരും’ ആയിരിക്കാൻ ദൈവവചനം നമ്മോട് ആഹ്വാനം ചെയ്യുന്നു. (കൊലൊ. 2:7, ഓശാന ബൈബിൾ) അങ്ങേയറ്റം തിരക്കോ സമ്മർദമോ ഉള്ളപ്പോൾ പോലും നാം നമ്മുടെ ദൈനംദിന പ്രാർഥനകളിൽ നന്ദി പ്രകാശിപ്പിക്കാൻ ഒരിക്കലും വിട്ടുപോകരുത്. (ഫിലി. 4:6, NW) അതേ, നമ്മുടെ ശുശ്രൂഷ, പ്രാർഥനകൾ എന്നിവയിലൂടെ നമുക്ക് ‘ദൈവത്തിന് നിരവധി കൃതജ്ഞതാ സ്തോത്രങ്ങൾ അർപ്പിക്കാം.’—2 കൊരി. 9:12, പി.ഒ.സി. ബൈബിൾ.